‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ.... Reflections on the rise and fall of Gen Idi Amin

‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ.... Reflections on the rise and fall of Gen Idi Amin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ.... Reflections on the rise and fall of Gen Idi Amin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ. എന്നിട്ട് എല്ലും തോലും തലയോട്ടിയും ശത്രുരാജ്യത്തെ രാജാവിന് അയച്ചു കൊടുത്തു. അയാളുടെ കൊട്ടാരത്തിലെ കൂറ്റൻ ഫ്രിജിന്റെ ഫ്രീസറിൽ ഇപ്പോഴും കാണാം ശത്രുക്കളുടെ തലയോട്ടികൾ’. ഭാര്യയെ ചികിത്സിക്കാൻ വന്ന ഡോക്ടർക്ക് അയാൾ അതു കാണിച്ചു കൊടുക്കുന്ന ഭീകരരംഗം ആ സിനിമയിലുണ്ട്– ദ് റൈസ് ആൻഡ് ഫാൾ ഓഫ് ഈദി അമീൻ. അങ്ങനെയങ്ങനെ, അയാളെക്കുറിച്ചു കേട്ട കഥകൾ ഇനിയും ഒരുപാടുണ്ട്. 2021 ജനുവരി 25ന് ആ കഥകൾക്ക് അരനൂറ്റാണ്ടു തികയും.

‘യുഗാണ്ടയിലെ കശാപ്പുകാരൻ’ (butcher of Uganda) എന്ന വിശേഷണം അയാൾ ആസ്വദിച്ചു. ഭൂമിയിലെ മുഴുവൻ മൃഗങ്ങളുടെയും സമുദ്രത്തിലെ മുഴുവൻ മത്സ്യങ്ങളുടെയും തമ്പുരാൻ (lord of all the beasts of the earth and fishes of the seas)എന്നാണ് അയാൾ സ്വയം വിളിച്ചത്. ലോകത്തിനു മുഴുവൻ തന്നെ ഭയമാണെന്ന് അയാൾ വിശ്വസിച്ചു – താൻ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും. തീർച്ചയായും, ലോകത്തിന് അയാളെ ഭയമായിരുന്നു. അയാളുടെ കയ്യിൽ രാസായുധങ്ങളോ ആണവായുധങ്ങളോ ഉണ്ടായിരുന്നില്ലെന്നത് അയാളെ ഭീഷണി കുറഞ്ഞ ഭരണാധികാരിയാക്കിയില്ല. ‘എന്നേ കൊല്ലപ്പെടേണ്ടിയിരുന്ന മൃഗം’ എന്നാണ് പാശ്ചാത്യ രാഷ്ട്രതന്ത്രജ്ഞർ അയാളെ വിശേഷിപ്പിച്ചത്. അയാളോട് വിയോജിപ്പു പറ‍ഞ്ഞവരുടെ മൃതദേഹങ്ങൾ വെട്ടുംകുത്തും വെടിയുമേറ്റ്, ചീർത്ത് ചീഞ്ഞ്, നൈൽ നദിയിലൂടെ ഒഴുകിനടന്നു.

യുഗാണ്ട പ്രസിഡന്റ് ഈദി അമിൻ ദാദ (Photo by AFP)
ADVERTISEMENT

വ്യാകരണവും വൊക്കാബുലറിയുമില്ലാത്ത ഇംഗ്ലിഷിലാണ് ഈദി അമീൻ ലോകത്തോട് സംസാരിച്ചത്. എന്നിട്ടും ആർക്കും ഒരക്ഷരം മനസ്സിലാവാതെയിരുന്നില്ല. കാരണം, അധികാരത്തിനും ഏകാധിപത്യത്തിനും ലോകമെങ്ങും എന്നും ഒരേ ഭാഷയായിരുന്നു. ഈദി അമീനെ ദീർഘനേരം ക്യാമറയിൽ പകർത്തിയ ഫ്രഞ്ച് ചലച്ചിത്രകാരൻ ബാർബെറ്റ് ഷ്രോഡർ പറഞ്ഞു: ‘ലോകത്തിലെ എല്ലാ രാഷ്ട്രീയക്കാരെയും എല്ലാ ഭരണാധികാരികളെയുമാണ് ഞാൻ ഈദി അമീനിൽ കണ്ടത്. അധികാരത്തിൽ ഇരിക്കുന്ന ഏത് ആളുകൾക്കും പൊതുവായി പലതുമുണ്ട്. അതെല്ലാമായിരുന്നു ഈദി അമീൻ’.

