കാസർകോട്ടെ സ്കോർബോർഡിൽ സീറ്റുകൾ മാറുമോ? ബിജെപി കണ്ണ് മഞ്ചേശ്വരത്തിൽ
കാസര്‍കോട് യുഡിഎഫിന്റെയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫിന്റെയും ഉറച്ചകോട്ടകള്‍. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം മാറണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ബാക്കിയാകുന്ന ചോദ്യം ഉദുമയെക്കുറിച്ചാണ്.
കാസര്‍കോട് യുഡിഎഫിന്റെയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫിന്റെയും ഉറച്ചകോട്ടകള്‍. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം മാറണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ബാക്കിയാകുന്ന ചോദ്യം ഉദുമയെക്കുറിച്ചാണ്.
കാസര്‍കോട് യുഡിഎഫിന്റെയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫിന്റെയും ഉറച്ചകോട്ടകള്‍. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം മാറണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ബാക്കിയാകുന്ന ചോദ്യം ഉദുമയെക്കുറിച്ചാണ്.
കാസര്‍കോട് ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു ഫുട്ബോള്‍ മത്സരമാണെങ്കില്‍ വര്‍ഷങ്ങളായി അവിടെ സ്കോർ ബോർഡിൽ മാറ്റമില്ലാതെ ജയം എല്‍ഡിഎഫിനൊപ്പമാണെന്നു പറയേണ്ടി വരും. 3-2. ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫിനും കാസര്‍കോടും മഞ്ചേശ്വരവും യുഡിഎഫിനും സ്വന്തം, ഇതാണ് അവിടത്തെ പതിവ് കാഴ്ച. ഇടയ്ക്ക് മഞ്ചേശ്വരവും എല്‍ഡിഎഫിന് കിട്ടി, 2006 ല്‍. പിന്നീടിങ്ങോട്ട് മഞ്ചേശ്വരത്ത് സിപിഎം പച്ച പിടിച്ചിട്ടില്ല, പക്ഷേ മുസ്‌ലിം ലീഗിന്റെ ‘പച്ചക്കോട്ട’യാകാന്‍ മഞ്ചേശ്വരത്തിനു സാധിച്ചു. ബിജെപി ആഞ്ഞുപിടിച്ചിട്ടും ഇതുവരെ മഞ്ചേശ്വരത്തു ജയിക്കാനായില്ല, കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ മഞ്ചേശ്വരം പിടിക്കാന്‍ ബിജെപിക്കാകുമോയെന്നാണ് കേരളം ചോദിക്കുന്നത്.
കാസര്‍കോട് യുഡിഎഫിന്റെയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫിന്റെയും ഉറച്ചകോട്ടകള്‍. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം മാറണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ബാക്കിയാകുന്ന ചോദ്യം ഉദുമയെക്കുറിച്ചാണ്. പെരിയയും കല്യോട്ടും ഉള്‍പ്പെടുന്ന ഉദുമ. ഭൂമിശാസ്ത്രപരമായി കാസര്‍കോട് ജില്ലയുടെ മധ്യഭാഗത്താണ് ഉദുമ മണ്ഡലത്തിന്റെ സ്ഥാനം. ഇവിടെ ജയിക്കുന്നവര്‍ക്ക് ജില്ലയില്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ കെ.കുഞ്ഞിരാമനെ നേരിടാന്‍ കണ്ണൂരില്‍നിന്ന് കെ. സുധാകരനെയാണ് കോണ്‍ഗ്രസ് ഉദുമയില്‍ ഇറക്കിയത്. എന്നിട്ടും ഉദുമ ചുവന്നുനിന്നു. ഇക്കുറി കണ്ണൂര്‍ എംപിയായ സുധാകരന്‍ ഉദുമയിലെത്താന്‍ സാധ്യതയില്ല. പകരം യുഡിഎഫില്‍ ആരിറങ്ങുമെന്ന് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു.
