‘മോദി വീട്ടിലിരിക്കാൻ പറഞ്ഞു, പിണറായി സർക്കാർ കിറ്റ് കൊടുത്തു; തിരിച്ചെത്തും’
വിവാദങ്ങൾ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണ്. ജനങ്ങൾ എൽഡിഎഫിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ അതു കണ്ടു. വൻ ഭൂരിപക്ഷത്തോടെ തുടർഭരണമുണ്ടാകും. CPI, LDF, Pannyan Raveendran, Pannian Raveendran, Kerala Assembly Election, Malayala Manorama, Manorama Online, Manorama News
വിവാദങ്ങൾ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണ്. ജനങ്ങൾ എൽഡിഎഫിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ അതു കണ്ടു. വൻ ഭൂരിപക്ഷത്തോടെ തുടർഭരണമുണ്ടാകും. CPI, LDF, Pannyan Raveendran, Pannian Raveendran, Kerala Assembly Election, Malayala Manorama, Manorama Online, Manorama News
വിവാദങ്ങൾ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണ്. ജനങ്ങൾ എൽഡിഎഫിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ അതു കണ്ടു. വൻ ഭൂരിപക്ഷത്തോടെ തുടർഭരണമുണ്ടാകും. CPI, LDF, Pannyan Raveendran, Pannian Raveendran, Kerala Assembly Election, Malayala Manorama, Manorama Online, Manorama News
സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങൾക്കു മണിക്കൂറുകളുടെ ആയുസ്സു മാത്രമേയുള്ളൂവെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ. വിവാദങ്ങൾ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണ്. ജനങ്ങൾ എൽഡിഎഫിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ അതു കണ്ടു. വൻ ഭൂരിപക്ഷത്തോടെ തുടർഭരണമുണ്ടാകും. വോട്ടിനു വേണ്ടി കോൺഗ്രസ് മതനിരപേക്ഷതയെ ബലികൊടുക്കുന്നുവെന്നും ‘മനോരമ ഓൺലൈനിന്’ അനുവദിച്ച അഭിമുഖത്തിൽ പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
∙ ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് ശരിയായില്ലെന്ന് സിപിഐ നേതാവ് സി. ദിവാകരന്റെ പ്രസ്താവന പുറത്തുവന്നിരുന്നു. വിശ്വാസികളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നു തോന്നുന്നില്ലേ?
ശബരിമല വിഷയത്തിൽ തർക്കത്തിനു കാര്യമില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ എൽഡിഎഫിൽ സംശയത്തിന്റെ കാര്യം ഉദിക്കുന്നില്ല. വിശ്വാസികളുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് ശബരിമല. ശബരിമലയിൽ ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തത് ഇടതുപക്ഷ സർക്കാരാണ്. ഒരുപാടു സൗകര്യങ്ങൾ അവിടെ ചെയ്തിട്ടുണ്ട്. കേരളത്തിനു പുറത്തുള്ളവർക്കുകൂടി വരുന്നതിന് സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാരുമായി നന്നായി ബാർഗെയ്ൻ ചെയ്താണ് ശബരി റെയിലിന് അനുമതി വാങ്ങിയെടുത്തത്. 1999 ലെ ബജറ്റിലുള്ള കാര്യമായിരുന്നു ശബരി റെയിൽ പാത. അതിനുശേഷം കേന്ദ്രത്തിൽ കോൺഗ്രസും ബിജെപിയും 22 വർഷത്തോളം ഭരിച്ചു. ഇവരാരും ഇതേക്കുറിച്ച് ആലോചിച്ചുപോലുമില്ല. ഈ സർക്കാരാണ് അതിനുവേണ്ടി പരിശ്രമിച്ചത്. ഞങ്ങൾ ദൈവത്തിന് എതിരല്ല, ദൈവവിശ്വാസികൾക്കും എതിരല്ല. ശബരിമല വിഷയത്തിൽ അങ്ങനൊരു തർക്കത്തിന് ഇടമേയില്ല. വിശ്വാസവും വിശ്വാസരാഹിത്യവും തമ്മിലുള്ള തർക്കമൊന്നും ഇവിടെയില്ല. അതു കേരളത്തിന് ഭൂഷണമല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഏതു രീതിയിലാണ് വന്നതെന്ന് അറിയില്ല. അങ്ങനെയൊരു അഭിപ്രായത്തിനു വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല.
