യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. എന്നാൽ യുനിസെഫിനു മുന്നിൽ മറ്റൊരു കണക്കായിരുന്നു ഭീഷണിയായുണ്ടായിരുന്നത്– 2000ത്തിൽ മാത്രം അഫ്ഗാനിൽ പോളിയോ ബാധിച്ചത് 115 കുട്ടികൾക്കായിരുന്നു. മാത്രവുമല്ല, മിക്ക രാജ്യങ്ങളിൽനിന്നും പോളിയോ തുടച്ചുനീക്കിയിട്ടും അഫ്ഗാനിലും പാക്കിസ്ഥാനിലും.. Afghanistan Covid Vaccination | US Taliban War

യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. എന്നാൽ യുനിസെഫിനു മുന്നിൽ മറ്റൊരു കണക്കായിരുന്നു ഭീഷണിയായുണ്ടായിരുന്നത്– 2000ത്തിൽ മാത്രം അഫ്ഗാനിൽ പോളിയോ ബാധിച്ചത് 115 കുട്ടികൾക്കായിരുന്നു. മാത്രവുമല്ല, മിക്ക രാജ്യങ്ങളിൽനിന്നും പോളിയോ തുടച്ചുനീക്കിയിട്ടും അഫ്ഗാനിലും പാക്കിസ്ഥാനിലും.. Afghanistan Covid Vaccination | US Taliban War

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. എന്നാൽ യുനിസെഫിനു മുന്നിൽ മറ്റൊരു കണക്കായിരുന്നു ഭീഷണിയായുണ്ടായിരുന്നത്– 2000ത്തിൽ മാത്രം അഫ്ഗാനിൽ പോളിയോ ബാധിച്ചത് 115 കുട്ടികൾക്കായിരുന്നു. മാത്രവുമല്ല, മിക്ക രാജ്യങ്ങളിൽനിന്നും പോളിയോ തുടച്ചുനീക്കിയിട്ടും അഫ്ഗാനിലും പാക്കിസ്ഥാനിലും.. Afghanistan Covid Vaccination | US Taliban War

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനിയുമുണങ്ങിയിട്ടില്ല, യുദ്ധത്തിലും ആഭ്യന്തര കലാപങ്ങളിലും അഫ്ഗാനിസ്ഥാനേറ്റ മുറിവ്. വിദേശ–ആഭ്യന്തര സൈന്യവും താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകളും ചേർന്ന് ആ രാജ്യത്തിന് ഒരു വിശേഷണവും നൽകിയിട്ടുണ്ട്– ‘ഒരുതരത്തിലും മനുഷ്യനു ജീവിക്കാൻ സാധിക്കാത്തത്ര ഭീകരാവസ്ഥ നിലനിൽക്കുന്ന രാജ്യം’. അതിനിടെ അഫ്ഗാനിൽനിന്ന് ആശ്വാസവാർത്തകളും വന്നിരുന്നു. 2019നെ അപേക്ഷിച്ച് 2020ൽ രാജ്യത്ത് അതിക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 15% വരെ കുറവുണ്ടായെന്നായിരുന്നു അത്. ജനത്തെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, ചാവേർ സ്ഫോടനങ്ങൾ, രാജ്യാന്തര സേനകളുടെ ഇടപെടലിലുണ്ടാകുന്ന മരണങ്ങൾ എന്നിവയിലുൾപ്പെടെ കുറവുണ്ടായെന്നാണ് യുഎൻ റിപ്പോർട്ട്. 

മറ്റൊരു ആശ്വാസവാർത്ത അഫ്ഗാനിസ്ഥാനിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നു എന്നതാണ്. ഇന്ത്യ സൗജന്യമായി നൽകിയ വാക്സീനാണ് രാജ്യത്ത് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിൽനിന്നുള്ള 5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീൻ അഫ്ഗാനിലെത്തിയത്. ഒരാൾക്കു രണ്ട് ഡോസ് വീതം ആകെ രണ്ടര ലക്ഷം പേർക്ക് ഇതുപയോഗിക്കാം. ഫെബ്രുവരി 23നാണ് വാക്സിനേഷനുള്ള തീരുമാനം രാജ്യം കൈക്കൊള്ളുന്നത്. കോവിഷീൽഡ് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു രണ്ടാഴ്ചയോളം. എന്നാൽ അതുമാത്രമല്ല അഫ്ഗാനിലെ വാക്സിനേഷൻ വൈകാനുള്ള കാരണം.

