‘കേരളത്തിൽ ‘മോദി ഫാക്ടർ’ സഹായിക്കും; പിണറായിയുടെ പാപത്തിന് തിരിച്ചടി ഉറപ്പ്’
കേരളത്തിൽ കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തെ കണക്കുകൾ പരിശോധിക്കൂ. വളർന്ന പാർട്ടി ബിജെപി മാത്രമാണ്. രണ്ടു മുന്നണികളുടെയും വളർച്ച കീഴ്‌പോട്ടാണ്. വോട്ടിന്റെ കണക്കുകൾതന്നെ പരിശോധിച്ചാൽ മതി. ബിജെപിയെ തോൽപിക്കാൻ യുഡിഎഫും എൽഡിഎഫും... Kummanam Rajasekharan
കേരളത്തിൽ കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തെ കണക്കുകൾ പരിശോധിക്കൂ. വളർന്ന പാർട്ടി ബിജെപി മാത്രമാണ്. രണ്ടു മുന്നണികളുടെയും വളർച്ച കീഴ്‌പോട്ടാണ്. വോട്ടിന്റെ കണക്കുകൾതന്നെ പരിശോധിച്ചാൽ മതി. ബിജെപിയെ തോൽപിക്കാൻ യുഡിഎഫും എൽഡിഎഫും... Kummanam Rajasekharan
കേരളത്തിൽ കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തെ കണക്കുകൾ പരിശോധിക്കൂ. വളർന്ന പാർട്ടി ബിജെപി മാത്രമാണ്. രണ്ടു മുന്നണികളുടെയും വളർച്ച കീഴ്‌പോട്ടാണ്. വോട്ടിന്റെ കണക്കുകൾതന്നെ പരിശോധിച്ചാൽ മതി. ബിജെപിയെ തോൽപിക്കാൻ യുഡിഎഫും എൽഡിഎഫും... Kummanam Rajasekharan
‘വിശ്വാസത്തെ ചവിട്ടിയരച്ച് സ്ത്രീകളെ ശബരിമലയിലെത്തിച്ചതു ലോകത്തെവിടെയുമുള്ള വിശ്വാസ ജനത ഒരിക്കലും മറക്കില്ല. പിണറായി വിജയൻ ചെയ്ത ആ പാപത്തിന്റെ തിരിച്ചടി എക്കാലവും കമ്യൂണിസ്റ്റുകളെ വേട്ടയാടുമെന്നതിൽ സംശയമില്ല. കേരളത്തിൽ ഇൗ തിരഞ്ഞെടുപ്പിലും ശബരിമലയിലെ വിശ്വാസവേട്ടയ്ക്ക് സിപിഎം മറുപടി പറയേണ്ടിവരും...’– ഇതു പറയുമ്പോൾ ബിജെപിയുടെ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയുടെ അന്തിമ മിനുക്കു പണിയിലാണ് ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങൾ എന്തെല്ലാം? പ്രതീക്ഷകളെങ്ങനെ? വിവാദങ്ങൾ ബിജെപിക്കു ബാധ്യതയാണോ? കുമ്മനം സംസാരിക്കുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച സ്ഥിതിയ്ക്ക് ഇടതുസർക്കാർ ശബരിമലയിന്മേലുള്ള നയംവ്യക്തമാക്കിയല്ലോ?
കേസുകൾ പിൻവലിക്കുന്നതിൽ ആത്മാർഥത ഉണ്ടെങ്കിൽ, നിലപാടിൽ സത്യസന്ധതയുണ്ടെങ്കിൽ ശബരിമല വിഷയത്തിൽ ഇടതു സർക്കാർ കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്തി നൽകാൻ തയാറാകണം. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സർക്കാരും കക്ഷിയാണ്. കക്ഷിയെന്ന നിലയിൽ പുതിയ സത്യവാങ്മൂലം കൊടുക്കാവുന്നതേയുള്ളു. എങ്ങനെയാണ് ഇൗ കേസുകൾ ഉണ്ടായത്? സുപ്രീംകോടതി വിധി ലംഘിച്ചുവെന്നു പറഞ്ഞാണ് കേസുകളെല്ലാം എടുത്തത്. വിധിക്കു കാരണമായത് സർക്കാരിന്റെ സത്യവാങ്മൂലവും. നാമജപം നടത്തിയ കുഞ്ഞുങ്ങളെപ്പോലും വലിച്ചിഴച്ചു, അപമാനിച്ചു. അവരുടെ സ്വത്തും ജോലിയും നഷ്ടപ്പെട്ടു. ഇതിനൊക്കെ സർക്കാർ സമാധാനം പറയുമോ? സത്യവാങ്മൂലം തിരുത്തിയാണ് സർക്കാർ വിശ്വാസികളോടു മാപ്പപേക്ഷിക്കേണ്ടത്.
