കൊച്ചി മേയറായി എം.അനിൽകുമാർ അധികാരമേറ്റു; കെ.എ. അൻസിയ ഡെപ്യൂട്ടി മേയർ
കൊച്ചി∙ കോർപ്പറേഷൻ മേയറായി സിപിഎമ്മിന്റെ എളങ്കുളം നോർത്തിൽ നിന്നുള്ള കൗൺസിൽ അംഗം എം. അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയർ സ്ഥാനത്തേയ്ക്ക് നടന്ന വോട്ടെടുപ്പിൽ 32നെതിരെ 36 വോട്ടുകൾക്കാണ് ജയം....| Kochi Mayor | M Anilkumar | Manorama News
കൊച്ചി∙ കോർപ്പറേഷൻ മേയറായി സിപിഎമ്മിന്റെ എളങ്കുളം നോർത്തിൽ നിന്നുള്ള കൗൺസിൽ അംഗം എം. അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയർ സ്ഥാനത്തേയ്ക്ക് നടന്ന വോട്ടെടുപ്പിൽ 32നെതിരെ 36 വോട്ടുകൾക്കാണ് ജയം....| Kochi Mayor | M Anilkumar | Manorama News
കൊച്ചി∙ കോർപ്പറേഷൻ മേയറായി സിപിഎമ്മിന്റെ എളങ്കുളം നോർത്തിൽ നിന്നുള്ള കൗൺസിൽ അംഗം എം. അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയർ സ്ഥാനത്തേയ്ക്ക് നടന്ന വോട്ടെടുപ്പിൽ 32നെതിരെ 36 വോട്ടുകൾക്കാണ് ജയം....| Kochi Mayor | M Anilkumar | Manorama News
കൊച്ചി∙ കോർപ്പറേഷൻ മേയറായി സിപിഎമ്മിന്റെ എളങ്കുളം നോർത്തിൽനിന്നുള്ള കൗൺസിൽ അംഗം എം. അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയർ സ്ഥാനത്തേയ്ക്ക് നടന്ന വോട്ടെടുപ്പിൽ 32നെതിരെ 36 വോട്ടുകൾക്കാണ് ജയം. തിരഞ്ഞെടുപ്പിന്റെ രണ്ടു റൗണ്ടുകളിലും മാനാശേരിയിൽനിന്ന് എൽഡിഎഫ് വിമതനായി ജയിച്ച കെ.പി. ആന്റണി വിട്ടു നിന്നു.
അദ്ദേഹം സഭയിൽ ഹാജരായിരുന്നില്ല. ആദ്യ റൗണ്ടിൽ അനിൽകുമാറിന് 36 വോട്ടുകളും യുഡിഎഫ് മേയർ സ്ഥാനാർഥി ആന്റണി കുരിയത്തറ 32 വോട്ടുകളും ബിജെപിയുടെ മേയർ സ്ഥാനാർഥി സുധ ദിലീപ് കുമാർ അഞ്ച് വോട്ടുകളും നേടി. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പു നടത്തിയത്. ഈ വോട്ടെടുപ്പിൽ നിന്ന് എൻഡിഎ അംഗങ്ങൾ വിട്ടു നിന്നു. ഇതോടെ എം. അനിൽ കുമാറിന് 36 വോട്ടുകളും ആന്റണി കുരീത്തറയ്ക്ക് 32 വോട്ടുകളും ലഭിച്ചു.
പറവൂർ നഗരസഭയിൽ യുഡിഎഫിലെ പ്രഭാവതി ടീച്ചറെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. നഗരസഭയിലെ പതിനേഴാം വാർഡിൽ നിന്നുള്ള കൗൺസിലറാണ്. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ആകെയുള്ള 29 കൗൺസിലർമാരും വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രഭാവതി ടീച്ചർ 15 വോട്ട് നേടി. എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച ഷൈൻ ടീച്ചറിന് ഒൻപത് വോട്ടാണ് ലഭിച്ചത്.
