ബിറ്റ്‌കോയിൻ: ഇന്ത്യ നിർണായക വിപണി; നിക്ഷേപം 90,000 കോടി, നിരോധിക്കുമോ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യും കേന്ദ്രസർക്കാരും ഒരേ സ്വരത്തിൽ സൂചന നൽകിയതോടെ ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കം ക്രിപ്‌റ്റോകറൻസി നിരോധനം ഉടൻ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി...bitcoin law and impacts
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യും കേന്ദ്രസർക്കാരും ഒരേ സ്വരത്തിൽ സൂചന നൽകിയതോടെ ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കം ക്രിപ്‌റ്റോകറൻസി നിരോധനം ഉടൻ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി...bitcoin law and impacts
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യും കേന്ദ്രസർക്കാരും ഒരേ സ്വരത്തിൽ സൂചന നൽകിയതോടെ ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കം ക്രിപ്‌റ്റോകറൻസി നിരോധനം ഉടൻ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി...bitcoin law and impacts
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യും കേന്ദ്രസർക്കാരും ഒരേ സ്വരത്തിൽ സൂചന നൽകിയതോടെ ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കം ക്രിപ്‌റ്റോകറൻസി നിരോധനം ഉടൻ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത് ക്രിപ്റ്റോകറൻസി നിക്ഷേപകരിൽ ആശങ്ക ഉണർത്തുന്നു. എന്നാൽ നിരോധനം ഫലപ്രദമാകില്ലെന്നും മുമ്പ് വിലക്ക് നിലനിന്നപ്പോഴും ബിറ്റ്‌കോയിൻ വ്യാപാരം ഇന്ത്യയിൽ സജീവമായി നടന്നിരുന്നതായും ദീർഘകാലമായി ഈ രംഗത്തുള്ള ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ നിർണായക വിപണി
ഇന്ത്യയിൽ ലക്ഷക്കണക്കിനു നിക്ഷേപകരിൽനിന്നായി 90,000 കോടിയോളം രൂപ ബിറ്റ്‌കോയിനിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇത് രാജ്യന്തര ബിറ്റ്‌കോയിൻ വിപണി മൂല്യത്തിന്റെ ഏഴു ശതമാനത്തോളം വരും. ഇന്ത്യയിലെ നിരോധനത്തിന് ആഗോള വിപണിയിൽ സ്വാധീനം സൃഷ്ടിക്കാൻ സാധിക്കുമെന്നതാണ് സ്ഥിതി.
നിരോധനം പ്രാബല്യത്തിലായാൽ കൈമാറ്റവും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നിയമ വിരുദ്ധമാകും. ശിക്ഷാ നടപടികളും അനന്തര ഫലങ്ങളും എന്താവുമെന്ന് വ്യക്തമായിട്ടില്ല. അനിശ്ചിതത്വം മുന്നിൽകണ്ട് ചെറുകിട നിക്ഷേപകർ ബിറ്റ്‌കോയിൻ വിറ്റൊഴിഞ്ഞ് മറ്റു മേഖലകൾ തേടിത്തുടങ്ങി.
ആർബിഐ 2018ഏപ്രൽ ആറിലെ സർക്കുലറിലൂടെ ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഫലത്തിൽ ക്രിപ്റ്റോകറൻസി കൈമാറ്റം നിയമ വിരുദ്ധമായി. എന്നാൽ 2020 മാർച്ചിൽ സുപ്രിം കോടതി ഈ വിലക്ക് നീക്കി.
ഇന്റർനെറ്റ് ശൃംഖലയിൽ നിയന്ത്രണ സംവിധാനങ്ങളില്ലാതെ വികേന്ദ്രീകൃതമായി ക്രയവിക്രയം ചെയ്യപ്പെടുന്ന ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കാനോ ദുരുപയോഗം തടയാനോ സാധിക്കില്ലെന്നതിനാലാണ് ആർബിഐയും കേന്ദ്ര സർക്കാരും ഇവയ്ക്കു കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നത്.
നിരോധനം വന്നാൽ എന്താകും?
ക്രിപ്റ്റോകറൻസി നിരോധിക്കപ്പെടുകയാകുമോ, നിയന്ത്രിക്കപ്പെടുകയാകുമോ ഉണ്ടാകുക എന്നു വ്യക്തമല്ല. 2018ലും ക്രിപ്റ്റോകറൻസി നിരോധിക്കുകയല്ല മറിച്ച് അവയുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങൾ നൽകുന്നതു തടയുകയാണ് ആർബിഐ ചെയ്തത്.
ഫലത്തിൽ ഔദ്യോഗിക ചാനലുകളിലൂടെ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് പണം കൈമാറ്റം ചെയ്യാനാകില്ല. നിലവിൽ ചെയ്യുന്നതു പോലെ ക്രിപ്റ്റോകറൻസി എക്സേഞ്ചുകളിലേക്ക് ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറാനാകില്ല. ക്രിപ്റ്റോ കറൻസി വിറ്റു ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കാനുമാകില്ല.
