ഭാര്യയെ ഭയപ്പെടുത്തിയാൽ പതറില്ല; ടേം നിബന്ധനയിൽ ഇനി ഇളവില്ല: കോടിയേരി
ഇഡിയെയും കസ്റ്റംസിനെയും എല്ലാം ഉപയോഗിച്ചു പല സംസ്ഥാനങ്ങളിലും പല നേതാക്കളെയും ബിജെപിയാക്കി മാറ്റിയിട്ടുണ്ട്. മകനെ പിടിച്ചു ജയിലിൽ വയ്ക്കും, ഭാര്യയെ ഭയപ്പെടുത്തും ഇതെല്ലാം അവർ ചെയ്യും. പുതുച്ചേരിയിൽ ഭരണം അട്ടിമറിച്ചതിനെക്കുറിച്ച് നാരായണ സ്വാമി | kodiyeri balakrishnan | CPM | LDF | Vinodini kodiyeri | Manorama Online
ഇഡിയെയും കസ്റ്റംസിനെയും എല്ലാം ഉപയോഗിച്ചു പല സംസ്ഥാനങ്ങളിലും പല നേതാക്കളെയും ബിജെപിയാക്കി മാറ്റിയിട്ടുണ്ട്. മകനെ പിടിച്ചു ജയിലിൽ വയ്ക്കും, ഭാര്യയെ ഭയപ്പെടുത്തും ഇതെല്ലാം അവർ ചെയ്യും. പുതുച്ചേരിയിൽ ഭരണം അട്ടിമറിച്ചതിനെക്കുറിച്ച് നാരായണ സ്വാമി | kodiyeri balakrishnan | CPM | LDF | Vinodini kodiyeri | Manorama Online
ഇഡിയെയും കസ്റ്റംസിനെയും എല്ലാം ഉപയോഗിച്ചു പല സംസ്ഥാനങ്ങളിലും പല നേതാക്കളെയും ബിജെപിയാക്കി മാറ്റിയിട്ടുണ്ട്. മകനെ പിടിച്ചു ജയിലിൽ വയ്ക്കും, ഭാര്യയെ ഭയപ്പെടുത്തും ഇതെല്ലാം അവർ ചെയ്യും. പുതുച്ചേരിയിൽ ഭരണം അട്ടിമറിച്ചതിനെക്കുറിച്ച് നാരായണ സ്വാമി | kodiyeri balakrishnan | CPM | LDF | Vinodini kodiyeri | Manorama Online
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറി നിൽക്കുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നവരിൽ മുഖ്യമന്ത്രിക്കൊപ്പമാണ് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. സ്ഥാനാർഥി നിർണയത്തിലും സീറ്റു വിഭജനചർച്ചകളിലുമെല്ലാം നിർണായക പങ്ക് കോടിയേരി വഹിക്കുന്നു. മകൻ ബിനീഷ് അറസ്റ്റിലായതിനു പിന്നാലെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസിന്റെ ഐ ഫോൺ ആരോപണം കൂടി ഉയർന്നതോടെ വിവാദങ്ങൾ വീണ്ടും അദ്ദേഹത്തെ വേട്ടയാടുന്ന സാഹചര്യമാണ്. കാൻസർ ചികിത്സ തുടരുന്നതിനാൽ ‘ഞാൻ നടത്തുന്നത് ഇരട്ടപ്പോരാട്ടമാണ്’ എന്ന് ഈ അഭിമുഖത്തിൽ കോടിയേരി ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാരെയും സ്പീക്കറെയും തിരഞ്ഞെടുപ്പ് രംഗത്തുനിന്നു സിപിഎം മാറ്റിയതു കൂടി ചർച്ചാവിഷയമായ പശ്ചാത്തലത്തിൽ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കോടിയേരി സംസാരിക്കുന്നു.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കേരളത്തിൽ ഇടതുപക്ഷത്തിനു തുടർഭരണം അനിവാര്യമാണെന്നു സിപിഎം കരുതുന്നോ? അതിനുള്ള സാധ്യത എത്രത്തോളം?
ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇടതു ഭരണം ഉള്ളത് എന്നതുകൊണ്ടു തുടർഭരണം ഉറപ്പാക്കുക എന്നതു വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യമാണ്. ബിജെപി സർക്കാരിനെതിരെ ആശയപരമായി പോരാടുന്നത് ഇടതുപക്ഷം മാത്രമാണ്. മത നിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നിവയെല്ലാം സംരക്ഷിക്കണമെങ്കിൽ ഇടതുപക്ഷം രാജ്യത്തു ശക്തിപ്പെടണം. ഇന്ത്യയിലെ ഇടതുപക്ഷ മുന്നേറ്റത്തിനും മത നിരപക്ഷത സംരക്ഷിക്കാനും കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നേ മതിയാകൂ.
ഇതു മുന്നിൽ കണ്ടു കേരളത്തിലെ സിപിഎം സ്ഥാനാർഥി നിർണയ പ്രക്രിയ നടന്നുവരികയാണ്.പുറത്തു വരുന്ന വാർത്തകൾ പ്രകാരം തലമുറ മാറ്റത്തിനു പാർട്ടി ഒരുങ്ങുകയാണോ?
സിപിഎമ്മിൽ സ്ഥാനാർഥി നിർണയത്തിനു വേണ്ട ഉൾപ്പാർട്ടി ചർച്ച നടക്കുകയാണ്. അന്തിമ തീരുമാനം ആയിട്ടില്ല. പുതിയ ആളുകൾക്ക് അവസരം കൊടുക്കണം എന്നാണു സംസ്ഥാനകമ്മിറ്റി എടുത്ത പ്രധാന തീരുമാനം. പുതിയ തലമുറയെ കൊണ്ടുവരണമെങ്കിൽ നിയമസഭയിൽ രണ്ടു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം. അക്കാര്യത്തിൽ ആർക്കും ഇളവു കൊടുക്കാൻ സാധിക്കില്ല. സംസ്ഥാന കമ്മിറ്റി ഒരു മാസം മുൻപ് ഇക്കാര്യം ചർച്ച ചെയ്തു മാർഗനിർദേശം കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റും കമ്മിറ്റിയും നടത്തിയ ചർച്ചയിൽ രണ്ടു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം എന്നതിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. ചില സ്ഥലങ്ങളിൽ ഇളവു കൊടുക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. എന്നാൽ മാർഗനിർദേശം കർശനമായി നടപ്പാക്കി സ്ഥാനാർഥികളെ സംബന്ധിച്ച സംസ്ഥാനകമ്മിറ്റി നിർദേശം ചർച്ച ചെയ്യണം എന്നാണു ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് എട്ടിനു ചേരുന്ന സെക്രട്ടേറിയറ്റ് യോഗമേ അന്തിമ തീരുമാനമെടുക്കൂ.
മുൻകാലങ്ങളിലും രണ്ടു ടേം വ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിലും ഇളവുകൾ നൽകിയിരുന്നല്ലോ? കർശനമാക്കുന്നത് എന്തുകൊണ്ടാണ്?
രണ്ടു ടേം കർശനമാക്കാതെ വരുമ്പോൾ ഒരു മണ്ഡലത്തിൽ ഒരേ ആൾതന്നെ തുടർച്ചയായി അഞ്ചും ആറും തവണ മത്സരിക്കുന്ന സ്ഥിതിയുണ്ടാകുന്നു. പുതിയ ആളുകൾക്ക് അവസരം അപ്പോൾ കിട്ടില്ല. ഒരു വിഭാഗം സഖാക്കൾ പാർലമെന്ററി പ്രവർത്തനത്തിൽ മാത്രമായി പോകുന്ന സ്ഥിതി വരും. സംഘടനയിൽ ലോക്കൽ സെക്രട്ടറി മുതൽ അഖിലേന്ത്യാ സെക്രട്ടറി വരെയുള്ളവർക്കു മൂന്നു ടേം മാത്രമേ തുടരാൻ കഴിയൂ, അതായത് ഒൻപതു കൊല്ലം. പാർലമെന്ററി രംഗത്തു പക്ഷേ എത്ര കാലവും ആകാം എന്നതിനു മാറ്റം കൂടിയേ തീരൂ എന്നു ഞങ്ങൾ കണ്ടു. അല്ലെങ്കിൽ ഒരു വിഭാഗം എപ്പോഴും പാർലമെന്ററി രംഗത്തും മറ്റൊരു വിഭാഗം എപ്പോഴും സംഘടനാ രംഗത്തും എന്ന അവസ്ഥ വരും. ഇതു രണ്ടും സംയോജിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി പാർട്ടിക്കുണ്ട്. പഞ്ചായത്തിലും നിയമസഭയിലും ജയിക്കണമെങ്കിൽ പാർട്ടി സംഘടന ശക്തമാകണം. ഇപ്പോൾ പാർലമെന്ററി രംഗത്തുനിന്ന് ഒഴിവാക്കുന്നവരെ പിന്നീട് പരിഗണിക്കേണ്ടി വരും. എപ്പോഴും മാറി നിൽക്കുക എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വളരെ അനുഭവ സമ്പത്തുള്ള മന്ത്രിമാരെ അടക്കം മാറ്റി നിർത്തേണ്ടി വരുന്നത് തുടർ ഭരണ മുദ്രാവാക്യത്തിനു സഹായകരമാണോ? ചില എതിർപ്പുകൾ ഉയരുന്നുണ്ടല്ലോ?
