ഇടതു ചേരുമ്പോഴും പ്രവചനാതീതം പാലക്കാട്; ആരു വീഴും, ആരു വാഴും?
തമിഴകത്തെ ദ്രാവിഡ പോരിന്റെ ചൂരുമായി വാളയാർ ചുരം കടന്നു വീശിയെത്തുന്ന പാലക്കാടൻ കാറ്റിനു രാഷ്ട്രീയമായി ആരോടും പ്രത്യേക മമതയോ പരിഭവമോ ഇല്ല. ഈ കാറ്റിൽ കത്തിപ്പടരുകയും അടിപതറുകയും ചെയ്ത ചരിത്രം ഇടതുവലതു മുന്നണികൾക്കും ഒരുപോലെ. ഓരോ ....| Palakkad | Kerala Assembly Elections 2021 | Manorama News
തമിഴകത്തെ ദ്രാവിഡ പോരിന്റെ ചൂരുമായി വാളയാർ ചുരം കടന്നു വീശിയെത്തുന്ന പാലക്കാടൻ കാറ്റിനു രാഷ്ട്രീയമായി ആരോടും പ്രത്യേക മമതയോ പരിഭവമോ ഇല്ല. ഈ കാറ്റിൽ കത്തിപ്പടരുകയും അടിപതറുകയും ചെയ്ത ചരിത്രം ഇടതുവലതു മുന്നണികൾക്കും ഒരുപോലെ. ഓരോ ....| Palakkad | Kerala Assembly Elections 2021 | Manorama News
തമിഴകത്തെ ദ്രാവിഡ പോരിന്റെ ചൂരുമായി വാളയാർ ചുരം കടന്നു വീശിയെത്തുന്ന പാലക്കാടൻ കാറ്റിനു രാഷ്ട്രീയമായി ആരോടും പ്രത്യേക മമതയോ പരിഭവമോ ഇല്ല. ഈ കാറ്റിൽ കത്തിപ്പടരുകയും അടിപതറുകയും ചെയ്ത ചരിത്രം ഇടതുവലതു മുന്നണികൾക്കും ഒരുപോലെ. ഓരോ ....| Palakkad | Kerala Assembly Elections 2021 | Manorama News
തമിഴകത്തെ ദ്രാവിഡ പോരിന്റെ ചൂരുമായി വാളയാർ ചുരം കടന്നു വീശിയെത്തുന്ന പാലക്കാടൻ കാറ്റിനു രാഷ്ട്രീയമായി ആരോടും പ്രത്യേക മമതയോ പരിഭവമോ ഇല്ല. ഈ കാറ്റിൽ കത്തിപ്പടരുകയും അടിപതറുകയും ചെയ്ത ചരിത്രം ഇടതുവലതു മുന്നണികൾക്കും ഒരുപോലെ. ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടികളുടെ ചങ്കിടിപ്പിനു വേഗം കൂട്ടുന്നതും പാലക്കാടിന്റെ ഈ പ്രവചനാതീത സ്വഭാവം.
ഒറ്റനോട്ടത്തിൽ ഇടതുചേരിയോട് ഒരൽപ്പം പ്രിയം കൂടുതലാണു ജില്ലയ്ക്കെന്നു തോന്നാമെങ്കിലും കോൺഗ്രസിനെയും യുഡിഎഫിനെയും മനസ്സാൽ വരിച്ച ചരിത്രവും ജില്ലക്കുണ്ട്. അങ്കത്തട്ടും സാഹചര്യങ്ങളും വിഭിന്നമായിരുന്നെങ്കിലും ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പു തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ജില്ലയിലെ പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസിനൊപ്പമായിരുന്നു വിജയം
രണ്ടാം ടേമിലും ബിജെപി അധികാരം കയ്യാളുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാടിനെ കൂടി ചേർത്തുവച്ചാലെ ജില്ലയുടെ രാഷ്ട്രീയചിത്രം പൂർണമാകുകയുളളൂ. പാലക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിൽ പ്രതീക്ഷയുടെ കണ്ണെറിഞ്ഞുള്ള ബിജെപി സാന്നിധ്യം ഇത്തവണ ഇരുമുന്നണികളുടെയും ഉറക്കംക്കെടുത്തുമെന്നതും ഉറപ്പ്.