എത്രയോ ദിവസങ്ങൾ, എത്രയോ മണിക്കൂറുകൾ, ഷ്രോഡറുടെ ക്യാമറയ്ക്കു മുൻപിൽ അനുസരണയോടെ ഇരുന്നു കൊടുത്തു ഈദി അമീൻ. ക്യാമറയ്ക്കു വേണ്ടി യുഗാണ്ടയിലെ തെരുവുകളിലൂടെ അയാൾ ആടിപ്പാടി. അക്കോർഡിൻ വായിച്ച് നൃത്തം ചവിട്ടി. കൊച്ചുകുഞ്ഞുങ്ങളെ കോരിയെടുത്ത് ഉമ്മവച്ചു. സാധുക്കൾക്കു മുൻപിൽ ഉദാരവാനായി ധാന്യച്ചാക്കുകളുമായി കാത്തു നിന്നു. പട്ടാളക്കാരൊടൊപ്പം തോക്കെടുത്ത് എവിടേക്കോ നിറയൊഴിച്ചു. എല്ലാ ബുള്ളറ്റുകളും ലക്ഷ്യം തൊട്ടുവെന്നു ക്യാമറയ്ക്കു മുൻപിൽ അഭിമാനത്തോടെ കാട്ടിക്കൊടുത്തു. നിസ്വരും നിസ്സഹായരുമായ പട്ടാളക്കാരോടൊപ്പം നീന്തൽക്കുളത്തിൽ നീന്തൽമത്സരത്തിനിറങ്ങി. ആ മത്സരത്തിൽ അയാൾ മാത്രമാണു നീന്തി മറുകരയിലെത്തിയത്. മറ്റു മത്സരാർഥികൾ പാതിയിൽ ക്ഷീണിച്ച് പിന്മാറി. എന്നിട്ടുമയാൾ I won, I won എന്ന് കുട്ടികളെപ്പോലെ വിളിച്ചുകൂവി.

ഈദി അമിൻ ദാദയും വധു സാറാ ക്വോലാബയും വിവാഹശേഷം (Photo by AFP)

ആ ഒന്നര മണിക്കൂർ ഡോക്യുമെന്ററി (General Idi Amin Dada: a self portrait) പുറത്തിറക്കുന്നതിനു മുൻപ് അയാളെ കാണിച്ചിരുന്നു. അതയാൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അതു കണ്ടാൽ ആരും അയാളെ ഇഷ്പ്പെട്ടു പോകുമായിരുന്നു. അതു കണ്ട് ലോകം മുഴുവൻ തന്റെ ആരാധകരാകുമെന്ന് അയാൾ കരുതി. യുഗാണ്ടയ്ക്കു പുറത്ത് അതു പ്രദർശിപ്പിച്ചപ്പോൾ, തന്നെ കാണിച്ചിട്ടില്ലാത്ത പലതും അതിലുണ്ടെന്ന് അയാൾ അറിഞ്ഞു. ആ രംഗങ്ങൾ മുറിച്ചു മാറ്റാൻ ഈദി അമീൻ ഷ്രോഡറോട് അപേക്ഷിച്ചില്ല. പകരം 100 ഫ്രഞ്ച് പൗരന്മാരെ പിടിച്ചുകൊണ്ടു വന്ന്, യുഗാണ്ടൻ തലസ്ഥാനമായ കംപാലയിലെ ഹോട്ടലിൽ 48 മണിക്കൂർ തടവിലാക്കി. പട്ടിണിക്കിട്ടു. അവർക്ക് ഷ്രോഡറുടെ വീട്ടിലെ ഫോൺ നമ്പർ കൊടുത്തു. ‘ദയവായി ആ ദൃശ്യങ്ങൾ നീക്കം ചെയ്യൂ, ഇല്ലെങ്കിൽ ഇയാൾ ഞങ്ങളെക്കൊല്ലും’ എന്ന് അവർ ഷ്രോഡറെ വിളിച്ചു കരഞ്ഞു.