യുഡിഎഫാണു ശബരിമല വിഷയം ഇപ്പോൾ ഉയർത്തിയത്. ശബരിമല പ്രക്ഷോഭം ബിജെപിയേക്കാൾ ഗുണം ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ്. ശബരിമല പ്രക്ഷോഭം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് എൻഎസ്എസ് ഉൾപ്പെടെ ആരോപിക്കുകയും ചെയ്തിരുന്നു?
ഇപ്പോൾ ശബരിമലപ്രേമം കാണിക്കുന്ന യുഡിഎഫ് ചെയ്യേണ്ടതു ചെയ്തിരുന്നെങ്കിൽ ഇന്ന് ഇൗ സംഭവങ്ങളും ആചാരലംഘനവുമൊന്നും ഉണ്ടാകില്ലായിരുന്നു. കെ. കരുണാകരന്റെ കാലത്ത് ശബരിമലയിലെ ഭരണ സമ്പ്രദായം മാറ്റുന്നതിനായി നിയോഗിച്ച കെപി.ശങ്കരൻനായർ കമ്മിഷന്റെ റിപ്പോർട്ട് യുഡിഎഫ് പുറംലോകം കാണിച്ചില്ല. ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ ഭരണരീതി മാറ്റി തന്ത്രിയും പന്തളം കൊട്ടാരവും ഭക്തജനങ്ങളുടെ പ്രതിനിധിയുമായി ഭരണ സമിതി വേണമെന്ന് നിർദേശിച്ചു. ക്ഷേത്രവും ആചാരങ്ങളും നിശ്ചയിക്കേണ്ടത് വിശ്വാസികളല്ലാത്ത ഭരണസംവിധാനമല്ലെന്ന തിരിച്ചറിവിലായിരുന്നു അത്. പക്ഷേ റിപ്പോർട്ട് വെളിച്ചം കണ്ടില്ല.
അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടുമെന്ന് ബിജെപിയുടെ പ്രഖ്യാപനം ഉണ്ടായല്ലോ?
തീർച്ചയായും ദേവസ്വം ബോർഡിന് പകരം സംവിധാനം വരും. ഇപ്പോഴത്തെ ഭരണ വ്യവസ്ഥിതി തിരുത്തി ദേവസ്വം നിയമം തിരുത്തും. മതേതര സർക്കാരല്ല ക്ഷേത്രത്തിന്റെ ആചാരത്തിന്റെയും കാര്യങ്ങൾ തീരുമാനിക്കേണ്ടത്. മത വിശ്വാസത്തിന്റെ ഭാഗമാണ് ക്ഷേത്രം. അതിൽ മതേതര സർക്കാർ ഇടപെടുന്നത് ശരിയല്ല. ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാലയങ്ങൾ സർക്കാർ നിയന്ത്രിക്കുന്നതു മാറണം.
സുപ്രീംകോടതിയുടെ വിശാലബെഞ്ച് ശബരിമല വിഷയത്തിൽ ഉൾപ്പെടെ ഇക്കാര്യമാണല്ലോ പരിശോധിക്കുന്നത്?
അതെ. സുപ്രീം കോടതി ഏഴു ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളും ആചാരവിഷയങ്ങളും വിശ്വാസങ്ങളും നിശ്ചയിക്കുന്നതിൽ സർക്കാരിന് എന്തു പങ്ക് എന്നാണ് ഒരു ചോദ്യം. സംസ്ഥാന സർക്കാരിന് തീർച്ചയായും ഇക്കാര്യത്തിൽ ഉത്തരം നൽകാം. അവർ കക്ഷിയാണ്. കക്ഷിയ്ക്കു ഹാജരായി വിശ്വാസികളോടുള്ള സത്യസന്ധത തെളിയിക്കാം. അതിനു മുഖ്യമന്ത്രി നിർദേശം നൽകുകയാണു വേണ്ടത്.
ദേവസ്വംബോർഡുകൾക്ക് ഇതിൽ നിലപാട് വ്യക്തമാക്കാമല്ലോ?