പുതിയ ടീമിലും വിവിധ കഴിവുകൾ ഉള്ളവർ ഉണ്ടാകും. അതു കൂടി കണക്കിലെടുത്താകും അന്തിമ പട്ടിക തയാറാക്കുക. മൊത്തം പട്ടിക നോക്കുമ്പോൾ അതു മികവുറ്റതായിരിക്കും. ഭരണം നടത്താൻ കഴിയുന്നവരായിരിക്കും പട്ടികയിൽ. ഇടതുപക്ഷഭരണത്തിനാണു തുടർച്ച വേണ്ടത്. മന്ത്രിമാരോ എംഎൽഎമാരോ അതേ പടി തുടരുക എന്നല്ല അതിന്റെ അർഥം. ഒരേ ആളുകൾ തുടരുന്നതു ചില സ്ഥലത്തു ഗുണം ചെയ്യും, ചിലയിടത്തു ദോഷവും ഉണ്ടാക്കും. പാർട്ടിക്കു പൊതുവായ തീരുമാനം എടുക്കേണ്ടി വരും.
ഇളവുകൾ ജില്ലാകമ്മിറ്റികൾ ആവശ്യപ്പെട്ടാലും ഇനി പരിഗണിക്കില്ലെന്നാണോ?
മാനദണ്ഡത്തിൽ ഉറച്ചു നിന്നു കൊണ്ടുള്ള നിർദേശങ്ങൾ സമർപ്പിക്കാനാണ് ജില്ലാകമ്മിറ്റികൾക്കു നൽകിയ നിർദേശം. സ്വാഭാവികമായും അത്തരം നിർദേശങ്ങളേ വരൂ. അതു പാർട്ടി എടുത്തിരിക്കുന്ന ഒരു തീരുമാനമാണ്. അതിന്റെ അടിസ്ഥാനത്തിലേ തുടർ നടപടികൾ ഉണ്ടാകൂ.
തുടർച്ചയായി ജയിക്കുക പക്ഷേ അയോഗ്യത അല്ലല്ലോ?
ജയിക്കുന്നത് ഒരു അയോഗ്യതയല്ല. അവർക്കു കിട്ടുന്ന അംഗീകാരമാണ്. പക്ഷേ രണ്ടു ടേം ജയിച്ചവർക്ക് ഒരു ടേം കൂടി കൊടുക്കുമ്പോൾ മൂന്ന് ആയി. പിന്നെ നാലും അഞ്ചും ആകാം. അപ്പോൾ വേറെ ആർക്കും അവസരം കിട്ടില്ല. ഇതാണു കോൺഗ്രസ് നേരിടുന്ന അവസ്ഥ. തുടർച്ചയായി ഒരേ ആളുകൾ ഒരേ മണ്ഡലത്തിൽ നിന്നതിന്റെ അനുഭവങ്ങൾ ഞങ്ങൾ ബംഗാളിലും നേരിട്ടു.
പാർട്ടി മാനദണ്ഡത്തിൽ ചില പഴുതുകളില്ലേ? തുടർച്ചയായി രണ്ടു തവണ ജയിച്ചവർക്കു മാറിക്കൊടുക്കേണ്ടി വരുന്നു. അതേ സമയം തോറ്റവർ, തുടർച്ചയായി മത്സരിക്കാൻ സാധിക്കാത്തവർ എന്നിവർക്ക് വീണ്ടും അവസരവും നൽകുന്നു. ഇത് അപാകതയല്ലേ?
