ഇന്ദിരയുടെ ദേശസാൽക്കരണം ബാങ്കുകളെ നന്നാക്കാൻ; ഇന്ന് കേന്ദ്രത്തിന്റെ വിറ്റൊഴിയൽ
പാവങ്ങളെ പരിഗണിക്കാത്ത ബാങ്കുകളെ നിലയ്ക്കുനിർത്തണമെന്ന വാദത്തിനായിരുന്നു അന്നു മുൻതൂക്കം. ഇന്ദിരാ ഗാന്ധിയെന്ന ഭരണാധികാരി താൻ ....Banking Nationalization, Privatization
പാവങ്ങളെ പരിഗണിക്കാത്ത ബാങ്കുകളെ നിലയ്ക്കുനിർത്തണമെന്ന വാദത്തിനായിരുന്നു അന്നു മുൻതൂക്കം. ഇന്ദിരാ ഗാന്ധിയെന്ന ഭരണാധികാരി താൻ ....Banking Nationalization, Privatization
പാവങ്ങളെ പരിഗണിക്കാത്ത ബാങ്കുകളെ നിലയ്ക്കുനിർത്തണമെന്ന വാദത്തിനായിരുന്നു അന്നു മുൻതൂക്കം. ഇന്ദിരാ ഗാന്ധിയെന്ന ഭരണാധികാരി താൻ ....Banking Nationalization, Privatization
പാവങ്ങളെ പരിഗണിക്കാത്ത ബാങ്കുകളെ നിലയ്ക്കുനിർത്തണമെന്ന വാദത്തിനായിരുന്നു അന്നു മുൻതൂക്കം. ഇന്ദിരാ ഗാന്ധിയെന്ന ഭരണാധികാരി താൻ ആരുടെയും കളിപ്പാവയല്ലെന്നു തെളിയിച്ച് ഉരുക്കു വനിത എന്ന വിശേഷണത്തിലേക്കു നടന്നു കയറുകയായിരുന്നു ബാങ്ക് ദേശസാൽക്കരണത്തിലൂടെ. 50 വർഷങ്ങൾക്കിപ്പുറം രാജ്യം തിരിച്ചുപോവുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ സ്വകാര്യവൽക്കരിക്കുക എന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പാവപ്പെട്ടവനു കടം നൽകാത്ത, ഗ്രാമങ്ങളിൽ സേവനം എത്തിക്കാത്ത ബാങ്കുകളെക്കുറിച്ചാണ് അന്നു പരിതപിച്ചിരുന്നതെങ്കിൽ ഇന്ന് അതൊന്നുമല്ല വിഷയം. കിട്ടാക്കടം കുമിഞ്ഞുകൂടുന്ന, കാര്യക്ഷമതയില്ലാത്ത ബാങ്കുകളെ നന്നാക്കിയെടുക്കണമെന്ന വാദമാണ് സാമ്പത്തിക വിദഗ്ധരിൽനിന്നുയരുന്നത്. കച്ചവടമല്ല, ഭരണമാണ് സർക്കാരിന്റെ പണി എന്ന വാദവും അവർ ഉയർത്തുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി സ്വകാര്യമേഖലയെ അവർ ചൂണ്ടിക്കാണിക്കുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെയാണ് തൽക്കാലം വിൽക്കാൻ വച്ചിരിക്കുന്നത്. കച്ചവടം കേമമായാൽ കൂടുതൽ ബാങ്കുകളെ കമ്പോളത്തിൽ വിൽപനയ്ക്കു വയ്ക്കും. ബാങ്ക് ദേശസാൽക്കരണത്തിനു പിന്നിൽ സാമ്പത്തിക കാരണങ്ങൾ മാത്രമല്ല ഉണ്ടായിരുന്നത്. രാഷ്ട്രീയ കാരണങ്ങളായിരുന്നു കൂടുതൽ. കോൺഗ്രസിലെ മുതിർന്നവരുടെ സംഘത്തെ മെരുക്കാൻ ഇന്ദിരയെടുത്ത തുരുപ്പുചീട്ടായിരുന്നു ദേശസാൽക്കരണം. സ്വകാര്യ ബാങ്കുകളെ നിലയ്ക്കു നിർത്തണമെന്നു വാദിച്ചിരുന്ന ധനമന്ത്രി മൊറാർജി ദേശായി പക്ഷേ, കാര്യത്തോടടുത്തപ്പോൾ തീരുമാനത്തെ എതിർത്തു. ഒടുവിൽ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിയും വന്നു. കോൺഗ്രസിൽ പിന്നീടുണ്ടായ പിളർപ്പും ഇന്ദിര ഉഗ്രപ്രതാപിയായി മാറിയതുമെല്ലാം ചരിത്രം.