ഉദുമക്കാരുടെ കുഞ്ഞിരാമേട്ടനും ഇക്കുറി മത്സരിക്കാൻ സാധ്യതയുണ്ട്. പകരക്കാര്‍ക്കായും സിപിഎമ്മില്‍ ആലോചനകൾ തകൃതി. കാഞ്ഞങ്ങാട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ മണ്ഡലം. സിപിഐയുടെ സീറ്റാണെങ്കിലും സിപിഎമ്മിന്റെ പാര്‍ട്ടി കോട്ടകളാണ് കാഞ്ഞങ്ങാടുള്ളത്. കണ്ണൂരിലെ ആന്തൂരിനെപ്പോലെ സിപിഎമ്മിന് എതിരില്ലാത്ത മടിക്കൈ പഞ്ചായത്ത് അടക്കം ഉള്‍പ്പെടുന്ന സീറ്റാണിത്. ജയം സുനിശ്ചിതമെങ്കിലും മത്സരിക്കാനില്ലെന്ന് ചന്ദ്രശേഖരന്‍ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വരാനിരിക്കുന്നതേയുള്ളുവെങ്കിലും സിപിഐ ജില്ലാ നേതൃത്വം മത്സരിക്കാന്‍ പലരെയും കണ്ടുവച്ചിട്ടുണ്ട്.
ആരെല്ലാം ഇറങ്ങും?
മഞ്ചേശ്വരത്തില്‍നിന്ന് തുടങ്ങാം. ജ്വല്ലറി തട്ടിപ്പു കേസില്‍ പ്രതിയായ എം.സി. ഖമറുദ്ദീന്‍ ഇക്കുറി മത്സരിക്കാന്‍ സാധ്യത കുറവാണ്. ഖമറുദ്ദീന് പകരം യൂത്ത് ലീഗിന്റെ ഒരു യുവ നേതാവിനെയാണ് മുസ്‌ലിം ലീഗ് ആലോചിക്കുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ശങ്കര്‍ റൈ വീണ്ടും എല്‍ഡിഎഫിനു വേണ്ടി ഇറങ്ങിയേക്കും. ബിജെപിക്കായി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത് കുണ്ടാര്‍ രവീശ തന്ത്രിയാണ്. അദ്ദേഹം ബിജെപി നേതൃത്വവുമായി പിണങ്ങി ഇപ്പോള്‍ പ്രവര്‍ത്തനത്തില്‍ സജീവമല്ല. അതിനു മുന്‍പ് പി.ബി. അബ്ദുല്‍ റസാഖിനോട് നേരിയ വോട്ടുകള്‍ക്കു തോറ്റുപോയ കെ.സുരേന്ദ്രന്‍ ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. വിജയ സാധ്യത നോക്കി ഒന്നുകൂടി സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ഇറങ്ങിയാല്‍ വടക്കുനിന്നും ഒരു സീറ്റൊപ്പിക്കാമെന്ന് ബിജെപിക്ക് മോഹിക്കാം. സുരേന്ദ്രനല്ലെങ്കില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ ശ്രീകാന്തിന് അവസരം ലഭിക്കും. അതുമല്ലെങ്കില്‍ സംസ്ഥാനത്തെ കരുത്തനായ മറ്റൊരു നേതാവ് മഞ്ചേശ്വരത്ത് ജനവിധി തേടും.
കാസര്‍കോട് സിറ്റിങ് എംഎല്‍എ എന്‍.എ. നെല്ലിക്കുന്നിന് ആശങ്കകളില്ല. ലീഗിന്റെ ഉറച്ച കോട്ടയില്‍ മികച്ചൊരു വിജയമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി രവീശതന്ത്രി കാസര്‍കോട് രണ്ടാമതെത്തിയിരുന്നു. അദ്ദേഹത്തിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. എല്‍ഡിഎഫിലെ സീറ്റ് ഐഎന്‍എല്ലിന് ലഭിക്കും. ഉദുമയില്‍ കെ. കുഞ്ഞിരാമന് ഒരു അവസരം കൂടി സിപിഎം അനുവദിച്ചേക്കും. കെ. കുഞ്ഞിരാമന്‍ അല്ലെങ്കില്‍ കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശനോ, മഞ്ചേശ്വരം മുന്‍ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പുവോ ഉദുമയില്‍ ജനവിധി തേടും. സി.എച്ച്. കുഞ്ഞമ്പു ഉദുമ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനവും നടത്തുന്നുണ്ട്.
