പി.ടി.ഉഷ ബിജെപിയിൽ ചേരുകയാണോ? അന്നു ചേർന്നിരുന്നെങ്കിൽ മന്ത്രി!
അക്കാലത്ത് ഒരു ദിവസം ഉഷയുടെ ഫോണിലേക്കു ബിജെപി നേതാവ് സുഷമ സ്വരാജിന്റെ വിളിയെത്തി. ക്ഷേമാന്വേഷണങ്ങൾക്കു ശേഷം അവർ ഉഷയോടു പറഞ്ഞു – ‘ഉഷ ഞങ്ങൾക്കൊപ്പം വരണം. മന്ത്രിസഭയിൽ അംഗമാകണം. താൽപര്യമുണ്ടോ?’ പെട്ടെന്ന് അങ്ങനെയൊരു ചോദ്യം ഉഷ തീരെ പ്രതീക്ഷിച്ചില്ല. ഉഷ അന്ന് അത്‍ലറ്റിക് സ്കൂൾ... PT Usha | BJP
അക്കാലത്ത് ഒരു ദിവസം ഉഷയുടെ ഫോണിലേക്കു ബിജെപി നേതാവ് സുഷമ സ്വരാജിന്റെ വിളിയെത്തി. ക്ഷേമാന്വേഷണങ്ങൾക്കു ശേഷം അവർ ഉഷയോടു പറഞ്ഞു – ‘ഉഷ ഞങ്ങൾക്കൊപ്പം വരണം. മന്ത്രിസഭയിൽ അംഗമാകണം. താൽപര്യമുണ്ടോ?’ പെട്ടെന്ന് അങ്ങനെയൊരു ചോദ്യം ഉഷ തീരെ പ്രതീക്ഷിച്ചില്ല. ഉഷ അന്ന് അത്‍ലറ്റിക് സ്കൂൾ... PT Usha | BJP
അക്കാലത്ത് ഒരു ദിവസം ഉഷയുടെ ഫോണിലേക്കു ബിജെപി നേതാവ് സുഷമ സ്വരാജിന്റെ വിളിയെത്തി. ക്ഷേമാന്വേഷണങ്ങൾക്കു ശേഷം അവർ ഉഷയോടു പറഞ്ഞു – ‘ഉഷ ഞങ്ങൾക്കൊപ്പം വരണം. മന്ത്രിസഭയിൽ അംഗമാകണം. താൽപര്യമുണ്ടോ?’ പെട്ടെന്ന് അങ്ങനെയൊരു ചോദ്യം ഉഷ തീരെ പ്രതീക്ഷിച്ചില്ല. ഉഷ അന്ന് അത്‍ലറ്റിക് സ്കൂൾ... PT Usha | BJP
ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ അത്‍ലീറ്റ്, കേരളത്തിന്റെ പ്രിയപ്പെട്ട പയ്യോളി എക്സ്പ്രസ്, ഒളിംപ്യൻ പി.ടി.ഉഷ ബിജെപിയിൽ ചേരുമോ? കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും ഉത്തരേന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും ഉഷ ബിജെപിയിൽ ചേരുമെന്ന് ഉറപ്പിച്ച് വാർത്തകളുടെ ട്രാക്കിൽ അഭ്യൂഹങ്ങളുടെ ബാറ്റൺ കൈമാറിയപ്പോൾ കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിൽ തന്റെ ശിഷ്യരുടെ നടുവിലായിരുന്നു സാക്ഷാൽ ഉഷ. ഒരുദിവസം പോലും പരിശീലനം മുടക്കാതെ താരങ്ങളുടെ ഫിറ്റ്നസും ഫോമും സംരക്ഷിക്കുന്നതിലായിരുന്നു പൂർണ ശ്രദ്ധയും. സ്പോർട്സ് മെഡിസിനിൽ ഉപരിപഠനം പൂർത്തിയാക്കിയെത്തിയ മകൻ ഡോ. വിഘ്നേഷ് വി.ഉജ്വലിനും ഭർത്താവ് വി.ശ്രീനിവാസനുമൊപ്പം ഒളിംപിക്സിൽ ഒരു മെഡൽ എന്ന സ്വപ്നത്തിനായുള്ള അധ്വാനത്തിനു നടുവിൽ.
അതിനിടെയാണ് ഉഷ ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന അഭ്യൂഹം പരക്കുന്നത്. ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ ഉഷയുടെ ‘ബിജെപി പ്രവേശം’ വലിയ വാർത്തയായി. 2002ലും 2017ലും ഇതേ പ്രചാരണമുണ്ടായ കാര്യം ഉഷ ഓർത്തെടുത്തു. അതിനു മുൻപുതന്നെ ബിജെപി ഉഷയെ സമീപിച്ചിരുന്നു. കേന്ദ്രത്തിൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി വീണ്ടും ഭരണത്തിലെത്തിയ 1999 കാലഘട്ടം. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമായി നടക്കുന്നു. അക്കാലത്ത് ഒരു ദിവസം ഉഷയുടെ ഫോണിലേക്കു ബിജെപി നേതാവ് സുഷമ സ്വരാജിന്റെ വിളിയെത്തി.
