വഴിയും വൈദ്യുതിയുമില്ല, വഴി വിലങ്ങി വന്യമൃഗങ്ങൾ; ശ്വാസമടക്കി ചെട്ട്യാലത്തൂര്‍
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കം ജില്ലയെ വീണ്ടും പ്രക്ഷോഭത്തിലേക്കും സമരത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. പരിസ്ഥിതിലോല മേഖലയാക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനം പോലും നടത്താന്‍ സാധിക്കില്ലെന്ന ആശങ്കയിലാണ് ജനം....Chettyalathur village, Chettyalathur village latest news, Chettyalathur, Wayanad wild life sanctuary
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കം ജില്ലയെ വീണ്ടും പ്രക്ഷോഭത്തിലേക്കും സമരത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. പരിസ്ഥിതിലോല മേഖലയാക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനം പോലും നടത്താന്‍ സാധിക്കില്ലെന്ന ആശങ്കയിലാണ് ജനം....Chettyalathur village, Chettyalathur village latest news, Chettyalathur, Wayanad wild life sanctuary
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കം ജില്ലയെ വീണ്ടും പ്രക്ഷോഭത്തിലേക്കും സമരത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. പരിസ്ഥിതിലോല മേഖലയാക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനം പോലും നടത്താന്‍ സാധിക്കില്ലെന്ന ആശങ്കയിലാണ് ജനം....Chettyalathur village, Chettyalathur village latest news, Chettyalathur, Wayanad wild life sanctuary
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കം ജില്ലയെ വീണ്ടും പ്രക്ഷോഭത്തിലേക്കും സമരത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. പരിസ്ഥിതിലോല മേഖലയാക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനം പോലും നടത്താന്‍ സാധിക്കില്ലെന്ന ആശങ്കയിലാണ് ജനം. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി പ്രകാരം, ജില്ലയിലെ പ്രധാന നഗരമായ ബത്തേരിയുടെ ഒരു ഭാഗമുള്‍പ്പെടെ പരിസ്ഥിതിലോല മേഖലയാകും. അതിനാല്‍ ജനങ്ങള്‍ക്കുള്ള ആശങ്ക ചെറുതല്ല.
എന്നാല്‍ ഈ പ്രഖ്യാപനം വരുന്നതിനും എത്രയോ മുന്‍പു തന്നെ ജീവിതം വഴിമുട്ടിപ്പോയ ഒരു ഗ്രാമമുണ്ട്. ബത്തേരിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന് വനത്തിനുള്ളിലാണ് ചെട്ട്യാലത്തൂര്‍ എന്ന ഗ്രാമം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിലെ ആളുകള്‍ വന്യമൃഗങ്ങളെ ഭയന്നാണ് ഓരോ രാത്രിയും കഴിയുന്നത്. പുനരധിവാസ പദ്ധതിയില്‍പ്പെടുത്തിയ ഗ്രാമമായതിനാല്‍ ആളുകള്‍ ഒഴിഞ്ഞു പോകേണ്ടതുണ്ടെന്നും യാതൊരുവിധ നിര്‍മാണവും നടത്താന്‍ പാടില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. ബ്രിട്ടിഷ് പട്ടയമുള്ള ഭൂമിയാണെങ്കിലും വനത്തിനുള്ളിലായതിനാല്‍ വനംവകുപ്പിന്റെ അനുമതിയോടുകൂടിയേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ചെട്ട്യാലത്തൂരിന്റെ അവസ്ഥയായിരിക്കും വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്ന് പരിസ്ഥതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വില്ലേജുകള്‍ക്കും സംഭവിക്കാന്‍ പോകുന്നതെന്ന ആശങ്കയിലാണ് ജനം.
