ക്വാഡില്‍ കൈകോര്‍ത്ത് 4 ലോകശക്തികള്‍; നിലയ്ക്കു നിര്‍ത്താനാകുമോ ചൈനയെ?
ഈ നാല് രാജ്യങ്ങള്‍ കൈകോര്‍ത്തു മുന്നേറിയാല്‍ ചൈനയെ നിലയ്ക്കു നിര്‍ത്താനാകുമോ? ലോകം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിനു വേണ്ടിയാണ്. ഇന്തോ-പസിഫിക് മേഖലയില്‍ | Quad Summit, Quad alliance, Narendra Modi, China, Manorama News, Joe Biden, Scott Morrison, Yoshihide Suga
ഈ നാല് രാജ്യങ്ങള്‍ കൈകോര്‍ത്തു മുന്നേറിയാല്‍ ചൈനയെ നിലയ്ക്കു നിര്‍ത്താനാകുമോ? ലോകം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിനു വേണ്ടിയാണ്. ഇന്തോ-പസിഫിക് മേഖലയില്‍ | Quad Summit, Quad alliance, Narendra Modi, China, Manorama News, Joe Biden, Scott Morrison, Yoshihide Suga
ഈ നാല് രാജ്യങ്ങള്‍ കൈകോര്‍ത്തു മുന്നേറിയാല്‍ ചൈനയെ നിലയ്ക്കു നിര്‍ത്താനാകുമോ? ലോകം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിനു വേണ്ടിയാണ്. ഇന്തോ-പസിഫിക് മേഖലയില്‍ | Quad Summit, Quad alliance, Narendra Modi, China, Manorama News, Joe Biden, Scott Morrison, Yoshihide Suga
ഈ നാല് രാജ്യങ്ങള്‍ കൈകോര്‍ത്തു മുന്നേറിയാല്‍ ചൈനയെ നിലയ്ക്കു നിര്‍ത്താനാകുമോ? ലോകം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിനു വേണ്ടിയാണ്. ഇന്തോ-പസിഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ ചെറുക്കാന്‍ സൗഹൃദരാജ്യങ്ങളെ ഒന്നിച്ച് അണിനിരത്താന്‍ ഉറച്ചാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ കാലുകുത്തിയിരിക്കുന്നത്. അതിലേക്കുള്ള നിര്‍ണായക ചുവടുവയ്പായാണ് യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി ഇന്ന് ഓണ്‍ലൈനായി ചേര്‍ന്നിരിക്കുന്നത്.
കോവിഡ് അനന്തര സാമ്പത്തിക സഹകരണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുകയാണ് പ്രധാനലക്ഷ്യമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ചൈനീസ് വെല്ലുവിളികള്‍ മുന്നില്‍ കണ്ടുളള നീക്കങ്ങളാണ് കൂട്ടായ്മയുടെ അണിയറയില്‍ ഒരുങ്ങുന്നതെന്നാണു റിപ്പോര്‍ട്ട്. ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡിന്റെ ഭാഗമായി ഉച്ചകോടികള്‍, വിവരങ്ങളുടെ പങ്കുവയ്ക്കല്‍, സൈനികാഭ്യാസങ്ങള്‍ എന്നിവയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) മാതൃകയില്‍ ഔപചാരിക സൈനികസഖ്യമല്ല ക്വാഡ്. ഇന്തോ-പസിഫിക് മേഖലയിലെ 'ഡയമണ്ട് ഓഫ് ഡെമോക്രസീസ്' എന്നാണ് യുഎസ് സൈന്യത്തിന്റെ ഇന്തോ-പസിഫിക് കമാന്‍ഡ് മേധാവ് അഡ്മിറല്‍ ഫിലിപ്പ് ഡേവിഡ്‌സണ്‍ ക്വാഡ് കൂട്ടായ്മയെ വിശേഷിപ്പിച്ചത്.