ബിജെപി സ്ഥാനാർഥി കെ.എൽ. സ്വപ്ന നാലു വോട്ട് നേടി. ഒരു വോട്ട് അസാധുവായി. ഇവിടെ വൈസ് ചെയർമാനായി യുഡിഎഫിലെ എം.ജെ. രാജുവിനെ തിരഞ്ഞെടുത്തു. നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലറാണ്. എം.ജെ. രാജു 15 വോട്ട് നേടി. എൽഡിഎഫിന്റെ പ്രതിനിധിയായി മത്സരിച്ച ടി.വി. നിഥിൻ ഒമ്പത് വോട്ടു നേടി. ബിജെപി പ്രതിനിധി എം. രഞ്ജിത്ത് നാലു വോട്ടും നേടി. ഒരു കൗൺസിലർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല
കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം അംഗം വിജയാ ശിവൻ തിരഞ്ഞെടുക്കപ്പെട്ടു. വിജയ ശിവന് 13ഉം കോൺഗ്രസിലെ മരിയ ഗൊരെത്തിക്ക് 10ഉം വോട്ടുകൾ ലഭിച്ചു. ബാലറ്റ് പേപ്പറിന് പുറകിൽ പേരും ഒപ്പും രേഖപ്പെടുത്താത്തതിനാൽ മരിയ ഗൊരേത്തിയുടെ വോട്ട് അസാധുവായി. സ്വതന്ത്ര അംഗം പി.ജി. സുനിൽകുമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
അങ്കമാലി നഗരസഭാ ചെയർമാനായി റെജി മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പീച്ചാനിക്കാട് നിന്നുള്ള യുഡിഎഫ് കൗൺസിലറാണ്. ഓപ്പൺ ബാലറ്റിലൂടെയാണ് തിരഞ്ഞെടുത്തത്. ആകെയുള്ള 30 കൗൺസിലർമാരിൽ 27 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 17 വോട്ട് റെജി മാത്യു നേടി. മത്സരത്തിൽ പങ്കെടുത്ത എൽഡിഎഫ് കൗൺസിലർ ടി.വൈ. ഏല്യാസ് 9 വോട്ട് നേടി. ഒരു വോട്ട് അസാധുവായി. രണ്ട് ബിജെപി കൗൺസിലർമാരും ഒരു എൽഡിഎഫ് കൗൺസിലറും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
തൃക്കാക്കര നഗരസഭയിൽ യുഡിഎഫിലെ അജിത തങ്കപ്പൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കലക്ടർ സുരേഷ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭയിലെ നാൽപ്പത്തിമൂന്നാം വാർഡിൽനിന്നുള്ള കൗൺസിലറാണ് അജിത തങ്കപ്പൻ. പിറവം നഗരസഭയുടെ പുതിയ അധ്യക്ഷയായി ഏലിയാമ്മ ഫിലിപ്പിനെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ബി. അബ്ബാസിന്റെ അധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികളിൽ 27 നഗരസഭാംഗങ്ങളും പങ്കെടുത്തു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ 13-ാം വാർഡിൽ നിന്നുള്ള എൽഡിഎഫ് കൗൺസിലറായ ഏലിയാമ്മ ഫിലിപ്പിന് 15 വോട്ടുകൾ ലഭിച്ചു. യു.ഡിഎഫിൽ നിന്നുള്ള വത്സല വർഗീസിന് 12 വോട്ടുകളും ലഭിച്ചു.
തൃപ്പൂണിത്തുറ നഗരസഭയുടെ അധ്യക്ഷയായി എൽഡിഎഫ് നഗരസഭാംഗം രമ സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു. ആകെ 49 അംഗങ്ങളുള്ള തൃപ്പൂണിത്തുറ നഗരസഭയിൽ റിട്ടേണിങ് ഓഫിസർ എസ്.എസ്. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികളിൽ 48 നഗരസഭാംഗങ്ങൾ പങ്കെടുത്തു. ഇതിൽ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പാവംകുളങ്ങര 30-ാം വാർഡിൽ നിന്നാണ് രമ സന്തോഷ് വിജയിച്ചത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ രമ സന്തോഷിന് 24 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി രാധിക വർമ്മയ്ക്ക് 14 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി രോഹിണി കൃഷ്ണകുമാറിന് 8 വോട്ടുകളും ലഭിച്ചു.
ആലുവ നഗരസഭാ അധ്യക്ഷനായി യുഡിഎഫിലെ എം.ഒ. ജോണിനെ തിരഞ്ഞെടുത്തു. നഗരസഭയിലെ പതിനെട്ടാം വാർഡ് കൗൺസിലറാണ്. നഗരസഭയിലെ 26 കൗൺസിലർമാരും വോട്ടെടുപ്പിൽ പങ്കെടുത്തു. എം.ഒ ജോൺ 14 വോട്ട് നേടി. എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച ഗയിൽസ് പയ്യപ്പിള്ളി ഏഴ് വോട്ട് നേടി. ബിജെപി പ്രതിനിധി പി.എസ്. പ്രീതക്ക് നാല് വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി.