ADVERTISEMENT

യുഎസും നാറ്റോയും പിന്മാറിയാൽ..?

രണ്ടു ദശാബ്ദമായി അഫ്ഗാനിൽ തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന നാൾ അടുത്തിരിക്കുകയാണെന്നാണ് സൂചന. 2020 ഫെബ്രുവരി 29നാണ് ഖത്തറിൽ ട്രംപ് ഭരണകൂടവും താലിബാനും തമ്മിൽ സമാധാന കരാർ ഒപ്പിട്ടത്. അതു പ്രകാരം താലിബാന്റെ ഭാഗത്തുനിന്ന് എന്നന്നേക്കുമായുള്ള വെടിനിർത്തൽ ഉറപ്പാക്കണം, താലിബാനും അഫ്ഗാൻ സർക്കാരുമായി സമാധാന ചർച്ചകളുണ്ടാകണം, ഒപ്പം എല്ലാ വിദേശ സൈനികരും മേയ് ഒന്നിനകം രാജ്യം വിടുകയും വേണം. അതുപ്രകാരം അഫ്ഗാനിൽ ശേഷിക്കുന്ന 2500 ട്രൂപ്പ് യുഎസ് സേനാംഗങ്ങളെക്കൂടി പിൻവലിക്കേണ്ടതുണ്ട്. പുതുതായി അധികാരത്തിലേറിയ ജോ ബൈഡൻ ഭരണകൂടം കരാർ പ്രകാരം മുന്നോട്ടു പോകുമോയെന്നത് ഇനിയും വ്യക്തമായിട്ടില്ല. 

താലിബാൻ നേതാക്കൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത് ബൈഡൻ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് വൈറ്റ്‌ ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി മറുപടി നൽകിയത് ‘നടക്കാത്ത കാര്യം’ എന്നാണ്. അഫ്ഗാനിൽ യുഎസിന്റെ അടുത്ത നടപടി എന്താണെന്നതു സംബന്ധിച്ച് ചർച്ച തുടരുകയാണെന്നും ജെൻ വ്യക്തമാക്കി. മേയ് ഒന്നോടെ സൈന്യത്തെ പൂർണമായി പിൻവലിക്കണോയെന്ന കാര്യത്തിൽ അഫ്ഗാനുമായി നിരന്തരം ചർച്ച തുടരുകയാണെന്നാണ് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞത്. നിലവിലെ സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കും നടപടി. ചർച്ചകളിൽ വിശ്വാസമുണ്ടെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പറയുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയും അഫ്ഗാനുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് അഫ്ഗാനിൽനിന്നു പിന്മാറുന്നതിനെക്കുറിച്ച് യുഎസ് പുനരാലോചിക്കുകയാണെന്നാണ്.

അതേസമയം, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ വ്യക്തമായി പറഞ്ഞു– ‘‘അഫ്ഗാനിൽ സമാധാനം എന്നതും യുഎസ് സൈന്യത്തിന്റെ ഇടപെടൽ അവസാനിപ്പിക്കുക എന്നതും ഇനിയുള്ള നാളുകളിൽ താലിബാൻ എത്രമാത്രം ആക്രമണങ്ങൾ കുറയ്ക്കും എന്നതിനെ ആശ്രയിച്ചിരിക്കും.’’ നാറ്റോയും സമാനമായ മറുപടിയാണു നൽകിയത്. താലിബാനും അഫ്ഗാന്‍ സർക്കാരും തമ്മിലുള്ള സമാധാന ചർച്ച അതിവേഗം പൂർത്തിയാക്കണമെന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗിന്റെ നിർദേശം. പതിനായിരത്തിൽ താഴെ ട്രൂപ്പ് സൈനികരാണ് നാറ്റോയ്ക്ക് അഫ്ഗാനിലുള്ളത്. പ്രധാനമായും അഫ്ഗാൻ സുരക്ഷാസേനയ്ക്കു പരിശീലനം നൽകുക എന്നതാണു ലക്ഷ്യം. എന്നാൽ യുഎസ് സേനാംഗങ്ങൾ പിന്മാറുന്നതോടെ യാത്രാ–ചരക്കുകൈമാറ്റ സംവിധാനങ്ങൾ ഉൾപ്പെടെ ലഭ്യമല്ലാതാകും. അതോടെ നാറ്റോ സൈന്യത്തിനും അഫ്ഗാനിൽ തുടരുക ബുദ്ധിമുട്ടാകും. ഇത്തരമൊരു സാഹചര്യത്തോടു ചേർത്തുവച്ചു വേണം അഫ്ഗാനിലെ കോവിഡ് വാക്സിനേഷനെക്കുറിച്ച് അറിയേണ്ടത്.

