‘ആന്ധ്രയിലെ ദുരൂഹ രോഗകാരണം വെള്ളത്തിലും പാലിലും കണ്ട ലെഡും നിക്കലും’
അമരാവതി ∙ കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണ് ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ ദുരൂഹ രോഗത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. എയിംസിലെ വിദഗ്ധരുടെ സംഘം ... | Andhra Pradesh | Mysterious Disease | Manorama News
അമരാവതി ∙ കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണ് ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ ദുരൂഹ രോഗത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. എയിംസിലെ വിദഗ്ധരുടെ സംഘം ... | Andhra Pradesh | Mysterious Disease | Manorama News
അമരാവതി ∙ കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണ് ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ ദുരൂഹ രോഗത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. എയിംസിലെ വിദഗ്ധരുടെ സംഘം ... | Andhra Pradesh | Mysterious Disease | Manorama News
അമരാവതി ∙ കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണ് ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ ദുരൂഹ രോഗത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. എയിംസിലെ വിദഗ്ധരുടെ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസും ഇക്കാര്യം സ്ഥിരീകരിച്ചു.
ഫിറ്റ്സ്, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങളാൽ ആളുകൾ പെട്ടെന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. അപസ്മാര ലക്ഷണങ്ങൾ കാണിക്കുക, മിനിറ്റുകൾ നീണ്ട ഓർമക്കുറവ്, ഉത്കണ്ഠ, ഛര്‍ദ്ദി, തലവേദന, പുറംവേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങളായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.
രക്ത പരിശോധനയും സിടി (ബ്രെയിൻ) സ്കാനും നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായിരുന്നില്ല. സെറിബ്രൽ സ്പൈനൽ ഫ്ലൂയിഡ് ടെസ്റ്റുകളിലും സൂചന കിട്ടിയില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി സ്ഥിതിഗതികൾ വിലയിരുത്തി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി തുടങ്ങിയ വിദഗ്ധ സ്ഥാപനങ്ങളിലെ സംഘങ്ങളുടെ പരിശോധന ഫലങ്ങൾ പുറത്തു വന്നിട്ടില്ല. രോഗികളുടെ ശരീരത്തിൽ കണ്ടെത്തിയ വൻതോതിലുള്ള ഇരുമ്പിന്റെ സാന്നിധ്യത്തെക്കുറിച്ച് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി.
അതേസമയം, ദുരൂഹ രോഗം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ചികിത്സ തേടി ആശുപത്രികളിലേക്കു ജനപ്രവാഹമാണ്. 500ലേറെ ആളുകളാണ് ആശങ്കയോടെ ആശുപത്രികളിലെത്തിയത്. അസുഖം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഓക്കാനം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 45കാരനാണ് മരിച്ചത്.
രാസ വ്യവസായത്തിലും കൃഷിയിലും കൊതുക് നിയന്ത്രണത്തിനും ലോകമെങ്ങും ഉപയോഗിക്കുന്ന ഓർഗനോക്ലോറിൻ (Organochlorine) കീടനാശിനികളുടെ സാന്നിധ്യത്താലാണോ ആളുകൾക്ക് അസ്വസ്ഥതകൾ ഉണ്ടായതെന്നാണു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി മുഖ്യമായും പരിശോധിക്കുന്നത്. ഇതിനാണു കൂടുതൽ സാധ്യതയെന്നും ലബോറട്ടറി ഫലങ്ങൾ വന്നതിനുശേഷമേ തീർപ്പ് പറയാനാകൂയെന്നും അധികൃതർ വാർത്താ ഏജൻസി പിടിഐയോടു പറഞ്ഞു.
ജല മലിനീകരണമാണോ രോഗകാരണമായതെന്നും പരിശോധിക്കുന്നുണ്ട്. വെള്ളം, പാൽ സാംപിളുകൾ പരിശോധനയ്ക്കായി ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലർ ബയോളജിയിലേക്ക് അയച്ചെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
എയിംസിലെ ഡോ. ജംഷേദ് നയ്യാർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. അവിനാഷ് ദിയോഷ്ടവാർ, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ. സങ്കേത് കുൽക്കർണി എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെ കേന്ദ്രം ആന്ധ്രയിലേക്ക് അയച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംഘവും പരിശോധന നടത്തും. മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ ആശുപത്രിയിലെത്തി രോഗികളുമായി സംസാരിച്ചു. അസ്വസ്ഥതകൾ മാറിയ 250ലേറെ പേർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് നേടി.
English Summary: Eluru Mystery Disease: Lead, Nickel in Water and Milk Caused Illness That Affected 500 in Andhra, Says Report