വിധി വന്നപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു അപ്പീൽ പോലും പോകാതെ വിശ്വാസികളുടെ വിശ്വാസത്തെ തകർക്കാനല്ലേ ശ്രമിച്ചത്? ആചാരങ്ങൾ ലംഘിച്ചോട്ടെയെന്നാണു നിലപാട് എടുത്തത്. സർക്കാരിന് അടിപ്പെട്ടുനിൽക്കുന്ന ബോർഡ് ഇതേ ചെയ്യാൻ കഴിയു. അതാണ് ദേവസ്വം ബോർഡുകളെ മാറ്റി പുതിയ സംവിധാനം ബിജെപി പറയുന്നത്.
യുഡിഎഫ് വന്നാൽ ബില്ല് കൊണ്ടുവരും. കരട് ബില്ല് വരെ പുറത്തുവിട്ടു...?
ഒരു രാഷ്ട്രീയപാർട്ടിക്ക് ഇതിനൊക്കെ എന്ത് അധികാരമാണ് ഹിന്ദുവിന്റെ വിശ്വാസത്തെ തീരുമാനിക്കുന്നതിൽ? ഇവിടെ യുഡിഎഫും എൽഡിഎഫും വിശ്വാസികളെ ചതിച്ചു.
ബിജെപിയുടെ സാധ്യതകൾ എങ്ങനെയാണ്? തർക്കങ്ങളാണല്ലോ ബിജെപിയുടെ കാര്യത്തിൽ വാർത്തകളിൽ ആദ്യം?
അതൊക്കെ ചിലരുടെ സൃഷ്ടി. മാധ്യമങ്ങൾ അതേറ്റുപാടുന്നു. ഞാൻ പ്രസിഡന്റായിരുന്നപ്പോഴും ചില പക്ഷങ്ങൾ, എതിർപ്പ് എന്നൊക്കെ പ്രചരിപ്പിച്ചു. ഇപ്പോൾ പുതിയ ആൾ വന്നപ്പോഴും ഇത്തരക്കാർ വാർത്തകളുണ്ടാക്കും. ഇതൊന്നും ബിജെപിയെ ബാധിക്കില്ല.
തിരഞ്ഞെടുപ്പിലെ വിജയസാധ്യതകൾ വിലയിരുത്തിയോ?
കേരളത്തിൽ കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തെ കണക്കുകൾ പരിശോധിക്കൂ. വളർന്ന പാർട്ടി ബിജെപി മാത്രമാണ്. രണ്ടു മുന്നണികളുടെയും വളർച്ച കീഴ്‌പോട്ടാണ്. വോട്ടിന്റെ കണക്കുകൾതന്നെ പരിശോധിച്ചാൽ മതി. ബിജെപിയെ തോൽപിക്കാൻ യുഡിഎഫും എൽഡിഎഫും നേരത്തേ രഹസ്യമായും ഇപ്പോൾ പരസ്യമായും കൈകോർക്കുന്നു. ഇരുവരുടെയും ഈ തന്ത്രങ്ങൾക്കും അധികം ആയുസ്സില്ല. അത് ഇൗ തിരഞ്ഞെടുപ്പ് തെളിയിക്കും
എത്ര മണ്ഡലം ജയിക്കും?
ഇവിടുത്തെ മാധ്യമങ്ങൾ തിരുവനന്തപുരം ജില്ല മാത്രം ഒന്നു പരിശോധിക്കൂ . 14 മണ്ഡലത്തിലും 30,000 വോട്ടിന് മുകളിലാണ് ബിജെപിയുടെ വോട്ടുനില. ബിജെപിയുടേത് പഴയതു പോലെ നിശബ്ദ വോട്ടൊന്നുമല്ല. അടിത്തട്ടിൽനിന്ന് പടർന്നുകയറുന്ന ശക്തിയാണു കാണുന്നത്.
ബിജെപി എന്താണു മുന്നോട്ടുവയ്ക്കുന്നത് ഈ തിരഞ്ഞെടുപ്പിൽ?
മോദി ഫാക്ടർ തന്നെ. രാജ്യത്തിന്റെ വികസന കുതിപ്പും പദ്ധതികളും ജനം കാണുകയാണല്ലോ. കേന്ദ്രപദ്ധതികൾ പേരുമാറ്റി ഇറക്കുന്ന ഇടത് തട്ടിപ്പൊക്കെ പ്രബുദ്ധരായ കേരളത്തിന് മനസിലാകും. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്ന് കണ്ടെത്തി നടപ്പാക്കുന്ന മുഖ്യമന്ത്രിയെയും കൂട്ടരെയും ജനം ഇറക്കിവിടും.
English Summary: BJP's Kummanam Rajasekharan Speaks About Assembly Elections 2021, Party's Performance in Kerala, Sabarimala Controversy, etc