സിദ്ദിഖിയെ മമത ഭയക്കേണ്ടതുണ്ടോ? രംഗപ്രവേശം ബിജെപിക്ക് നേട്ടമോ?
ബംഗാളിൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും 34 വയസുള്ള അബ്ബാസ് സിദ്ദിഖിയെ ഭയപ്പെടേണ്ടതുണ്ടോ? | Indian Secular Front, West Bengal Elections, Pirzada Abbas Siddiqui, Manorama Online
ബംഗാളിൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും 34 വയസുള്ള അബ്ബാസ് സിദ്ദിഖിയെ ഭയപ്പെടേണ്ടതുണ്ടോ? | Indian Secular Front, West Bengal Elections, Pirzada Abbas Siddiqui, Manorama Online
ബംഗാളിൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും 34 വയസുള്ള അബ്ബാസ് സിദ്ദിഖിയെ ഭയപ്പെടേണ്ടതുണ്ടോ? | Indian Secular Front, West Bengal Elections, Pirzada Abbas Siddiqui, Manorama Online
ബംഗാളിൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും 34 വയസുള്ള അബ്ബാസ് സിദ്ദിഖിയെ ഭയപ്പെടേണ്ടതുണ്ടോ? ബംഗാൾ തിരഞ്ഞെടുപ്പു കളത്തിലെ കളി കാണുന്നവരുടെ പുതിയ ചോദ്യമതാണ്.
അബ്ബാസ് സിദ്ദിഖിയെന്ന ആത്മീയ നേതാവ് കഴിഞ്ഞ ദിവസം രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) ആണ് ബംഗാളിലെ ഏറ്റവും പുതിയ രാഷ്ട്രീയ പാർട്ടി. അസദുദ്ദീൻ ഒവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം), കൻഷി റാം രൂപം കൊടുത്ത അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ സമുദായ എംപ്ളോയീസ് ഫെഡറേഷൻ തുടങ്ങിയവയുമായി ചേർന്ന് മുന്നണിയുണ്ടാക്കണമെന്നാണ് ഇപ്പോൾ അബ്ബാസിന്റെ ആലോചന. ഒപ്പം, ഇടതു മുന്നണിയുമായും കോൺഗ്രസുമായും ചർച്ച നടത്തുന്നുണ്ട്. അതിൽത്തന്നെ ഇടതുമായി സഹകരിക്കാനാണ് അബ്ബാസിന് കൂടുതൽ താൽപര്യം. കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണ മാത്രമുള്ള ഇടതിന് അതുപോലെയുള്ള ഇടപാട് അബ്ബാസുമായും ഉണ്ടാക്കാൻ താൽപര്യമെന്നാണ് ഇതുവരെയും സൂചന.
∙ ആരാണ് അബ്ബാസ് സിദ്ദിഖി?
ഹൂബ്ളി ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രമാണ് ഫുർഫുറ ഷെരീഫ് ദർഗ. ഹസ്റത് അബുബക്കർ സിദ്ദിഖിയുടെ (1846–1939) മസറാണ് ഇവിടെയുള്ളത്. 1375ൽ സ്ഥാപിതമായ ഒരു മസ്ജിദും ഇവിടെയുണ്ട്. ഫുർഫുറ ഷെരീഫിന്റെ പീർസാദയും സെക്രട്ടറിയുമാണ് അബ്ബാസ് സിദ്ദിഖി. അബുബക്കർ സിദ്ദിഖിയുടെ കുടുംബത്തിലെ ഇളയകണ്ണികളിലൊരാൾ.
കുടുംബത്തിലെ ചില തർക്കങ്ങളുൾപ്പെടെ പല കാരണങ്ങൾ അബ്ബാസിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കാരണമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. അബ്ബാസിന്റെ അമ്മാവൻ തോഹ സിദ്ദിഖി തൃണമൂലിനൊപ്പമാണ്. കാരണങ്ങൾ എന്തൊക്കെയെങ്കിലും, കേരളത്തിലെ മുസ്‌ലിം ലീഗിന്റെ പ്രവർത്തന രീതിയും സ്വാധീനവുമാണ് അബ്ബാസിനെ സ്വാധീച്ചതെന്നാണ് പാർട്ടിക്കു രൂപം കൊടുക്കുന്നതിൽ അബ്ബാസിനെ സഹായിച്ചവരിലൊരാളായ സാബിർ ഗഫാർ പറയുന്നത്.
