ടാറ്റ 155.8 കോടിക്കു വാങ്ങുന്നു; 'കൊട്ടാരം' തറവാട്ടിലെ ഇളമുറക്കാരന്റെ സ്റ്റാർട്ടപ്

തിരുവനന്തപുരം∙ രാജ്യത്ത് ഹരിതവിപ്ലവത്തിന് തുടക്കമിട്ട എം.എസ് സ്വാമിനാഥന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് പ്രശാന്ത് പരമേശ്വരൻ. ആ പ്രശാന്തിന് നാടിന്റെ പൈതൃകത്തിലേക്ക് മടങ്ങാതിരിക്കാൻ എങ്ങനെ കഴിയും. യുഎസിലെ ജോലി വിട്ടെറിഞ്ഞ് പ്രശാന്ത് തിരിച്ചുവന്നു... Kottaram Agro Foods, Soulfull, Tata Consumer Products Limited (TCPL), Prashant Parameswaran
തിരുവനന്തപുരം∙ രാജ്യത്ത് ഹരിതവിപ്ലവത്തിന് തുടക്കമിട്ട എം.എസ് സ്വാമിനാഥന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് പ്രശാന്ത് പരമേശ്വരൻ. ആ പ്രശാന്തിന് നാടിന്റെ പൈതൃകത്തിലേക്ക് മടങ്ങാതിരിക്കാൻ എങ്ങനെ കഴിയും. യുഎസിലെ ജോലി വിട്ടെറിഞ്ഞ് പ്രശാന്ത് തിരിച്ചുവന്നു... Kottaram Agro Foods, Soulfull, Tata Consumer Products Limited (TCPL), Prashant Parameswaran
തിരുവനന്തപുരം∙ രാജ്യത്ത് ഹരിതവിപ്ലവത്തിന് തുടക്കമിട്ട എം.എസ് സ്വാമിനാഥന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് പ്രശാന്ത് പരമേശ്വരൻ. ആ പ്രശാന്തിന് നാടിന്റെ പൈതൃകത്തിലേക്ക് മടങ്ങാതിരിക്കാൻ എങ്ങനെ കഴിയും. യുഎസിലെ ജോലി വിട്ടെറിഞ്ഞ് പ്രശാന്ത് തിരിച്ചുവന്നു... Kottaram Agro Foods, Soulfull, Tata Consumer Products Limited (TCPL), Prashant Parameswaran
തിരുവനന്തപുരം∙ രാജ്യത്ത് ഹരിതവിപ്ലവത്തിന് തുടക്കമിട്ട എം.എസ് സ്വാമിനാഥന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് പ്രശാന്ത് പരമേശ്വരൻ. ആ പ്രശാന്തിന് നാടിന്റെ പൈതൃകത്തിലേക്ക് മടങ്ങാതിരിക്കാൻ എങ്ങനെ കഴിയും. യുഎസിലെ ജോലി വിട്ടെറിഞ്ഞ് പ്രശാന്ത് തിരിച്ചുവന്നു. മറവിയിലേക്കു പോയ നാടൻ ചെറുധാന്യങ്ങളുപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണവസ്തുക്കൾ തയാറാക്കുന്ന കൊട്ടാരം അഗ്രോ ഫുഡ്സ് എന്ന കമ്പനിക്ക് തുടക്കം കുറിച്ചു. അതുവഴി ‘സോൾഫുൾ’ എന്ന ബ്രാൻഡിനും.
ഒടുവിൽ ആ കമ്പനി 155.8 കോടി രൂപയ്ക്ക് സാക്ഷാൽ ടാറ്റ തന്നെ വാങ്ങുന്നു! ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡാണ് മലയാളിയായ പ്രശാന്ത് പരമേശ്വരന്റെ കൊട്ടാരം അഗ്രോ ഫുഡ്സ് വാങ്ങാൻ കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടത്. രസിക പ്രശാന്ത്, കെ.കെ നാരായണൻ, അമിത് സെബാസ്റ്റ്യൻ എന്നിവരാണ് 2013ൽ തുടങ്ങിയ ‘സോൾഫുള്ളി’ന്റെ സഹസ്ഥാപകർ. 2020ൽ മാത്രം 39.38 കോടി രൂപയുടെ വിറ്റുവരവാണ് സോൾഫുൾ നേടിയത്.