∙ 2016 ൽ ഉയർന്ന ചെങ്കൊടി
നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സമീപകാല ചരിത്രമെടുത്താൽ ഇടതിന്റെ മേൽക്കോയ്മ പ്രകടമായി കാണാം. ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും വരിച്ച മലമ്പുഴയുൾപ്പെടെയുള്ള ഉരുക്കുകോട്ടകളുടെ സാന്നിധ്യമാണ് ജില്ലയിലെ ഇടതുപാളയത്തെ കരുത്തുറ്റതാക്കുന്നത്. ആകെയുള്ള 12 മണ്ഡലങ്ങളിൽ ഒൻപതിലും വിജയിച്ചാണ് 2016 ൽ ജില്ലയെ ഇടതുമുന്നണി ഒപ്പംചേർത്തത്.
നിലവിലെ നിയമസഭയിലെ ബേബിയായ മുഹ്‍സിനും സീനിയറായ വി.എസ്.അച്യുതാനന്ദനും ജയിച്ചു കയറിയ ഇടതുപോരാളികളിൽ ഉൾപ്പെടും. തരൂരിൽ നിന്നും വിജയിച്ച എ.കെ.ബാലനും ചിറ്റൂരിന്റെ പ്രതിനിധിയായ കെ.കൃഷ്ണൻക്കുട്ടിയും പിണറായി മന്ത്രിസഭയിൽ അംഗങ്ങളായി. ആകെ പോൾ ചെയ്ത വോട്ടിൽ 44.4% നേടിയാണ് എൽഡിഎഫ് ജില്ലയിൽ തരംഗമായത്.
യുഡിഎഫ് 36.74% പേരുടെ പിന്തുണ സ്വന്തമാക്കിയപ്പോൾ 16.15% വോട്ടാണ് എൻഡിഎയുടെ പെട്ടിയിൽ വീണത്. യുവനിരയിലെ ശ്രദ്ധേയരായ വി.ടി. ബൽറാമും ഷാഫി പറമ്പിലുമാണ് തൃത്താലയും പാലക്കാടും സ്വന്തമാക്കി 2016 ൽ കോൺഗ്രസിന്റെ അഭിമാനം കാത്തത്. ഇരുവരുടെയും രണ്ടാം അങ്കം കൂടിയായിരുന്നു ഇത്. മണ്ണാർക്കാട് പിടിച്ചെടുത്ത മുസ്‌ലിം ലീഗിലെ എം.ഷംസുദ്ദീന്‍ യുഡിഎഫ് നിരയിലെ മൂന്നാം വിജയിയായി. മുൻ ജില്ലാ സെക്രട്ടറി പി.ഉണ്ണി ഒറ്റപ്പാലത്തും പി.കെ. ശശി ഷൊർണൂരും കെ.വി. വിജയദാസ് കോങ്ങാടും കെ.ബാബു നെന്മാറയിലും കെ.ഡി. പ്രസേനൻ ആലത്തൂരും ഇടതുജയത്തിന്റെ പതാകാവാഹകരായി.
∙ 2011ലും പ്രണയം ഇടതിനോട്
2016 ൽ ഇടതുമുന്നണിക്ക് ഈസി വാക്കോവർ ആയിരുന്നെങ്കിൽ 2011 ൽ അത് ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. 12 ല്‍ ഏഴു മണ്ഡലങ്ങൾ ഇടതുമുന്നണിക്കൊപ്പം നിലകൊണ്ടപ്പോൾ അഞ്ചിടത്തായിരുന്നു യുഡിഎഫിന്റെ ജയം. 4.69% വോട്ടിന്റെ വ്യത്യാസമാണ് ഇരുമുന്നണികൾക്കും ഉണ്ടായിരുന്നത്. 47.52 % വോട്ടർമാർ ഇടതു ചേരിക്കൊപ്പം നിലകൊണ്ടപ്പോൾ 42.83% യുഡിഎഫിന് അനുകൂലമായി വിധിയെഴുതി. 6.70% വോട്ടുകളാണ് അന്ന് എൻഡിഎ സ്വന്തമാക്കിയത്.
∙ മലമ്പുഴ, പാലക്കാട്, തൃത്താല
മറ്റൊരു രാഷ്ട്രീയഅങ്കത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കെ മൂന്നു മണ്ഡലങ്ങളാണ് ഇത്തവണ പാലക്കാടിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് – വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴ, മൂന്നു മുന്നണികളും ഒരുപോലെ കണ്ണുവയ്ക്കുന്ന പാലക്കാട്, വി.ടി. ബൽറാം മൂന്നാം അങ്കത്തിനിറങ്ങാൻ സാധ്യതയുള്ള തൃത്താല എന്നിവയാണത്.