കോണ്‍ഗ്രസ് മത്സരിക്കുന്ന ഉദുമയില്‍ ഇത്തവണ ജില്ലയ്ക്കു പുറത്തുനിന്നൊരു സ്ഥാനാര്‍ഥിക്കു സാധ്യതയില്ല. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ പേരാണു മുന്നിലുള്ളത്. ബാലകൃഷ്ണന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.പി. പ്രദീപ് കുമാര്‍ എന്നിവര്‍ക്കും സാധ്യതകളുണ്ട്. കാസർകോട് ജില്ലയിൽ കോൺഗ്രസിന് എന്തെങ്കിലും സാധ്യതകളുണ്ടെങ്കിൽ അത് ഉദുമയിൽ മാത്രമാണ്. മഞ്ചേശ്വരവും കാസർകോടും ലീഗ് സീറ്റുകളാതിനാൽ കോൺഗ്രസിന് ജില്ലയിൽ എംഎൽഎയില്ല.
എല്‍ഡിഎഫ് സിറ്റിങ് സീറ്റായ കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരന് പകരം ആര് എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലിനാണു സാധ്യത. ബങ്കളം കുഞ്ഞികൃഷ്ണന്‍, സി.പി. ബാബു എന്നിവരും മുന്നിലുണ്ട്. കോണ്‍ഗ്രസില്‍നിന്ന് രാജു കട്ടക്കയം, പദ്മനാഭന്‍ ഐങ്ങോത്ത്, വിഘ്‌നേശ്വര ഭട്ട് എന്നിവര്‍ക്കാണു സാധ്യത. എന്‍ഡിഎയില്‍ നേരത്തേ ബിഡിജെഎസ് മത്സരിച്ച സീറ്റാണ് കാഞ്ഞങ്ങാട്. ഇത്തവണ സീറ്റ് ബിജെപി ഏറ്റെടുക്കുമോയെന്നു വ്യക്തമല്ല.
കണ്ണൂരിനോടു ചേര്‍ന്നു നില്‍ക്കുന്ന മണ്ഡലമായ തൃക്കരിപ്പൂരില്‍ സിപിഎമ്മിന് ആശങ്കകളുടെ ആവശ്യമില്ല. നിയമസഭയിലടക്കം ചെഗുവേര തൊപ്പി ധരിച്ചെത്തുന്ന എം. രാജഗോപാല്‍ തന്നെ ഇത്തവണ മത്സരിച്ചേക്കും. വേറെ ആരെയെങ്കിലും സിപിഎം പരിഗണിക്കുകയാണെങ്കില്‍ അത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആയിരിക്കും. മത്സരിച്ചില്ലെങ്കില്‍ രാജഗോപാല്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കും.
കണക്കിലെ കളി
കാര്യം എല്‍ഡിഎഫാണു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നിലെത്താറെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഡല്‍ഹിയിലേക്കു ജയിപ്പിച്ചു വിട്ട വോട്ടര്‍മാരാണ് കാസര്‍കോട്ടേത്. അതിലാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷകളത്രയും. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഉണ്ണിത്താന്റെ ജയം.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ എല്‍ഡിഎഫ് അഞ്ചില്‍ മൂന്നു സീറ്റ് നേടിയെങ്കിലും വോട്ടുകളുടെ ആകെ ശതമാനത്തില്‍ യുഡിഎഫായിരുന്നു മുന്നില്‍ 39.26 ശതമാനം. 2011ലും യുഡിഎഫ് തന്നെ മുന്നില്‍ 40.75 ശതമാനം. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടമാണ് മഞ്ചേശ്വരത്തു നടന്നത്. വെറും 89 വോട്ടിനാണ് ബിജെപിയുടെ കെ. സുരേന്ദ്രനെ ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുല്‍ റസാഖ് മറികടന്നത്. കള്ളവോട്ട് ആരോപിച്ച് കെ. സുരേന്ദ്രന്‍ പിന്നീട് കോടതി കയറി. പി.ബി. അബ്ദുല്‍ റസാഖ് മരിച്ചതോടെ 2019 ൽ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. എം.സി. കമറുദ്ദീന്‌റെ ഭൂരിപക്ഷം 7923.