ചെട്ട്യാലത്തൂര്‍: കാട്ടിലകപ്പെട്ട നാട്
ചെട്ട്യാലത്തൂര്‍ വനഗ്രാമത്തിലെ പുനരധിവാസ പദ്ധതി ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വയനാടന്‍ ചെട്ടിമാരും കാട്ടുനായ്ക്കരും പണിയരും താമസിക്കുന്ന ഈ ഗ്രാമം വനത്താല്‍ ചുറ്റപ്പെട്ടതാണ്. കാട്ടിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഗ്രാമത്തിലെത്തൂ. എല്‍പി സ്‌കൂള്‍, അങ്കണവാടി, അമ്പലം, കട തുടങ്ങിയവ ഇവിടെയുണ്ട്. വന്യമൃഗശല്യം കൂടിവന്നതോടെ ഗ്രാമത്തില്‍ തുടര്‍ന്നു ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. ചെട്ടിമാരായിരുന്നു കൂടുതല്‍ ഭൂമിയും കൈവശം വച്ചിരുന്നതും കൃഷിയിറക്കിയിരുന്നതും. വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷിചെയ്യാന്‍ സാധിക്കാതായി. വയലുകള്‍ തരിശിടേണ്ടി വന്നു. തെങ്ങും കവുങ്ങും ആന കുത്തിമറിക്കാന്‍ തുടങ്ങിയതോടെ ചെട്ടിമാരുടെ വരുമാനമെല്ലാം നിലച്ചു. ഇതോടെ ഗ്രാമം വിടാനുള്ള നീക്കം തുടങ്ങി. ചെട്ടിമാരുടെ കൃഷിയിടത്തില്‍ പണിയെടുത്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് കാട്ടുനായ്ക്കര്‍ വരുമാനം കണ്ടെത്തിയിരുന്നത്. ചെട്ടിമാര്‍ ഗ്രാമം വിട്ടതോടെ കാട്ടുനായ്ക്ക വിഭാഗം പ്രതിസന്ധിയിലായി. പലര്‍ക്കും തൊഴിലന്വേഷിച്ച് ഗ്രാമത്തിനു പുറത്തു പോകേണ്ടി വന്നു. എല്ലാ ദിവസവും കാടു കടന്ന് ഗ്രാമത്തിനു പുറത്തുപോയി ജോലി ചെയ്യുക എന്നതും ഏറെ ബുദ്ധിമുട്ടായി. ഗ്രാമത്തിലെ വീടും സ്ഥലവും ഉപേക്ഷിച്ച് വേറെ സ്ഥലത്തേക്ക് പോകുക എന്നല്ലാതെ മറ്റു മാര്‍ഗമില്ലാതെ വന്നു.
നീണ്ടുനീണ്ടു പോകുന്ന പുനരധിവാസ പദ്ധതി
1996 ലാണ് പുനരധിവാസ പദ്ധതിയുടെ പ്രാരംഭ പ്രഖ്യാപനം നടന്നത്. എന്നാല്‍ പ്രാബല്യത്തില്‍ വരുന്നത് 2012 ലാണ്. മാറിത്താമസിക്കാന്‍ തയാറാകുന്ന ഒരു യോഗ്യതാ കുടുംബത്തിന് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും പ്രായപൂര്‍ത്തിയായ രണ്ടു മക്കളുമുണ്ടെങ്കില്‍ അവരെ മൂന്നു കുടുംബങ്ങളായി കണക്കാക്കും. പ്രായപൂര്‍ത്തിയായ രണ്ടു മക്കളെ വ്യത്യസ്ത കുടുംബമായി പരിഗണിക്കും. അവര്‍ക്ക് 30 ലക്ഷം രൂപം ലഭിക്കും. എന്നാല്‍ ഈ മാനദണ്ഡം ശരിയല്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. പത്തു സെന്റ് സ്ഥലമുള്ള കുടുംബത്തിനും പത്ത് ഏക്കര്‍ സ്ഥലമുള്ള കുടുംബത്തിനും ലഭിക്കുന്നത് പത്തു ലക്ഷം രൂപയാണ്. പത്തു സെന്റ് സ്ഥലമുള്ള വീട്ടില്‍ ചിലപ്പോള്‍ മൂന്നോ നാലോ യോഗ്യതാ കുടുംബങ്ങളുണ്ടാകും. അപ്പോള്‍ ആ കുടുംബത്തിന് കൂടുതല്‍ പണം ലഭിക്കും. അതേസമയം പത്ത് ഏക്കര്‍ ഭൂസ്വത്തുള്ള ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുമാണ് ഉള്ളതെങ്കില്‍ പത്തു ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. ഗ്രാമത്തിനു വെളിയില്‍ പോയി ഈ തുകയ്ക്ക് വീടും സ്ഥലവും വാങ്ങാന്‍ സാധിക്കാത്തതിനാല്‍ പുറത്തു പോകാന്‍ പലരും കൂട്ടാക്കിയില്ല. എന്നാല്‍, വന്യമൃഗശല്യം രൂക്ഷമായി ജീവനു തന്നെ ഭീഷണിയായതോടെ സ്ഥലവും കിടപ്പാടവും ഉപേക്ഷിച്ച് കിട്ടിയ പണവും വാങ്ങിപ്പോയവരാണ് ഭൂരിഭാഗം ആളുകളും.