∙ വി.എസ്. ഇല്ലാത്ത മലമ്പുഴ
പാലക്കാടിന്റെ മാത്രമല്ല രാഷ്ട്രീയ കേരളത്തിന്റെ കൂടി ശ്രദ്ധാകേന്ദ്രമായി മാറാനുള്ള നിയോഗം പലകുറി ഏറ്റുവാങ്ങിയ ചരിത്രമാണ് വിനോദ സഞ്ചാര ഭൂപടത്തിൽ ജില്ലയുടെ തിലകക്കുറിയായ മലമ്പുഴക്ക് പറയാനുള്ളത്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ഇ.കെ. നായനാർക്കൊപ്പം നിലകൊണ്ട മലമ്പുഴ വർഷങ്ങൾക്കിപ്പുറം വി.എസ്. അച്യുതാനന്ദൻ എന്ന ജനനേതാവ് എത്തിയപ്പോഴും ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു. അധ്യാപകരംഗത്തു നിന്നും രാഷ്ട്രീയത്തിലേക്കു ചുവടുമാറി മന്ത്രിയായും ഒപ്പം സംഘടനാതലത്തിലും കരുത്തു തെളിയിച്ച ടി.ശിവദാസ മേനോനായിരുന്നു ഇതിനിടയിലെ കാലയളവിൽ മലമ്പുഴ എന്ന സിപിഎം ഉരുക്കുകോട്ട കാത്തത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും ഇടതിനെ കൈവിടാൻ മലമ്പുഴ തയ്യാറായില്ലെന്നത് മണ്ഡലത്തിൽ സിപിഎമ്മിന് ആഴത്തിലുള്ള വേരോട്ടം വ്യക്തമാക്കുന്നു.
പടക്കളത്തിൽ ഇത്തവണ വിഎസ് ഇല്ലെന്നു ഉറപ്പായതോടെ പകരക്കാരൻ ആരാകുമെന്നത് ആകാംഷയിലാണ് രാഷ്ട്രീയ കേരളം. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, മുൻ എംപിമാരായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ് തുടങ്ങിയവരുടെ പേരുകളാണ് മലമ്പുഴയിലേക്കുള്ള പരിഗണന പട്ടികയിൽ ഉയർന്നു കേൾക്കുന്നത്. ഇതിൽ എൻ.എൻ. കൃഷ്ണദാസിനാണ് കൂടുതൽ സാധ്യതയെന്നാണു സൂചന.
കോൺഗ്രസിനെ സംബന്ധിച്ച് മലമ്പുഴയിലെ പോരാട്ടം കാൽക്കീഴിൽ നിന്നും മണ്ണ് ഒലിച്ചു പോയിട്ടില്ലെന്നതു തെളിയിക്കാനുള്ള അവസരം കൂടിയാണ്. 2016 ൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതു സമ്മാനിച്ച മുറിപ്പാടുണങ്ങാൻ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന തിരിച്ചറിവ് കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. നാലു തിരഞ്ഞെടുപ്പുകളിലായി ജില്ലയ്ക്കു പുറത്തുള്ളവരാണ് ഇവിടെ സ്ഥാനാർഥികളായി എത്തിയത്. അതുകൊണ്ടു തന്നെ ഇത്തവണ ജില്ലയിൽ നിന്നു തന്നെയുള്ള ഒരു യുവനേതാവിനെ രംഗത്തിറക്കണമെന്ന ആവശ്യം കോൺഗ്രസിന്റെ പ്രാദേശിക തലങ്ങളിൽ ശക്തമാണ്.
വി.എസിനോടു പൊരുതി കഴിഞ്ഞ തവണ രണ്ടാമതെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാനുമായ സി.കൃഷ്ണകുമാറിനെ തന്നെ ബിജെപി ഇത്തവണയും ഗോദയിലിറക്കാനാണ് സാധ്യത. തദ്ദേശപ്പോരിൽ മലമ്പുഴ, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ മുന്നേറ്റം മലമ്പുഴ അപ്രാപ്യമല്ലെന്ന വിലയിരുത്തലിലേക്ക് ബിജെപിയെ നയിച്ചിട്ടുണ്ട്.
