നിലനിർത്താൻ എൽഡിഎഫ്, തിരിച്ചുപിടിക്കാൻ യുഡിഎഫ്; ഏറ്റുമാനൂരിൽ ആവേശപ്പോരാട്ടം
കോട്ടയം∙ ജില്ലയിൽ ശക്തമായ പോരാട്ടത്തിനു കളമൊരുങ്ങുന്ന മണ്ഡലങ്ങളിലൊന്നാണ് ഏറ്റുമാനൂർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സിപിഎം സംസ്ഥാന | Kerala Assembly Elections 2021 | Ettumanoor Constituency | UDF | LDF | Manorama Online
കോട്ടയം∙ ജില്ലയിൽ ശക്തമായ പോരാട്ടത്തിനു കളമൊരുങ്ങുന്ന മണ്ഡലങ്ങളിലൊന്നാണ് ഏറ്റുമാനൂർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സിപിഎം സംസ്ഥാന | Kerala Assembly Elections 2021 | Ettumanoor Constituency | UDF | LDF | Manorama Online
കോട്ടയം∙ ജില്ലയിൽ ശക്തമായ പോരാട്ടത്തിനു കളമൊരുങ്ങുന്ന മണ്ഡലങ്ങളിലൊന്നാണ് ഏറ്റുമാനൂർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സിപിഎം സംസ്ഥാന | Kerala Assembly Elections 2021 | Ettumanoor Constituency | UDF | LDF | Manorama Online
കോട്ടയം∙ ജില്ലയിൽ ശക്തമായ പോരാട്ടത്തിനു കളമൊരുങ്ങുന്ന മണ്ഡലങ്ങളിലൊന്നാണ് ഏറ്റുമാനൂർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സിപിഎം സംസ്ഥാന സമിതി തീരുമാനിച്ച പുതിയ മാനദണ്ഡങ്ങൾ, കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫിലേക്കുള്ള ചുവടുമാറ്റം തുടങ്ങിയവ ഏറ്റുമാനൂരിൽ മുന്നണികളുടെ സ്ഥാനാർഥി നിർണയത്തെ സ്വാധീനിക്കും. സിറ്റിങ് എംഎൽഎ സിപിഎമ്മിലെ സുരേഷ് കുറുപ്പ് തന്നെ വീണ്ടും സ്ഥാനാർഥിയാകുമോ?, കേരള കോൺഗ്രസ് (എം) മുന്നണി മാറിയതോടെ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുമോ?, അതോ പി.ജെ. ജോസഫ് പക്ഷത്തിന് സീറ്റ് നൽകുമോ? തുടങ്ങിയ ചോദ്യങ്ങൾ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്ക് ആക്കംകൂട്ടുന്നു.
രണ്ടാംവട്ടവും സുരേഷ് കുറുപ്പ്
തോമസ് ചാഴികാടനിലൂടെ യുഡിഎഫ് കൈവശം വച്ചിരുന്ന മണ്ഡലം 2011 ൽ സുരേഷ് കുറുപ്പിനെ കളത്തിവിറക്കി എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 2016 ലും സുരേഷ് കുറുപ്പ് മണ്ഡലം നിലനിർത്തി. 2011 ൽ 1801 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്ത സുരേഷ് കുറുപ്പ് ഭൂരിപക്ഷം 8179 വോട്ടാക്കിയാണ് 2016 ൽ ഏറ്റുമാനൂർ നിലനിർത്തിയത്. ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്ന ഘട്ടംവരെയെത്തിയ ശേഷമാണ് ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് വിജയം ഉറപ്പിച്ചത്. എൻഡിഎ സ്ഥാനാർഥി എ.ജി.തങ്കപ്പന്റെ സാന്നിധ്യം കുറുപ്പിന്റെ വിജയസാധ്യത കുറയ്ക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു വിജയം. യുഡിഎഫ് വിമതനായി മത്സരിച്ച ജോസ് മോൻ മുണ്ടയ്ക്കൽ പിടിച്ച 3774 വോട്ടുകളും സുരേഷ് കുറുപ്പിന്റെ വർധിച്ച ഭൂരിപക്ഷത്തിന് കാരണമായി. കോട്ടയം ജില്ലയിൽ സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റാണ് ഏറ്റുമാനൂർ.