ആലപ്പുഴ മങ്കൊമ്പിലെ കൊട്ടാരം തറവാട്ടിലെ അംഗമാണ് പ്രശാന്ത്. വളർന്നതും പഠിച്ചതും കൊച്ചിയിൽ. എം.എസ് സ്വാമിനാഥനും കൊട്ടാരം കുടുംബാംഗമാണ്. അമ്പലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂർ കൊട്ടാരത്തിൽ നിന്നെത്തിയ പണ്ഡിതശ്രേഷ്ഠനായ വെങ്കിടാചലയ്യരുടെ പിൻതലമുറക്കാരാണ് കൊട്ടാരം കുടുംബം. എം.എസ് സ്വാമിനാഥനാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമേകിയതെന്ന് പ്രശാന്ത് പറയുന്നു. പ്രശാന്ത് 'മനോരമ'യോടു മനസ്സുതുറന്നപ്പോൾ.
∙ നാട്, വീട്, വിദ്യാഭ്യാസം...?
കൊച്ചിയിലാണ് വളർന്നത്. ആലപ്പുള മങ്കൊമ്പിലാണ് തറവാട്. കൊട്ടാരം എന്ന ഒരു കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. തലമുറകളായി കൃഷിക്കാരും കൃഷിയുമായി അടുത്ത ബന്ധവുമുള്ളവരാണ്. എറണാകുളം ചിന്മയ വിദ്യാലയത്തിലാണ് പഠിച്ചത്. മാതാപിതാക്കൾ ഇപ്പോഴും എറണാകുളത്താണ് താമസം. കോയമ്പത്തൂർ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം യുഎസിലെ ബാബ്സൺ കോളജിൽ നിന്ന് എംബിഎ എടുത്തു. നാടിനെക്കുറിച്ച് ഹൃദ്യമായ ഓർമകളാണുള്ളത്. നമ്മുടെ നാടൻ ഭക്ഷണങ്ങളുടെ പോഷകമൂല്യം മനസ്സിലാക്കിയതും നാട്ടിൽ നിന്നാണ്. സോൾഫുൾ തുടങ്ങുന്നതിനു മുൻപ് കുടുംബ ബിസിനസുമായി ബന്ധപ്പെട്ട് കേരളത്തിൽ കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഏറ്റവും നന്നായി സ്വീകരിക്കുന്ന വിപണിയാണ് കേരളത്തിന്റേത്.
∙ യുഎസിലെ ജോലി ഉപേക്ഷിച്ചാണ് കമ്പനി തുടങ്ങിയതെന്ന് വായിച്ചു?
എംബിഎ എടുത്ത ശേഷം യുഎസിൽ തന്നെ ജോലിക്കു കയറി. അവിടെയുള്ള വമ്പൻ റീട്ടെയിൽ ചെയ്നുകളുമായി ബന്ധപ്പെട്ട ഡേറ്റ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിലായിരുന്നു ജോലി. പോഷകാഹാരമെന്ന ആശയം അമേരിക്കൻ ഉപഭോക്താക്കൾ ആഘോഷിക്കുന്ന കാലമായിരുന്നു അത്. അപ്പോഴാണ് നമ്മുടെ നാട്ടിലെ പഞ്ഞപ്പുല്ല്, ബജ്റ, ചാമ പോലെയുള്ള ചെറുധാന്യങ്ങളുടെ (മില്ലെറ്റ്സ്) പോഷകമൂല്യത്തെക്കുറിച്ച് ഓർത്തത്. quinoa പോലെയുള്ള സൂപ്പർ ഗ്രെയിൻസുമായി താരതമ്യം ചെയ്തപ്പോഴാണ് ഇന്ത്യയുടെ പോഷകാഹാര പൈതൃകം ഉപയോഗപ്പെടുത്തണമെന്ന തോന്നലുണ്ടായത്. അങ്ങനെയാണ് ‘സോൾഫുള്ളി’ന്റെ ജനനം. മികച്ച സഹസ്ഥാപകരെ ലഭിക്കാനും ഭാഗ്യമുണ്ടായി. ഒട്ടേറെ അക്കാദമിക വിദഗ്ധരും ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ കുടുംബത്തിലെ തലമുതിർന്ന അംഗമായ എം.എസ് സ്വാമിനാഥനാണ് ഈ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പ്രചോദനമേകിയത്.