അത് അപാകതയല്ല. മാനദണ്ഡം നിശ്ചയിക്കുമ്പോൾ ഏതെങ്കിലും ഒന്നിലേ ഉറച്ചു നിൽക്കാൻ കഴിയൂ. പഴയതു കൂടി മാനദണ്ഡമാക്കിയാൽ ഒരു പാടു പേർക്കു മത്സരിക്കാൻ കഴിയാതെ വരും. അങ്ങനെ എല്ലാവരെയും മാറ്റാൻ തീരുമാനിച്ചാൽ ഉദ്ദേശിക്കുന്നതു പോലെ നല്ല നേതൃനിര ഉണ്ടായില്ലെന്നു വരും. നേരത്തേ നിയമസഭയിലും പാർലമെന്റിലും അംഗങ്ങളായിരുന്നവർ പട്ടികയിലുണ്ട്. അനുഭവ സമ്പത്തു കൂടി വേണം എന്നതു കണക്കിലെടുത്താണ് അത്.
മൂന്നു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ല എന്ന സിപിഐ തീരുമാനം സിപിഎമ്മിനെ സ്വാധീനിച്ചോ?
ഒരു പാർട്ടി എടുക്കുന്ന സമീപനം അതേ പടി ഞങ്ങൾ കോപ്പിയടിക്കാറില്ല. സിപിഐയ്ക്ക് അവരുടേതായ തീരുമാനം എടുക്കാം. ഞങ്ങൾ ഞങ്ങളുടേതായ തീരുമാനവും എടുത്തു. മറ്റു പാർട്ടികളിൽ ഈ തീരുമാനം അടിച്ചേൽപ്പിക്കാനും ഉദ്ദേശിക്കുന്നില്ല. സിപിഐ എടുത്ത മൂന്നു ടേം നല്ല തീരുമാനം തന്നെയാണ്.
പാർട്ടി നേതാക്കളുടെ ഭാര്യമാർ സിപിഎം പട്ടികയിൽ ഇടം നേടി എന്ന ആക്ഷേപം ഉണ്ടല്ലോ?
ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ പേരു പുറത്തു വന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നതിൽ സാംഗത്യമില്ല. പാർട്ടിതീരുമാനമായി വരുമ്പോൾ മാത്രമേ നിലപാട് പറയേണ്ടതുള്ളൂ. ഇപ്പോൾ നിർദേശങ്ങൾ മാത്രമാണ്. അന്തിമ പട്ടിക വരുമ്പോൾ പാർട്ടിക്ക് ന്യായീകരിക്കാവുന്ന സ്ഥാനാർഥികൾ തന്നെയായിരിക്കും എല്ലായിടത്തും.
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി കണ്ണു തുറപ്പിച്ചു എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അവരുടെ തയാറെടുപ്പുകളെ എങ്ങനെയാണ് സിപിഎം വിലയിരുത്തുന്നത്?
തദ്ദേശ തിരഞ്ഞെടുപ്പിൽ 38% വോട്ട് യുഡിഎഫിനും 42% വോട്ട് എൽഡിഎഫിനും 15% വോട്ട് ബിജെപിക്കും ലഭിച്ചു. വലിയ വിജയം നേടുമെന്ന യുഡിഎഫിന്റെ പ്രതീക്ഷ അസ്ഥാനത്തായി. കേരള രാഷ്ട്രീയം മാറി എന്നതാണ് അതിനു കാരണം. കേന്ദ്രസർക്കാരിന്റെ ചില നീക്കങ്ങളുടെ ചെലവിൽ ഇടതുപക്ഷത്തെ ഇവിടെ തകർക്കാമെന്ന അവരുടെ പ്രതീക്ഷ വിലപ്പോയില്ല. ഇപ്പോൾ എങ്ങനെയും ഭരണം കിട്ടാനായി രാഷ്ട്രീയ കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നു. യുഡിഎഫിനെ ഞങ്ങൾ കുറച്ചു കാണില്ല. പ്രത്യക്ഷത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ യുഡിഎഫിന്റെ ഘടകകക്ഷികളാണ്. ജാതി മത ശക്തികളുടെ പഴയ പിന്തുണ കിട്ടുന്നില്ല എന്നതിനാൽ അതു തിരിച്ചു പിടിക്കാനാണ് അവർ കാര്യമായി ശ്രമിക്കുന്നത്. തിരിച്ചുവരാൻ യുഡിഎഫ് ശ്രമിക്കും. പക്ഷേ ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. ജനങ്ങൾ ഇടതുപക്ഷത്തിനു പിന്നിൽ അണിനിരക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ചില കേന്ദ്രങ്ങളിൽ ബിജെപിക്കു വളർച്ച ഉണ്ടാകുന്നു എന്നാണല്ലോ പാർട്ടി വിലയിരുത്തിയത്?