ADVERTISEMENT

വാതിലിൽ മുട്ടി വാക്സിനേഷൻ വേണ്ട!

രണ്ടു ദശാബ്ദം മുൻപ് അഫ്ഗാനിൽ പോളിയോ വാക്സിനേഷന്‍ നടത്താൻ ശ്രമങ്ങൾ നടത്തുമ്പോൾ ലോകാരോഗ്യ സംഘടനയ്ക്കും (ഡബ്ല്യുഎച്ച്ഒ) യുഎൻ ചിൽഡ്രൻസ് ഫണ്ടിനും (യുനിസെഫ്) നേരിടേണ്ടി വന്ന പ്രധാന ഭീഷണി താലിബാന്റെ ഭാഗത്തുനിന്നായിരുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. എന്നാൽ യുനിസെഫിനു മുന്നിൽ മറ്റൊരു കണക്കായിരുന്നു ഭീഷണിയായുണ്ടായിരുന്നത്– 2000ത്തിൽ മാത്രം അഫ്ഗാനിൽ പോളിയോ ബാധിച്ചത് 115 കുട്ടികൾക്കായിരുന്നു. മാത്രമല്ല, മിക്ക രാജ്യങ്ങളിൽനിന്നും പോളിയോ തുടച്ചുനീക്കിയിട്ടും അഫ്ഗാനിലും പാക്കിസ്ഥാനിലും വൈറസ് ബാധ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒയും യുനിസെഫും മുൻകയ്യെടുത്ത് താലിബാനുമായി ചർച്ച നടത്തിയത്. അങ്ങനെ 2001ൽ മൂന്നു ദിവസത്തേക്ക് വെടിനിർത്തലിന് താലിബാൻ സമ്മതം മൂളി. 

57 ലക്ഷം കുരുന്നുകൾക്ക് വാക്സീൻ നൽകാൻ ആകെ ലഭിച്ചത് മൂന്നു ദിവസം. ആരോഗ്യപ്രവർത്തകർക്ക് അതുതന്നെ ധാരാളമായിരുന്നു. ഇത്തരത്തിൽ പല ഘട്ടങ്ങളിലും താലിബാന്റെ ‘അനുവാദ’ത്തോടെ മാത്രമായിരുന്നു രാജ്യത്തെ വാക്സിനേഷൻ. ഇത്രയും വർഷം വെടിനിർത്തലുകളുടെയും ചർച്ചകളുടെയും ബലത്തിൽ വാക്സിനേഷൻ നടന്നുപോന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ 2020ൽ പോളിയോ വാക്സിനേഷൻ നടന്നില്ല. അഞ്ചു വയസ്സിൽ താഴെയുള്ള 34 ലക്ഷത്തോളം കുട്ടികൾക്കാണ് കഴിഞ്ഞ വർഷം വാക്സീൻ നിഷേധിക്കപ്പെട്ടത്. ഫലമോ, 56 കുട്ടികളിൽ പോളിയോ സ്ഥിരീകരിച്ചു. 2019ൽ അത് 29 ആയിരുന്നു. 

വാക്സീനെ പ്രതിരോധിക്കുന്ന, ജനിതക പരിവർത്തനം സംഭവിച്ച പോളിയോ വൈറസ് വേരിയന്റിന്റെ സാന്നിധ്യം 305 കുട്ടികളിൽ‌ കണ്ടെത്തിയതും 2020ലാണ്! ഇവയ്ക്കെതിരായ പുതിയ വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി 2021 അവസാനത്തോടെ ഡബ്ല്യുഎച്ച്ഒയിൽനിന്നു ലഭിക്കുമെന്നാണു കരുതുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ വീണ്ടും പോളിയോ വാക്സീൻ വിതരണം ആരംഭിച്ചു. 65,000 ആരോഗ്യ പ്രവർത്തകരുമായി ഏകദേശം ഒരു കോടി കുട്ടികൾക്കായിരുന്നു വാക്സീൻ നൽകാനുണ്ടായിരുന്നത്. എന്നാൽ അധീനതയിലുള്ള ഒരിടത്തും ഇത്തവണ പോളിയോ വാക്സീൻ വീടുകൾ തോറും കയറി നൽകാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പിച്ചു പറഞ്ഞു. 

