തലസ്ഥാനത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിലുണ്ടായ മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കുകയെന്ന സിപിഎം പ്രതീക്ഷ കൂടി ഈ തീരുമാനത്തിനു പിന്നിൽ ശക്തമായുണ്ട്. Cpm, politics, thiruvananthapuram corporation, arya rajendran, mayor

തലസ്ഥാനത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിലുണ്ടായ മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കുകയെന്ന സിപിഎം പ്രതീക്ഷ കൂടി ഈ തീരുമാനത്തിനു പിന്നിൽ ശക്തമായുണ്ട്. Cpm, politics, thiruvananthapuram corporation, arya rajendran, mayor

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലസ്ഥാനത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിലുണ്ടായ മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കുകയെന്ന സിപിഎം പ്രതീക്ഷ കൂടി ഈ തീരുമാനത്തിനു പിന്നിൽ ശക്തമായുണ്ട്. Cpm, politics, thiruvananthapuram corporation, arya rajendran, mayor

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തിന്റെ മേയറായി ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറെ നിയോഗിക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ഫലത്തിൽ സംസ്ഥാനത്തിനൊപ്പം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്കു കൂടി സ്വാഗതമോതുന്നതായി. യുവ മേയറെ രംഗത്തിറക്കുന്നത് മാസങ്ങൾക്കകം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കു ഗുണം ചെയ്യുമെന്ന വിലയിരുത്തൽ കൂടി സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായെന്നാണ് സൂചന. ശനിയാഴ്ച സിപിഎം ജില്ലാ കമ്മിറ്റി കൂടി ചർച്ച ചെയ്തു അംഗീകാരം നൽകുന്നതോടെ ആര്യയെ മേയർ കസേരയിലേക്കു നയിക്കുന്നതിനുള്ള പാർട്ടി നടപടികൾ പൂർത്തിയാകും. 

തലസ്ഥാനത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിലുണ്ടായ മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കുകയെന്ന സിപിഎം പ്രതീക്ഷ കൂടി ഈ തീരുമാനത്തിനു പിന്നിൽ ശക്തമായുണ്ട്. 2015 ൽ കഴക്കൂട്ടം വാർഡിൽ നിന്ന് കോർപറേഷനിൽ ഏറ്റവും ഭൂരിപക്ഷം നേടി വിജയിച്ച വി.കെ.പ്രശാന്തിനെ മേയർ പദവിയിലേക്ക് ഉയർത്തിയത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിലെ നഗരമേഖലയിൽ ഗുണകരമായെന്ന വിലയിരുത്തലാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റേത്.

ADVERTISEMENT

മേയർ ബ്രോ, ശേഷം വട്ടിയൂർക്കാവ് എംഎൽഎ

പ്രളയദുരിതാശ്വാസത്തിൽ തിരുവനന്തപുരം നഗരത്തിലെ സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിലൂടെ സിപിഎമ്മിന്റെ പ്രതിച്ഛായ സംസ്ഥാനമുടനീളം ഉയർത്തിയ വി.കെ.പ്രശാന്ത്, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപിയായതോടെ ഉപതിരഞ്ഞെടുപ്പ് വന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ 14,465 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെ എംഎൽഎയായതും ചരിത്രം.

2015 ൽ കോർപറേഷനിൽ എല്‍ഡിഎഫ്-43, ബിജെപി-35, യുഡിഎഫ്-21 എന്നതായിരുന്നു കക്ഷിനില. ആർക്കും കേവലഭൂരിപക്ഷം കിട്ടാത്ത അന്നത്തെ നിലയിൽ നിന്ന് 2020 ൽ നൂറിൽ 52 സീറ്റും നേടിയാണ് എൽഡിഎഫ് തിളക്കമാർന്ന ജയം നേടിയത്. പൂന്തുറയിൽ ജയിച്ച സ്വതന്ത്രനും ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ 53 പേരാണ് കോർപറേഷനിൽ എൽഡിഎഫ് നിലപാടുകൾക്കു പിന്തുണയേകുക. ചുരുക്കത്തിൽ പാർട്ടി നിലപാടുകൾക്കൊപ്പം നഗരസഭയെ നയിക്കാൻ പുതിയ മേയർക്കു വേണ്ടത്ര പിന്തുണ ലഭിക്കും.