രാഷ്ട്രീയ കാരണങ്ങൾക്കപ്പുറം സാമ്പത്തിക കാരണങ്ങൾ അന്നത്തെ യാഥാർഥ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ ലോകത്ത് ആകമാനം ഒട്ടേറെ ബാങ്കുകൾ തകർന്നു. ഇന്ത്യയിലും സമാന സംഭവങ്ങളുണ്ടായി. ഒട്ടേറെ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു. സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ബുദ്ധിമുട്ടി. കാർഷിക മേഖലയ്ക്കും വ്യവസായങ്ങൾക്കും പണം നൽകാൻ ബാങ്കുകൾക്ക് താൽപര്യമുണ്ടായിരുന്നില്ല. കച്ചവട സ്ഥാപനങ്ങൾക്കു പണം നൽകുന്നതിനായിരുന്നു അവർക്ക് താൽപര്യം. ഗ്രാമീണ മേഖലയെ പൂർണമായും അവഗണിച്ചു. വമ്പൻ വ്യവസായ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്ന ബാങ്കുകൾക്ക് സ്വകാര്യ താൽപര്യങ്ങളായിരുന്നു പ്രധാനം.
സ്വാതന്ത്ര്യാനന്തര കാലത്ത് മുന്നൂറിലേറെ ബാങ്കുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 1960ൽ പാലാ സെൻട്രൽ ബാങ്കും ലക്ഷ്മി കൊമേഴ്സ്യൽ ബാങ്കും തകർന്നു. അന്ന് ധനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ നിർദേശ പ്രകാരം റിസർവ് ബാങ്ക് ചില പരിഷ്കരണങ്ങളുമായി രംഗത്തെത്തി. ബാങ്കുകളുടെ ലയനമായിരുന്നു അതിൽ പ്രധാനം. 1960 ൽ 328 ബാങ്കുകൾ ഉണ്ടായിരുന്നത് 1965 ആയപ്പോഴേക്കും 94 ആയി കുറഞ്ഞു. ബാങ്കുകൾക്ക് സാമൂഹിക നിയന്ത്രണം എന്ന, കോൺഗ്രസ് പാർട്ടി മുന്നോട്ടുവച്ച ആശയത്തിനനുസരിച്ച് ഡയറക്ടർ ബോർഡുകളിൽ മികവിന് പ്രാധാന്യം നൽകാനുള്ള ചില ഇടപെടലുകൾ സർക്കാർ നടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അറ്റകൈ പ്രയോഗം എന്ന നിലയിലായിരുന്നു 1969 ജൂലൈ 19ന് രാത്രിയിൽ ഇന്ദിരയുടെ പ്രഖ്യാപനം എത്തിയത്.
അന്ന് പാവപ്പെട്ടവർക്കുവേണ്ടി എന്നു പറഞ്ഞ് സർക്കാർ ഏറ്റെടുത്ത ബാങ്കുകൾ കിട്ടാക്കടംകയറി മുടിയാൻ കാരണം പാവപ്പെട്ടവനു വാരിക്കോരി വായ്പ നൽകിയിട്ടൊന്നുമല്ല. സാധാരണക്കാരനു നൽകുന്ന ചെറിയ വായ്പയുടെ തിരിച്ചടവ് മുടങ്ങാതെ നോക്കുന്ന ബാങ്കുകൾ പക്ഷേ, സമ്പന്നനു നൽകിയ വായ്പകൾ പുനഃസംഘടിപ്പിച്ചു നൽകിയും ഇളവുകൾ നൽകിയും ഒടുവിൽ കിട്ടാക്കടത്തിന്റെ പട്ടികയിൽ പെടുത്തിയും ഉപേക്ഷിച്ചു. കിട്ടാക്കടങ്ങളുടെ കണക്കിൽ ഒരു ശതമാനം പോലുമുണ്ടാകില്ല പാവപ്പെട്ടവന്റെ കാർഷിക വായ്പകൾ. നീരവ് മോദിയും വിജയ് മല്ല്യയും കയ്യിട്ടുവാരി നാടുകടന്നപ്പോഴും ചില ബാങ്കുകൾ കണ്ടില്ലെന്നു നടിച്ചു.