നിയമസഭാ തിരഞ്ഞെടുപ്പ് 2016– വോട്ടുനില
∙ എൽഡിഎഫ് – 53,805 (40.67%)
∙ യുഡിഎഫ് – 44,906 (33.94%)
∙ എൻഡിഎ – 27,540 (20.82%)
എൽഡിഎഫ് ലീഡ്: 8,179 വോട്ട്
2021: സാധ്യതകൾ
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതി തീരുമാനിച്ച പുതിയ മാനദണ്ഡങ്ങൾ ഏറ്റുമാനൂരിലെ സ്ഥാനാർഥിത്വത്തെയും ബാധിക്കും. രണ്ടു ടേം തുടർച്ചയായി ജയിച്ചവരെ ഒഴിവാക്കാനുള്ള സംസ്ഥാന സമിതിയുടെ നിബന്ധന എല്ലാ മണ്ഡലങ്ങളിലും നടപ്പായാൽ നിലവിലെ എംഎൽഎ സുരേഷ് കുറുപ്പിനു മാറേണ്ടി വരും. വിജയസാധ്യത, ഭരണ രംഗത്തെ അനുഭവസമ്പത്ത് എന്നിവ കണക്കിലെടുത്ത് ഏതാനും പേർക്ക് ഇളവു നൽകി വീണ്ടും മത്സരിപ്പിക്കുമെന്ന് സൂചനകളുണ്ട്.
സുരേഷ് കുറുപ്പ് പിൻമാറിയാൽ ഏറ്റുമാനൂർ സീറ്റിൽ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനാണ് സാധ്യത കൽപിക്കപ്പെട്ടിരുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ ഒഴിവാക്കണമെന്ന പാർട്ടി നിർദേശം നടപ്പായാൽ വാസവനും അവസരം നഷ്ടപ്പെടും. തുടർഭരണത്തിനായി പരമാവധി സീറ്റുകളിൽ ജയിക്കുക എന്ന സിപിഎം ലക്ഷ്യം സുരേഷ് കുറുപ്പ്, വി.എൻ. വാസവൻ എന്നിവരിലൊരാൾക്ക് ഇളവിനു വഴിയൊരുക്കാനാണ് സാധ്യത.
ഇരുവരും മാറുന്ന സാഹചര്യത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.അനിൽ കുമാർ, ഡിവൈഎഫ്ഐ നേതാവ് മഹേഷ് ചന്ദ്രൻ എന്നിവരെ പരിഗണിക്കും.
കേരള കോൺഗ്രസ് (എം) ഇടതുപാളയത്തിലേക്കു മാറിയതോടെ ഏറ്റുമാനൂർ സീറ്റ് ആർക്കെന്നതിൽ യുഡിഎഫിൽ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായിരുന്ന പി.ജെ. ജോസഫ് വിഭാഗം സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് മത്സരിച്ചാൽ മുൻ മന്ത്രിയും ഇരിക്കൂർ എംഎൽഎയുമായ കെ.സി.ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. ഏറ്റുമാനൂരിലേക്ക് യുവാക്കളെ പരിഗണിക്കണമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്.
എൻഡിഎ മുന്നണിയിൽ ബിഡിജെഎസാണ് കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ മത്സരിച്ചത്. മുന്നണി സ്ഥാനാർഥി എ.ജി.തങ്കപ്പൻ 27,540 വോട്ടുകൾ നേടിയത് എൻഡിഎ പ്രതീക്ഷയോടെയാണ് കാണുന്നത്.
മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിൽ എൽഡിഎഫും മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫും കരുക്കൾ നീക്കുമ്പോൾ ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം.
Content Highlights: Kerala Assembly Elections 2021, Ettumanoor Constituency