സമുദ്രസുരക്ഷ, സപ്ലൈ ചെയിന്‍ സെക്യൂരിറ്റി, ടെക്‌നോളജി, നയതന്ത്രം എന്നീ നാല് മേഖലകളില്‍ നിര്‍ണായക സ്ഥാനം വഹിക്കാന്‍ ക്വാഡ് കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
ചൈന പ്രതിദിനം നാവികശക്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമുദ്രസുരക്ഷയില്‍ അമേരിക്കന്‍ നാവികസേനയ്ക്കു മേഖലയില്‍ കരുത്തു പകരാന്‍ ക്വാഡ് അംഗരാജ്യങ്ങള്‍ക്കു കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളും ജപ്പാന്റെ ഡിസ്‌ട്രോയറുകളും അന്തര്‍വാഹിനികളും അടങ്ങുന്ന നാവികവ്യൂഹവും ഉദാഹരണമായി പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ സഖ്യരാജ്യങ്ങളുടെ അതിവിപുലമായ വാണിജ്യ, നിര്‍മാണ സൗകര്യങ്ങള്‍ സംയോജിപ്പിച്ചാല്‍ ചൈനീസ് ആധിപത്യം നിലനില്‍ക്കുന്ന മെഡിക്കല്‍ വിതരണം, ഫാര്‍മസ്യൂട്ടികല്‍ മേഖലകളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ കഴിയുമെന്നും ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
സാങ്കേതികവിദ്യാ രംഗത്ത് വിവര സുരക്ഷ കൈവരിക്കാനും ചൈനീസ് ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ആവശ്യമില്ലാത്ത നൂതന സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കാനും വിഭവശേഷി പങ്കാളിത്തം ഉറപ്പാക്കാന്‍ ക്വാഡ് കൂട്ടായ്മയ്ക്ക് കഴിയും.
നയതന്ത്ര മേഖലയിലാകട്ടെ ഇന്തോ-പസിഫിക് മേഖലയില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അയല്‍ രാജ്യങ്ങളുമായി അടുത്ത സൗഹൃദം സൃഷ്ടിക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്ന ആധിപത്യം ഒരു പരിധിവരെ ചെറുക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍.
എന്നാല്‍ ചൈനീസ് സമ്മര്‍ദത്തില്‍ 2007ല്‍ ക്വാഡ് കൂട്ടായ്മ തകര്‍ന്നടിഞ്ഞതാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സഖ്യരാജ്യങ്ങളെ ചേര്‍ത്ത് തങ്ങളെ വളഞ്ഞിട്ടാക്രമിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചൈന ആരോപണം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ സാമ്പത്തിക തിരിച്ചടി നല്‍കി ഒതുക്കാനാവും ചൈന ശ്രമിക്കുക. ഇതു മേഖലയില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും വിലയിരുത്തലുണ്ട്.
വിവിധ മേഖലകളില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാമെങ്കിലും ചൈനയ്‌ക്കെതിരെ എന്തു ചെയ്യണം എന്ന കാര്യത്തില്‍ പൊതുധാരണയിലെത്താന്‍ ക്വാഡ് കൂട്ടായ്മയ്ക്ക് കഴിയുമോ എന്നതാണു പ്രധാന ചോദ്യം. അംഗരാജ്യങ്ങളുടെ മുന്‍ഗണനകള്‍ വ്യത്യസ്തമാണ്. ഇന്ത്യ പ്രധാനമായും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ശ്രദ്ധയൂന്നുമ്പോള്‍ ദക്ഷിണ ചൈനാ കടലിലാണ് ഓസ്‌ട്രേലിയയ്ക്കും ജപ്പാനും ആശങ്ക. അതേസമയം ചൈനയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക സംഘര്‍ഷം ഉണ്ടായാല്‍ ക്വാഡ് രാജ്യങ്ങള്‍ക്ക് ഒന്നിച്ചുനിന്ന് അതിവേഗം പ്രതിരോധിക്കാന്‍ കഴിയുമെന്നതാണ് സഹകരണത്തിന്റെ നേട്ടമെന്ന് ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
English Summary: Quad alliance of US, Japan, India and Australia is part of Biden's plan to contain China