8607 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2016ല്‍ എന്‍.എ. നെല്ലിക്കുന്ന് കാസര്‍കോട് നിന്നും നിയമസഭയിലെത്തിയത്. നേടിയത് 64,727 വോട്ട്. രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാറിന് 56120 വോട്ട് കിട്ടി. 2011ല്‍ യുഡിഎഫിന് 9730 വോട്ടിന്‌റെ ഭൂരിപക്ഷം കാസര്‍കോട്‌നിന്ന് ലഭിച്ചിരുന്നു. കെ. സുധാകരന്‍ ഇറങ്ങിയിട്ടും കഴിഞ്ഞ തവണ ഉദുമയില്‍ കെ. കുഞ്ഞിരാമന്‍ 3,832 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. 2011ല്‍ പതിനൊന്നായിരത്തിനു മുകളിലുണ്ടായിരുന്ന സിപിഎം സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വന്‍തോതില്‍ കുറയ്ക്കാന്‍ സുധാകരനു സാധിച്ചു. ഇക്കുറി വേണ്ടിവന്നാല്‍ സിപിഎമ്മിനെ തോല്‍പിക്കാമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. സംസ്ഥാനത്ത് വലിയ ചര്‍ച്ചയായ പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് ഉദുമ മണ്ഡലത്തിലാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും സര്‍ക്കാര്‍ വിരുദ്ധ വികാരവും ഉദുമയില്‍ തുണയാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ബിജെപി സ്ഥാനാര്‍ഥി നേടുന്ന വോട്ടുകളും ഉദുമയില്‍ നിര്‍ണായകമാകും.
2016ല്‍ കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരന്റെ ഭൂരിപക്ഷം 26,011 വോട്ടാണ്. 2011 ല്‍ 12,178 വോട്ടിന്റെ ഭൂരിപക്ഷവും ചന്ദ്രശേഖരന്‍ നേടി. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ധന്യാ സുരേഷ് 54,547 വോട്ടാണ് കാഞ്ഞങ്ങാട് സീറ്റില്‍ നേടിയത്. ബിഡിജെഎസ് സ്ഥാനാര്‍ഥി എം.പി. രാഘവന് 21,104 വോട്ടും. തൃക്കരിപ്പൂരില്‍ 16,959 വോട്ടുകളുടെ ഭൂരിപക്ഷം 2016ല്‍ എം. രാജഗോപാലന് ലഭിച്ചിരുന്നു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുണ്ടെങ്കിലും തൃക്കരിപ്പൂരില്‍ ജയിക്കാന്‍ പാടുപെടേണ്ടിവരും. 2016 ല്‍ യുഡിഎഫിലെ കെ.പി. കുഞ്ഞിക്കണ്ണന്‍ 62,327 വോട്ടാണ് തൃക്കരിപ്പൂരില്‍നിന്ന് പിടിച്ചത്. ബിജെപിക്ക് ഇവിടെ പതിനൊന്നായിരത്തോളം വോട്ടുകളുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകൾ നിയമസഭാടിസ്ഥാനത്തിൽ വിഭജിച്ചാലും എൽഡിഎഫ് മൂന്ന്, യുഡിഎഫ് രണ്ട് എന്നാണു സ്കോർ. മഞ്ചേശ്വരത്തും കാസർകോടും യുഡിഎഫ് മുന്നിലെത്തിയപ്പോൾ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ സീറ്റുകളിൽ എൽഡിഎഫ് മുന്നിലെത്തി. മഞ്ചേശ്വരത്തും കാസർകോടും യുഡിഎഫിന്റെ ലീഡ് യഥാക്രമം 3334, 13243 വോട്ടുകളാണ്. മറ്റ് മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ലീഡ് ഇങ്ങനെ– ഉദുമ 6,126, കാഞ്ഞങ്ങാട് 17,872, തൃക്കരിപ്പൂർ 18,262. കാഞ്ഞങ്ങാട്ടെ മടിക്കൈ പഞ്ചായത്തിൽ പലയിടത്തും എൽഡിഎഫിന് എതിരില്ലായിരുന്നു. ആ വോട്ടുകളും ചേർത്താൽ എല്‍ഡിഎഫ് ഭൂരിപക്ഷം പിന്നെയും കൂടും.
English Summary: Assembly election 2021, Kasargod politics