ADVERTISEMENT

മുൻകാലങ്ങളിൽ പല പ്രവിശ്യകളിലും രഹസ്യമായി ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി വാക്സിനേഷൻ പ്രക്രിയയെ ഉപയോഗപ്പെടുത്തിയെന്നാണ് ഭീകരരുടെ വാദം. ഡബ്ല്യുഎച്ച്ഒയുമായി ചർച്ച നടത്തിയെങ്കിലും അനുകൂല മറുപടി താലിബാന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് റിപ്പോർട്ട്. അതോടെ 30 ലക്ഷം കുട്ടികൾക്കെങ്കിലും വാക്സീന്‍ ലഭിക്കാതെ പോകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. 2021 ജനുവരിയിലെ പോളിയോ വാക്സിനേഷനു പിന്നാലെ ഫെബ്രുവരിയിൽ കോവിഡ് വാക്സിനേഷനും രാജ്യത്ത് ആരംഭിക്കുമ്പോൾ താലിബാന്റെ ഈ ഭീഷണി അഫ്ഗാൻ ജനതയുടെ തലയ്ക്കു മുകളിൽത്തന്നെയുണ്ട്.

ഇറാനിൽ നിന്നെത്തിയ കോവിഡ്

2020 ഫെബ്രുവരിയിലാണ് അഫ്ഗാനിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ചെരുപ്പ് കടയുടമയായ മുപ്പത്തിയഞ്ചുകാരൻ ഫെബ്രുവരി ഒൻപതിന് ഇറാനിലേക്കു പോയതിൽനിന്നായിരുന്നു തുടക്കം. ഒരാഴ്ചയോളം അദ്ദേഹം അവിടെ തുടർന്നു. കടയിലേക്ക് ഷൂ നൽകുന്ന കമ്പനിയിലെ ജീവനക്കാരുമായി ദിവസങ്ങളോളം ഇടപഴകിയതിനു ശേഷം കാറിൽ ഹിരാത്തിലെ വീട്ടിലേക്ക് ഫെബ്രുവരി 15ന് മടക്കം. പിന്നീടും യാതൊരു മുൻകരുതലുമില്ലാതെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇടപഴകി. ഫെബ്രുവരി 16ന് കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. പിന്നെയും അഞ്ചു ദിവസം കഴിഞ്ഞാണ് ആശുപത്രിയിലേക്കു പോയതും ഇറാൻ യാത്രയെപ്പറ്റി അധികൃതരോടു പറഞ്ഞതും. സർക്കാർ ആശുപത്രിയിലേക്കു മാറ്റിയ അദ്ദേഹത്തിന് ഫെബ്രുവരി 24ന് രോഗം സ്ഥിരീകരിച്ചു. 

അക്കാലയളവിൽ മേഖലയിൽ ഏറ്റവും രൂക്ഷമായ കോവിഡ് ബാധ ഇറാനിലായിരുന്നു. ഇറാനിൽ നിന്നുള്ള പതിനായിരക്കണക്കിനു അഫ്ഗാൻ തൊഴിലാളികൾ രാജ്യത്തേക്കു കൂട്ടത്തോടെ മടങ്ങിയെത്തിയ സമയം കൂടിയായിരുന്നു അത്. വൈകാതെ രാജ്യത്ത് കോവി‍ഡ് പരന്നു. മാസങ്ങളോളം അതു തുടർന്നു. തലസ്ഥാനമായ കാബൂളിലായിരുന്നു ഏറ്റവും രൂക്ഷം. 3.8 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ഔദ്യോഗിക കണക്കിൽ ഇതുവരെ 5.5 ലക്ഷം പേർക്കാണ് അഫ്ഗാനിൽ കോവിഡ് സ്ഥിരീകരിച്ചത്. 2400ലേറെ മരണവും. എന്നാൽ 2020 ഓഗസ്റ്റിലെ ആരോഗ്യ വകുപ്പ് സർവേ പ്രകാരം രാജ്യത്തെ ഒരു കോടി പേർക്കെങ്കിലും കോവിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. രോഗം തിരിച്ചറിയുന്നതിന് കോവിഡ് ടെസ്റ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയും തിരിച്ചടിയായി. ഇക്കഴിഞ്ഞ മാസങ്ങളിൽ കോവി‍ഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് വാക്സിനേഷനിലേക്കു കടക്കാൻ അഫ്ഗാൻ തീരുമാനിച്ചത്.