27,142 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.എസ്. കഴിഞ്ഞ തവണ മലമ്പുഴയുടെ പ്രതിനിധിയായി നിയമസഭയിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 20,795 വോട്ടിന്റെ മേൽക്കോയ്മയോടെ ഇടതുമുന്നണിയുടെ കൈകളിൽ തന്നെയാണ് മണ്ഡലത്തിന്റെ കടിഞ്ഞാൺ. ബിജെപിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്കു കടന്നുവരാൻ യുഡിഎഫിനായിട്ടുണ്ടെന്നതാണ് തദ്ദേശപ്പോരിലെ മറ്റൊരു സവിശേഷത.
∙ ത്രികോണപ്പോരിൽ പാലക്കാട് മണ്ഡലം
ജില്ലയിൽ ഇത്തവണ ശക്തമായ ത്രികോണപ്പോരാട്ടത്തിനു സാധ്യതയുള്ള മണ്ഡലമാണ് പാലക്കാട്. നഗരഭരണം കൈയ്യാളുന്ന ബിജെപിയും ഇടതുവലതു മുന്നണികളും ഒരുപോലെ പാലക്കാടിൽ സ്വപ്നക്കൂട് കൂട്ടുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ പാലക്കാടിന് മുൻനിര സ്ഥാനമാണ് ബിജെപി നൽകുന്നത്. കഴിഞ്ഞ രണ്ടു തവണത്തെ വിജയം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ്. എൻ.എൻ. കൃഷ്ണദാസിനെപ്പോലെ ശക്തനായ ഒരു സ്ഥാനാർഥിയുടെ സാന്നിധ്യത്തിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത്തവണ വലിയ വെല്ലുവിളിയാണ് മുന്നിൽ.
ഹാട്രിക് ജയം തേടുന്ന ഷാഫി പറമ്പിൽ തന്നെ ഇത്തവണയും കോൺഗ്രസിന്റെ പടയാളിയായി കളത്തിലിറങ്ങുമെന്നത് ഏതാണ്ട് ഉറപ്പാണ്. മെട്രോ മാൻ ഇ.ശ്രീധരന്റെ കടന്നു വരവോടു കൂടി ബിജെപിയുടെ സാധ്യതാ പട്ടികക്ക് തിളക്കമേറിയിരിക്കുകയാണ്. യുവമോർച്ച നേതാവും സംസ്ഥാന വക്താവുമായ സന്ദീപ് വാര്യരാണ് പരിഗണനയിലുള്ള മറ്റൊരു പേര്. നഗരസഭയിലെ ബിജെപി കൗണ്‍സിലറായ എൻ.നടേശന്റെ പേരും ചില കേന്ദ്രങ്ങള്‍ ഉയർത്തുന്നു. കരുത്തു തെളിയിക്കേണ്ടത് അനിവാര്യമായ പോരാട്ടത്തിൽ സ്ഥാനാർഥി നിർണയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തലവേദനയാണ്. അനുഭവപരിചയമുള്ള പല നേതാക്കളുടെയും പേരുകൾ പരിഗണനയിലുണ്ടെങ്കിലും യുവനിരയിൽ നിന്നുമൊരാളെ സിപിഎം നിയോഗിച്ചാൽ അദ്ഭുതപ്പെടാനില്ല. ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിനു തടയിടാൻ യുവ പ്രതിനിധിയാകും കൂടുതൽ അനുയോജ്യമെന്ന വാദമാണ് ഇത്തരമൊരു ചിന്തക്ക് പിന്നിൽ.
17,483 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണ ഷാഫി പറമ്പിലിന്റെ ജയം. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ മേൽക്കോയ്മ നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും ലീഡ് 3,785 ആയി കുറഞ്ഞു. വോട്ടുനേട്ടത്തിൽ രണ്ടാം സ്ഥാനത്തെത്താനായത് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. എന്നാൽ നിയമസഭയിലേക്കുള്ള പോരാട്ടത്തിൽ ഓരോ മത്സരത്തിലും നില മെച്ചപ്പെടുത്തുന്ന രീതിയാണ് ബിജെപിയുടേത്.