ആറടി നാലിഞ്ച് ഉയരവും അതിനു വേണ്ടതിലേറെ വണ്ണവുമുള്ള ഭീമാകാര രൂപമായിരുന്നു ഈദി അമീൻ. ഏത് ആൾക്കൂട്ടത്തിലും അയാൾ സ്വയം എടുത്തുകാണിച്ചു നിന്നു. ലോകനേതാക്കളുടെ അത്താഴസമ്മേളനങ്ങളിൽ അയാൾക്ക് അധികം ഇടം കിട്ടിയിരുന്നില്ലെങ്കിലും.

ദയവായി ആ ദൃശ്യങ്ങൾ നീക്കം ചെയ്യൂ, ഇല്ലെങ്കിൽ ഇയാൾ ഞങ്ങളെക്കൊല്ലും

ADVERTISEMENT

അതിസുന്ദരമായിരുന്നു അയാളുടെ പുഞ്ചിരി. പൊട്ടിച്ചിരികൾ അതിലേറെ. അയാളുടെ പ്രസംഗങ്ങൾ അതീവരസകരം. അയാളുടെ അഭിമുഖങ്ങൾ ഏതു മാധ്യമപ്രവർത്തകരെയും കൊതിപ്പിക്കും. ക്യാമറയ്ക്കു മുൻപിലിരുന്ന് ഇങ്ങനെ പൊട്ടിച്ചിരിക്കുന്ന, തമാശകൾ പറയുന്നൊരു ഏകാധിപതിയെ അത്രയും കാലം ലോകം കണ്ടിരുന്നില്ല. ഈദി അമീനുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങളെപ്പറ്റി ബാർബെറ്റ് ഷ്രോഡർ പറഞ്ഞു : ‘നിങ്ങൾക്ക് അയാളെ അവഗണിക്കാം. പക്ഷേ അയാളുടെ ആകർഷണവലയത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. because he was charming. very charming'.

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടൊരു സിവിലിയൻ ഗവൺമെന്റിനെ പട്ടാളഅട്ടിമറിയിലൂടെ പുറത്താക്കിയാണ് 1971ൽ ഈദി അമീൻ എന്ന സൈനികമേധാവി യുഗാണ്ടയുടെ ഭരണം പിടിച്ചത്. ഈദി അമീന്റെ എട്ടു കൊല്ലത്തെ ഭരണത്തിനിടയിൽ യുഗാണ്ടയിൽ അഞ്ചു ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണു രാജ്യാന്തര മനുഷ്യാവകാശ ഏജൻസികളുടെ അനൗദ്യോഗിക കണക്ക്. അതിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ശിക്ഷയായല്ല അയാൾ പലർക്കും മരണം വിധിച്ചത്. മറ്റാർക്കോ മനസ്സിലാവാനുള്ള മുന്നറിയിപ്പായിരുന്നു ആ മരണങ്ങൾ. അയാളിൽ നിന്നു രക്ഷപ്പെടുക ആർക്കും എളുപ്പമായിരുന്നില്ല.

"Hitler is past tense. I am future".

യുഗാണ്ട പ്രസിഡന്റ് ഈദി അമിൻ ദാദ (Photo by AFP)

അപാരവൈരുധ്യങ്ങളുടെ അധികാരരൂപമായിരുന്നു ഈദി അമീൻ. ‘ഞാനൊരു രാഷ്ട്രീയക്കാരനല്ല. പട്ടാളക്കാരൻ മാത്രമാണ്. രാജ്യത്തെ അഴിമതിക്കാരിൽ നിന്നു രക്ഷിക്കാനാണ് ഞാനിതു ചെയ്യുന്നത്. പക്ഷേ എനിക്ക് ഭരണാധികാരിയാവണ്ട. നേരും നന്മയുമുള്ളൊരു ജനകീയ ഗവൺമെന്റിനെ ഭരണത്തിലെത്തിച്ച ശേഷം വെറുമൊരു പട്ടാളക്കാരനായി ഞാൻ മാറിനിൽക്കും. നോക്കൂ, ഇന്ന് എന്നെ സല്യൂട്ട് ചെയ്യുന്നവരെ നാളെ സല്യൂട്ട് ചെയ്യാൻ എനിക്കൊരു മടിയുമില്ല’–71ലെ അട്ടിമറിക്കു തൊട്ടുപിന്നാലെ ഈദി അമീൻ പറഞ്ഞു. പക്ഷേ പിന്നെ എട്ടുകൊല്ലം അയാൾ ഭരണത്തിൽ നിന്ന് ഒരിഞ്ചു പോലും അകന്നു നിൽക്കാൻ മടിച്ചു. വിദേശസന്ദർശനങ്ങളെ അയാൾ പേടിച്ചു. (മുൻപ്രസിഡന്റ് മിൽട്ടൻ ഒബോട്ടെ ഒരു വിദേശസന്ദർശത്തിനു പോയ നേരം നോക്കിയായിരുന്നു ഈദി അമീൻ അധികാരം പിടിച്ചത്).