ജനിച്ച മണ്ണ് വിട്ടുപോകാന്‍ കൂട്ടാക്കാത്തവരാണ് കാട്ടുനായ്ക്കര്‍. വനത്തോടു ചേര്‍ന്നാണ് ഈ വിഭാഗക്കാരുടെ ജീവിതം. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ്. വനവിഭവങ്ങള്‍കൊണ്ടു മാത്രം ഉപജീവനം മുന്നോട്ട് പോകില്ല. ചെട്ടിമാര്‍ പോയതോടെ കാട്ടുനായ്ക്കരും ഗ്രാമം വിടേണ്ട അവസ്ഥയിലായി. എന്നാല്‍ മലദൈവങ്ങളെ വിട്ടു പോകാന്‍ മടിക്കുകയാണ് ഇവര്‍. ഗ്രാമത്തിനു പുറത്തു പോയാല്‍ തങ്ങളെ മലദൈവങ്ങള്‍ കൈവിടുമെന്നും ആപത്ത് സംഭവിക്കുമെന്നും അവർ വിശ്വസിക്കുന്നു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിരവധിപ്പേര്‍ക്ക് വീട് അനുവദിച്ചെങ്കിലും വനംവകുപ്പിന്റെ തടസ്സം മൂലം പണിയാന്‍ സാധിച്ചില്ല.
വൈദ്യുതിയും വഴിയുമില്ലാത്ത നാട്
വനത്തിനുള്ളിലൂടെ റോഡ് ടാറ് ചെയ്യാന്‍ വനംവകുപ്പ് അനുവദിക്കില്ല. അതിനാല്‍ ചെട്ട്യാലത്തൂരിൽ എത്തണമെങ്കില്‍ കുണ്ടുംകുഴിയും നിറഞ്ഞ മണ്‍പാത താണ്ടണം. ഇറക്കവും കയറ്റവുമുള്ള വഴിയിലൂടെ മഴക്കാലത്ത് യാത്ര തീര്‍ത്തും ദുഷ്‌കരമാകും. ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്കു മാത്രമേ ഇതിലൂടെ പോകാന്‍ സാധിക്കൂ. ആദ്യകാലത്ത് നടന്നായിരുന്നു മെയില്‍ റോഡില്‍ എത്തിയിരുന്നത്. വന്യമൃഗശല്യം കൂടിയതോടെ നടന്നുപോകുന്നത് ആപത്തായി. നാലാം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികള്‍ പഠിക്കാന്‍ പുറത്തു പോകണം. ദിവസവും വന്നു പോകുന്നത് ബുദ്ധിമുട്ടായതിനാല്‍ പലരെയും ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. നല്ലൊരു വിഭാഗം കുട്ടികളും നാലാം ക്ലാസ് കഴിയുന്നതോടെ പഠനം ഉപേക്ഷിക്കുകയാണ് പതിവ്. നിയമപ്രശ്‌നം ഉന്നയിച്ച്, ഇവിടേക്കു വൈദ്യുതി എത്തുന്നതും വനംവകുപ്പ് തടഞ്ഞു. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലും സോളാര്‍ പാനല്‍ ഉപയോഗിച്ചുമാണ് വെളിച്ചം കണ്ടെത്തുന്നത്. മൊബൈല്‍ കവറേജ് ഇല്ലാത്തതും പുറംലോകവുമായി ബന്ധപ്പെടുന്നത് ദുഷ്‌കരമാക്കുന്നു. വന്യമൃഗങ്ങള്‍ ഗ്രാമത്തിലേക്കു കയറാതിരിക്കാന്‍ കിടങ്ങു കുഴിക്കുകയോ കമ്പിവേലി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ രാത്രിയായാല്‍ ഹിംസ്ര ജന്തുക്കളടക്കം നിര്‍ബാധം ഗ്രാമത്തിലിറങ്ങും. നേരം ഇരുട്ടിയാല്‍ ആരും വീടിന് പുറത്തിറങ്ങില്ല. രാത്രിയില്‍ ഗ്രാമത്തിനു വെളിയില്‍ പോകുന്നത് ആലോചിക്കുകയേ വേണ്ട. ഏതാനും വര്‍ഷം മുന്‍പു വരെ ആളുകള്‍ സ്ഥിരമായി നടന്നു പോയിരുന്ന വനപാതയില്‍ ഇപ്പോള്‍ പകല്‍ സമയത്തു പോലും പോകാന്‍ ഭയക്കുകയാണ്.