∙ ചങ്കാണ് തൃത്താല, അഭിമാനവും
ജില്ലയിലെ മറ്റേതു മണ്ഡലത്തിലേക്കാഉും സിപിഎം നേതൃത്വം മനസുകൊണ്ട് വിജയം ആഗ്രഹിക്കുന്നത് തൃത്താലയാകും. ചരിത്രത്തിലേക്കു ആഴ്ന്നിറങ്ങിയാൽ ഇരുമുന്നണികൾക്കും തുല്യജയം സമ്മാനിച്ച മണ്ഡലമാണ് തൃത്താല. തുടർച്ചയായി നാലു തവണ വിജയിച്ച് മണ്ഡലം സ്വന്തം അക്കൗണ്ടിലേക്ക് തുന്നിച്ചേർക്കാനുള്ള സിപിഎമ്മിന്റെ സ്വപ്നങ്ങൾക്കു മങ്ങലേൽപ്പിച്ചാണ് വി.ടി. ബൽറാം എന്ന യുവ സാരഥി 2011ൽ വിജയക്കൊടി പാറിച്ചത്. 2016ൽ വിജയം ആവർത്തിച്ച ബൽറാം ലീഡും ഉയർത്തി. മത്സരിക്കുന്നുണ്ടെങ്കിൽ അതു തൃത്താലയിൽ നിന്നു മാത്രമായിരിക്കുമെന്ന പ്രഖ്യാപനവുമായി ബൽറാം രംഗത്തെത്തിയതോടെ ഇത്തവണത്തെ മത്സരത്തിനുള്ള അരങ്ങുണർന്നു കഴിഞ്ഞു.
എംഎൽഎയോടു പരസ്യപ്പോര് പ്രഖ്യാപിച്ച് നിലകൊള്ളുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തൃത്താല തിരികെ പിടിക്കുക എന്നത് കേവലം ഒരു രാഷ്ട്രീയ അജണ്ട മാത്രമല്ല അഭിമാന പ്രശ്നം കൂടിയാണ്. അതുകൊണ്ടു തന്നെ ബൽറാമിനെ വെല്ലാൻ പ്രാപ്തരായ യുവനേതാക്കള്‍ക്കാണ് പാർട്ടി മുൻഗണന നൽകുന്നത്.
എം.സ്വരാജിന്റെയും എം.ബി. രാജേഷിന്റെയും പേരുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇവരിരുവരും ഇത്തവണ തൃത്താലയിലെ അങ്കത്തട്ടിലുണ്ടാകില്ലെന്നാണ് സൂചന. വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത സീറ്റിൽ രാജേഷ് തന്നെ രംഗത്തിറങ്ങണമെന്ന വാദം ഒരു വിഭാഗം ഇപ്പോഴും ഉയർത്തുന്നുണ്ടെങ്കിലും മറ്റൊരു യുവനേതാവിലേക്ക് സിപിഎം നേതൃത്വം എത്തിയേക്കാനാണ് സാധ്യത. കോൺഗ്രസിൽ നിന്നും രാജിവച്ച് വി ഫോർ പട്ടാമ്പിക്കു രൂപം നൽകിയ പട്ടാമ്പി നഗരസഭ ഉപാധ്യക്ഷൻ ഷാജിയുടെ പേരും പരിഗണനയിലുണ്ട്.
10,547 വോട്ടിനാണ് സിപിഎമ്മിലെ സുബൈദ ഇസഹാക്കിനെ വി.ടി. ബലറാം 2016 ൽ മറികടന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ 6,882 വോട്ടിന്റെ മുൻതൂക്കം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും നിയമസഭയിലേക്കെത്തുമ്പോൾ യുഡിഎഫിനൊപ്പം നിൽക്കുന്ന തൃത്താലയുടെ മനസ് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാണ്.
∙ മന്ത്രി മണ്ഡലങ്ങളിലൂടെ...
തരൂരിന്റെ പ്രതിനിധിയായ മന്ത്രി എ.കെ. ബാലന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നതാണ് സൂചന. സിപിഎമ്മിന്റെ സുരക്ഷിത കോട്ടയെന്ന ലേബൽ തരൂരിനും രൂപം മാറുന്നതിനു മുമ്പുള്ള കുഴൽമന്ദത്തിനും തീർത്തും ഇണങ്ങും. ബാലൻ മാറിനിൽക്കുകയാണെങ്കിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ശാന്താകുമാരിക്കാണ് കൂടുതൽ സാധ്യത. മണ്ഡലത്തിലെ തന്നെ യുവനേതാവായ സി.പ്രകാശനായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന്റെ സ്ഥാനാർഥി. സമാന പരീക്ഷണത്തിനു തന്നെയാകും കോൺഗ്രസ് ഇത്തവണയും മുതിരുക. 23,068 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.കെ. ബാലൻ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശപ്പോരിലും 12,334 വോട്ടിന്റെ ആധിപത്യം ഇടതുമുന്നണിക്കുണ്ട്.