ADVERTISEMENT

രാജ്യത്തിന്റെ സർവാധികാരിയും സേനാധിപതിയുമായിരിക്കുമ്പോഴും സ്വന്തം നിഴലിനെ വരെ അയാൾ ഭയന്നു. (അട്ടിമറിക്കു തൊട്ടുമുൻപു വരെ ഒബോട്ടെയുടെ നിഴൽപോലെ കൂടെനിന്ന വിശ്വസ്തനായിരുന്നു ഈദി അമീൻ). സ്വന്തം കൊട്ടാരത്തിന്റെ അടുക്കളയെ വരെ സംശയിച്ചു. സ്വന്തം ‘കക്വാ’ ഗോത്രവിഭാഗത്തിൽ നിന്നുള്ള, വിശ്വസ്തരായ, ഭൂമിയിൽ തന്നോടുമാത്രം കൂറുള്ള, തിരഞ്ഞെടുക്കപ്പെട്ട സൈനികരെ കൊട്ടാരത്തിലും ചുറ്റും കാവലിനു നിർത്തി. ഉറങ്ങുമ്പോൾ പോലും പട്ടാളവേഷമഴിക്കാൻ മടിച്ചു. എന്നിട്ടോ, അധികാരം നഷ്ടപ്പെട്ടപ്പോൾ സൗദി അറേബ്യയിലെ അജഞാത–പ്രവാസകാലത്ത് അറബിക്കുപ്പായമിട്ട് ജിദ്ദയിലെ തെരുവുകളിലൂടെ ഒറ്റയ്ക്കു കാറോടിച്ചു നടന്നു.

why you ask me about Hitler? Hitler is past tense. I am future

ആറോ ഏഴോ ഭാര്യമാരും നാൽപതോ അൻപതോ അതിലേറെയോ മക്കളുമുണ്ടായിരുന്നു. പക്ഷേ, യുഗാണ്ടയിലെ സാദാ പട്ടാളക്കാർക്ക് കുട്ടികളുണ്ടാവുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നുവെന്നു പറയപ്പെടുന്നു. കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൂറുള്ള പ്രജയായിരുന്നു. അങ്ങനെയാണ് ബ്രിട്ടീഷ് പട്ടാളത്തിലെ അരിവയ്പുകാരൻ പട്ടുംവളയും വാങ്ങി പട്ടാളക്ക്യാപ്റ്റനായത്. അതിലും കൂറുള്ള സൈനികനുമായിരുന്നു. കെനിയയിലെയും സോമാലിയയിലെയും ബ്രിട്ടീഷ് വിരുദ്ധ–വിമോചന പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതിൽ ഈദി അമീന്റെ പങ്ക് ചെറുതല്ല. അതേ ഈദി അമീൻ പിൽക്കാലത്ത് കിഴക്കനാഫ്രിക്കയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്നമായി. അയാൾ ബ്രിട്ടീഷ് രാജ്ഞിയെ വെല്ലുവിളിച്ചു, പരിഹസിച്ചു. ‘കോമൺവെൽത്ത് ഗെയിംസിലേക്ക് എന്നെ കൊണ്ടു പോകാൻ സ്കോട്ട് ഗാർഡിനെ മഞ്ചലുമായി അയക്കൂ’ എന്നു കളിയാക്കി. എന്നിട്ടും ബ്രിട്ടന്റെ പഞ്ഞകാലത്ത് സഹായിക്കാൻ പരസ്യമായി പണപ്പിരിവു നടത്തി. അഥവാ, അങ്ങനെ അവകാശപ്പെട്ടു.