∙ സർക്കാരിന്റെ അവസാന നാളുകളിൽ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധവും കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന രീതിയും കണ്ടല്ലോ. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്.
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയം ഒരു ജീവകാരുണ്യ കാര്യമാണ്. പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ കാര്യത്തിൽ ഒരുപാടു പ്രശ്നങ്ങളുണ്ട്. അവയിൽ എന്തെങ്കിലും പിഴവു പറ്റിയെങ്കിൽ അതു തിരുത്തും. അവരോട് അതു പറഞ്ഞിട്ടുമുണ്ട്. മൂന്നു വർഷ കാലാവധിയുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽനിന്ന് ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് ഒരു പരിധിയും പരിമിതിയുമുണ്ട്. അതു സ്വാഭാവികം മാത്രമാണ്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഞങ്ങൾ മനസ്സിലാക്കിയ കാര്യം. ഇതിൽ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ഒരിക്കലും ഉദ്യോഗാർഥികൾക്ക് എതിരല്ല. ഉദ്യോഗാർഥികൾ ഭൂരിപക്ഷവും ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആളുകളാണ്. സമരം നടത്തിയതുകൊണ്ട് അവരോട് നിഷേധാത്മകമായ സമീപനം സർക്കാരിനില്ല. അവരുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വീണ്ടും പരിഹരിക്കും. ഇടതുപക്ഷം, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാർ വിമർശനവും സ്വയംവിമർശനവും ഒരുപോലെ കാണുന്നവരാണ്. സഖാവ് പികെവി എപ്പോഴും പറയുമായിരുന്നു, നിങ്ങൾ ആരെയെങ്കിലും വിമർശിക്കുകയാണെങ്കിൽ ആ ടോർച്ച് സ്വന്തം ഹൃദയത്തിൽ അടിച്ചു നോക്കണം വല്ല പിശകും നമുക്കുപറ്റിയോ എന്ന്. അതാണ് ഇടതുപക്ഷ പ്രസ്ഥാനം. ഉദ്യോഗാർഥികളുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവ വീണ്ടും പരിശോധിക്കും.
∙ കരാർ ജീവനക്കാരെ തിരക്കിട്ട് സ്ഥിരപ്പെടുത്തുന്നത് റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയ ഉദ്യോഗാർഥികളോടുളള നീതികേടായി വിലയിരുത്തപ്പെടില്ലേ?
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് പിഎസ്‌സിക്കു മാറ്റിവച്ച ഒഴിവുകളിലല്ല. കരാർ ജീവനക്കാരെന്നു പറഞ്ഞു തള്ളുന്നവരിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവരുമുണ്ട്. 10 വർഷമായി ജോലി ചെയ്യുന്നവരാണവർ. കുടുംബവും കുട്ടികളുമായി ജീവിത പ്രശ്നങ്ങളുള്ളവരാണ്. അവരെ സഹായിക്കാൻ മറ്റു വഴികളില്ല. കേന്ദ്രവും തൊഴിൽ നിയമങ്ങളും പറയുന്നത് ഇത്രകാലം ജോലി ചെയ്താൽ അവരെ സ്ഥിരപ്പെടുത്തണമെന്നാണ്. അങ്ങനെയുള്ള തൊഴിലിടങ്ങളിൽ മാത്രമേ അതു ചെയ്തിട്ടുള്ളൂ. പിഎസ്‌സിക്കു വിട്ട ഒഴിവുകളിലാണ് നിയമനമെന്ന തെറ്റിദ്ധാരണ പരത്തുകയാണ്. ജീവകാരുണ്യപരമായ പ്രവർത്തനം ഇരുവിഷയങ്ങളിലുമെടുത്ത് സമഭാവനയോടെ പെരുമാറുകയാണ് എൽഡിഎഫിന്റെ പൊതു കാഴ്ചപ്പാട്.
