സര്ക്കാര് കിറ്റ് കൊടുത്തെങ്കിൽ അത് ജനങ്ങളുടെ പണമല്ലേ: ഡോ. ഷമ മുഹമ്മദ്- വിഡിയോ
ദേശീയ ചാനലുകളിൽ ഡോ.ഷമ മുഹമ്മദിന്റെ മുഖം കാണാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ. എന്നാൽ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെയാണു കോൺഗ്രസിനു വേണ്ടി അവർ ചാനലുകളിൽ എതിർ പാർട്ടിക്കാരോടു പട വെട്ടുന്നത്. മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും,....| Dr Shama Mohamed | Manorama News
ദേശീയ ചാനലുകളിൽ ഡോ.ഷമ മുഹമ്മദിന്റെ മുഖം കാണാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ. എന്നാൽ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെയാണു കോൺഗ്രസിനു വേണ്ടി അവർ ചാനലുകളിൽ എതിർ പാർട്ടിക്കാരോടു പട വെട്ടുന്നത്. മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും,....| Dr Shama Mohamed | Manorama News
ദേശീയ ചാനലുകളിൽ ഡോ.ഷമ മുഹമ്മദിന്റെ മുഖം കാണാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ. എന്നാൽ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെയാണു കോൺഗ്രസിനു വേണ്ടി അവർ ചാനലുകളിൽ എതിർ പാർട്ടിക്കാരോടു പട വെട്ടുന്നത്. മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും,....| Dr Shama Mohamed | Manorama News
ദേശീയ ചാനലുകളിൽ ഡോ.ഷമ മുഹമ്മദിന്റെ മുഖം കാണാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ. എന്നാൽ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെയാണു കോൺഗ്രസിനു വേണ്ടി അവർ ചാനലുകളിൽ എതിർ പാർട്ടിക്കാരോടു പട വെട്ടുന്നത്. മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും, ഡോ.ഷമ മുഹമ്മദ് പച്ച മലയാളിയാണ്. കണ്ണൂർ സ്വദേശിനി. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി(എഐസിസി) വക്താവായ ആദ്യ മലയാളി വനിതയെന്ന വിശേഷണവും ഷമയ്ക്കുണ്ട്.
ദന്ത ഡോക്ടർ, മാധ്യമപ്രവർത്തക എന്നീ പ്രഫഷനുകൾ കടന്നാണു ഷമ രാഷ്ട്രീയക്കാരിയായത്. രാഷ്ട്രീയത്തോടും കോൺഗ്രസിനോടുമുള്ള ആവേശവും അഭിനിവേശവുമാണു ദേശീയ വക്താവിന്റെ കസേരയിൽ ഷമയെ ഇരുത്തിയത്. ഇറാഖ് കുവൈത്തിനെ കീഴ്പെടുത്തിയപ്പോൾ അവിടെനിന്ന് വസ്ത്രങ്ങളും കുറച്ചു സ്പോർട്സ് മെഡലുകളുമായി ഇന്ത്യയിലേക്കു പലായനം ചെയ്യപ്പെട്ട പതിനേഴുകാരിയിൽനിന്നാണ് ഇന്നു കാണുന്ന ഡോ.ഷമ മുഹമ്മദി(47)ലേക്കുള്ള വളർച്ച. മനോരമ ഓൺലൈനുമായി ഷമ ജീവിതാനുഭവങ്ങളും രാഷ്ട്രീയ വീക്ഷണവും പങ്കുവയ്ക്കുന്നു...