നിയമസഭയിലേക്ക് എങ്ങനെയും കടന്നു കൂടാൻ ബിജെപി ശ്രമിക്കും. ഒരു തൂക്കു സഭയാണ് അവരുടെ ലക്ഷ്യം. ആർക്കും ഭൂരിപക്ഷം കിട്ടാതെ വന്നാൽ ബിജെപിക്കു നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഭരണം കിട്ടുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നു ബിജെപിയുടെ പ്രസിഡന്റ് പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിലെ പോലെ കുതിരക്കച്ചടവത്തിനു ശ്രമിക്കുമെന്ന മുന്നറിയിപ്പാണ് അത്. യുഡിഎഫിൽ ജയിച്ചു വരുന്നവരെ ഉപയോഗിച്ചു ഭരണം സ്ഥാപിക്കാൻ അവർ നോക്കും. പക്ഷേ ബിജെപിക്ക് ഒരു സീറ്റും കേരളത്തിൽ ലഭിക്കാൻ പോകുന്നില്ല. എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാകും മത്സരം. എൽഡിഎഫ് വിജയിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും കേരളത്തിൽ സംഭവിക്കുക. നേമം ഗുജറാത്താണ് എന്നു കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചത് ഒരു തുടക്കമാണ്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ പക്ഷേ അതു തടയുക തന്നെ ചെയ്യും.
ബിജെപിയുടെ മോഹത്തെക്കുറിച്ച് താങ്കൾ പറഞ്ഞു. ഡോളർ കടത്തും സ്വർണക്കടത്തും വീണ്ടും ഉയർന്നു വരുന്നത് ആ രാഷ്ട്രീയലക്ഷ്യത്തിന്റെ ഭാഗമാണോ?
പുതിയ നീക്കം വന്നതു രാഹുൽഗാന്ധി കേരളത്തിൽ വന്നു നടത്തിയ പ്രസംഗത്തിനു ശേഷമാണ്. കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെതിരെ ഒന്നും ചെയ്യുന്നില്ല എന്നു രാഹുൽ പറഞ്ഞതോടെ ബിജെപി സർക്കാരിന് ഉത്തേജനമായി. ഇങ്ങനെയെല്ലാം ചെയ്യണം എന്ന സന്ദേശം നൽകിയതോടെ കോൺഗ്രസുമായി ഒരു ചങ്ങാത്തം സ്ഥാപിക്കാൻ അവസരം കിട്ടും എന്നു ബിജെപിക്കു തോന്നി. മലീമസമായ പ്രചാരണങ്ങളും കള്ളക്കഥകളും ഇനിയുള്ള ദിവസങ്ങളിലുണ്ടാകും. എന്റെ കുടുംബത്തിനെതിരെ പുതിയ കഥ ഉണ്ടാക്കിയത് അതിന്റെ ഭാഗമാണ്.
സന്തോഷ് ഈപ്പൻ വാങ്ങിക്കൊടുത്ത ഐ ഫോണുകളിൽ ഒന്നു താങ്കളുടെ ഭാര്യ വിനോദിനിയാണ് ഉപയോഗിക്കുന്നത് എന്ന കസ്റ്റംസ് കണ്ടെത്തലാണല്ലോ ഒടുവിൽ വീണ ബോംബ്?