സഹായവാക്സീനുമായി ഇന്ത്യ

എവിടെനിന്നു ലഭിക്കും വാക്സീൻ എന്ന് ആശങ്കപ്പെട്ടിരുന്ന അഫ്ഗാന് സൗജന്യമായിട്ടായിരുന്നു അഞ്ചു ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീൻ ഇന്ത്യ അയച്ചുകൊടുത്തത്. മുംബൈയിൽനിന്ന് പ്രത്യേക വിമാനത്തിലായിരുന്നു കാബൂൾ വിമാനത്താവളത്തിലേക്ക് സൗജന്യ വാക്സീൻ എത്തിയത്. തുടർന്ന് ഡബ്ല്യുഎച്ച്ഒയുടെ അനുമതിക്കായി കാത്തിരിപ്പ്.  ഇന്ത്യയുടെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീല്‍ഡിന് അഫ്ഗാനില്‍ ഉൾപ്പെടെ ഉപയോഗത്തിനുള്ള അനുമതി ഡബ്ല്യുഎച്ച്ഒ ഫെബ്രുവരി 15ന് നൽകിയതോടെ ഒരുക്കങ്ങൾ തകൃതിയായി. 23ന് പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ കൊട്ടാരത്തിൽനടന്ന ചടങ്ങിൽ ഔദ്യോഗികമായി വാക്സിനേഷനു തുടക്കവും കുറിച്ചു. രണ്ടര ലക്ഷത്തോളം വരുന്ന ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, സുരക്ഷാ സേനാംഗങ്ങൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക.

എന്നാൽ കാര്യങ്ങൾ എത്ര എളുപ്പമാകില്ല എന്നതിന്റെ തെളിവായിരുന്നു ഉദ്ഘാടന ചടങ്ങിൽ ആക്ടിങ് ആരോഗ്യ മന്ത്രി വഹീദ് മജ്‌റോയുടെ വാക്കുകൾ. ‘‘അഫ്ഗാനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ദിനമാണിന്ന്. എന്നാൽ രാജ്യത്തെമ്പാടും ഈ വാക്സിനേഷൻ നടപ്പാക്കുകയെന്നത് നമ്മുടെ മുന്നിലെ വലിയ വെല്ലുവിളിയാണ്...’’ അഫ്ഗാൻ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്ന താലിബാൻ, രാജ്യത്ത് വാക്സിനേഷന്‍ ദൗത്യത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. വീടുകള്‍ കയറിയിറങ്ങിയുള്ള പോളിയോ വാക്സിനേഷന് ഇപ്പോഴും താലിബാൻ അനുമതി നൽകിയിട്ടില്ല. കോവിഡ് വാക്സീൻ വീടുകയറി നൽകുകയെന്നത് പ്രാവർത്തികമല്ലാത്തതിനാൽ  താലിബാന്റെ ഭാഗത്തുനിന്നു കാര്യമായ ആക്രമണമുണ്ടാകില്ലെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷ. നിയന്ത്രണത്തിലുള്ള മേഖലകളിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷന് എല്ലാ സൗകര്യവും പിന്തുണയും നൽകുമെന്ന് താലിബാൻ വക്താവ് സബിനുള്ള മുജാഹിത് വ്യക്തമാക്കിയിട്ടുമുണ്ട്.

യുദ്ധവും വാക്സിനേഷനും!