∙ മാഹിക്കാരിയോ, മറുനാടൻ മലയാളിയോ അല്ല, ഞാൻ ഇന്ത്യക്കാരി
ജനിച്ചത് ഉമ്മ സോയയുടെ നാടായ മാഹിയിലാണ്, 1973ൽ. പിതാവ് മുഹമ്മദ് കുഞ്ഞി കണ്ണൂർ താണ സ്വദേശി. കുവൈത്തിൽ ബാങ്ക് ജീവനക്കാരനായിരുന്നു ഉപ്പ. രണ്ടു വയസുള്ളപ്പോൾ ഞാൻ കുവൈത്തിലേക്കു പോയി. വളർന്നതും സ്കൂൾ വിദ്യാഭ്യാസം നേടിയതുമെല്ലാം അവിടെയായിരുന്നു. അനിയത്തിയും അനുജനുമുണ്ടായി. രണ്ടു വർഷത്തിലൊരിക്കൽ ഞങ്ങൾ കുടുംബമായി നാട്ടിൽ വരും. മാഹിയിലും കണ്ണൂരിലുമായി കൂടും. കുവൈത്തിൽ ഇന്ത്യൻ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്.
മതം, ജാതി, സംസ്ഥാനം ഒന്നും സ്കൂളിൽ ഞങ്ങൾക്കൊരു വിഷയമല്ലായിരുന്നു. ഇന്ത്യയായിരുന്നു ഞങ്ങളെ ചേർത്തുവച്ച വികാരം. ഉപ്പയും ഉമ്മയും എപ്പോഴും മലയാളത്തിലാണു സംസാരിച്ചിരുന്നത്. അതുകൊണ്ട് മലയാള സിനിമകൾ ഞങ്ങൾക്കിഷ്ടമായിരുന്നു. ഇടയ്ക്കിടെ സിനിമ കാണാൻ പോകും. സ്കൂളിൽ കായികതാരമായിരുന്നു. 100, 200 മീറ്റർ ഓട്ടവും ഷോട്പുട്ടുമായിരുന്നു എന്റെ ഇനങ്ങൾ. മത്സരിച്ചാൽ ഗോൾഡ് മെഡൽ കിട്ടണമെന്ന് നിർബന്ധമായിരുന്നു. ഒരുപാടു മെഡലുകൾ കിട്ടി. ഒരിക്കൽ ഇന്റർ സ്കൂൾ ചാംപ്യൻഷിപ് നടന്നപ്പോൾ പി.ടി.ഉഷ കുവൈത്തിൽ വന്നിരുന്നു. അന്ന് പി.ടി.ഉഷയുടെ കയ്യിൽനിന്നു മെഡൽ വാങ്ങിയിട്ടുണ്ട്.
∙ യുദ്ധം, വീട്ടുതടങ്കൽ, പലായനം
സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് ഇറാഖ്–കുവൈത്ത് യുദ്ധം. 1990ൽ. പന്ത്രണ്ടാം ക്ലാസിലേക്കു കയറിയ സമയം. വീട്ടിൽനിന്നു പുറത്തിറങ്ങുന്നത് അപകടമാണെന്നു പട്ടാളക്കാർ വീട്ടിലെത്തിപ്പറഞ്ഞു. സ്വിമ്മിങ് ക്ലാസും ബാഡ്മിന്റൻ ക്ലാസുമൊക്കെ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കയായിരുന്നു ആദ്യമെനിക്ക്. പിന്നീട് സ്വാതന്ത്ര്യത്തെക്കുറിച്ചായി ആശങ്ക. ദിവസങ്ങൾ വീടിനുള്ളിൽ തള്ളി നീക്കി. ഒടുവിൽ എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നായി. ഇറാഖിലേക്കു ബസിൽ പോകാനും അവിടെനിന്നു ടിക്കറ്റെടുത്ത് അമാനിലേക്കു പോകാനും ഇന്ത്യയിലേക്കു മടങ്ങാനുമായിരുന്നു പദ്ധതി.