പുതുമുഖ കൗൺസിലർമാരിൽ ചിലരെ വരുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രത്യേകിച്ചും ബിജെപിക്കു മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനുള്ള രാഷ്ട്രീയനീക്കത്തിന്റെ കൂടി തുടക്കമാണ് ഏറ്റവും പ്രായം കുറഞ്ഞ മേയർക്കു പിന്നിലുള്ളതെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കോർപറേഷനിലെ ഏറ്റവും സീനിയർ കൗൺസിലറായ ബിജെപിയിലെ പി.അശോക് കുമാർ കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആര്യ രാജേന്ദ്രനുമായി സംഭാഷണത്തിൽ. ചിത്രം – റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ADVERTISEMENT

പ്രായം കുറഞ്ഞ മേയർ, പുതുമുഖം

നഗരസഭയുെട ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് വി.കെ.പ്രശാന്ത് 2015 ൽ നഗരത്തിന്റെ 44–മത് മേയറായി എത്തിയതെങ്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സവിശേഷതയാണ് ആര്യയെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടാകും. 2000–2005 കോർപ്പറേഷൻ മേയറായ പ്രഫ. ജെ.ചന്ദ്രയും 2010–2015 കാലയളവിൽ മേയറായ അഡ്വ.കെ.ചന്ദ്രികയുമാണ് വനിതാ മേയർമാരിലെ മുൻഗാമികൾ. മൂവരും സിപിഎം പ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്.

തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്കു സിപിഎം പരിഗണിച്ച കോളജ് അധ്യാപക സംഘടനാ നേതാവു കൂടിയായ പ്രഫ.എ.ജി.ഒലീന കുന്നുകുഴി വാർഡിലും ജില്ലാ കമ്മിറ്റി അംഗം എസ്.പുഷ്പലത നെടുങ്കാട് വാർഡിലും പരാജയപ്പെട്ടതോടെ തിരുവനന്തപുരം മേയർ കസേരയിലേക്കു പേരൂർക്കട വാർഡിൽ വിജയിച്ച 65 കാരിയായ ജമീല ശ്രീധരന്റെ പേരാണ് ഏറെ ഉയർന്നു കേട്ടത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തിൽ മരിച്ച എൻ. ശ്രീധരന്റെ മകൾ ജമീലയ്ക്കും നഗരസഭയിലേക്ക് ഇത് കന്നിയങ്കമായിരുന്നു. കേരള പൊലീസ് ഫൊറൻസിക് സയൻസ് ലാബോറട്ടറി ജോയിന്റ് ഡയറക്ടറായി വിരമിച്ച ജമീല പിഎസ്‌സി അംഗമായും പ്രവർത്തിച്ചിരുന്നു. പ്രവർത്തനമേഖലകളിലെ പരിചയസമ്പന്നത ജമീലയ്ക്ക് പിന്തുണയേറുമെന്ന സൂചനകൾക്കിടയാക്കി.

ADVERTISEMENT

യുവ മേയറെയാണു പരിഗണിക്കുന്നതെങ്കിൽ വ‍ഞ്ചിയൂർ വാർഡിൽ നിന്ന് വിജയിച്ച ഗായത്രി ബാബുവിനും നറുക്കുവീഴുമെന്ന സൂചനയുണ്ടായിരുന്നു. മുൻ വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ ബാബുവിന്റെ മകളായ ഗായത്രി പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം  പൂർത്തിയാക്കിയ ശേഷമാണ് മൽസരരംഗത്തിറങ്ങിയത്. നിലവിലെ മേയർ കെ.ശ്രീകുമാർ കരിക്കകം വാർഡിൽ പരാജയപ്പെട്ടിരുന്നു. മുൻ മേയർ ഉൾപ്പെടെ കൗൺസിലിലെ ചില പ്രധാന നേതാക്കളെ വീണ്ടും നഗരസഭയിൽ എത്തിക്കാനാകാതെ പോയതും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. ഇതിനിടെയാണ് നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറെ തന്നെ മേയറാക്കി കൂടുതൽ ചർച്ചകൾ ഒഴിവാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ജില്ലയിലെ പുതുവോട്ടർമാരെ ഏറെ ആകർഷിച്ചേക്കാവുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലപാടിലേക്ക് സിപിഎം ജില്ലാ നേതൃത്വം എത്തുകയായിരുന്നു.

കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആര്യ രാജേന്ദ്രൻ നഗരസഭയിൽ. ചിത്രം – റിങ്കുരാജ് മട്ടാഞ്ചേരിയിൽ.

തികഞ്ഞ പാർട്ടി പ്രവർത്തക, വിദ്യാർഥി മേയർ

സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ചാല ഏരിയ കമ്മിറ്റിയംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആര്യ എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയാണ്. ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്‌സി ഗണിതശാസ്ത്രം രണ്ടാം വർഷ വിദ്യാർഥി കൂടിയാണ് ആര്യ. ഒരു മേയറെ തന്നെ വിദ്യാർഥിയായി കിട്ടുന്ന അപൂർവതയും ഇതോടെ തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളജിന് സ്വന്തമാകുന്നു.

വാർഡിലെ കാര്യവും പഠനവും ഒന്നിച്ചുകൊണ്ടുപോകുമെന്നു പ്രതികരിച്ച ആര്യ രാജേന്ദ്രൻ വ്യക്തിക്കപ്പുറം പാർട്ടിക്കാണ് പ്രാധാന്യമെന്നാണ് അഭിമുഖങ്ങളിൽ സൂചിപ്പിച്ചത്. പാർട്ടിയെ അംഗീകരിക്കാൻ പഠിക്കുകയെന്നു പറഞ്ഞാണ് അച്ഛൻ വളർത്തിയത്. പ്രായം കുറഞ്ഞയാൾ എന്നതിനപ്പുറം സംഘടനാഭാരവാഹി എന്ന വലിയ ഉത്തരവാദിത്തമുണ്ട്. പഠനത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും സഹായം ലഭിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ ഒരു കൗൺസിലർ നാടിന്റെ മുഴുവൻ കൗൺസിലറാണ്. രാഷ്ട്രീയപ്രതിനിധികൾ എന്നതിനപ്പുറം ജനപ്രതിനിധികളെന്ന നിലയിലാണ് കൗൺസിലറെ ജനം നോക്കി കാണുന്നതെന്നും ആര്യ പറഞ്ഞു.

ഇടതുരാഷ്ട്രീയത്തിനൊപ്പം നിലകൊളളുന്ന കുടുംബത്തിൽ നിന്നാണ് ആര്യയുടെ വരവ്. അച്ഛൻ രാജേന്ദ്രൻ ഇലക്ട്രീഷ്യൻ. അമ്മ ശ്രീലത എൽഐസി എജന്റ്. ആര്യയുടെ ചേട്ടൻ അരവിന്ദ് ആർ.എസ്. ഉൾപ്പെടെ കുടുംബത്തിലെ നാല് അംഗങ്ങളും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ. എൻജിനീയറിങ് പഠനത്തിന് ശേഷം അരവിന്ദ് അബുദാബിയിലാണ്.

തിരുവനന്തപുരം നഗരസഭയിൽ വിവിധ മുന്നണികളിലായി 56 പേർ ആദ്യമായി കൗൺസിലർ പദവി നേടിയ തദ്ദേശ തിരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്തവണത്തേത്. ആ ‘പുതുമുഖ’കൗൺസിലിന്റെ അധ്യക്ഷപദവിയിൽ പ്രായത്തിൽ ഏറ്റവും ജൂനിയറെ എത്തിക്കാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അതിന്റെ പിന്നിലെ രാഷ്ട്രീയ ചതുരംഗനീക്കമുൾപ്പെടെ എല്ലാ അർഥത്തിലും ഏറെ പുതുമ നിറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നതും.

English Summary: S.Arya Rajendran Set to Create History as India's Youngest Mayor