യുഗാണ്ടയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ബ്രിട്ടൻ പ്രഖ്യാപിച്ചപ്പോൾ ഈദി അമീൻ തനിക്കു പുതിയൊരു പദവി കൂടി സ്വയം ചാർത്തി: CBE–the Conqueror of British Empire.

ഇസ്‌ലാം മത വിശ്വാസിയെങ്കിലും അറേബ്യൻ ലീഗിന് അഭിമതനായിരുന്നില്ല. ആദ്യകാലത്ത് ഇസ്രായേലിന്റെ ഉറ്റസുഹൃത്തായിരുന്നുവെങ്കിലും പിന്നീട് ബദ്ധശത്രുവായി. ഗദ്ദാഫിയും അറാഫത്തും ഉറ്റസുഹൃത്തുക്കളായിരുന്നെങ്കിലും മുസ്‌ലിം ബ്രദർഹുഡ് അയാളുടെ ലക്ഷ്യമായിരുന്നില്ല. സോവിയറ്റ് യൂണിയനും കിഴക്കൻ ജർമനിയുമായി സൗഹൃദം സ്ഥാപിക്കാനായെങ്കിലും സോഷ്യലിസം ഈദി അമീന്റെ ചിന്തകളിലുണ്ടായില്ല. സാമ്രാജ്യത്വ വിരോധവും സയണിസ്റ്റ് വിരോധവുമായിരുന്നു അക്കാലത്ത് അയാളുടെ പ്രത്യക്ഷരാഷ്ട്രീയമെങ്കിലും എല്ലാ ഏകാധിപതികളെയും പോലെ ആന്തരികമായി അയാളൊരു അരാഷ്ട്രീയ മനുഷ്യനായിരുന്നു. ദേശവും വംശവും ഒന്നു തന്നെയാകുന്ന വംശശുദ്ധി രാഷ്ട്രീയത്തിൽ ഈദി അമീന് ഹിറ്റ്‌ലറോടായിരുന്നു സാമ്യം. അതേക്കുറിച്ച് ചോദിച്ച ഇംഗ്ലിഷ് ജേണലിസ്റ്റിനെ ഈദി അമീൻ ഇങ്ങനെ തിരുത്തി: "why you ask me about Hitler? Hitler is past tense. I am future".

മനുഷ്യമാംസത്തിന് എന്തൊരു ഉപ്പ്

ഈദി അമിൻ ദാദ മരിച്ച വാർത്ത പത്രത്തിൽ വായിക്കുന്നവർ (Photo by AFP)

ബ്രിട്ടീഷ് കോളനിയായിരുന്ന യുഗാണ്ടയിൽ മധ്യസുഡാനിൽ നിന്നുള്ള അമ്മയുടെയും കക്വാ ഗോത്രവംശജനായ അച്ഛന്റെയും മകനായാണ് ഈദി അമീൻ ദാദയുടെ ജനനം. ജീവിതം പോലെത്തന്നെ ദുരൂഹമായി തുടരുന്നു അമീന്റെ ജനനവർഷവും. 1923നും 28നുമിടയിലെങ്ങോ ആണെന്നു കരുതപ്പെടുന്നു. കൃത്യമായ വർഷത്തിനും തീയതിക്കും ഔദ്യോഗിക രേഖകളില്ല. പത്തൊൻപതാം വയസ്സിലാണ് ബ്രിട്ടീഷ് സേനയുടെ പ്രാദേശിക വിഭാഗമായ കിങ്സ് റൈഫിൾസിൽ കുശിനിക്കാരനായി ചേർന്നത്. മികച്ച കായികക്ഷമതയും സൈനികവൃത്തിയോടുള്ള അഭിനിവേശവും വളർച്ച വേഗത്തിലാക്കി. 1962ൽ യുഗാണ്ട സ്വതന്ത്രരാഷ്ട്രമാവുമ്പോൾ, ബ്രിട്ടീഷ് സൈന്യത്തിൽ ഒരു കറുത്തവർഗക്കാരന് കിട്ടാവുന്ന ഏറ്റവും ഉയർന്ന പദവിയിലായിരുന്നു അമീൻ.