സാബിർ യൂത്ത് ലീഗ് ദേശീയ അധ്യക്ഷനായിരുന്നു. കഴിഞ്ഞ ദിവസം പദവി രാജിവച്ചു. അബ്ബാസ് മുൻകൈയെടുക്കുന്ന മുന്നണിയിൽ ലീഗും ഭാഗമാകണമെന്ന് സാബിർ ആവശ്യപ്പെട്ടു. ഇത് ലീഗ് നേതൃത്വം നിരസിച്ചപ്പോഴാണ് പദവിയൊഴിയാൻ സാബിർ തീരുമാനിച്ചത്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനുവേണ്ടി രൂപംകൊള്ളുന്ന രാഷ്ട്രീയ സമവാക്യങ്ങളോടു സഹകരിക്കാനാവില്ലെന്നാണ് ലീഗിന്റെ വാദം. പതിറ്റാണ്ടുകളായി പാർട്ടി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടുകൾ ബലികഴിക്കാനാവില്ലെന്നും ലീഗ് പറയുന്നു.
അബ്ബാസ് പാർട്ടി രൂപീകരിച്ചതിനെ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ന്യായീകരിച്ചത് ലീഗിന്റെ വാദത്തിന് ന്യായീകരണമാണ്. അബ്ബാസിന്റെ പാർട്ടി വോട്ടുകൾ ഭിന്നിപ്പിക്കുന്നത് ഫലത്തിൽ ബിജെപിക്കു സഹായകമാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഒവൈസിയുടെ പാർട്ടി ബിഹാറിൽ ആർജെഡി നേതൃത്വം നൽകിയ സഖ്യത്തിന് ദോഷം ചെയ്തു. ഒവൈസി ബിജെപിയെ സഹായിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി വിമർശിക്കപ്പെടുന്നു.
എന്നാൽ, ഒവൈസിയെ ഒപ്പം നിർത്തുന്നതുതന്നെ വോട്ടുകൾ ഭിന്നിക്കാതിരിക്കാനെന്നാണ് അബ്ബാസിന്റെ പക്ഷത്തുള്ളവർ പറയുന്നത്. തബ്‌ലീഗി ജമാഅത്ത് ഉൾപ്പെടെയുള്ളവയുടെ സ്വാധീനം ബംഗാൾ മുസ്‌ലിങ്ങൾക്കിടയിൽ വർധിക്കുന്നതായി വിലയിരുത്തലുണ്ട്. ഒവൈസിയുടെ പ്രസംഗങ്ങൾ ഇഷ്ടപ്പെടുന്നവരുമുണ്ട്.
∙ ബംഗാളിലെ മുസ്‌ലിം വോട്ടുകൾ
ബംഗാൾ ജനസംഖ്യയിൽ ഏകദേശം 30 ശതമാനമാണ് മുസ്‌ലിങ്ങൾ. നേരത്തെ ഇടതുപക്ഷത്തിന്റെയും മാൽഡ, മൂർഷിദബാദ് മേഖലകളിൽ കോൺഗ്രസിന്റെയും വോട്ട് ബാങ്ക് ആയിരുന്നു ഇവർ. എന്നാൽ, സച്ചാർ സമിതി റിപ്പോർട്ട് സംസ്ഥാനത്തെ മുസ്‌ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് ഏറെ വ്യക്തത നൽകി.
ജീവന്റെ സുരക്ഷമാത്രമാണ് ഇടതു ഭരണകാലത്ത് തങ്ങൾക്കു ലഭിച്ചതെന്നും ജീവിതത്തിന് മേൽഗതിയുണ്ടായില്ലെന്നും സമുദായത്തിന് വിലയിരുത്തലുണ്ടായി. ബുദ്ധദേവ് ഭട്ടചാര്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ രാജാർഹാട്ടിലുണ്ടായ ഭൂമി ഏറ്റെടുക്കലും സിംഗൂർ, നന്ദിഗ്രാം നടപടികളും ഏറെയും ബാധിച്ചത് മുസ്‌ലിങ്ങളെയാണ്. മദ്രസകൾ ഭീകരരെ സൃഷ്ടിക്കുന്ന ഫാക്ടറികളെന്നു ബുദ്ധദേവ് വിമർശിച്ചത് വലിയ അമർഷത്തിന് ഇടയാക്കി.
