98 ദിവസത്തിനുശേഷം ശിവശങ്കർ പുറത്തേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 98 ദിവസത്തിനുശേഷം ജയിൽമോചിതനാകുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ. | M Sivasankar | Gold Smuggling Case | Manorama News

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 98 ദിവസത്തിനുശേഷം ജയിൽമോചിതനാകുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ. ആരോപണങ്ങളുയർന്നശേഷം മാധ്യമങ്ങളോടു പ്രതികരിക്കാതിരുന്ന ശിവശങ്കർ, തന്നെ പൂർണമായി തള്ളിപ്പറഞ്ഞ സർക്കാരിനെതിരെ തിരിയുമോ അതോ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നീങ്ങുമോ എന്നാണു കണ്ടറിയേണ്ടത്.
ശിവശങ്കറിനു ജാമ്യം ലഭിച്ചതു നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിൽ അനുകൂലമാകുമെന്ന് എൽഡിഎഫ് നേതൃത്വം കരുതുന്നു. സ്വാഭാവിക ജാമ്യമാണു ലഭിച്ചതെന്നും കേസിൽ നടപടികൾ തുടരുകയാണെന്നും മറുപക്ഷവും വാദിക്കുന്നു. സിപിഎം – ബിജെപി ഒത്തുകളിയുടെ ഭാഗമായാണു ജാമ്യമെന്ന വാദവും പ്രതിപക്ഷം ഉയർത്തുന്നു.
കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ കഴിഞ്ഞവർഷം ഒക്ടോബർ 28നാണ് എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. സംസ്ഥാന സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരമൊരു കേസിൽ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായി. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളയാളുടെ പങ്കിനെക്കുറിച്ചും ആരോപണം ഉയർന്നത്.
ആദ്യം പിന്തുണച്ചും പിന്നീട് ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി, സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ കൈവിട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണവും മുറുകി. ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് സ്വപ്നയുമൊത്ത് ബാങ്ക് ലോക്കർ തുറന്നതെന്ന ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാൽ നൽകിയ മൊഴി വഴിത്തിരിവായി.
സ്വപ്നയുടെ അക്കൗണ്ടിലുള്ള ഒരു കോടിരൂപ ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷൻ ലഭിച്ചതാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. വിദേശത്തേക്കു ഡോളർ കടത്തിയതിനു ശിവശങ്കറിന്‍റെ സഹായം ലഭിച്ചതായും അന്വേഷണസംഘം കണ്ടെത്തി. സ്വപ്നയെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ മറവിൽ സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ചത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിതല സമിതിയും റിപ്പോർട്ടു നൽകി.
സ്വർണക്കടത്തുകേസ് അന്വേഷണത്തിനു തുടക്കമിട്ടതു കസ്റ്റംസാണെങ്കിലും എൻഐഎയും ഇഡിയുമെല്ലാം പിന്നാലെയെത്തി ദിവസങ്ങളോളം ശിവശങ്കറിനെ ചോദ്യം ചെയ്തു. സ്വപ്നയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ചാർട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ ചാറ്റുകളെക്കുറിച്ച് കൃത്യമായി മറുപടി പറയാൻ കഴിയാത്തതോടെ ഇഡി ശിവശങ്കറെ അറസ്റ്റു ചെയ്തു.
ഇതോടെ കോവിഡ് കാലത്ത് സർക്കാരിനു മറ്റൊരു അഗ്നിപരീക്ഷ നേരിടേണ്ടിവന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിമാരുടെയും സ്പീക്കറുടെയും പേരുകൾ ആരോപണങ്ങളിൽ നിറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണക്കടത്തും അനുബന്ധ വിഷയങ്ങളും പ്രചാരണായുധങ്ങളായി.
English Summary: Suspended IAS officer M Sivasankar gets bail in dollar smuggling case