∙ ടാറ്റയുടെ ഏറ്റെടുക്കലിനെക്കുറിച്ച്? റീബ്രാൻഡിങ് ഉണ്ടാകുമോ?
ടാറ്റ കൺസ്യൂമർ പ്രോഡക്ട്സുമായുള്ള സഹകരണത്തിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്. ബ്രാൻഡ് നെയിം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയാറായിട്ടില്ല. പഴയകാല ചെറുധാന്യങ്ങളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മുഖ്യധാരയിലെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ടാറ്റയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നുറപ്പാണ്. ബ്രാൻഡിന്റെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യും. ടാറ്റയെന്ന ബ്രാൻഡ് എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. ‘സോൾഫുൾ’ പിന്തുടരുന്ന മൂല്യങ്ങളുമായി യോജിച്ചുപോകുന്നതാണ് ടാറ്റയുടെ രീതികളും. നിലവിലെ ബിസിനസ് വിപുലപ്പെടുത്തുന്നതിനു പുറമേ പുതിയ മേഖലകളിലേക്ക് കടക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് വിശ്വാസം.
∙ ഹെൽത്ത്–വെൽനെസ് ഭക്ഷണ വ്യവസായത്തിന്റെ ഭാവി?
പോഷകാഹാര വ്യവസായം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. വൻകിട കമ്പനികൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ഈ വിഭാഗത്തിൽ സജീവമാണ്. ഒന്നു പരീക്ഷിച്ചുനോക്കാം എന്നു പറഞ്ഞ് മാത്രം വാങ്ങിയിരുന്ന ഉപഭോക്താക്കൾ ഇപ്പോൾ വീണ്ടും വീണ്ടും അതേ ഉൽപ്പന്നം വാങ്ങുന്ന അവസ്ഥയിലേക്ക് മാറി. രണ്ട് ട്രെൻഡുകളാണ് ഈ മേഖലയിൽ കാത്തിരിക്കുന്നത്. ഒന്ന് സ്നാക്കിഫിക്കേഷൻ (Snakification). അതായത്. യാത്ര ചെയ്യുമ്പോഴോ നടക്കുമ്പോഴോ എളുപ്പത്തിൽ കഴിക്കാവുന്ന കുറഞ്ഞ അളവിലുള്ള മിഡ്–മീൽസ് സജീവമാകും. ജോലി ചെയ്യുന്ന വലിയൊരു വിഭാഗം യുവത്വം ആരോഗ്യത്തിൽ അതീവശ്രദ്ധ കാണിക്കുന്നുണ്ടെന്നതാണ് കാരണം. രണ്ട്, മൂല്യവർധിത ഉൽപ്പന്നങ്ങളാണ്. പ്രോട്ടീൻ, ഫൈബർ, വിറ്റമിൻ എന്നിവ കൂടുതലായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കും. കോവിഡിനു ശേഷം ആരോഗ്യത്തെക്കുറിച്ച് മനുഷ്യരുടെ കരുതൽ വർധിക്കുമെന്നതിനാൽ ഈ മേഖലയിൽ നല്ല വളർച്ചയുണ്ടാകുമെന്നാണ് തോന്നുന്നത്.
English Summary: Tata Consumer buys Kottaram Agro Foods for Rs 155 crore