അതേക്കുറിച്ചു തന്നെയാണ് പറഞ്ഞത്. സന്തോഷ് ഈപ്പനെ ഞങ്ങൾക്ക് അറിയില്ല. ഈ പറയുന്ന ഫോൺ കിട്ടിയിട്ടുമില്ല. ഇതാണ് വസ്തുത. അവർ ഉപയോഗിക്കുന്ന ഫോൺ അവർതന്നെ പൈസ കൊടുത്തു വാങ്ങിയതാണ്. സന്തോഷ് ഈപ്പനുമായി ഞങ്ങൾക്ക് ഒരു തരത്തിലും പരിചയപ്പെടേണ്ടി വന്നിട്ടില്ല. കോൺസുലേറ്റ് ജനറലുമായും ഞങ്ങൾക്ക് ബന്ധമില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിനു കൊടുത്ത ഫോൺ കിട്ടുക. ആ ഫോൺ ഇപ്പോൾ വേറെ ആരോ ആണ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. എങ്കിൽ പിന്നെ എങ്ങനെയാണ് ഫോൺ കിട്ടിയത് എന്ന് അയാളെ വിളിച്ചു ചോദിച്ചാൽ മതിയില്ലേ?
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തെളിയിച്ചത് എന്നാണ് കസ്റ്റംസ് അവകാശപ്പെടുന്നത്?
അങ്ങനെ ഒരു ഐ ഫോൺ പക്കൽ ഇല്ലാത്ത ഞങ്ങൾ അതേക്കുറിച്ച് എന്തു പറയാനാണ്? ഇതൊരു കെട്ടുകഥയാണ്.
ഐ ഫോൺ ആണോ വിനോദിനി ഉപയോഗിക്കുന്നത്?
ഐ ഫോൺ ഉപയോഗിക്കുന്നുണ്ട്. പക്ഷേ അത് ഈ പറഞ്ഞ ഫോൺ അല്ല.
സ്വപ്നാ സുരേഷ് വഴി നൽകിയതാണ് എന്ന ഒരു വാദവും ഉണ്ടല്ലോ?
സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഗതിയിൽ ഭരണ രംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം.എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. സന്തോഷ് ഈപ്പൻ, സ്വപ്നാ സുരേഷ്, കോൺസുലേറ്റ് ജനറൽ.. ഈ മൂന്നുപേരെയും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.
ഐ ഫോൺ ആരോപണം രമേശ് ചെന്നിത്തലക്കെതിരെ ആദ്യം ഉന്നയിച്ചത് താങ്കളാണ്. അതു കൊണ്ട് താങ്കൾ മാപ്പു പറയണം എന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്?
ആദ്യം ഉന്നയിച്ചത് ഞാൻ അല്ല.അഞ്ച് ഐ ഫോൺ വാങ്ങിയതിൽ ഒന്നു കൊടുത്തതു പ്രതിപക്ഷ നേതാവിനാണ് എന്നു വെളിപ്പെടുത്തിയത് സന്തോഷ് ഈപ്പനാണ്. അക്കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. അതു വസ്തുതയല്ല എന്നു പറഞ്ഞതോടെ ഞാൻ വിട്ടു. തനിക്കു കിട്ടിയിട്ടില്ല എന്നു ചെന്നിത്തല പറഞ്ഞതോടെ ഞങ്ങൾ ഏറ്റുപിടിച്ചില്ല. വസ്തുത മനസ്സിലാക്കിയാൽ ഞങ്ങൾ നിർത്തും. അറിഞ്ഞു കൊണ്ടുതന്നെ കള്ളപ്രചാര വേല മറ്റുള്ളവർ ചെയ്യും. കുടുംബത്തെ വേട്ടയാടുക എന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം. അതിനു വേണ്ടിയുള്ള മറ്റൊരു കഥയാണ് ഇത്. പതറിപ്പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
ഇഡിയെയും കസ്റ്റംസിനെയും എല്ലാം ഉപയോഗിച്ചു പല സംസ്ഥാനങ്ങളിലും പല നേതാക്കളെയും ബിജെപിയാക്കി മാറ്റിയിട്ടുണ്ട്. മകനെ പിടിച്ചു ജയിലിൽ വയ്ക്കും, ഭാര്യയെ ഭയപ്പെടുത്തും ഇതെല്ലാം അവർ ചെയ്യും.പുതുച്ചേരിയിൽ ഭരണം അട്ടിമറിച്ചതിനെക്കുറിച്ച് നാരായണ സ്വാമി പറഞ്ഞില്ലേ? ഇൻകം ടാക്സിനെ അല്ലേ ഉപയോഗിച്ചത്? കേരളത്തിൽ ആരും അങ്ങനെ ഭയപ്പെടില്ല, രാഷ്ട്രീയ നിലപാട് മാറില്ല. എന്റെ കുടുംബം തകരാനും പോകുന്നില്ല. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും എതിരെ നീങ്ങിയതിനൊപ്പം പാർട്ടി നേതൃത്വത്തിന്റെ ഭാഗമായവർക്കെതിരെയും നീങ്ങുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഈ കഥകൾ തുടരും.
കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ നോട്ടിസിനെ എങ്ങനെയാണ് സമീപിക്കുന്നത്?
ഇതുവരെ നോട്ടിസ് വന്നതായി കണ്ടില്ല. വരട്ടെ, അപ്പോൾ ആലോചിക്കാം.
മകനെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നുവെന്നു പറഞ്ഞു. ആ കേസിനു പിന്നിലും രാഷ്ട്രീയമാണ് എന്നാണോ?
ബിനീഷിനെ ആദ്യം അറസ്റ്റു ചെയ്തപ്പോൾ മയക്കുമരുന്നു കേസിന്റെ കാര്യം പറഞ്ഞു. ഇപ്പോൾ കുറ്റപത്രം കൊടുത്തപ്പോൾ അതിൽ അയാളുടെ പേരില്ല. പിന്നെ കള്ളപ്പണം വെളുപ്പിക്കൽ കേസാണ്. അപ്പോൾ അതിൽ പെടുത്തി. എങ്ങനെയും ജയിലിൽ അടയ്ക്കണം. കേന്ദ്ര സർക്കാർ വിചാരിച്ചാൽ ആരെയും ജയിലിൽ ഇടാമല്ലോ. കേന്ദ്ര ഏജൻസികളെ പല രീതിയിൽ ഉപയോഗിക്കുന്നതിന്റെ ഭാഗമായ കാര്യമാണു ബിനീഷിനെതിരെയും ഉണ്ടായത് എന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. അവശേഷിക്കുന്ന കേസിൽ ഹൈക്കോടതിക്കു മുന്നിൽ ജാമ്യാപേക്ഷ കൊടുക്കാനിരിക്കുകയാണ്.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സെക്രട്ടറിയായി മടങ്ങിവരുമെന്നു വാർത്തകൾ വരുന്നുണ്ടല്ലോ? ചികിത്സാർഥമുള്ള അവധി അവസാനിപ്പിക്കാറായോ?
കാൻസർ രോഗത്തിന്റെ ഭാഗമായ ചികിത്സയിലാണ് ഞാൻ. ഇതൊന്നും മറച്ചുവയ്ക്കുന്ന രീതി എനിക്കില്ല. പലരും തുറന്നു പറയാറില്ല. ഇപ്പോൾ കീമോ തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ ചികിത്സ തുടരണം. രോഗത്തോട് പൊരുതണം, കൂടെ ഇത്തരം ദുഷ്പ്രചാരണങ്ങളെയും നേരിടണം. ഇരട്ടപ്പോരാട്ടം ഏറ്റെടുക്കേണ്ട അവസ്ഥയാണ് വ്യക്തിപരമായി എനിക്ക്. ഈ അനുഭവങ്ങളുടെ മുന്നിൽ പതറിപ്പോകാൻ ഉദ്ദേശിക്കുന്നില്ല. സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ടു മാത്രമല്ല, പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുക. ജീവനുള്ളയിടത്തോളം കാലം സിപിഎമ്മിനും ഇടതുപക്ഷത്തിനും വേണ്ടി പ്രവർത്തിക്കും. ഇടതുമുന്നണിയെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ, ആരോഗ്യം അനുവദിക്കുന്ന എല്ലാ കാര്യവും ചെയ്യും.
കുടുംബാഗങ്ങൾക്കെതിരെ നിരന്തരമായി ആരോപണം ഉണ്ടാകുന്നത് യാദൃശ്ചികമായി കരുതാൻ കഴിയുമോ?