വസ്ത്രങ്ങളും എന്റെ മെഡലുകളും കുറച്ച ഫോട്ടോകളും മാത്രമാണു ബാഗിലെടുത്തത്. ഈ മെഡലും ഫോട്ടോയൊന്നും നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടില്ലല്ലോ. അങ്ങനെ മുംബൈ വഴി കണ്ണൂരിൽ തിരിച്ചെത്തി. ഞാൻ പിന്നീട് കുവൈത്തിലേക്കു പോയിട്ടില്ല. ഉപ്പ മടങ്ങിപ്പോയി കുറച്ചുനാൾകൂടി ജോലി ചെയ്തു. വീട്ടിലെ സാധനങ്ങളെല്ലാം നഷ്ടമായിരുന്നു. ഏതു പ്രയാസമുള്ള ഘട്ടത്തെയും മറികടക്കാനാകുമെന്ന് ഈ പലായനം എന്നെ ബോധ്യപ്പെടുത്തി. നാട്ടിലെത്തി ആദ്യം കോഴിക്കോട് പ്രൊവിഡൻസ് കോളജിലും പിന്നീട് ഡിഗ്രിക്ക് ഒരു വർഷം കണ്ണൂർ എസ്എൻ കോളജിലും പഠിച്ചു. എസ്എൻ കോളജിലെ പഠനം ഉപേക്ഷിച്ച് മംഗളൂരുവിൽ ബിഡിഎസിനു ചേർന്നു. സ്പോർട്സും നൃത്തവുമൊന്നും തുടർന്നു കൊണ്ടുപാകാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടായിരുന്നു.
∙ ഡന്റിസ്റ്റിൽനിന്നു ജേണലിസ്റ്റിലേക്ക്
പിതാവിൽനിന്നു ഗാന്ധിജിയെക്കുറിച്ചും നെഹ്റുവിനെക്കുറിച്ചും ഇന്ദിരാഗാന്ധിയെക്കുറിച്ചുമെല്ലാം ഒരുപാടു കേട്ടറിഞ്ഞിരുന്നു. ഉമ്മ വളരെ ’സ്ട്രോങ്’ ആയിരുന്നു. സ്വന്തം കാലിൽ നിൽക്കണമെന്ന് എപ്പോഴും ഞങ്ങളോടു പറയും. പത്രവായനയും വാർത്ത കാണലും വീട്ടിൽ നിർബന്ധമായിരുന്നു. അങ്ങനെ വായനയിലേക്കു തിരിഞ്ഞു. വായിച്ചത് അധികവും രാഷ്ട്രീയ വാർത്തകൾ. ഡന്റിസ്റ്റായി കുറച്ചുനാൾ കണ്ണൂരിലും ബെംഗളൂരുവിലും പ്രാക്ടീസ് ചെയ്തെങ്കിലും മനസ്സിൽ രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയക്കാരുടെ ചെയ്തികളെ എപ്പോഴും കുറ്റം പറയുന്നതിനു പകരം, രാഷ്ട്രീയത്തിൽ പങ്കാളിത്തം വഹിച്ചുകൊണ്ടു തിരുത്തുകയാണു വേണ്ടതെന്ന ചിന്തയുണ്ടായി.
ആയിടെയാണ് ഡൽഹിയിലെ സീ ന്യൂസിൽ റിപ്പോർട്ടറാകാൻ അവസരം ലഭിക്കുന്നത്. വെറുതെ അപേക്ഷയയച്ചതാണ്. അവരെന്നെ വിളിച്ചു. റിപ്പോർട്ടറായി ചേർന്നു. പക്ഷേ, ഫാഷൻ പോലെയുള്ള ബീറ്റുകളാണ് എനിക്കു നൽകിയത്. രാഷ്ട്രീയത്തിൽ കൂടുതൽ അറിവു നേടാൻ അതുകൊണ്ടാകില്ലെന്ന് തോന്നി. മെഡിസിനോ, ജേണലിസമോ അല്ലായിരുന്നു എന്റെ പാഷൻ. അതു രാഷ്ട്രീയമായിരുന്നു. അങ്ങനെ ആറു മാസത്തിനുശേഷം ജോലിവിട്ടു. ഇതിനിടെ ഡൽഹിയിൽ വീണ്ടും ഡെന്റിസ്റ്റായി പ്രാക്ടീസ് തുടങ്ങി.