സ്വാഭാവികമായും, ആശങ്കകളും അമർഷവും മുതലെടുക്കാൻ മമതയ്ക്കു സാധിച്ചു. മുസ്‌ലിങ്ങൾ തങ്ങളുടെ ബലമെന്ന് മമത കരുതിയതു ശരിയെന്ന് തിരഞ്ഞെടുപ്പു ഫലങ്ങൾ തെളിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുസ്‌ലിം വോട്ടിൽ 70 ശതമാനവും തൃണമൂലിനു ലഭിച്ചെന്നാണ് ചില വിശകലനങ്ങൾ പറയുന്നത്.
∙ അബ്ബാസ് കാണുന്ന ഇടം
മമത ബിജെപിയിൽനിന്ന് വലിയ വെല്ലുവിളി നേരിടുമ്പോൾ, തൃണമൂലിന്റെ വോട്ടുകൾക്ക് കോട്ടമുണ്ടാകുന്ന രീതിയിൽ ഒരു ആത്മീയനേതാവ് കടന്നു വരുന്നെങ്കിൽ അതിനു തക്ക കാരണങ്ങളുണ്ട്. ആ കാരണങ്ങളിൽ ചിലതിലെങ്കിലും കഴമ്പുണ്ട് എന്നതുകൊണ്ടുതന്നെയാണ് അബ്ബാസിന്റെ നീക്കത്തെ തൃണമൂൽ വിമർശിക്കുന്നത്.
തൃണമൂലിനെ സൃഷ്ടിച്ചതു ബിജെപിയാണ്, ഇപ്പോൾ സംസ്ഥാനത്ത് ബിജെപിക്ക് ഇടമുണ്ടാക്കുന്നതും മമതയെന്നാണ് അബ്ബാസിന്റെ മാത്രമല്ല, ഇടതിന്റെയും കോൺഗ്രസിന്റെയും വിമർശനം. തൃണമൂലിന്റെ ചരിത്രമറിയുന്നവർ മാത്രമല്ല, ബിജെപിയും അതു നിഷേധിക്കില്ല. അടൽ ബിഹാരി വാജ്പേയിയുടെ സർക്കാരിൽ മമത മന്ത്രിയായിരുന്നു. മമതയ്ക്ക് പാർട്ടിയുണ്ടാക്കാൻ പണം നൽകിയതും തങ്ങളെന്ന് ബിജെപിക്കാർ പറയും.
ഇടതിനെ തകർക്കുകയെന്നതായിരുന്നു അന്നു മമതയിലൂടെ ബിജെപിയുടെ ലക്ഷ്യം. ആ ലക്ഷ്യം കഴിഞ്ഞു. മമതയെക്കൊണ്ടുള്ള പ്രയോജനവും കഴിഞ്ഞു. ഇനി ബിജെപിക്ക് മമത മാറണം. മുസ്‌ലിങ്ങളെയും പട്ടിക ,ഇതര പിന്നാക്ക വിഭാഗങ്ങളെയും സംരക്ഷിക്കുക എന്നതിനപ്പുറം അവരെ ശാക്തീകരിക്കുന്ന രാഷ്ട്രീയം മമതയ്ക്കുമില്ലെന്ന് വിമർശനമുണ്ട്. മമതയുടെ മന്ത്രിസഭയിലും സർക്കാർ സ്ഥാപനങ്ങളിലും ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിച്ചെങ്കിലും അത് വലിയ വർധനയല്ലെന്നു വിലയിരുത്തലുണ്ട്. ജനസംഖ്യയിലെ 80–85 ശതമാനവും ഈ വിഭാഗങ്ങളാണ്. താഴേത്തട്ടിലുള്ളവരുടെ സാമൂഹിക നീതിയാണ് തന്റെ ലക്ഷ്യമെന്ന് അബ്ബാസ് പറയുന്നതും ദലിത്, ആദിവാസി സംഘടനകളെയും ചേർത്ത് മുന്നണിയുണ്ടാക്കാൻ അദ്ദേഹം താൽപര്യപ്പെടുന്നതും ഇതുമായി ചേർത്തു വായിക്കണം.
