നെഞ്ചിലുറങ്ങി കുരുന്ന്, വെയിലിൽ സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി യുവതി; പൊള്ളുന്ന ജീവിതം
കൊച്ചി ∙ സമൂഹമാധ്യമങ്ങളിൽ വൈറലായ 23 സെക്കൻഡ് വിഡിയോ കണ്ടവർക്കെല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകും. പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതി. | Swiggy Delivery Lady with Girl Child | Manorama News
കൊച്ചി ∙ സമൂഹമാധ്യമങ്ങളിൽ വൈറലായ 23 സെക്കൻഡ് വിഡിയോ കണ്ടവർക്കെല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകും. പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതി. | Swiggy Delivery Lady with Girl Child | Manorama News
കൊച്ചി ∙ സമൂഹമാധ്യമങ്ങളിൽ വൈറലായ 23 സെക്കൻഡ് വിഡിയോ കണ്ടവർക്കെല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകും. പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതി. | Swiggy Delivery Lady with Girl Child | Manorama News
കൊച്ചി∙ സമൂഹമാധ്യമങ്ങളിൽ വൈറലായ 23 സെക്കൻഡ് വിഡിയോ കണ്ടവർക്കെല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകും. പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതി. കൊടുംവെയിലിൽ കുഞ്ഞ് ആ നെഞ്ചിൽ വാടി ഉറങ്ങുന്നതാണു വിഡിയോയിലെ കാഴ്ച. കഷ്ടപ്പാടുകളോട് ഒരു പെൺകുട്ടി ഒറ്റയ്ക്കു നടത്തുന്ന പോരാട്ടത്തിന്റെ നേർക്കാഴ്ചയുണ്ടതിൽ; ജീവിക്കാനുള്ള മലയാളിയുടെ പോരാട്ടവീര്യവും.
ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു. തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പിൽ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്.
‘പിന്നെ ആരൊക്കെയോ വാട്സാപ്പിൽ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയിൽനിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ – രേഷ്മ പറയുന്നു.
‘എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെൺകുഞ്ഞല്ലേ. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്.
സത്യത്തിൽ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയർ ഇല്ലാത്തതിനാൽ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറിൽ ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോർത്താണു ജോലിക്കു പോകുമ്പോൾ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താൽ ഇൻസെന്റീവ് കൂടുതൽ കിട്ടും.
ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ സുന്ദിയമ്മ എന്ന ആ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. കൂടെ കൊണ്ടുപോകുന്നത് മോൾക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലർക്കും കൗതുകമാണെങ്കിലും എനിക്കതിൽ അഭിമാനമാണ്. കഴിഞ്ഞ ഞായറാഴ്ച തോൾ വേദനിച്ചപ്പോൾ ആ അമ്മയെ വിളിച്ചു പറഞ്ഞു, അവർ പറഞ്ഞു, നീ ഇവിടെ കൊണ്ടു വിട്ടോളൂ എന്ന്. പൊലീസ് വണ്ടി കാണുമ്പോഴാണ് പേടി. സിഗ്നലിലൊക്കെ കിടക്കുമ്പോൾ എത്രയും പെട്ടെന്ന് പോയാൽ മതിയെന്നു കരുതും.
വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വർഷമായി. വീട്ടുകാർക്കു താൽപര്യമില്ലാത്ത വിവാഹമായിരുന്നതിനാൽ അവർ വരാറില്ല. പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷമായി. ഹോട്ടൽ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയിത്തുടങ്ങിയത്.
അതിനു ഫീസടയ്ക്കാൻ കൂടി പണം വേണമെന്നതിനാലാണ് അൽപം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാൻ തീരുമാനിച്ചത്. അവർ തന്നെ പ്ലേസ്മെന്റ് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് നല്ലൊരു തുക വേണം. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാൽ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ രണ്ടാഴ്ചയായി ക്ലാസിൽ പോകുന്നില്ല.
ക്ലാസുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒൻപതു വരെ ഭക്ഷണ വിതരണത്തിനു പോകും. പലരും കടയിൽ നിൽക്കാനോ സെയിൽസിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാൻ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാൻ സാധിക്കാതിരുന്നാലും വലിയ പ്രശ്നമില്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ അവർക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാൻ സന്തോഷമാണ്’– രേഷ്മ പറഞ്ഞു.
‘ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ – വിഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വരികളാണിത്.
English Summary: Swiggy delivery lady with child in scooter, Video went viral