ഹൈക്കോടതിയിലെ ശിവശങ്കറിന്റെ ഇടപെടൽ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്ത്
Mail This Article
കൊച്ചി∙ ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്ന് നിര്‍ദേശിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കറെന്ന് വസ്തുതാ റിപ്പോര്‍ട്ട്. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍ററിനെ ഉള്‍പ്പെടുത്തേണ്ടെന്ന് നിര്‍ദേശിച്ചത് സര്‍ക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്‍റെ നിയമനത്തെക്കുറിച്ചുള്ള വസ്തുതാവിവര റിപ്പോർട്ട് നൽകിയത്.
സ്വപ്ന സുരേഷിെന സ്പേസ് പാർക്കില്‍ നിയമിച്ചതിന് പിന്നാലെ ചട്ടങ്ങൾ മറികടന്ന് ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കർ ഇടപെട്ട് നിയമിച്ചെന്നായിരുന്നു ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഹൈക്കോടതിയിലെ കംപ്യൂട്ടറൈസേഷൻ കമ്മിറ്റിയുടെ ചെയർമാനായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖാണ് വസ്തുതാ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഐടി അനുബന്ധ കാര്യങ്ങൾ നോക്കുന്നതിനായി സ്ഥിരം ജീവനക്കാർ വേണ്ടെന്ന് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമാണ് നിർദേശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക വിദ്യ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാർ മതിയെന്നായിരുന്നു ശുപാർശ. ഇതനുസരിച്ച് കരാറടിസ്ഥാനത്തിൽ 5 പേരെ നിയമിക്കാൻ തീരുമാനിച്ചു. നടപടികളിൽ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍റര്‍ വേണ്ടെന്ന് നിർദേശിച്ചതും സർക്കാരാണ്.
അവർക്ക് അതിനുളള കഴിവില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചത്. ഹൈക്കോടതി ഔദ്യോഗികമായി ആവശ്യപ്പെട്ടതനുസരിച്ച് തസ്തിക സൃഷ്ടിച്ചതും തുടർ നടപടികൾ സ്വീകരിച്ചതും സർക്കാർ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട ചില യോഗങ്ങളിൽ എം. ശിവശങ്കറും പങ്കെടുത്തു. മാത്രമല്ല അഞ്ചംഗ ഐടി സംഘത്തെ തിരഞ്ഞെടുക്കാനുളള വിദഗ്ധ സമിതിയെ തിരഞ്ഞെടുത്തത് എം. ശിവശങ്കറാണ്. എന്നാൽ ജീവനക്കാരെ കണ്ടെത്താനുളള സമിതിയിൽ ശിവശങ്കർ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ജഡ്ജി ഉൾപ്പെട്ട സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
English Summary : Report against M Sivasankar from high court