കൊല്ലം ∙ സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരായ... CPM Candidates, P Jayarajan, EP Jayarajan, LDF, Mattannur, Malayala Manorama, Manorama Online, Manorama News

കൊല്ലം ∙ സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരായ... CPM Candidates, P Jayarajan, EP Jayarajan, LDF, Mattannur, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരായ... CPM Candidates, P Jayarajan, EP Jayarajan, LDF, Mattannur, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരായ നീക്കങ്ങളുടെ അവസാന ഉദാഹരണമാണു സ്ഥാനാർഥി നിർണയത്തിൽ കണ്ടതെന്നു കണ്ണൂരിലെ പ്രബല വിഭാഗം ആരോപിക്കുമ്പോൾ, തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതും പാർട്ടിക്കുള്ളിൽ ചർച്ചയാകും.

പി.ജയരാജനു സീറ്റു നിഷേധിച്ചതു കണ്ണൂരിലെ പാർട്ടിയിൽ പരസ്യ പ്രതിഷേധത്തിനും കാരണമായി. സമൂഹമാധ്യമങ്ങളിൽ ജയരാജനു വേണ്ടി അണികൾ രംഗത്തെത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.ധീരജ് കുമാർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. രണ്ടും ടേം വ്യവസ്ഥയിൽ ആർക്കും ഇളവു വേണ്ടെന്ന നിർദേശം, സ്ഥാനാർഥി ചർച്ചകൾക്കായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ കർശനമായി അവതരിപ്പിക്കപ്പെട്ടിരുന്നില്ല.

പി. ജയരാജൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

തോമസ് ഐസക്, ജി. സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ആലപ്പുഴയിൽനിന്നുള്ള പട്ടികയിൽ ഇടംപിടിച്ചത് അങ്ങനെയാണ്. കൊല്ലം ജില്ലയിൽ, കൊട്ടാരക്കരയിൽനിന്ന് 3 തവണ മത്സരിച്ചു ജയിച്ച പി. അയിഷാ പോറ്റിയുടെ പേരു വരെ സംസ്ഥാന നേതൃത്വത്തിനു കൈമാറിയ പട്ടികയിൽ ഉണ്ടായിരുന്നു. 2 ടേം വ്യവസ്ഥ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ കർശനമായിരുന്നില്ല എന്നാണ് ഇതിനർഥം.

പി.ജയരാജന്റെ ‘വെട്ട്’

യോഗാചാര്യൻ ശ്രീ എമ്മിന്റെ നേതൃത്വത്തിൽ സിപിഎം - ആർഎസ്എസ് ചർച്ച നടന്നിട്ടില്ലെന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ പരസ്യമായി തള്ളിപ്പറഞ്ഞ് ആദ്യമായി രംഗത്തെത്തിയത് പി.ജയരാജനാണ്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചർച്ച നടന്നെന്നും അതിനു ശേഷം കണ്ണൂരിലും സമാന ചർച്ച നടന്നുവെന്നും ഫെയ്സ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ പി. ജയരാജൻ, ഇതു മാധ്യമങ്ങളോടു തുറന്നു പറയുകയും ചെയ്തു.

എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ പരസ്യമായി തള്ളിപ്പറഞ്ഞതിലൂടെ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ചേരിയെ ചോദ്യം ചെയ്യുക കൂടിയായിരുന്നു ജയരാജൻ. ശ്രീ എമ്മിനു യോഗ സെന്റർ സ്ഥാപിക്കാൻ തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തു നാലേക്കർ സ്ഥലം അനുവദിച്ചതു സർക്കാർ രഹസ്യമാക്കി വച്ചെങ്കിലും ജയരാജൻ- എം.വി.ഗോവിന്ദൻ വാദപ്രതിവാദത്തിലൂടെ അതും പരസ്യമായി.

ഇ.പി. ജയരാജൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

കണ്ണൂർ ജില്ലയിൽ പി.ജയരാജനെതിരെ പ്രതിച്ഛായാ വിവാദം ഉയർത്തിക്കൊണ്ടുവന്നു ചർച്ചയാക്കിയതിന്റെ ബാക്കി കൂടിയാണ് ജയരാജന്റെ ഇപ്പോഴത്തെ നിലപാട്. ജയരാജനെതിരായ ഈ ആരോപണം കണ്ണൂർ ജില്ലയിലുടനീളം പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. കണ്ണൂരിലെ ആന്തൂരിൽ സാജൻ പാറയിൽ എന്ന വ്യവസായി ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ പി. ജയരാജൻ നേരത്തേ നീരസം പരസ്യമാക്കിയിരുന്നു.

പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ, സാജന് അനുകൂലമായി പി.ജയരാജൻ സ്വീകരിച്ച നിലപാട് തള്ളിക്കളയപ്പെടുകയായിരുന്നു. എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള ആയിരുന്നു അന്ന് ആന്തൂർ നഗരസഭാധ്യക്ഷ. സിപിഎം - ആർഎസ്എസ് ചർച്ച നടന്നിട്ടില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവന വെട്ടി അപ്പോൾത്തന്നെ മറുപടി നൽകാൻ ജയരാജനെ പ്രേരിപ്പിച്ചതും ഇക്കാരണം കൂടിക്കൊണ്ടാകാം.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം പാർട്ടി സ്വീകരിച്ചെങ്കിലും പി.ജയരാജന്റെ കാര്യത്തിൽ മാത്രമാണ് അതു കർശനമാക്കിയത്. പി.രാജീവ്, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, എം.ബി.രാജേഷ് എന്നിവർക്ക് ഇളവു നൽകുകയും ചെയ്തു. സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ ജയരാജനെ ഒതുക്കി എന്ന ചർച്ച കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനത്തെമ്പാടും പാർട്ടി അണികളിൽ സജീവമാണ്.

