ഇതു ശശിയുടെ തരൂരല്ല; ബാലന്റെ, ജമീലയുടെ തരൂർ, സംഗീതം ഹൃദയത്തിൽ സൂക്ഷിച്ച മണ്ണ്
പാലക്കാട് ∙ രാജ്യത്തും രാജ്യാന്തരതലത്തിലും അറിയപ്പെടുന്ന തരൂർ, കോൺഗ്രസ് നേതാവും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂരാണ്. എന്നാൽ ആ തരൂരല്ല എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാർഥിയായേക്കുമെന്ന...Palakkad, Tarur Assembly constituency
പാലക്കാട് ∙ രാജ്യത്തും രാജ്യാന്തരതലത്തിലും അറിയപ്പെടുന്ന തരൂർ, കോൺഗ്രസ് നേതാവും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂരാണ്. എന്നാൽ ആ തരൂരല്ല എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാർഥിയായേക്കുമെന്ന...Palakkad, Tarur Assembly constituency
പാലക്കാട് ∙ രാജ്യത്തും രാജ്യാന്തരതലത്തിലും അറിയപ്പെടുന്ന തരൂർ, കോൺഗ്രസ് നേതാവും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂരാണ്. എന്നാൽ ആ തരൂരല്ല എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാർഥിയായേക്കുമെന്ന...Palakkad, Tarur Assembly constituency
പാലക്കാട് ∙ രാജ്യത്തും രാജ്യാന്തരതലത്തിലും അറിയപ്പെടുന്ന തരൂർ, കോൺഗ്രസ് നേതാവും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂരാണ്. എന്നാൽ ആ തരൂരല്ല എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാർഥിയായേക്കുമെന്ന പ്രചാരണത്തിലൂടെ പേരുകേട്ട തരൂർ നിയമസഭാ മണ്ഡലം. ചിറ്റിലഞ്ചേരിക്കു സമീപമുള്ള പിതാവിന്റെ കുടുംബപ്പേരാണ് സാക്ഷാൽ ശശി തരൂരിനൊപ്പമുള്ള തരൂർ. അദ്ദേഹത്തിന്റെ അമ്മവീട് കൊല്ലങ്കോടുമാണ്. എന്നാൽ പാലക്കാട്ടെ തരൂർ പഞ്ചായത്തിന്റെ പേരിലാണ് തരൂർ നിയമസഭാ മണ്ഡലം അറിയപ്പെടുന്നത്.
രണ്ടുതവണയായി എ.കെ.ബാലനാണ് ഇവിടുത്തെ എംഎൽഎ. അദ്ദേഹത്തിന്റെ ഭാര്യയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറുമായ ജമീല സ്ഥാനാർഥിയായി വരുന്നതിലാണ് ഈ തരൂർ ഇപ്പോൾ വാർത്തയിൽ നിറഞ്ഞത്. ഭാര്യയുടെ സ്ഥാനാർഥിത്വം ചിലരുടെ തിരക്കഥയാണെന്നും അതിനുപിന്നിൽ ചില അജൻഡയുണ്ടെന്നുമാണു മന്ത്രിയുടെ നിലപാടെങ്കിലും ഒടുവിലത്തെ വിവരമനുസരിച്ചും ജമീല ഇവിടെ മത്സരിക്കുമെന്നാണ് സൂചന. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ ഭാഗമായി ആ പേര് ചർച്ചയാക്കിയത് പാർട്ടിക്കുള്ളിലെ പ്രതികരണം അറിയാനുളള നീക്കമായിരുന്നുവെന്നാണു വിലയിരുത്തൽ.
എന്നാൽ പാർട്ടിയിൽ, മറ്റു നിരവധി ദലിത് നേതാക്കളുള്ളപ്പോൾ എന്തിന് ഇങ്ങനെയൊരു നീക്കമെന്നു മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർക്കിടയിൽ സംസാരമുയർന്നിട്ടുണ്ട്. മന്ത്രി എ.കെ.ബാലന്റെ ഭാര്യയാണെങ്കിലും പാർട്ടി പാരമ്പര്യമുള്ളയാളാണു ജമീലയും. പാർട്ടി മുൻ കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്ന പി.കെ.കുഞ്ഞച്ചന്റെ മകളായ ഡോ.ജമീല ഇപ്പോൾ ആരോഗ്യവകുപ്പിനു കീഴിലുളള ആർദ്ര മിഷന്റെ ഡയറക്ടറാണ്. മന്ത്രി എ.കെ.ബാലൻ മത്സരത്തിനില്ലെന്നു പ്രചരിച്ചതോടെ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ കെ.ശാന്തകുമാരിയെയാണു നേരത്തേ മുതൽ തരൂരിലെ സ്ഥാനാർഥിയായി കേട്ടുതുടങ്ങിയത്.