മന്ത്രി കെ.കൃഷ്ണൻകുട്ടി തന്നെയാകും ചിറ്റൂരിൽ ഇത്തവണയും ഇടതു സ്ഥാനാർഥിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. സിപിഎമ്മിനു കാര്യമായ വേരോട്ടമുള്ള മണ്ണിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്കും നല്ല സ്വീകാര്യതയാണ്. ഏതാനും വർഷങ്ങളായി ചിറ്റൂരിലെ അങ്കമെന്നാൽ അതു കെ.കൃഷ്ണൻകുട്ടിയും കോണ്‍ഗ്രസിലെ കെ.അച്യുതനും തമ്മിലുള്ള വ്യക്തിഗത പോരാട്ടമാണ്. 2011ൽ സീറ്റ് സിപിഎം ഏറ്റെടുത്ത് സ്വന്തം സ്ഥാനാർഥിയെ നിർത്തിയതു മാത്രമാണ് ഇതിനൊരു അപവാദം. മകൻ സുമേഷിനെ സ്ഥാനാര്‍ഥിയാക്കാൻ കെ.അച്യുതൻ കരുക്കൾ നീക്കുന്നുണ്ടെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് പോര് ഇതിന് എത്രത്തോളം തടയിടുമെന്നതിന് അനുസരിച്ചാകും കൊങ്കൻ പടയുടെ നാട്ടിലെ അന്തിമ ചിത്രം തെളിയുക. 7,285 വോട്ടിനായിരുന്നു കഴിഞ്ഞ തവണ കൃഷ്ണൻകുട്ടിയുടെ ജയം. നില ഒന്നുകൂടി മെച്ചപ്പെടുത്തി 12,956 വോട്ടിന്റെ ലീഡാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ ഇടതുമുന്നണി കരസ്ഥമാക്കിയത്.
∙ ഒറ്റപ്പാലവും ഷൊർണൂരും
സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും നിലവിൽ ഒറ്റപ്പാലം എംഎൽഎയുമായ പി.ഉണ്ണി ഇത്തവണ മാറിനിൽക്കാനാണ് സാധ്യത. മത്സരത്തിനില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലും ഇടതിനോടൊപ്പം ചേർന്നു നിന്ന മണ്ഡലത്തിൽ യുവ സ്ഥാനാർഥിയാകണമെന്ന അഭിപ്രായത്തിന് സിപിഎമ്മിൽ മുൻതൂക്കമുണ്ട്. യുവജന പ്രസ്ഥാനങ്ങളുടെ വളർന്നു വന്ന കെ.ജയദേവന്റെ പേരിനാണ് മുൻഗണന. എന്നാൽ അപൂർവമായി മാത്രം ഇടതിനെ കൈവിട്ട ചരിത്രമുള്ള മണ്ഡലത്തിൽ നിലവിലെ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മത്സരിപ്പിക്കണമെന്ന വാദവും ഉയരുന്നു.
സംഘടനാരംഗത്ത് തുടരാൻ സി.കെ.രാജേന്ദ്രൻ തീരുമാനിച്ചാൽ ജയദേവനു തന്നെ നറുക്കു വീഴാനുള്ള സാധ്യതയാണ് കൂടുതൽ. സിവിൽ സർവീസ് ത്യജിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ ഡോ പി.സരിനാണ് കോൺഗ്രസിന്റെ പട്ടികയിലെ പ്രബലൻ. രാഹുൽഗാന്ധിക്കു കൂടി പ്രിയങ്കരനെന്ന നിലയിൽ സരിൻ സ്ഥാനാർഥിത്വം ഏകദേശം ഉറപ്പിച്ച മട്ടാണ്. മണ്ഡലത്തിലെ വ്യക്തി എന്നതും ആ സാധ്യതകൾക്കു തിളക്കമേകുന്നു. 16,088 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ പി.ഉണ്ണി സ്വന്തമാക്കിയത്. തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം പരിശോധിച്ചാൽ അത് 21,650ൽ എത്തിനിൽക്കുന്നു.