ഇപി ഇടഞ്ഞത് മട്ടന്നൂരിനെച്ചൊല്ലി

ADVERTISEMENT

ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കണമെന്ന നിർദേശം ആദ്യം ഉയർന്നത് എവിടെനിന്ന്? ആർക്കു വേണ്ടി? എന്നീ ചോദ്യങ്ങളാണു പാർട്ടിയിൽ ഇപ്പോൾ ഉയരുന്നത്. ശൈലജയെ തലസ്ഥാന ജില്ലയിലേക്കു മാറ്റി മട്ടന്നൂരിൽ മത്സരിക്കാൻ ഇ.പി.ജയരാജൻ കരുനീക്കം നടത്തിയോയെന്ന സംശയമാണു പാർട്ടിയിലെ ചർച്ച.

ഘടകകക്ഷികൾക്കായി നീക്കിവച്ച കൂത്തുപറമ്പ്, പേരാവൂർ, ഇരിക്കൂർ, കണ്ണൂർ മണ്ഡലങ്ങളൊഴിച്ചുള്ള 7 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യാന്‍ തീരുമാനിച്ച കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആദ്യം സംസാരിച്ചതു മന്ത്രി ഇ.പി.ജയരാജൻ ആയിരുന്നു.

മട്ടന്നൂരിൽ മാത്രമേ താൻ മത്സരിക്കൂവെന്നായിരുന്നു ജയരാജന്റെ പ്രസംഗത്തിന്റെ കാതൽ. മന്ത്രി ശൈലജയും ‘ജില്ലയ്ക്കു പുറത്തു മത്സരിക്കില്ല’ എന്ന കർശന നിലപാട് സ്വീകരിച്ചു. പി.ജയരാജൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവരുടെ നിലപാടും ശൈലജയ്ക്ക് അനുകൂലമായി. ‘എങ്കിൽ ഞാൻ മത്സരിക്കാനില്ല’ എന്ന് ഇ.പി.ജയരാജൻ പ്രഖ്യാപിച്ചു. ഇതോടെ ജയരാജന്റെ പേരില്ലാതെയാണു ശുപാർശ സംസ്ഥാന നേതൃത്വത്തിന് അയച്ചത്.

സംസ്ഥാന സെക്രട്ടേറിയറ്റിൽ, ഇടപെട്ടു തീരുമാനം തനിക്ക് അനുകൂലമാക്കാമെന്ന ജയരാജന്റെ കണക്കുകൂട്ടലുകൾ പക്ഷേ പിഴച്ചു. ഇ.പി.ജയരാജൻ മത്സരചിത്രത്തിൽനിന്ന് ഇല്ലാതായതോടെയാണ്, 2 ടേം വ്യവസ്ഥ കർശനമാക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം ഒരുമ്പെട്ടതെന്നാണു വിവരം. ഇതോടെ ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരൻ, പാലക്കാട്ടുനിന്നു മന്ത്രി എ.കെ.ബാലൻ തുടങ്ങിയവരുടെ പേരുകളും വെട്ടേണ്ടി വന്നു.

‘ബന്ധു നിയമനം’ ചർച്ചയാകും

സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നപ്പോൾ ‘ബന്ധു നിയമനം’ എന്ന വിവാദവും പാർട്ടിയിൽ കൊഴുത്തു. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ), മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ.ജമീല (തരൂർ), എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യ ഡോ.ആർ. ബിന്ദു (ഇരിങ്ങാലക്കുട) എന്നിവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് എന്ന നിലയ്ക്കാണു റിയാസിന്റെ സ്ഥാനാർഥിത്വം. നേതാക്കളുടെ ഭാര്യമാരെ പരിഗണിക്കുമ്പോൾതന്നെ, സ്ഥാനാർഥിത്വത്തിന് അർഹരായ വനിതാ നേതാക്കള്‍ പാർട്ടിയിലുണ്ടെന്ന കാര്യം നേതൃത്വം ഗൗനിച്ചില്ലെന്നാണ് ഉയരുന്ന വിമർശനം.

ജയരാജൻ പാർട്ടി സ്ഥാനത്തേക്കോ?

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലാത്ത ഇ.പി.ജയരാജൻ, പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു വരുമോ എന്ന അഭ്യൂഹം ശക്തമാണ്. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി.ജയരാജന്റെ പാർട്ടിയിലെ ഭാവി എന്ന ചർച്ചയുടെ ചുവടുപിടിച്ചാണ് അഭ്യൂഹങ്ങൾ. എന്നാൽ, സെക്രട്ടറി സ്ഥാനത്തേക്കു വൈകാതെ കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമെന്നും സൂചനയുണ്ട്.

English Summary: Unrest within CPM has intensified as the party releases the primary list of candidates