എന്നാൽ, കൊൽക്കത്തയിൽ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ (സിഎസ്എസ്എസ്) രാഷ്ട്രമീമാംസ അധ്യാപകൻ ഡോ.മയ്ദുൽ ഇസ്‌ലാം പറയുന്നത്, ബിജെപി വിരുദ്ധ പാർട്ടികളോടു വിലപേശാനാണ് അബ്ബാസിന്റെ ശ്രമമെന്നാണ്. അബ്ബാസിന്റെ രാഷ്ട്രീയം ബംഗാൾ തിരഞ്ഞെടുപ്പിനെ എത്രമാത്രം സ്വാധീനിക്കുമെന്ന് വിലയിരുത്താൻ സമയമായിട്ടില്ലെന്നും.
ഇടത് – കോൺഗ്രസ് കൂട്ടുകെട്ടുമായി ധാരണയുണ്ടാക്കാൻ അബ്ബാസിന് സാധിക്കുമോയെന്നതുൾപ്പെടെ വ്യക്തമായാൽ വിലയിരുത്തൽ എളുപ്പമാകുമെന്നാണ് ഡോ.മയ്ദുൽ ഇസ്‌ലാം സൂചിപ്പിക്കുന്നത്. ബിജെപിയെ എതിർക്കുന്നതിലെ വലിയ ശക്തിയെന്നത് തൃണമൂലിന് മുസ്‌ലിം വോട്ട് ഇത്തവണ കൂടുതലായി ലഭിക്കാൻ കാരണമാകുമെന്ന കരുതുന്ന നിരീക്ഷകരുമുണ്ട്.
വോട്ട് ഭിന്നിക്കാൻ താൽപര്യപ്പെടാത്തവർ അബ്ബാസിന്റെ പരീക്ഷണത്തിന് കൂട്ടുനിൽക്കില്ലെന്നും. ജമിയത്തുൽ ഉലമ നേതാവ് സിദ്ദിഖുള്ള ചൗധരിയുടെ രാഷ്ട്രീയ രീതിയുമായി അബ്ബാസിന്റെ നീക്കത്തെ താരതമ്യം ചെയ്യുന്നവരുണ്ട്. സിദ്ദിഖുള്ളയ്ക്ക് ആദ്യം കോൺഗ്രസിന്റെ പിന്തുണയുണ്ടായിരുന്നു, പിന്നീടദ്ദേഹം എഐയുഡിഎഫിന്റെ ആളായി. ഒടുവിലിപ്പോൾ തൃണമൂലിന്റെ മന്ത്രിയാണ്. തന്റെ പാർട്ടി എത്ര സീറ്റിൽ മൽസരിക്കണമെന്ന് അബ്ബാസ് തീരുമാനിച്ചിട്ടില്ല. 44 മുതൽ 80 വരെയെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നുണ്ട്. അതൊക്കെയും രൂപീകരിക്കപ്പെടാവുന്ന മുന്നണി സമവാക്യങ്ങളെ ആശ്രയിച്ചിരിക്കും.
താൻ മൽസരിക്കില്ലെന്ന് അബ്ബാസ് പറയുന്നത് പാർട്ടി രൂപീകരണത്തിന് പഠിച്ച മാതൃകകൾകൂടി കണക്കിലെടുത്താണ്. മൂന്നാം മുന്നണിയുടെ ഭാഗമോ, തൃണമൂലിനൊപ്പമോ അതോ നാലാം മുന്നണിയോ – അബ്ബാസിന്റെ പാർട്ടി എവിടെയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. എന്തായാലും, കിങ് മേക്കറാവും എന്നാണ് അബ്ബാസ് പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രീയമാണ്; വേറിട്ട ശബ്ദങ്ങളെ തള്ളിക്കളയുക എളുപ്പമല്ല. പ്രത്യേകിച്ചും, വേറിട്ട പുതിയ ശബ്ദങ്ങളെ.
English Summary: Abbas Siddiqui floats new political party in Bengal, will it have any impact