∙ വിവാഹം, വീട്ടമ്മ
ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്താണ് ഒരു രാജ്യാന്തര കമ്പനിയുടെ സൗത്ത് ഏഷ്യ–മിഡിൽ ഈസ്റ്റ് മേധാവിയായിരുന്ന സ്റ്റെഫാനോയെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ പൗരനാണു സ്റ്റെഫാനോ. പരിചയം സ്നേഹമായി. സ്റ്റെഫാനോ കണ്ണൂരിലെ വീട്ടിലെത്തി വിവാഹം ചെയ്യാൻ അനുവാദം ചോദിച്ചു. ഞാനും കുടുംബത്തിൽ എല്ലാവരും മതവിശ്വാസം പിന്തുടരുന്നവരാണ്. മറ്റു മതങ്ങളെക്കൂടി ആദരിക്കുകയും ഉൾക്കൊള്ളുകയും വേണമെന്നായിരുന്നു ഉപ്പയുടെ കാഴ്ചപ്പാട്. അദ്ദേഹം സമ്മതം നൽകി.
വിവാഹശേഷം ഞങ്ങൾ ദുബായിലേക്കാണു പോയത്. അവിടെ വച്ചാണ് മക്കളായ ആദമും സമറും ജനിക്കുന്നത്. പിന്നീട് അവരായി എന്റെ ലോകം. ഡന്റിസ്റ്റായി പാർട് ടൈം ജോലി ചെയ്തിരുന്നെങ്കിലും കുട്ടികൾക്കൊപ്പമായിരുന്നു ഏറെ സമയം. 2014ൽ സ്റ്റെഫാനോയ്ക്ക് ജോലിയിൽ രണ്ട് ഓഫറുകൾ വന്നു. ഒന്ന്, പാരിസിലേക്ക്, രണ്ടാമതത്തേത് പുനെയിലേക്ക്. ഞങ്ങൾ പുനെ തിരഞ്ഞെടുത്തു.
∙ പുനെയിലെ ട്വിസ്റ്റ്
2015ൽ പുനെയിലെത്തി. മാധ്യമരംഗത്തെ പഴയ സുഹൃത്തുക്കളുമായി ബന്ധം സൂക്ഷിച്ചിരുന്നു. കൂട്ടത്തിൽ ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്, കോൺഗ്രസിന്റെ മീഡിയ ടീമിൽ ഒരവസരമുള്ള കാര്യം പറഞ്ഞത്. രാഷ്ട്രീയത്തോടും കോൺഗ്രസിനോടുമുള്ള എന്റെ ഇഷ്ടം അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ കണ്ടു. യുപിഎ സർക്കാർ പരാജയപ്പെടുകയും ആദ്യ മോദി സർക്കാർ അധികാരമേൽക്കുകയും ചെയ്ത സമയമായിരുന്നു അത്. പരാജയപ്പെട്ടെങ്കിലും പല ഭാഷയും മതവും സംസ്കാരവുമുള്ള ഈ രാജ്യത്തെ മതേതര രാജ്യമായി മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്നു ഞാൻ വിശ്വസിച്ചു.
എഐസിസിയുടെ മീഡിയാ ടീമിന്റെ റിസർച്ച് വിഭാഗത്തിലാണ് എന്നെ ആദ്യം നിയോഗിച്ചത്. പുനെയിൽ താമസിച്ചു രണ്ടു മണിക്കൂർ വിമാന യാത്ര നടത്തിയാണ് ഓരോ വട്ടവും ഡൽഹിയിലെത്തിയത്. അന്നു മക്കൾക്ക് ഏഴും, അഞ്ചും വയസായിരുന്നു. പൊതുപ്രവർത്തനത്തിനിറങ്ങുന്ന ഏതൊരു സ്ത്രീയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. പക്ഷേ, സ്റ്റെഫാനോ കുട്ടികളുടെ കാര്യം നോക്കുകയും പിന്തുണ തരികയും ചെയ്തു. എന്റെ പാഷനും അധ്വാനവും അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നു. അധികം വൈകാതെ നാഷനൽ മീഡിയ പാനലിസ്റ്റായി.