∙ കോവിഡ് കാലത്ത് കിറ്റ് നൽകുകയും ക്ഷേമപെൻഷൻ വർധിപ്പിക്കുകയും മറ്റും ചെയ്ത് നിരവധി ജനോപകാര പ്രവർത്തനങ്ങൾ നടത്തിയ സർക്കാരിന് അവസാനകാലത്തുണ്ടായ ഇത്തരം വിവാദങ്ങൾ ശോഭ കെടുത്തിയില്ലേ?
വിവാദങ്ങൾ പലതും ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണ്. പ്രതിപക്ഷത്തിനു വിമർശിക്കാം. വിമർശനം അനിവാര്യമാണ്. എന്നാൽ വിമർശനങ്ങൾക്കു പകരം വിവാദങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. പലതും ഒരു കാര്യവുമില്ലാത്തതായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ നടന്നത് എന്തായിരുന്നുവെന്ന് എല്ലാവരും കണ്ടതാണല്ലോ. ഈ സർക്കാരിനെതിരെ പറയാവുന്നതു സകലതും പറഞ്ഞു. അതിനു പല മാർഗങ്ങൾ സ്വീകരിച്ചു. അതിന്റെ ഫലമായി കേന്ദ്ര ഏജൻസികൾ വന്ന് അന്വേഷിച്ചു. ഓരോ ദിവസവും പുതിയ വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ പോയ സമയത്ത് അദ്ദേഹത്തിന്റെ കള്ള ഒപ്പിട്ടുവെന്നാണ് ഒരു ദിവസം ബിജെപി നേതാവ് ആരോപിച്ചത്. അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞെങ്കിലും കോൺഗ്രസ് അതേറ്റുപിടിച്ചു. ഈ രണ്ടു കൂട്ടരും ഇങ്ങനെ പടച്ചുണ്ടാക്കുന്ന വാർത്തകൾക്കു പിന്നാലെയാണ് പോയത്. പല ആരോപണങ്ങൾക്കും മണിക്കൂറുകളുടെ ആയുസ്സു മാത്രമേയുള്ളൂ. അതു ജനങ്ങൾക്കറിയാം. അന്വേഷണ ഏജൻസികൾ വന്നിട്ട് എന്തായി? തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇവരുടെ വീര്യം എവിടെപ്പോയി? ജനങ്ങള്‍ക്കുവേണ്ടി കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. അതിനു പകരം ഇത്തരം വിവാദങ്ങളിൽ തലയിടുന്നതിൽ ഒരു കാര്യവുമില്ല.
∙ സ്വർണക്കടത്ത്, ശിവശങ്കർ, ഇപ്പോൾ ആഴക്കടൽ മത്സ്യബന്ധനക്കരാർ – ആരോപണങ്ങൾ വെറും രാഷ്ട്രീയപ്രേരിതമാണെന്നു വിശ്വസിക്കുന്നുണ്ടോ?
കേരളത്തിൽ മിക്കവാറും എല്ലാം ആരോപണങ്ങളും രാഷ്ട്രീയപ്രേരിതമാണ്. മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനവും എന്ന വിഷയത്തിൽ കൃത്യമായ കാഴ്ചപ്പാട് എൽഡിഎഫിന് ഉണ്ട്. അതിനുവേണ്ടി ഒരുപാടു സമരം നടത്തിയിട്ടുണ്ട്. കടൽ കുത്തകകൾക്കുവേണ്ടി തുറന്നുകൊടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. അതിനെതിരെ കൃഷിക്കാർ നടത്തുന്ന സമരം പോലെ മത്സ്യത്തൊഴിലാളികളും സമരം നടത്തുന്നു. ആഗോള വ്യവസായ സംഗമവുമായി ബന്ധപ്പെട്ട ഈ സംഭവം വിവാദത്തിലായപ്പോൾ അതിന്റെ ധാരണാപത്രം റദ്ദാക്കി. പിശകു പറ്റിയാൽ തിരുത്തും. എന്നാൽ തെറ്റു പറ്റിയാലും അതിൽ പിടിച്ചുകയറുന്ന ആളുകളാണ് യുഡിഎഫ്. ഇതു ജനങ്ങളുടെ സർക്കാരാണ്. ജനങ്ങൾ ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. ആ വിശ്വാസത്തിൽ കറുത്ത പാടുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
∙ രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ പശചാത്തലത്തിൽ, എൽഡിഎഫിന്റെ ജാഥകളെ എങ്ങനെ വിലയിരുത്തുന്നു?