2020 സെപ്റ്റംബർ മുതൽ സമാധാന ചർച്ച ആരംഭിച്ചെങ്കിലും ഇപ്പോഴും സുരക്ഷാസേനയും താലിബാനും തമ്മിലുള്ള പോരാട്ടം രാജ്യത്തിന്റെ പലയിടത്തും ശക്തമാണ്. ഇതുവരെയുള്ള ചർച്ചകളൊന്നും ഫലം കണ്ടിട്ടില്ല. 2020ൽ രാജ്യത്ത് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2019നെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും നിലവിൽ ജനങ്ങളുടെ ജീവനു ഭീഷണി തുടരുകയാണെന്നാണ് യുഎന്നിന്റെതന്നെ മറ്റൊരു റിപ്പോർട്ട് പറയുന്നത്. സെപ്റ്റംബറിൽ സമാധാന ചർച്ച ആരംഭിച്ചതിനു ശേഷവും രാജ്യത്ത് അക്രമവും മരണങ്ങളും വർധിച്ചതായി റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ സുഗമമായ വാക്സിനേഷന് വെടിനിർത്തൽ അനിവാര്യമാണ്. അതിനൊരു കരാർ ഇതുവരെ രൂപപ്പെട്ടിട്ടുമില്ല. 

വികസ്വര രാജ്യങ്ങൾക്ക് കോവിഡ് വാക്സീൻ ലഭ്യമാക്കുന്നതിനുള്ള രാജ്യാന്തര കോവാക്സ് പദ്ധതി പ്രകാരം കൂടുതൽ വാക്സീൻ ഡോസുകൾ അഫ്ഗാനിലേക്കു വരാനിരിക്കുകയാണ്. പദ്ധതിയിലൂടെ ആകെ ജനസംഖ്യയുടെ 20% പേർക്കും വാക്സീന്‍ ആദ്യഘട്ടത്തിൽ ലഭ്യമാകുമെന്നും രാജ്യം പ്രത്യാശ പ്രകടിപ്പിക്കുന്നു. രണ്ടാം ഘട്ടം കൂടി തീരുന്നതോടെ 40% പേർക്കും വാക്സീൻ ലഭിക്കുമെന്ന് പ്രസിഡന്റ് ഘാനി പറഞ്ഞു. എന്നാൽ അഫ്ഗാനിൽ ഇപ്പോഴും കോവിഡ് രോഗമെന്നത് നുണയാണെന്നും വാക്സീൻ ആവശ്യമില്ലെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നതാണു സത്യം. മാത്രവുമല്ല, അത്യാവശ്യക്കാർക്ക് വാക്സീന്‍ ലഭിക്കില്ലെന്നും സർക്കാരുമായി അടുത്ത ബന്ധമുള്ളവർക്കു മാത്രമേ ലഭിക്കുകയുള്ളൂവെന്നും അവര്‍ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ്, എല്ലാവർക്കും സുതാര്യമായ രീതിയിൽ വാക്സിനേഷൻ ഉറപ്പാക്കണമെന്ന പ്രസിഡന്റിന്റെ വാക്കുകളും പ്രസക്തമാകുന്നത്. 

അഫ്‌ഗാൻ ജനതയ്ക്കു മുന്നിലിപ്പോൾ പോരാടാൻ പല യുദ്ധങ്ങളാണ് – ഒന്ന് കോവിഡിനെതിരെ ‘വാക്സിനേഷൻ വാർ’. അതിനേക്കാൾ ഭീകരമായി താലിബാനെതിരെ സൈന്യം തുടരുന്ന യുദ്ധം. തകർന്നടിഞ്ഞ റോഡിലൂടെ വേണം വിദൂര ഗ്രാമങ്ങളിലേക്ക് വാക്സീൻ എത്തിക്കാൻ. അടിസ്ഥാന സൗകര്യം പോലും ഇനിയും എത്തിനോക്കാത്ത പലയിടത്തും വാക്സീന്‍ കേടാകാതെ എത്തിക്കാനാകുമോ എന്ന ദുഷ്കര ദൗത്യമാണു മുന്നിലുള്ളത്. താലിബാനും സൈന്യവും പരസ്പരം പോരാട്ടം തുടരുന്ന വിദൂര താഴ്‌വര പ്രദേശങ്ങളിലേക്ക് വാക്സീൻ എത്തിക്കുകയെന്നത് വെറും സ്വപ്നം മാത്രമാണെന്നത് അധികൃതർക്കും അറിയാം. ഇവയ്ക്കെല്ലാമൊപ്പമാണ് ദാരിദ്ര്യം, വിശപ്പ്, ശുദ്ധജലക്ഷാമം തുടങ്ങിയവയോടുള്ള അഫ്ഗാൻ ജനതയുടെ പോരാട്ടവും.

English Summary: How A War-Torn Afghanistan Fights Against Covid19 and Taliban in the time of Vaccination Drive?