∙ ഉത്തരമില്ലാത്ത ഒരു ചോദ്യവുമില്ല
2016ൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോഴാണ് ആദ്യമായി ചാനൽ സംവാദത്തിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടത്. എൻഡിടിവിയിലായിരുന്നു ചർച്ച. രാവിലെ മുതൽ തയാറെടുപ്പു നടത്തി. കുഴപ്പമില്ലാതെ കഴിഞ്ഞു. വന്നേക്കാവുന്ന ചോദ്യങ്ങൾ കൂടി മനസ്സിൽ കണ്ടാണു ഞാൻ പോകുന്നത്. പറയുന്ന കാര്യത്തിൽ ബോധ്യവും, പറയുന്നതിൽ സത്യവുമുണ്ടെങ്കിൽ ഒരു ചോദ്യവും ഉത്തരം മുട്ടിക്കില്ലെന്നാണ് എന്റെ അനുഭവം. നാലു വർഷമായി കോൺഗ്രസിനുവേണ്ടി ദേശീയ മാധ്യമങ്ങളിൽ വരുന്നു. അടുത്തിടെ എഐസിസി വക്താവുമായി.
∙ കോൺഗ്രസ് തിരിച്ചുവരും
2004 മുതൽ 2014 വരെ രാജ്യത്തെ 145 മില്യൺ ആളുകളെയാണു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ദാരിദ്ര്യമുക്തരാക്കിയത്. വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറും നടപ്പാക്കി. ഇതൊന്നും പക്ഷേ പരസ്യം ചെയ്തില്ല. 2014നെ അപേക്ഷിച്ച് ഇന്നു പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില എവിടെയെത്തിയെന്നു നോക്കൂ. ഇതൊക്കെ അറിയാവുന്ന ദേശീയ മാധ്യമങ്ങളിൽ നല്ലൊരു പങ്കും ബിജെപിക്കു വേണ്ടി ജോലി ചെയ്യുകയാണ്. കോൺഗ്രസിന്റെ വാർത്തകളും പദ്ധതികളും പരിപാടികളുമെല്ലാം അവർ തമസ്കരിക്കുന്നു. ജനാധിപത്യബോധമില്ലാത്ത ഒരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടുണ്ടെങ്കിൽ അതു നരേന്ദ്രമാദിയാണ്. കോൺഗ്രസ് കൂടുതൽ തെരുവിലിറങ്ങണം. സമരങ്ങളേറ്റെടുക്കണം. ഏതു മാധ്യമങ്ങൾ മൂടിവച്ചാലും അതൊക്കെ രാജ്യമറിയും. കോൺഗ്രസ് തിരിച്ചുവരിക തന്നെ ചെയ്യും.
∙ ആദ്യം മടിച്ചു, പിന്നെ അംഗീകരിച്ചു
ദേശീയതലത്തിൽ സ്ത്രീകൾക്ക് എപ്പോഴും നല്ല അംഗീകാരം കൊടുത്തിട്ടുള്ള പാർട്ടിയാണു കോൺഗ്രസ്. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും വനിതാ രാഷ്ട്രപതിയും വനിതാ സ്പീക്കറുമുണ്ടായതു കോൺഗ്രസിന്റെ ഭരണകാലത്തല്ലേ. തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കിയതു കോൺഗ്രസാണ്. നിയമസഭയിലും ലോക്സഭയിലും 33 ശതമാനം സംവരണം നടപ്പാക്കാൻ ശ്രമിച്ചു, സഖ്യകക്ഷി സർക്കാരായതിനാൽ കഴിഞ്ഞില്ല. കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളത്. എന്നാൽ നേതൃനിരയിൽ സ്ത്രീകൾ കുറവാണ്. തിരഞ്ഞെടുപ്പു വന്നാൽ തോൽക്കുന്ന സീറ്റുകൾ നൽകും, രാജ്യസഭാ സീറ്റ് ഒഴിവു വന്നാൽ സ്ത്രീകളെ പരിഗണിക്കാറില്ല എന്നൊക്കെയുള്ള പ്രശ്നങ്ങൾ. അതിനൊക്കെ മാറ്റം വരണം.