എൽഡിഎഫിന്റേത് ജനങ്ങളുടെ മനസ്സിലുള്ള ജാഥകളാണ്. 2016 ലെ തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോടു പറഞ്ഞ കാര്യങ്ങൾ ഏതാണ്ടെല്ലാം ഈ സർക്കാർ നടപ്പിലാക്കിക്കഴിഞ്ഞു. ഈ അഞ്ചുവർഷക്കാലത്ത് ഓഖി, പ്രളയം, വെള്ളപ്പൊക്കം, നിപ്പ, കോവിഡ് എന്നിവ കേരളം പോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തു വന്നു. കഴിഞ്ഞ സർക്കാർ പൈസയില്ലെന്നു പറഞ്ഞ് കേരളത്തിന്റെ സകല വികസനവും മുടക്കി. പൈസയില്ലെന്നു പറഞ്ഞ് പാവപ്പെട്ടവന് ഒരു പൈസ പോലും കൂടുതൽ കൊടുത്തില്ല. മാവേലി സ്റ്റോറുകൾ പൂട്ടിക്കിടക്കുകയായിരുന്നു. അതിനും പൈസയില്ലെന്നു പറഞ്ഞു. പൈസയില്ലെന്നു പറഞ്ഞ് ജനങ്ങളെ മാറ്റിനിർത്തിയ സർക്കാരാണ് അന്നുണ്ടായിരുന്നത്. ഈ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമല്ലേ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. എൽഡിഎഫിനുള്ള ജനപിന്തുണ വ്യക്തമാണ്.
രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ജാഥകളുണ്ട്. ജാഥകളിൽ ആളെ നിറച്ച് അവർ കാണിച്ചോട്ടെ. അതുകൊണ്ടുമാത്രം ഈ നാട്ടിലെ ജനങ്ങൾ അവരുടെ കൂടെയാണെന്ന ധാരണ അവരുടെ മനസ്സിലുണ്ടേൽ അതു പാൽപ്പായസം പോലെ കുറച്ചുനാൾ കൂടി കുടിച്ചോട്ടെ. ഏപ്രിൽ ആറു വരെയല്ലേയുണ്ടാവൂ. അതുവരെ കുറച്ച് ആവേശത്തോടെ അവർ ജാഥയും കോലാഹലവുമൊക്കെ കാണിച്ചോട്ടെ. അതിലൊന്നും വലിയ കാര്യമില്ല. ഞങ്ങളുടെ ജാഥ ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചുവെന്ന് ഇന്നലെ അവ സമാപിച്ചപ്പോൾ ബോധ്യമായി.
∙ വിഎസിനെപ്പോലെ ഒരു ജനകീയമുഖം എൽഡിഎഫിന്റെ പ്രചാരണയാത്രയ്ക്കില്ലാത്തത് തിരിച്ചടിയാകുമോ?