ആരോപണങ്ങളും പ്രശ്നങ്ങളും ഞാൻ പാർട്ടിയിൽ ഉള്ളയിടത്തോളം കാലം ഉണ്ടാകും. യുഡിഎഫിനും ബിജെപിക്കും മുന്നിൽ പക്ഷേ കീഴടങ്ങില്ല. കമ്യൂണിസ്റ്റുകാരനായി തന്നെ ജീവിക്കും. പല പരീക്ഷണങ്ങളും നേരിട്ടാണ് ഇവിടെ എത്തിയത്. വിറങ്ങലിക്കാനോ സ്തംഭിച്ചു നിൽക്കാനോ ഞാൻ തയാറല്ല.
താങ്കളുടെ വ്യക്തിപരമായ പ്രതിച്ഛായയിൽ ഇതെല്ലാം പോറലേൽപ്പിക്കുന്നുവെന്ന വേദനയുണ്ടോ?
അതെല്ലാം ജനങ്ങളാണ് തീരുമാനിക്കേണ്ടത്. പ്രതിച്ഛായ എന്നതു മറ്റുള്ളവർ ഉണ്ടാക്കുന്നതല്ലേ? വ്യക്തിപരമായി ഇത്തരം ഒരു കുറ്റത്തിലും ഞാൻ പങ്കാളിയല്ല. ഇല്ലാത്ത കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിൽ എനിക്ക് ഒന്നും ചെയ്യാനില്ല. ഭാര്യക്കെതിരെ വരെ കള്ളക്കഥ ഉണ്ടാക്കാൻ ശ്രമിച്ചാൽ പിന്നെ എന്തു ചെയ്യാൻ കഴിയും? ഇതെല്ലാം തിരിച്ചടിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതു ബോധ്യമായില്ലേ? ബിനീഷിനെ അറസ്റ്റു ചെയ്ത് അകത്തു വച്ചിട്ട് തലശേരി മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിനു സീറ്റ് കൂടുതൽ കിട്ടുകയാണല്ലോ ഉണ്ടായത്.
സംഘടനാ രംഗത്തും പാർട്ടിയെ പ്രതിനിധീകരിച്ചു സംസാരിക്കുന്ന വേദികളിലും കോടിയേരിയുടെ അസാന്നിധ്യം സിപിഎമ്മിന് ഒരു തിരിച്ചടിയാണോ? നാവുപിഴകൾ ബാധിക്കാത്ത നേതാവ് എന്ന ചില താരതമ്യങ്ങൾ ശ്രദ്ധിക്കാറില്ലേ?
അതൊക്കെ ചില പ്രചാരണം മാത്രമാണ്. ആളുകളുടെ സംസാര രീതിയിലും ശൈലിയിലും വ്യത്യാസം ഉണ്ടാകും. എല്ലാവരും പാർട്ടിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതിനിടയിലെ ചില പ്രശ്നങ്ങൾ പർവതീകരിക്കുന്നത് സ്ഥാനത്തിരിക്കുന്നതുകൊണ്ടാണ്. അതിൽ കവിഞ്ഞ് ഒന്നുമില്ല. ഒരാൾ മാറി മറ്റൊരാൾ വന്നതു കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ഏതെങ്കിലും ഒരാളുടെ അഭാവം സിപിഎമ്മിനെ ബാധിക്കില്ല.ശക്തമായ പാർട്ടിയാണ് കേരളത്തിലെ സിപിഎം. ആ ശക്തി നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തെളിയും.
സീറ്റ് ചർച്ച തുടങ്ങും മുൻപ് എൽഡിഎഫ് എംഎൽഎ ആയ മാണി സി.കാപ്പൻ മറു കണ്ടം ചാടിയത് മുന്നണിക്ക് അശുഭകരമാണോ?
വഞ്ചകന്മാർ എപ്പോഴും മുന്നണിയിൽ ഉണ്ടാകും. അത് ഇടതുപക്ഷത്തെ ബാധിക്കില്ല. അത്തരം വഞ്ചകന്മാർക്കു മറുപടി കൊടുത്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. അവസരവാദികൾ വിട്ടുപോകുമ്പോൾ ഇടതുപക്ഷം ശക്തിപ്പെടുകയാണ് ചെയ്യുക.
English Summary: Exclusive Interview With CPM leader Kodiyeri Balakrishnan