ക്ഷേമാന്വേഷണങ്ങൾക്കുശേഷം അവർ ഉഷയോടു പറഞ്ഞു – ‘ഉഷ ഞങ്ങൾക്കൊപ്പം വരണം. മന്ത്രിസഭയിൽ അംഗമാകണം. താൽപര്യമുണ്ടോ?’ പെട്ടെന്ന് അങ്ങനെയൊരു ചോദ്യം ഉഷ തീരെ പ്രതീക്ഷിച്ചില്ല. ഉഷ അന്ന് അത്‍ലറ്റിക് സ്കൂൾ സ്ഥാപനവുമായി ബന്ധപ്പെട്ട തിരക്കുകളുമായി നടക്കുകയാണ്. പെട്ടെന്നൊരു മറുപടി വേണ്ടെന്നും പിന്നീടു വിളിച്ചാൽ മതിയെന്നും സുഷമ പറഞ്ഞു. അന്ന് (ഇന്നും) ഉഷയ്ക്കു രാഷ്ട്രീയത്തോടു യാതൊരു താൽപര്യവുമില്ലായിരുന്നു. രാജ്യത്തിനായി ഒരു മെഡൽ എന്ന സ്വപ്നത്തിലേക്കുള്ള ട്രാക്കിലായിരുന്നു ഉഷയുടെ ശ്രദ്ധയത്രയും. ഉഷ തിരിച്ചു വിളിക്കാൻ പോയില്ല.
പിന്നീടു മന്ത്രിസഭ രൂപീകരിച്ചു. ആദ്യം അനന്ത്കുമാറിനായിരുന്നു കായികമന്ത്രാലയത്തിന്റെ ചുമതലയെങ്കിലും പിന്നീടു ബിജെപി നേതാവ് ഉമാ ഭാരതി കായിക മന്ത്രിയായി. അന്നു സുഷമ സ്വരാജിന്റെ വിളിക്ക് അനുകൂല മറുപടി കൊടുത്തിരുന്നെങ്കിൽ ഉഷ ഇന്ത്യയുടെ കായികമന്ത്രിയാകുമായിരുന്നു. പിന്നീടു 2002ൽ ഉമാ ഭാരതി ഉഷയെത്തേടിയെത്തി. ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സ് രാജ്യത്തിനു സമർപ്പിച്ചത് അന്നത്തെ കേന്ദ്ര കായികമന്ത്രി ഉമാ ഭാരതിയായിരുന്നു. കോൺഗ്രസ് നേതാവും മുൻ ബോളിവുഡ് താരവുമായ സുനിൽ ദത്തും അന്നു ചടങ്ങിൽ പങ്കെടുത്തു. ഉഷ ബിജെപിയിൽ ചേരുമെന്ന് ആദ്യം പ്രചാരണമുയർന്നത് അക്കാലത്താണ്.
പിന്നീടു 2017ലും അതേ പ്രചാരണമുയർന്നു. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിന്റെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്തതു പ്രധാനമന്ത്രിയായിരുന്നു. വെർച്വലായി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഉഷയെയും ഉഷയുടെ ശ്രമങ്ങളെയും ഏറെ പുകഴ്ത്തി. പിന്നാലെ, ഉഷ ബിജെപിയിൽ ചേരുമെന്ന പ്രചാരണവുമുയർന്നു. നാട്ടുകാരനും ബിജെപി നേതാവുമായ കെ.സുരേന്ദ്രൻ അടുത്ത കാലത്ത് ഉഷയെ സന്ദർശിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷമായിരുന്നു സന്ദർശനം. ബിജെപി വക്താവ് സന്ദീപ് വാരിയരും ഇടയ്ക്ക് ഉഷയുടെ വീട്ടിലെത്തി. ഇരുവരുടേതും സൗഹൃദ സന്ദർശനം മാത്രമായിരുന്നു.
രാഷ്ട്രീയം തനിക്കു പറ്റിയ കളരിയല്ലെന്ന് ഉഷ പറയുന്നു. റെയിൽവേയിൽ ഉന്നത പദവിയുള്ള ജോലിയിൽനിന്നു 2024ലേ വിരമിക്കൂ. സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറെയുണ്ട്. മകന്റെ വിവാഹം നടത്തണം. ഇതിനെല്ലാമിടയിൽ രാഷ്ട്രീയ പ്രവേശത്തിന് എവിടെ നേരം കിട്ടാനാണ്?
മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ രാഷ്ട്രീയത്തിലേക്കു വരുമോ എന്ന ചോദ്യത്തിന് ഉഷ കൊടുത്ത മറുപടി ഇങ്ങനെ: ‘വന്നുകൂടായ്കയില്ല...’ ഏതു പാർട്ടി? ‘ഇപ്പോൾ സ്പോർട്സാണ് എന്റെ പൊളിറ്റിക്സ്...’ അതേ അഭിമുഖത്തിൽ ഉഷ മറ്റു ചില കാര്യങ്ങളും പറഞ്ഞു: ‘ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാക്കളിൽ ആദ്യത്തെയാൾ ഇന്ദിരാ ഗാന്ധിയാണ്. അവരുണ്ടായിരുന്നെങ്കിൽ ഞാൻ വേറെയേതോ ലെവലിൽ എത്തുമായിരുന്നു. രണ്ടാമത്തെയാൾ കെ. കരുണാകരനാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നവരായിരുന്നു ഇരുവരും...’
English Summary: English Summary: PT Usha, to Join BJP? Former Olympian Clarifies Her Stand