വി.എസ്. അച്യുതാനന്ദനെപ്പോലെ ജനങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു നേതാവ് ഈ പ്രചാരണത്തിനില്ലെന്നത് വിഷമം ഉണ്ടാക്കുന്നതാണ്. പക്ഷേ അതു തിരിച്ചടിയാകില്ല. വിഎസിന്റെ മനസ്സുകൂടി ചേർന്നതാണ് കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനം. അദ്ദേഹം രംഗത്തില്ലെങ്കിലും മനസ്സ് കൂടെയുണ്ടെന്ന് ജനങ്ങൾക്ക് അറിയാം. പഴയ തലമുറയിലെ ഒരുപാട് ആളുകൾ വിട്ടുപിരിഞ്ഞില്ലേ. അവരെല്ലാം നമ്മുടെ നാടിനു നൽകിയ സംഭാവനകൾ ചരിത്രത്തിനു മറക്കാനാകാത്തതാണ്. അത് എല്ലാവരുടെയും മനസ്സിലുണ്ടാകും. അദ്ദേഹത്തിന്റെ മനസ്സ് ഞങ്ങളുടെ കൂടെയുണ്ടെന്നുള്ളത് ഒരു ആവേശമാണ്.
∙ രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ സന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണത്തെ യുഡിഎഫിന് അനുകൂലമാക്കുകയല്ലേ ചെയ്തത്?
ദേശീയനേതാക്കന്മാർ വരുമ്പോൾ കൂടുന്ന ആൾക്കൂട്ടം വച്ച് തിരഞ്ഞെടുപ്പിന്റെ വിധി അതായിരിക്കുമെന്നു കരുതാൻ കഴിയില്ലല്ലോ. ഇതൊക്കെ വെറും മിഥ്യാധാരണകളല്ലേ. രാഹുൽ ഗാന്ധി ഇവിടെ വന്നിട്ട് പ്രസംഗത്തിലൂടെ പറഞ്ഞത് സിപിഎമ്മിനെതിരെ മാത്രമാണ്. ഇടതുപക്ഷ കൊടി പിടിച്ചാൽ സ്വർണം കടത്താമെന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഞാൻ പാർലമെന്റിൽ ഉണ്ടായിരുന്ന സമയം രാഹുലും ഉണ്ടായിരുന്നു. അന്നത്തെ പ്രസംഗം കേൾക്കുമ്പോൾ ഒരു ദേശീയ നേതാവ് വളർന്നുവരുന്നുവെന്ന ധാരണയാണ് ഉണ്ടായിരുന്നത്. എന്നാൽ കാലം കടന്നുപോകുമ്പോൾ അദ്ദേഹം ഭയങ്കര മോശമായി പോകുന്നു. ഒരു ദേശീയ നേതാവ് പറയേണ്ട കാര്യങ്ങൾ വേണം പറയാൻ. ഓരോരുത്തർക്കും പറയാൻ ഓരോ നിലവാരം ഉണ്ട്. അതിൽ കുറച്ച് പറയരുത്.
രാഹുൽ കേരളത്തിൽ വന്ന് ഇടതുപക്ഷത്തെ എതിർത്തോട്ടെ, പക്ഷേ ബിജെപിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടെന്താ. അതല്ലേ കൃത്യമായി പറയേണ്ടത്. ഇന്ത്യയിൽ ബിജെപി കോൺഗ്രസിനെ തിന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലുള്ള കോൺഗ്രസുകാരും ബിജെപിക്കെതിരെ പറയാതെ എൽഡിഎഫിനെ എതിർക്കുകയാണ്. അതിന്റെ ഫലം കോൺഗ്രസ് അംഗങ്ങളെ ബിജെപിക്കാർ കൊണ്ടുപോകുന്നുവെന്നതാണ്. 35–40 സീറ്റുകൾ കിട്ടിയാൽ കേരളം ഭരിക്കുമെന്ന് ബിജെപി പറഞ്ഞല്ലോ. ഇതാണ് അവരുടെ ഉദ്ദേശ്യം. പുതുച്ചേരിയിൽ അതു കാണിച്ചുതന്നു. ബിജെപിയെക്കുറിച്ച് ഒരു വാക്കുപോലും പറയാൻ രാഹുലിന് തോന്നിയില്ല. എൽഡിഎഫ് മാത്രമാണ് രാഹുലിന്റെ മുഖ്യശത്രു. ഞങ്ങളെ അങ്ങനെ കണ്ടോളൂ, പക്ഷേ ബിജെപിയെക്കുറിച്ചു പറയാനുള്ള ആർജവം കാണിക്കാത്ത അവസ്ഥയുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയും.