റിപ്പബ്ലിക് ഓഫ് യുഗാണ്ടയിൽ സൈന്യത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തസ്തികയിലെത്തി.പ്രധാനമന്ത്രിയായിരുന്ന മിൽട്ടൻ ഒബോട്ടെയുടെ ഇഷ്ടക്കാരനും വിശ്വസ്തനുമായി. പരമ്പരാഗതമായി പ്രസിഡന്റ് പദവി വഹിച്ചിരുന്ന ബൂഗാണ്ടയിലെ നാട്ടുരാജാവിനെ പ്രധാനമന്ത്രിക്കു വേണ്ടി തുരത്തിയോടിച്ചതോടെ ഈദി അമീൻ സൈന്യത്തലവനായി. ഒബോട്ടെ സ്വയം പ്രസിഡന്റായി അവരോധിച്ചു. ഒബോട്ടെയും ഈദി അമീനും ചേർന്നു നടത്തിയ ചില സാമ്പത്തിക–ഇറക്കുമതി ഇടപാടുകൾ വിവാദമായിരുന്നു. ഇരുവരും ചേർന്നു വൻഅഴിമതി നടത്തിയതായി ആരോപണമുണ്ടായി. മുഖം രക്ഷിക്കാൻ ഒബോട്ടെ തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നു മനസ്സിലാക്കിയ ഈദി അമീൻ 1971 ജനുവരി 25ന് പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി ഭരണം പിടിച്ചെടുത്തു. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിംഗപ്പൂരിലായിരുന്നു അന്ന് ഒബോട്ടെ. പിന്നീട് ഈദി അമീന്റെ യുഗാണ്ടയിലേക്ക് അദ്ദേഹത്തിനു മടങ്ങാനായില്ല.

യുഗാണ്ട പ്രസിഡന്റ് ഈദി അമിൻ ദാദ (Photo by AFP)

ഭരണമേറ്റയുടൻ‌, പഴയ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള മുഴുവൻ വിദേശികളെയും തുരത്താനാണ് ഈദി അമീൻ ശ്രമിച്ചത്. ഇന്ത്യക്കാരടക്കം എഴുപതിനായിരത്തോളം ഏഷ്യൻ വംശജരോട് മൂന്നു മാസത്തിനകം രാജ്യം വിടാൻ കൽപിച്ചു. ഒരു നാണയം പോലും യുഗാണ്ടയിൽ നിന്നു പുറത്തേക്കു കടത്താൻ പാടില്ലെന്നും. വിദേശികളുടെ പിൻമാറ്റം യുഗാണ്ടയുടെ സാമ്പത്തിക–വ്യവസായ മേഖല തകർത്തു. തൊഴിലില്ലായാമ രൂക്ഷമായി. അതിനിടെ ഒബോട്ടെയുടെ ഗോത്രക്കാർ തിരിച്ചടിക്കൊരുങ്ങുന്നുണ്ടായിരുന്നു. വിമതരെന്നു സംശയം തോന്നിയ മുഴുവനാളുകളെയും ദാദയുടെ പട്ടാളക്കാർ നിർദാക്ഷിണ്യം തെരുവിൽ കൊന്നു തള്ളി. പതിനായിരങ്ങൾ പിടഞ്ഞുവീണു. അതിലുമേറെപ്പേർ പലായനം ചെയ്തു.

1976 ജൂണിലെ പ്രശസ്തമായ ‘ഓപറേഷൻ എന്റബെ’യാണ് ഈദി അമീന്റെ പ്രതാപത്തിന്റെ അന്ത്യത്തിനു തുടക്കമിട്ടത്. ഇസ്രയേലിൽ നിന്നു പാരീസിലേക്കു പോവുകയായിരുന്ന എയർ ഫ്രാൻസ് വിമാനം റാഞ്ചിയ പാലസ്തീൻ തീവ്രവാദികൾക്ക് ഈദി അമീൻ പരസ്യപിന്തുണ നൽകി. യുഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിലാണു റാഞ്ചികൾ വിമാനം എത്തിച്ചു നിർത്തിയിട്ടത്. വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന പലസ്തീനികളെ വിട്ടയക്കണമെന്നായിരുന്നു റാഞ്ചികളുടെ പ്രധാന ആവശ്യം. റാഞ്ചികൾക്ക് യുഗാണ്ടൻ പട്ടാളത്തിന്റെ സഹായമുണ്ടെന്നു മനസ്സിലാക്കിയ ഇസ്രായേൽ സമർഥമായി തിരിച്ചടിച്ചു. 4000 കിലോമീറ്റർ അകലെ നിന്നു പറന്നെത്തിയ ഇസ്രായേൽ സൈന്യം യുഗാണ്ടൻ പട്ടാളത്തെ നോക്കുകുത്തിയാക്കി എന്റബെ വിമാനത്താവളം കയ്യേറി റാഞ്ചികളെ കീഴടക്കി. ഇസ്രായേലി സൈന്യത്തിനു കെനിയയുടെ സഹായം കിട്ടിയെന്നു സംശയിച്ച ഈദി അമീൻ യുഗാണ്ടയിലെ മുഴുവൻ കെനിയക്കാരെയും വേട്ടയാടിയാണു പകരം വീട്ടിയത്.