വിലക്കു നീങ്ങിയപ്പോൾ തഴച്ചു വളർന്നു
സുപ്രിം കോടതി ഉത്തരവോടെ നിയമ വിധേയമായി അംഗീകരിക്കപ്പെട്ട ക്രിപ്റ്റോകറൻസി നിക്ഷേപ മേഖല കോവിഡ് ലോക്‌ഡൗൺ കാലത്ത് വൻകുതിപ്പാണ് ഇന്ത്യയിൽ കൈവരിച്ചത്. വർക് ഫ്രം ഹോം സ്വീകരിക്കേണ്ടിവന്ന പ്രഫഷനലുകളും യുവ നിക്ഷേപകരും വൻതോതിൽ ബിറ്റ്‌കോയിൻ നിക്ഷേപ രംഗത്തെത്തി. ബിറ്റ്‌കോയിൻ വിലയിലുണ്ടായ കുതിപ്പ് ആവേശം ഇരട്ടിയാക്കി.
കുറുക്കുവഴി തേടുമോ?
നിരോധന കാലത്തും ബിറ്റ്‌കോയിൻ ഇടപാടുകൾ വ്യാപകമായി നടന്നിരുന്നതായി ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് ബാങ്ക് അക്കൗണ്ടുള്ളവർ ഇടപാടുകൾ അവയിലൂടെ നടത്തി. ക്രിപ്റ്റോകറൻസി നിരോധനമില്ലാത്ത രാജ്യങ്ങളിൽ അതിനു തടസ്സമില്ല.
ബാങ്ക് അക്കൗണ്ടുകളിലൂടെയല്ലാതെ മറ്റു മാർഗങ്ങളിലൂടെ പണം സ്വീകരിച്ച് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തിക്കൊടുത്തിരുന്ന സ്ഥാപനങ്ങൾ നിരോധന കാലത്ത് രംഗത്തു വന്നിരുന്നു. തട്ടിപ്പിനു സാധ്യത ഏറെയുള്ള ഈ ചാനലുകൾ വീണ്ടും സജീവമാകാൻ നിരോധനം വഴി തെളിക്കും.
വാട്സാപ് ഗ്രൂപ്പുകളിലൂടെയും വ്യക്തികൾ നേരിട്ടും ബിറ്റ്‌കോയിൻ ഇടപാട് ധാരാളമായി നടക്കുന്നു. ഈ കൈമാറ്റം നിരോധനത്തിലൂടെയും തടയാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ വഴികൾ
നിരോധന സൂചനകൾ വ്യക്തമായത് വലിയൊരു വിഭാഗം ചെറുകിട നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിരോധനം വന്നാൽ നിക്ഷേപം ബ്ലോക്കാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവർ ബിറ്റ്‌കോയിൻ വിറ്റൊഴിഞ്ഞു. പകരം ആകർഷകമായി യുഎസ് ഓഹരി വിപണിയാണ് ലക്ഷ്യമിടുന്നത്.
കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന യുഎസ് ടെക്നോളജി ഓഹരികളാണ് ഇഷ്ട മേഖല. ആപ്പിൾ, ടെസ്‌ല, മൈക്രോസോഫ്റ്റ്, ആമസോൺ ഓഹരികളാണ് ഇന്ത്യൻ നിക്ഷേപകർക്ക് ഏറെ ഇഷ്ടം. യുഎസ് ഓഹരികളിൽ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന ആപ്പുകൾ രംഗത്തുണ്ട്.
നിരോധനമല്ല, വേണ്ടതു നിയന്ത്രണം
നിരോധനമല്ല, പകരം നിയന്ത്രണമാണ് ക്രിപ്റ്റോകറൻസി വ്യാപാരത്തിൽ വേണ്ടതെന്ന് ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നു. നിരോധനം, തഴച്ചുവളരുന്ന ഒരു നിക്ഷേപ മേഖല രാജ്യത്തെ പൗരന്മാർക്ക് അപ്രാപ്യമാക്കുന്നു. ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല പോലെ വൻ കോർപറേറ്റുകൾ ബിറ്റ്‌കോയിനിൽ നിക്ഷേപിക്കാനും അവരുടെ ഉൽപന്നങ്ങൾ ബിറ്റ്‌കോയിൻ ഉപയോഗിച്ചു വാങ്ങാൻ അവസരമൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിന്റെ സ്വീകാര്യതയും വിപണിയും ഇനിയും മുന്നേറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിൽനിന്നു മുഖം തിരിക്കുക വഴി വലിയൊരു വരുമാന മേഖലയും സർക്കാരിനു നഷ്ടമാകും.
English Summary: Centre's new Cryptocurrency Bill and it's impact on bitcoin investors