പുനരധിവാസം, നൂലാമാലകള്‍
പുതിയ സ്ഥലം കണ്ടെത്തുന്നതാണ് പുനരധിവാസത്തിനു വിലങ്ങുതടി. അനുയോജ്യമായ സ്ഥലം പരിമിതമായ തുകയ്ക്കു കണ്ടെത്തുക എന്നത് ഏറെ ദുഷ്‌കരമാണ്. പണിയ വിഭാഗത്തിനായി അനുവദിച്ച മൂന്നു കോടിയോളം രൂപ കല്ലൂര്‍ ഗ്രാമീണ ബാങ്കിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. പണം കൈപ്പറ്റാന്‍ ഇവര്‍ തയാറാകുന്നില്ല. ഏതാനും ചെട്ടിമാരും ഗ്രാമം വിടാന്‍ തയാറല്ല. പത്തു ലക്ഷം രൂപ കൊണ്ട് പുറത്തു പോയി വീടും സ്ഥലവും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണിത്. തുക വര്‍ധിപ്പിച്ചാല്‍ ഗ്രാമം വിടുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നാണ് ഇവരുടെ നിലപാട്.
ഗ്രാമവാസികള്‍ പൂര്‍ണമായും ഒഴിഞ്ഞു പോയാല്‍ വനംവകുപ്പിന് വന്‍ നേട്ടമായിരിക്കും. ആനയും കടുവയുമടക്കം വന്യമൃഗങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. എന്നാല്‍ അതിനനുസരിച്ച് വനം വലുതാകുന്നില്ല. വന്യമൃഗങ്ങള്‍ പെരുകുന്നത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. ചെട്ട്യാലത്തൂര്‍ നിവാസികള്‍ ഒഴിഞ്ഞുപോയാല്‍ ഈ സ്ഥലം വന്യമൃഗങ്ങളുടെ പുതിയ ആവാസ കേന്ദ്രമായി മാറും. വയലും പുഴയും ഉള്ളതിനാല്‍ ആനയടക്കമുള്ള മൃഗങ്ങള്‍ക്ക് ഇവിടെ സ്വൈരവിഹാരം നടത്താം.
പരിസ്ഥിതിലോല മേഖല പ്രഖ്യാപനം കൂടി വരുന്നതോടെ ഒരു തരത്തിലും ചെട്ട്യാലത്തൂരില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ആദിവാസികള്‍ക്കുള്ള വനാവകാശ നിയമങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്നുവെന്ന് വ്യാപക പരാതിയുണ്ട്. പരിസ്ഥിതിലോല മേഖല പ്രഖ്യാപനം കൂടി നടപ്പായാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രാമം വനത്തിനുള്ളില്‍ ഉപേക്ഷിക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗം.
Content Highlights: Wayanad wild life sanctuary; Chettyalathur village