അദ്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ലെങ്കിൽ പി.കെ.ശശി തന്നെയാകും ഷൊർണൂരിൽ ഇത്തവണയും സിപിഎം സ്ഥാനാർഥി. സമീപകാല വിവാദങ്ങൾ ശശിയുടെ സാധ്യതകൾക്കു തെല്ലും മങ്ങലേൽപ്പിച്ചിട്ടില്ലെന്നു മാത്രമല്ല പാർട്ടിക്കകത്തും അദ്ദേഹം കൂടുതൽ കരുത്തനായി കഴിഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഫിറോസ് ബാബുവാണ് ഇവിടെ യുഡിഎഫ് പരിഗണനയിലുള്ള സ്ഥാനാർഥികളിലൊരാള്‍.
വി.കെ.ശ്രീകണ്ഠൻ എംപിയുടെ തട്ടകം കൂടിയായ ഷൊർണൂരിൽ അദ്ദേഹത്തിന്റെ നിലപാടും നിർണായകമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ 30,000 ത്തിലധികം വോട്ട് കരസ്ഥമാക്കിയ മണ്ഡലത്തിൽ ബിജെപിയും ഒരങ്കത്തിനുള്ള സാധ്യത കാണുന്നു. കഴിഞ്ഞ തവണ ബിഡിജെഎസ് പ്രതിനിധിയാണ് ഇവിടെ എൻഡിഎക്കായി മത്സരിച്ചത്. ഇത്തവണ സ്വന്തം സ്ഥാനാർഥിയെ നിർത്തിയൊരു പരീക്ഷണത്തിന് ബിജെപി ഒരുങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 24,547 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് 2016 ൽ മണ്ഡലം ശശിയെ തുണച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൽ ആ ലീഡ് 27,373 ആക്കി ഉയര്‍ത്താൻ മുന്നണിക്കു സാധിച്ചിട്ടുണ്ട്.
∙ മറ്റു മണ്ഡലങ്ങളിലൂടെ...
ആലത്തൂർ: നിലവിലെ ജനപ്രതിനിധിയായ കെ.ഡി.പ്രസേനൻ തന്നെയാകും ഇത്തവണയും ഇടതു മുന്നണിയുടെ പ്രതിനിധി. ലോക്സഭ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിലൂടെ നേടിയ അട്ടിമറി വിജയത്തോടെ ജയസാധ്യത യുഡിഎഫ് ക്യാംപും മണക്കുന്നു. കേരള കോൺഗ്രസ് എമ്മിനു പതിവായി നൽകാറുള്ള സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന വാദത്തിലാണ് ചർച്ചകളെത്തി നിൽക്കുന്നത്.
കൂടുതലും ചുവന്ന ചരിത്രമുള്ള ആലത്തൂരിൽ കോൺഗ്രസ് എന്നും ഓർക്കുന്ന ജയങ്ങളിലൊന്നിലെ നായകനായ എ.വി. ഗോപിനാഥിനെ ഇത്തവണ രംഗത്തിറക്കണമെന്ന ആഗ്രഹം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ ഇത്തരമൊരു ആവശ്യത്തോട് ഗോപിനാഥ് എത്രത്തോളും വഴങ്ങുമെന്നത് സ്ഥാനാർഥി നിർണയത്തില്‍ പ്രധാനമാകും. യുവനേതാവായ പാളയം പ്രദീപാണ് പരിഗണനയിലുള്ള മറ്റൊരു വ്യക്തി. 36,060 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016 ൽ മണ്ഡലം ഇടതിനു സമ്മാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 16,750 വോട്ടായി കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെ സ്വപ്നങ്ങൾക്കു നിറംപകരുന്ന ഒരു ഘടകവും ഇതുതന്നെ.
നെന്മാറ: സിറ്റിങ് എംഎൽഎ തന്നെ ഇടതു പ്രതിനിധിയായി തുടരാനുള്ള സാധ്യത കൂടുതലുള്ള മണ്ഡലങ്ങളിലൊന്നാണ് നെന്മാറ. 2011ൽ സിഎംപി നേതാവ് എം.വി. രാഘവൻ മത്സരിച്ച ചരിത്രവും നെന്മാറക്കുണ്ട്. 2016 ൽ സീറ്റ് തിരിച്ചെടുത്ത കോൺഗ്രസ് ഇവിടെ എ.വി. ഗോപിനാഥിനെ കളത്തിലിറക്കിയെങ്കിലും ഇടതുജയം തടയാനായില്ല. 7,408 വോട്ടിനായിരുന്നു കെ.ബാബുവിന്റെ ജയം. സിഎംപിക്കു തന്നെ സീറ്റ് വിട്ടുകൊടുക്കുകയാണെങ്കിൽ എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ മത്സരിക്കാനിടയുണ്ട്.