ചുവപ്പൻ തരൂർ
പഴയ കുഴൽമന്ദം നിയമസഭാ മണ്ഡലത്തിലെ കോട്ടായി, കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളും ആലത്തൂർ മണ്ഡലത്തിലെ കണ്ണമ്പ്ര, കാവശ്ശേരി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്തുകളുമാണ് ആലത്തൂർ ലോക്സഭാമണ്ഡലത്തിലുളള സംവരണമണ്ഡലായ തരൂരിലുള്ളത്. ശശി തരൂരിനെ പോലെ കോൺഗ്രസുകാരനല്ല, തനി ചുവപ്പനാണ് ഈ തരൂരെന്ന് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, ശക്തമായ മത്സരത്തിൽ മണ്ഡലത്തിന്റെ ചുവപ്പ് മങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിന് ഒടുവിലത്തെ ഉദാഹരണമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രമ്യാഹരിദാസ് വൻഭൂരിപക്ഷത്തോടെ വിജയിച്ചതെന്നും കോൺഗ്രസ് പ്രവർത്തകർ വാദിക്കുന്നു.
നിറഞ്ഞുകവിഞ്ഞ് പാടങ്ങൾ
ആലത്തൂർ, പാലക്കാട് മണ്ഡലത്തെ തൊട്ട് ഏതാണ്ട് ‘റ’ രൂപത്തിലാണ് തരൂരിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്. പഞ്ചായത്തുകളിൽ തരൂർ, കോട്ടായി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശേരി എന്നിവ എൽഡിഎഫും പെരിങ്ങോട്ടുകുറുശി, കുത്തനൂരും യുഡിഎഫും ഭരിക്കുന്നു. മണ്ഡലത്തിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, മംഗലംഡാം പ്രദേശത്ത് കുടിയേറ്റക്കാരും നാണ്യവിളകളും ഉണ്ടെങ്കിലും മറ്റെല്ലായിടത്തും നിറഞ്ഞുകവിഞ്ഞ പാടങ്ങൾ തന്നെ പ്രധാന ഉപജീവനമാർഗം. നേരത്തേ മുതൽ എടുത്തുപറയത്തക്ക വ്യവസായങ്ങളൊന്നുമില്ലെങ്കിലും കണ്ണമ്പ്രയിൽ കിഫ്രയുടെ വലിയ വ്യവസായ പാർക്ക് വരുന്നുണ്ട്. വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് 312 ഏക്കറിലുള്ള ഈ പദ്ധതി. കെൽപാം മോഡേൺ റൈസ് മില്ലും മേഖലയിൽ പ്രവർത്തിക്കുന്നു.
ചെമ്പൈ, രാമനാഥൻ പിന്നെ ഇന്ദുചൂഡനും
സാഹിത്യ, സംഗീത, സാംസ്കാരിക, രാഷ്ട്രീയ പ്രതിഭകളുടെ ജനനംകൊണ്ടു സമ്പന്നമാണ് ഈ മണ്ഡലം. ചരിത്രത്തിൽ പാലക്കാട് രാജാവിന്റെ ആസ്ഥാനമാണു തരൂർ. അതിന്റെ സാമന്തസ്ഥാനങ്ങളും മണ്ഡലത്തിന്റെ വിവിധഭാഗങ്ങളായി സജീവമാണിപ്പോഴും. സ്വാതന്ത്ര്യസമരസേനാനിയും ചിന്തകനും എഴുത്തുകാരനും മാതൃഭൂമി പത്രാധിപരുമായ കെ.പി.കേശവമേനോന്റെ തറവാട് ഇവിടെയാണ്. സ്വാതന്ത്ര്യസമരത്തിലും ഗാന്ധിയൻ പ്രസ്ഥാനത്തിലും വടക്കൻകേരളത്തിൽ നിറഞ്ഞുനിന്ന ഭീമൻഗുരുജി, സ്വാതന്ത്ര്യസമരസേനാനി കൊമ്പുക്കുട്ടിമേനോൻ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.പി.ഉദയഭാനു എന്നിവരും ഈ പ്രദേശത്തിന്റെ സംഭാവനയാണ്.
എല്ലാറ്റിനും മീതെ കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഗ്രാമം ഇവിടെ കോട്ടായിയിൽ സ്ഥിതിചെയ്യുന്നു. സംഗീതപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും തീർഥാടനകേന്ദ്രമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ചെമ്പൈ ഗ്രാമം. മറുവശത്ത് കണ്ണമ്പ്രയിൽ ശുദ്ധസംഗീതത്തിന്റെ നെറുകയിൽ വിരാജിച്ച യശഃശരീരനായ എം.ഡി.രാമനാഥന്റെ വീടും. അവിടെ ഇപ്പോൾ സ്മാരകവും ഉയർന്നു. മണ്ഡലത്തിലെ കാവശേരിയിലെത്തിയാൽ കേരളത്തിന്റെ സലീംഅലിയായി അറിയപ്പെടുന്ന പ്രമുഖ പക്ഷിനീരീക്ഷകൻ ഡോ. ഇന്ദുചൂഡന്റെ തറവാടും. അതും സ്മാരകമന്ദിരമാക്കിക്കഴിഞ്ഞു. ഇത്രയും പ്രതിഭകളെ സംഭാവന ചെയ്തതുകൊണ്ടാകാം പ്രദേശത്തിന് ‘തരുന്ന തരൂർ’ എന്നു വിശേഷണവുമുണ്ട്.
English Summary: Where is the Tarur Assembly constituency and Why it is a Talking Point Now?