ഇതു കേരളമാണ്. മതനിരപേക്ഷതയുടെ നാട്, ദൈവത്തിന്റെ സ്വന്തം നാട്. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമുമെല്ലാം ഒരു കുടുംബത്തിലെ മക്കളെപ്പോലെ കഴിയുന്ന നാടാണ്. ഈ നാട്ടിൽ ഇതുപോലുള്ള കളികൾ കളിച്ചാൽ കോൺഗ്രസുകാർ അനുഭവിക്കും. കോൺഗ്രസ് പാർട്ടിയുടെ നെറ്റിപ്പട്ടമാകേണ്ടത്, അവരുടെ ഹൃദയത്തിലുണ്ടാകേണ്ടത്, മതനിരപേക്ഷയാണ്. അതു വോട്ടിനു വേണ്ടി ബലികൊടുക്കുന്നത് അപകടകരമാണ്. രാഹുൽ ഗാന്ധിയെന്ന നേതാവ് അതു മനസ്സിലാക്കേണ്ടതായിരുന്നു. ഈ രീതിയിൽ പോകുന്നത് അപകടകരമാണ്.
∙ കണ്ടുപരിചയിച്ച മുഖങ്ങൾ സംഘടനാ സംവിധാനത്തിലേക്കും പുതുമുഖങ്ങൾ തിരഞ്ഞെടുപ്പ് രംഗത്തേക്കും വരണമെന്ന നിലപാടാണ് പൊതുവിൽ. മൂന്നു തവണ മത്സരിച്ചവർക്കു സീറ്റ് നൽകില്ലെന്ന് സിപിഐ പറയുന്നു. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
അതു ശരിയായ കാര്യമാണ്. ഈ പാർട്ടിയിൽ ഒരുപാടുപേർ പ്രവർത്തിക്കുന്നുണ്ട്. പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരിക്കലെങ്കിലും പാർലമെന്ററി മേഖലയിലേക്കു വരണമെന്ന തോന്നലുണ്ടാകുക സ്വാഭാവികമാണ്. അങ്ങനെയുള്ളവർ ഈ രംഗത്തു മിടുക്കു കാണിക്കാറുണ്ട്. അവസരം കിട്ടുമ്പോഴാണ് മിടുക്കു കാണിക്കുക. അങ്ങനെ അവസരമില്ലാത്ത ആളുകൾ പുറത്തുണ്ട്. മന്ത്രിസ്ഥാനമെന്നത് അധികാര കേന്ദ്രമാണ്. അതു പഠിച്ച് അതിനനുസരിച്ച് പ്രവർത്തിക്കാനും അവർക്കു കഴിയും. മാവേലി സ്റ്റോർ കൊണ്ടുവന്നത് ചന്ദ്രശേഖരൻ നായരാണ്. ഓരോ ആളിനും അവരവരുടെ മിടുക്കും ഭാവനയും അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയും. പാർട്ടിയുടെ പൊതുരീതി അനുസരിച്ച് പുതിയ പുതിയ ആൾക്കാർ വരണം. അവസരം കിട്ടിയാലേ അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. മൂന്നു തവണ എന്ന തീരുമാനം ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചത് രാഷ്ട്രീയത്തിൽ പുതിയ കീഴ്‌വഴക്കത്തിന് കമ്യൂണിസ്റ്റ് പാർട്ടി മുൻകൈയെടുക്കുന്നുവെന്ന് കണക്കാക്കിയാൽ മതി.
∙ തുടർഭരണ സാധ്യതയെപ്പറ്റി?