മുവാറ്റുപുഴ നഗരസഭയിൽ ചെയർമാനായി യുഡിഎഫിലെ പി.പി. എൽദോസ് തിരഞ്ഞെടുക്കപ്പെട്ടു. മുവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സീത സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. 14 വോട്ടുകൾ ആണ് പി.പി. എൽദോസ് നേടിയത്. 25-ആം ഡിവിഷനായ മുൻസിപ്പൽ ഇൻഡസ്ട്രിയൽ പാർക്കിലെ കൗൺസിലർ ആണ്. എതിർ സ്ഥാനാർഥിയായ ആർ. രാഗേഷ് 11 വോട്ടുകൾ നേടി. കോതമംഗലം നഗരസഭയിൽ എൽഡിഎഫിലെ കെ.കെ. ടോമിയെ അധ്യക്ഷനായി തിരഞ്ഞെടുത്തു. കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. ലത സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെയുള്ള 31 വോട്ടുകളിൽ 17 വോട്ടുകൾ ആണ് ടോമി നേടിയത്. എതിർ സ്ഥാനാർഥി എ. ജി ജോർജ് 14 വോട്ടുകൾ നേടി.
ഏലൂർ നഗരസഭയിൽ എൽഡിഎഫിലെ എ.ഡി. സുജിലിനെ ചെയർമാനായി തിരഞ്ഞെടുത്തു. നഗരസഭയിലെ നാലാം വാർഡിൽ നിന്നുള്ള കൗൺസിലറാണ് എ.ഡി. സുജിൽ. ആകെയുള്ള 31 കൗൺസിലർമാരും വോട്ടെടുപ്പിൽ പങ്കെടുത്തു. എ.ഡി. സുജിൽ 18 വോട്ട് നേടി. യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച പത്താം വാർഡ് കൗൺസിലറായ പി.എം. അയ്യൂബ് 7 വോട്ടുകളും ബിജെപി പ്രതിനിധിയായി മത്സരിച്ച ആറാം വാർഡ് കൗൺസിലറായ കൃഷ്ണപ്രസാദ് 6 വോട്ടുകളും നേടി.
കെ.എ. അൻസിയ കൊച്ചി ഡെപ്യൂട്ടി മേയർ
പ്രതിഷേധങ്ങൾക്കും കയ്യാങ്കളിക്കുമൊടുവിൽ നടന്ന വോട്ടെടുപ്പിൽ കോർപ്പറേഷൻ അഞ്ചാം ഡിവിഷനിൽ നിന്നുള്ള എൽഡിഎഫ് കൗൺസിലർ കെ.എ. അൻസിയ കൊച്ചി ഡെപ്യൂട്ടി മേയറായി. കൊച്ചി മേയർ എം. അനിൽകുമാർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത്. വരണാധികാരിയായ ജില്ലാ കലക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലായിരുന്നു ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്.
എൽഡിഎഫ്, യുഡിഎഫ്, ബിജെപി പ്രതിനിധികളായ കെ.എ. അൻസിയ, സീന ടീച്ചർ, അഡ്വ. പ്രിയ പ്രശാന്ത് എന്നിവരാണ് മത്സരിച്ചത്. ആദ്യ ഘട്ടത്തിൽ യഥാക്രമം 36,32, 5 വോട്ടുകൾ എൽഡിഎഫ്, യുഡിഎഫ്, ബിജെപി കൗൺസിലർമാർ നേടി. 23-ാം ഡിവിഷൻ കൗൺസിലർ തിരഞ്ഞെടുപ്പിൽനിന്നു വിട്ട് നിന്നു.
രണ്ടാം ഘട്ടവോട്ടെടുപ്പിൽ കെ.എ. അൻസിയ 36 വോട്ട് നേടി. ബിജെപി കൗൺസിലർമാർ വോട്ടെടുപ്പിൽനിന്നു വിട്ട് നിന്നു. എൽഡിഎഫ് കൗൺസിലർമാർ വൈകി എത്തിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ രണ്ടാംഘട്ട വോട്ടെടുപ്പിന് മുൻപ് ഇറങ്ങിപ്പോയി. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.
English Summary : M Anilkumar took charge as Kochi mayor, KA Ansiya deputy mayor