ഇനി, സ്വകാര്യവൽക്കരണമാണോ കിട്ടാക്കടത്തിനു പരിഹാരം എന്നു പരിശോധിക്കാം. ലോകത്ത് തകർന്ന ബാങ്കുകളുടെ പട്ടികയിൽ കൂടുതലും സ്വകാര്യ ബാങ്കുകളാണെന്ന കാര്യം മറക്കേണ്ട. 2008 ലെ വലിയ സാമ്പത്തിക മാന്ദ്യത്തിനു കാരണക്കാരായതുതന്നെ സ്വകാര്യ ബാങ്കുകളായിരുന്നു. തിരിച്ചടയ്ക്കാൻ വഴിയില്ലാതെ വലഞ്ഞവർക്ക് വീണ്ടും വീണ്ടും വായ്പകൾ നൽകി സ്വയം കുരുക്കിലായ ബാങ്കുകൾ ലോകത്തെയാകെ മാന്ദ്യത്തിലേക്കു തള്ളിവിട്ടു. അമേരിക്കയിൽമാത്രം 2001 മുതൽ 2020 വരെ 559 സ്വകാര്യ ബാങ്കുകൾ തകർന്നതായാണ് കണക്ക്. ഈ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരിച്ചുനൽകിയത് സർക്കാരും. ലാഭം ഓഹരിയുടമകൾക്കു വീതിച്ച സ്വകാര്യ മേഖല നഷ്ടം പക്ഷേ, സർക്കാരിന്റെ ചുമലിൽ വച്ചു.
ഇന്ത്യയിലെ കാര്യമെടുക്കാം. ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ രക്ഷിച്ചെടുക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത് എല്ലാവരും കണ്ടു. 2014 മാർച്ചിൽ 55,633 കോടി രൂപയായിരുന്നു യെസ് ബാങ്ക് വായ്പയായി നൽകിയിരുന്നത്. ബാങ്കിലെ നിക്ഷേപം 74,192 കോടി രൂപയും. 2019 സെപ്റ്റംബർ ആയപ്പോഴേക്കും വായ്പ 2.29 ട്രില്യനായി ഉയർന്നു. നിക്ഷേപത്തിൽ പക്ഷേ അതിനനുസരിച്ച് വളർച്ച ഉണ്ടായില്ല; 2.10 ട്രില്യനിൽ ഒതുങ്ങി. കിട്ടാക്കടം ബാങ്കിന്റെ കണക്കുപ്രകാരം 17,134 കോടി രൂപയും. അപകടം മണത്ത റിസർവ് ബാങ്ക് ഇടപെട്ടു. ബാങ്കിനെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാക്കി. വൈകാതെ പുനഃസംഘടിപ്പിച്ച ബാങ്കിൽ 49% ഓഹരികൾ എസ്ബിഐയെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തു.
യെസ് ബാങ്ക് ലാഭവിഹിതം സർക്കാരിനായിരുന്നില്ല, അവരുടെ ഓഹരി ഉടമകൾക്കാണ് നൽകിയിരുന്നത്. നഷ്ടം പക്ഷേ, കൃത്യമായി പൊതുമേഖലാ ബാങ്കിന്റെ ചുമലിൽ വച്ചു. കടത്തിൽ മുങ്ങി നിവരാനാകാതെ നിൽക്കുന്ന അനിൽ അംബാനി, പൊട്ടിപ്പൊളിഞ്ഞ ഐഎൽആൻഡ് എഫ്എസ്, ദീവാൻ ഹൗസിങ് ഫിനാൻസ് തുടങ്ങിയവയായിരുന്നു ബാങ്കിന്റെ പ്രധാന ഇടപാടുകാർ എന്നുകൂടി മനസ്സിലാക്കണം. ഒരു സ്വകാര്യ സ്ഥാപനത്തിനു വഴിവിട്ട് വായ്പകൾ നൽകി കേസിൽ കുടുങ്ങി പണി പോയ ഐസിഐസിഐ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ കോച്ചറിന്റെ കാര്യവും മറക്കേണ്ട. അന്ന് ബാങ്ക് ദേശസാൽക്കരണത്തിനു കാരണമായി പറഞ്ഞ പാവപ്പെട്ടവർ ഇന്നുമുണ്ട്. ബാങ്കുകളെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് പുതിയ നീക്കങ്ങൾ എന്നു വാദിക്കുമ്പോഴും പ്രസക്തമായ മറ്റൊരു ചോദ്യം ബാക്കിയാകും; ശക്തിയാർജിക്കുന്നത് ആർക്കു വേണ്ടി?
English Summary: How Nationalization and Privatization Affects Indian Banking Sector?