തിരഞ്ഞെടുപ്പിൽ കേരളം കർത്തവ്യം നിർവഹിക്കും. 1977 നു ശേഷം കേരളത്തിൽ തുടർഭരണം വരാൻ പോകുന്നു. എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ല. തിരഞ്ഞെടുപ്പിൽ വിലയിരുത്തുന്നത് രാഷ്ട്രീയ സംഭവ വികാസങ്ങളാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഇതു കണ്ടതാണ്. ജനങ്ങൾ ഇതെല്ലാം അറിയുന്നുണ്ട്. കോവിഡിനെതിരെ ഇത്ര ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടാക്കിയത് കേരളത്തിലല്ലേ. സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സ സൗജന്യമാക്കി. പ്രധാനമന്ത്രി ലോക്‌ഡൗൺ പ്രഖ്യാപിച്ച് വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇവരെങ്ങനെ ഭക്ഷണം കഴിക്കുമെന്നു പറഞ്ഞില്ലല്ലോ. അന്നന്നത്തെ വരുമാനം കൊണ്ടു ജീവിക്കുന്ന പാവപ്പെട്ടവർ എങ്ങനെ ജീവിക്കുമെന്നാണ് പറയുന്നത്. കേരള സർക്കാർ എല്ലാവർക്കും കിറ്റ് കൊടുത്തു. 20 രൂപയ്ക്കു ഭക്ഷണം കൊടുക്കുന്ന സാമൂഹിക അടുക്കളകൾ ഉണ്ടാക്കി. ഇങ്ങനെയുള്ള പരിഷ്കാരങ്ങളൊക്കെ ജനങ്ങൾക്കു വേണ്ടിയാണ് ചെയ്തത്. ഈ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചു. ഇതോടെ ആപത്തു വരുമ്പോൾ സഹായിക്കാൻ ഒരു സർക്കാരുണ്ടെന്ന് ജനങ്ങൾക്കു വ്യക്തമായി. ജനങ്ങൾ തകർന്നുപോകാതിരിക്കാനുള്ള സംവിധാനം കേരളത്തിൽ ഒരുക്കിയ സർക്കാരിനെ അവർ കൈവിടില്ല. കേരളത്തിലെ ജനങ്ങൾ വിവേകവും വിവേചനബുദ്ധിയുമുള്ളവരാണ്. കാര്യങ്ങളുടെ നന്മയും തിന്മയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് എൽഡിഎഫിന് അനുകൂലമായ വിധി ജനങ്ങൾ നൽകുമെന്ന് ഉറപ്പാണ്. നന്മയ്ക്കു വേണ്ടിയുള്ള പിന്തുണയാണ് അവർ നൽകുന്നത്. വൻ ഭൂരിപക്ഷത്തോടെ തുടർഭരണം വരാൻപോകുകയാണ്.
∙ 1979 ഒക്ടോബറിൽ പികെവി സ്ഥാനമൊഴിഞ്ഞ ശേഷം ഒരു സിപിഐ മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. ഇനി ഒരു സിപിഐ മുഖ്യമന്ത്രിക്ക് എന്നെങ്കിലും സാധ്യതയുണ്ടോ?
രാഷ്ട്രീയത്തിൽ നാളെ എന്തെന്നുള്ള തർക്കത്തിനു പോകേണ്ട കാര്യമുണ്ടോ? കാര്യങ്ങൾ എപ്പോഴും മാറിമാറി വരും. വളരുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി, തളരുന്ന പാർട്ടിയല്ല. ജനങ്ങളുടെ പാർട്ടിയാണത്. 1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ പരിതാപകരമായിരുന്നു ഞങ്ങളുടെ പാർട്ടിയുടെ അവസ്ഥ. ഒരു പഞ്ചായത്ത് മെമ്പറുടെ കാര്യം പോലും ആലോചിക്കാൻ ആ പാർട്ടിക്കു കഴിയില്ലായിരുന്നു. ഇന്ന് ആ പാർട്ടി, പ്രവർത്തനത്തിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടി, എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായി പ്രവർത്തിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. മനുഷ്യരാശിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അതൊരിക്കലും മായില്ല, തളരില്ല. വളർന്നുകൊണ്ടേയിരിക്കും. തൽക്കാലത്തേക്കു തിരിച്ചടിയുണ്ടായാലും അതിജീവിച്ച് മുന്നോട്ടുവരും.
Content Highlights: Kerala Assembly Election Special Interview - Pannyan Raveendran, CPI, LDF