കോങ്ങാട്: കെ.വി. വിജയദാസ് അന്തരിച്ചതോടെ മണ്ഡലത്തിൽ പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇടതുമുന്നണി നിർബന്ധിതരായിരിക്കുകയാണ്. സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎമ്മും ഇടതുമുന്നണിയും കടന്നിട്ടില്ലെങ്കിലും കരുത്തുറ്റ ഒരു യുവനേതാവാകണം സ്ഥാനാർഥി എന്ന ആശയം ചില കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഭാര്യയും എഐസിസി അംഗവുമായ കെ.എ. തുളസി ഇവിടെ യുഡിഎഫിന്റെ സജീവ പരിഗണനയിലുണ്ട്. ശക്തമായ മത്സരം കാഴ്ചവച്ചാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് ക്യാംപിലെ പൊതു വിലയിരുത്തൽ. 13,271 വോട്ടിനു കോൺഗ്രസിലെ പന്തളം സുധാകരനെ മറികടന്നാണ് കെ.വി. വിജയദാസ് 2016 ൽ മണ്ഡലത്തിന്റെ ഇടതുപെരുമ കാത്തുസൂക്ഷിച്ചത്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതിന്റെ വോട്ടുനേട്ടം 16,954 ആയി വർധിച്ചു.
മണ്ണാർക്കാട്: മുസ്‍ലിം ലീഗിലെ യുവനിരയിൽ ഏറെ ശ്രദ്ധേയനായ എൻ.ഷംസുദ്ദീനെ തന്നെ മണ്ണാർക്കാട് കാക്കാൻ യുഡിഎഫ് നിയോഗിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ ഒഴിവു വന്ന മലപ്പുറം ലോക്സഭ സീറ്റിലേക്കു പരിഗണനയിലുള്ളവരുടെ പട്ടികയിലും ഷംസുദ്ദീൻ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച കെ.പി.സുരേഷ് രാജിനെ തന്നെ സിപിഐ രംഗത്തിറക്കിയേക്കുമെന്നാണ് വിലയിരുത്തലെങ്കിലും മണ്ഡലത്തിന്റെ പ്രത്യേക കണക്കിലെടുത്ത് മുൻ എംഎൽഎ ജോസ് ബോബിയെ വീണ്ടും കളത്തിലിറക്കണമെന്ന വാദത്തിനും പ്രസക്തിയേറിയിട്ടുണ്ട്. ഇവർ രണ്ടുപേരുമല്ലെങ്കിൽ പുതുമുഖമായ ഒരു യുവ സ്ഥാനാർഥിക്കായിരിക്കും സാധ്യത. 12,125 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016 ൽ ഷംസുദ്ദീന് മണ്ണാർക്കാട് നൽകിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠന്റെ വിജയത്തിനു പിന്നിലെ പ്രധാന ഊർജവും മണ്ണാർക്കാട് സമ്മാനിച്ച മേൽക്കോയ്മയായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കായിരുന്നു വോട്ട് നേട്ടം – 3311 വോട്ടിന്റെ ലീഡ്.
പട്ടാമ്പി: നിലവിലെ നിയമസഭയിലെ ബേബിയായ മുഹമ്മദ് മുഹ്സിൻ എന്ന ഒറ്റപ്പേരിലേക്ക് സിപിഐ നേതൃത്വം ഇതിനോടകം എത്തിക്കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ നേരത്തെ രണ്ടു മണ്ഡലങ്ങളുണ്ടായിരുന്ന ലീഗ് നേതൃത്വം മണ്ണാർക്കാടിനു പുറമെ പട്ടാമ്പി കൂടി വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാനുള്ള സാധ്യത എഴുതിതള്ളാനാകില്ല. 7,404 വോട്ടിനാണ് മുഹ്സിൻ കഴിഞ്ഞ തവണ സിപിഐക്കായി മണ്ഡലം തിരികെ പിടിച്ചത്. തദ്ദേശപ്പോരിലും 8,791 വോട്ടിന്റെ ലീഡ് നിലനിർത്താൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്.
English Summary: Political Round up of Palakkad Assembly Constituencies, Assembly Elections 2