എച്ച്1ബി വീസക്കാരുടെ ജീവിത പങ്കാളിക്ക് തൊഴിൽ: ട്രംപിന്റെ നീക്കം റദ്ദാക്കി ബൈഡൻ
Mail This Article
വാഷിങ്ടൻ ∙ എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള മുൻ സർക്കാരിന്റെ നടപടി പിൻവലിച്ച് ജോ ബൈഡൻ ഭരണകൂടം. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.
എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന പദ്ധതിയിൽ കടുത്ത നിലപാട് സ്വീകരിക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ ശക്തമായ എതിർപ്പ് അറിയിച്ച് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തിയിരുന്നു.
‘ഇത് അന്യായമാണ്. ഡോക്ടർ, നഴ്സ്, ശാസ്ത്രജ്‍ഞർ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയ കുടിയേറ്റക്കാരായ സ്ത്രീകൾക്ക് അവരുടെ ഔദ്യോഗിക ജീവിതം നഷ്ടമാകാൻ ഇത് ഇടയാക്കും. ഈ നിർദേശം പിൻവലിക്കണമെന്ന് കഴിഞ്ഞ വർഷം ഡിഎച്ച്എസിനോട് (ഡിപാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി) ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പോരാട്ടം തുടരും’ – 2019 ഫെബ്രുവരി 23ന് കമല ട്വിറ്ററിൽ കുറിച്ചു.
ഏകദേശം രണ്ടു വർഷത്തിനിപ്പുറം കമല യുഎസ് വൈസ് പ്രസിഡന്റ് ആയുള്ള പുതിയ സർക്കാർ ആ നടപടി പിൻവലിച്ചു. ബൈഡൻ ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ ഇതുൾപ്പെടെ എതാനും നയങ്ങൾ നടപ്പാക്കുന്നത് 60 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
English Summary: Biden administration withdraws move to rescind work authorisation for for H-1B spouses