സ്ത്രീകളെ പിന്തുണച്ചു മുന്നോട്ടുകൊണ്ടുവരണം. മഹിളാ കോൺഗ്രസ് ഒരു വിഷയമേറ്റെടുത്തു സമരം ചെയ്യുമ്പോൾ യൂത്ത് കോൺഗ്രസും കെഎസ്‌യുവും എല്ലാവരും ഒപ്പം നിന്നു പിന്തുണയ്ക്കണം, അതു വിജയിപ്പിക്കണം. സംവരണം 50 ശതമാനം വേണമെന്നില്ല, 20 ശതമാനമെങ്കിലും ലഭിച്ചാൽ സ്ത്രീകൾക്കു വലിയ അവസരമാകും. അവസരം കിട്ടിയാൽ അതു പ്രയോജനപ്പെടുത്താൻ കഴിയുന്നവരാണു സ്ത്രീകൾ. എനിക്ക് അവസരം കിട്ടിയതുകൊണ്ടല്ലേ ഇവിടംവരെയെത്താനായത്. നാഷനൽ മീഡിയ പാനലിസ്റ്റായ സമയത്തൊന്നും കേരളത്തിലെ ചില നേതാക്കൾ അംഗീകരിച്ചിരുന്നില്ല. പരിചയമില്ലാത്തതിന്റെയാകാം. എഐസിസി വക്താവായപ്പോൾ അതൊക്കെ മാറി. ഇപ്പോൾ എല്ലാവരും നല്ല സ്നേഹത്തോടെയും സൗഹൃദത്തോടെയും ഇടപെടുന്നു.
∙ കിറ്റ് കൊടുത്തെങ്കിൽ ജനങ്ങളുടെ പണമല്ലേ?
കിറ്റ് കൊടുത്തതിന്റെ പേരിലാണോ പിണറായി വിജയൻ സർക്കാരും സിപിഎമ്മും തുടർഭരണമുണ്ടാകുമെന്നു പറയുന്നത്? അത്രയ്ക്കു മണ്ടൻമാരല്ല മലയാളികൾ. കോവിഡ് കാലത്തു നമ്മളിൽനിന്നു തന്നെ പിരിച്ച പൈസയല്ലേ ഈ ദുരിതാശ്വാസനിധി. അതെടുത്തല്ലേ കിറ്റ് കൊടുക്കുന്നത്. നമ്മുടെ പൈസയെടുത്തു നമുക്കു തന്നെ തരുന്നതെങ്ങനെ സർക്കാരിന്റെ നേട്ടമാകും? യൂത്ത് കോൺഗ്രസുകാരായ കൃപേഷിനെയും ശരത്‌ലാലിനെയും ഷുഹൈബിനെയും കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്കു വിടാതിരിക്കാൻ പൊതുഖജനാവിൽനിന്നെടുത്തു കോടികളാണു വക്കീൽ ഫീസ് കൊടുത്തത്.
പകരം, ആ തുക ഉപയോഗിച്ചു കിറ്റ് കൊടുത്തെങ്കിൽ മനസിലാക്കാം. മൂന്നു ചെറുപ്പക്കാരുടെ ജീവൻ ഇല്ലാതാക്കിയവരെ രക്ഷിക്കാൻ കോടികൾ മുടക്കിയതിനു പകരം ആ തുക ഉപയോഗിച്ചു കുറച്ചു ചെറുപ്പക്കാർക്കു ജോലി കൊടുത്തുകൂടായിരുന്നോ? വലിയ കടബാധ്യത വരുത്തി എന്തെങ്കിലും ചെയ്യുന്നതിനെ വികസനം എന്നു വിളിക്കാനാകില്ല. കേരളത്തിൽ വികസനം കൊണ്ടുവന്നത് യുഡിഎഫ് സർക്കാരല്ലേ വിമാനത്താവളവും ഐടി പാർക്കും മെട്രോ റെയിലുമെല്ലാം അങ്ങനെ വന്നതാണ്.