ഈദി അമിൻ ദാദ പോൾ ആറാമൻ മാർപാപ്പയ്ക്കൊപ്പം (Photo by AFP)

രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, അയൽരാജ്യമായ ടാൻസാനിയ കയ്യേറി വാർത്തയുണ്ടാക്കാനായി ഈദി അമീന്റെ ശ്രമം. പക്ഷേ, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയത് ആ ഏകാധിപതി അറിയാൻ മറന്നു. ടാൻസാനിയൻ സൈന്യവും യുഗാണ്ടൻ വിമോചന പോരാളികളും ചേർന്ന് തലസ്ഥാന നഗരി പിടിച്ചെടുത്തതോടെ ചെറുത്തുനിന്നു സമയം കളയാതെ ഭാര്യമാരും മക്കളുമൊത്ത് ഈദി അമീൻ ലിബിയയിലേക്കു കടന്നു. പിന്നെ ഇറാഖിലേക്ക്. ഒടുവിൽ സൗദി അറേബ്യയിൽ രാഷ്ട്രീയ അഭയം. വൃക്കരോഗ ബാധിതനായിരുന്നു. ജിദ്ദയിലെ കിങ് ഫൈസൽ ആശുപത്രിയിൽ 2003 ഓഗസ്റ്റ് 16ന് ഈദി അമീൻ അവസാനിച്ചു. സൗദി ജീവിതകാലത്ത് ഒരിക്കൽ യുഗാണ്ടയിലേക്ക് ഒളിച്ചു കടക്കാനൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും മരണത്തിന് അൽപകാലം മുൻപു പോലും ഈദി അമീൻ ആ സ്വപ്നം ഒരു മാധ്യമപ്രവർത്തകനോടു പങ്കുവച്ചിരുന്നു: ‘എനിക്ക് വീണ്ടും യുഗാണ്ട ഭരിക്കണം’.

ഈദി അമിൻ ദാദ സൗദി രാജാവ് ഫൈസല്‍ ബിൻ അബ്ദ് അൽ–അസീസിനൊപ്പം (Photo by AFP)

മനുഷ്യമാംസം തിന്നുന്നുവെന്ന കഥകളെക്കുറിച്ചും ഈദി അമീനോട് ആരോ ചോദിച്ചിട്ടുണ്ട്. ‘അതിന് ഉപ്പ് വളരെക്കൂടുതലാണ്. അത്രയും ഉപ്പ് എനിക്കിഷ്ടമല്ല’ എന്നായിരുന്നു ഈദി അമീന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. കടുത്ത ശത്രുതയുള്ളവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം ഏതാനും സമയം തനിച്ചു കഴിയുന്നത് ഈദി അമീന്റെ ശീലമായിരുന്നുവെന്ന് ഒരു മുൻസഹപ്രവർത്തകൻ വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരക്തം ഊറ്റിക്കുടിക്കാനാണെന്നും കരളു പറിച്ചു തിന്നാനാണെന്നുമൊക്കെ അതിനു വ്യാഖ്യാനങ്ങളുണ്ടായി. എങ്കിലും നരഭോജിയെന്ന വിശേഷണത്തിന് ഇതുവരെ തെളിവുകണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞിട്ടില്ല. പൗരസ്ത്യ രാജ്യങ്ങളിലെ ഭരണാധികാരികളെക്കുറിച്ച് പാശ്ചാത്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കെട്ടുകഥകളിൽ ചിലത് എന്നു കരുതുന്നവരാണേറെയും.

English Summary: Reflections on the rise and fall of Gen Idi Amin