പിണറായി വിജയൻ ഏകാധിപതിയാണ്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ ഒരുങ്ങിയില്ലേ? താൻ പറഞ്ഞാൽ എല്ലാവരും കേൾക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. വിമർശിച്ചാൽ ജോലി പോലും നഷ്ടപ്പെടുന്നു. സോളർ വലിയ അഴിമതിയാണെന്നു പറഞ്ഞ് ഇവർ പ്രചാരണം നടത്തി. അഞ്ചു വർഷം ഭരണം കിട്ടിയിട്ട് എത്രപേരെ ജയിലിലിട്ടു? ആരോപണങ്ങളൊക്കെ വെറും രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയായിരുന്നു. അഞ്ചു വർഷം കൂടി പിണറായി കേരളം ഭരിച്ചാൽ ജനാധിപത്യമില്ലാത്ത സംസ്ഥാനമായി കേരളം മാറും.
∙ രാഷ്ട്രീയത്തിൽ മുന്നോട്ടുപോകണം
രാഷ്ട്രീയ ഭാവി എന്താകണമെന്നൊന്നും ആലോചിച്ചിട്ടില്ല. ഇഷ്ടമുള്ള മേഖലയിൽ ഇറങ്ങിയ സ്ഥിതിക്കു മുന്നോട്ടു പോകണമല്ലോ. പാർട്ടി പറയുന്നതുപോലെ ചെയ്യും. ഉമ്മയുടെ പേരിൽ കണ്ണൂർ ആസ്ഥാനമായി സോയ ചാരിറ്റബിൾ ട്രസ്റ്റ് എന്നൊരു സന്നദ്ധ സംഘടന തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷമാകുന്നു. ബിപിഎൽ വിഭാഗത്തിൽ പെട്ടവരിൽ വീടില്ലാത്തവർക്കു വീടു കൊടുക്കുന്നുണ്ട്. കുറച്ചു കുടുംബങ്ങൾക്കു സ്ഥിരമായി മരുന്നു കൊടുക്കുന്നുണ്ട്. കുട്ടികളുടെ ഉന്നത പഠനത്തിനും ചികിത്സാ ആവശ്യത്തിനുമൊക്കെ സഹായിക്കുന്നുണ്ട്. അതൊക്കെ തുടരണം. ഡന്റിസ്റ്റ് പ്രഫഷൻ ഇപ്പോൾ തുടരുന്നില്ല. രാഷ്ട്രീയത്തിരക്കിനിടയിൽ ആ ജോലിയോട് ആത്മാർഥത കാണിക്കാൻ പറ്റുന്നില്ല എന്നതുകൊണ്ട് മാറ്റിവച്ചതാണ്. എന്തു ചെയ്താലും അതു 100 ശതമാനത്തിൽ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
∙ മതം, ഭാഷ, വേഷം
മതേതര ഇന്ത്യയെ ഇഷ്ടപ്പെടുന്ന ഒരു മതവിശ്വാസിയാണു ഞാൻ. നിസ്കാരം ഉൾപ്പെടെ മതപരമായ ഒരാചാരവും മുടക്കാറില്ല. എത്ര യാത്രകളും തിരക്കുകളുമുണ്ടെങ്കിലും നോമ്പ് കൃത്യമായെടുക്കും. കോൺഗ്രസുകാരിയല്ലേ, വെള്ള ഡിസൈനുള്ള സാരിയുടുത്തുകൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്. എനിക്കിഷ്ടമുള്ള വേഷമാണു ഞാൻ ധരിക്കുന്നത്. എന്റെ മലയാളത്തിൽ ചില വാക്കുകൾ ശരിയല്ലെന്നു പറയുന്നവരുണ്ട്. കടുപ്പമുള്ള മലയാള വാക്കുകൾ പറയാൻ എനിക്കറിയില്ലായിരിക്കാം. ഞാൻ പറയുന്നതിന്റെ അർഥം കേരളത്തിലെ സാധാരണക്കാർക്കു മനസിലാകുന്നുണ്ട്. അതു മതി. ഭാഷയിലും വേഷത്തിലുമല്ല കാര്യം. ഞാൻ എന്തു ചെയ്യുന്നു എന്നു മാത്രം നോക്കൂ.
English Summary: Congress spokesperson Shama Mohamed on life, views