ചരിത്രം തിരുത്തി നൂർബിന; ലീഗ് പട്ടികയിലെ പെൺകനൽ, നിലപാടുറച്ച വാക്കുകൾ
ചരിത്രം തിരുത്തിയ നൂർബിന റഷീദ് ഇനി പുതുചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ്. സ്ഥാനാർഥി പട്ടികയിൽ പെൺസാന്നിധ്യം ഇല്ലാതിരുന്ന മുസ്‍ലിം ലീഗിന്റെ കാൽ നൂറ്റാണ്ടിന്റെ ചരിത്രമാണു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മിഷൻ അംഗവുമായ | Noorbina Rasheed | Manorama Online | Manorama News | Kerala Assembly Election 2021 | IUML
ചരിത്രം തിരുത്തിയ നൂർബിന റഷീദ് ഇനി പുതുചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ്. സ്ഥാനാർഥി പട്ടികയിൽ പെൺസാന്നിധ്യം ഇല്ലാതിരുന്ന മുസ്‍ലിം ലീഗിന്റെ കാൽ നൂറ്റാണ്ടിന്റെ ചരിത്രമാണു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മിഷൻ അംഗവുമായ | Noorbina Rasheed | Manorama Online | Manorama News | Kerala Assembly Election 2021 | IUML
ചരിത്രം തിരുത്തിയ നൂർബിന റഷീദ് ഇനി പുതുചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ്. സ്ഥാനാർഥി പട്ടികയിൽ പെൺസാന്നിധ്യം ഇല്ലാതിരുന്ന മുസ്‍ലിം ലീഗിന്റെ കാൽ നൂറ്റാണ്ടിന്റെ ചരിത്രമാണു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മിഷൻ അംഗവുമായ | Noorbina Rasheed | Manorama Online | Manorama News | Kerala Assembly Election 2021 | IUML
സംഘടനയ്ക്കുള്ളിൽ ചരിത്രം തിരുത്തിയെത്തുന്ന നൂർബിന റഷീദ് തിരഞ്ഞെടുപ്പ് ഗോദയിലും പുതുചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ്. സ്ഥാനാർഥി പട്ടികയിൽ പെൺതരി ഇല്ലാതെ പോയ മുസ്‍ലിം ലീഗിന്റെ കാൽ നൂറ്റാണ്ടിന്റെ ചരിത്രമാണു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മിഷൻ അംഗവുമായ നൂര്‍ബിന റഷീദ് ആദ്യം തിരുത്തിയത്. യുഡിഎഫ് സാരഥിയായി നിയമസഭയിലേക്കു ജയിച്ചു കയറുകയെന്ന വലിയ ചരിത്രദൗത്യമാണു മുന്നിലുള്ളതെന്നു നൂർബിന പറയുന്നു.
പൊതുജന സേവനവും അഭിഭാഷകവൃത്തിയും ഒരുപോലെ കൊണ്ടുപോകുന്ന നൂർബിന കോഴിക്കോട് സൗത്തിലാണ് അങ്കത്തിനിറങ്ങുന്നത്. സിറ്റിങ് എംഎൽഎ എം.കെ.മുനീർ കൊടുവള്ളിയിലേക്കു മാറുമ്പോൾ പിൻഗാമിയായി പാർട്ടി കണ്ടെത്തിയ നേതാവ്. കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലറുമാണ് നൂർബിന. 1996 ൽ ആണ് ലീഗ് മുൻപു വനിതയെ നിയമസഭയിലേക്കു മത്സരിപ്പിച്ചത്. കോഴിക്കോട് സൗത്ത്(അന്ന് കോഴിക്കോട് – രണ്ട്) തന്നെയായിരുന്നു അന്നും അങ്കത്തട്ട്. ലീഗ് സ്ഥാനാർഥിയായി അന്ന് രംഗത്തുവന്ന ഖമറുന്നീസ അൻവർ പക്ഷേ എല്‍ഡിഎഫ് സ്ഥാനാർഥി എളമരം കരീമിനോടു പരാജയപ്പെട്ടു.
മലബാറിലെ ആദ്യ മുസ്‌ലിം ക്രിമിനൽ അഭിഭാഷക കൂടിയാണ് നൂർബിന.1996 ൽ വനിതാ ലീഗിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി. 2015 മുതൽ ദേശീയ ജനറൽ സെക്രട്ടറി. 1995–2005 ൽ കോഴിക്കോട് കോർപറേഷൻ കൗൺസിലർ. 2018ൽ ആണ് ലീഗിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നൂർബിന അംഗമായത്. ലീഗിൽ വനിതകൾക്ക് ഈ പരിഗണന കിട്ടിയതും അന്നാദ്യമായിരുന്നു. മതസംഘടനകളുടെ എതിര്‍പ്പു കണക്കിലെടുത്ത്, മുസ്‌ലിം വനിതയെ ലീഗ് പരിഗണിക്കില്ലെന്ന ആക്ഷേപത്തിനു വിരാമമിടാനും ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിലൂടെ ലീഗിനായി. എൽഡിഎഫിനായി ഐഎന്‍എൽ അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ആണ് നൂർബിനയുടെ എതിരാളി. സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു ശേഷം നൂർബിന റഷീദ് ‘മനോരമ ഓൺലൈനു’ നൽകിയ അഭിമുഖത്തിൽനിന്ന്.
∙ 25 വർഷത്തിനു ശേഷം മുസ്‌ലിം ലീഗിന്റെ വനിതാ സ്ഥാനാർഥി. എങ്ങനെയുണ്ട് വിജയപ്രതീക്ഷ?
കാലഘട്ടത്തിന് അനുസരിച്ചു നല്ലൊരു തീരുമാനമാണു പാർട്ടി എടുത്തത്. നീണ്ട ഇടവേളയ്ക്കു ശേഷം സ്ത്രീകൾക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ അവസരം നൽകി. പാർട്ടി എന്നിലേൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി ഉൾക്കൊണ്ടു കളത്തിലേക്ക് ഇറങ്ങുകയാണ്. വിജയിച്ചു കയറണം എന്നതുതന്നെയാണു പാർട്ടി എന്നിലർപ്പിച്ച വിശ്വാസം. ദൈവത്തിന്റെ സഹായം കൂടിയുണ്ടാകണമെന്നു പ്രാർഥിക്കുന്നു. വിജയത്തിനായി ഞാനും പ്രവർത്തിക്കും. എല്ലാവരുടെയും പ്രാർഥനകളിൽ എന്നെ ഉൾപ്പെടുത്തണം.
∙ ഇത്തവണ സ്ഥാനാർഥിയാകുമെന്നു കരുതിയിരുന്നോ?
കുറെക്കാലമായി സ്ത്രീകൾക്കു സ്ഥാനാർഥിത്വം വേണമെന്നു നമ്മളൊക്കെ പാർട്ടിയോടു ആവശ്യപ്പെടുന്നതാണ്. മൂന്നു പതിറ്റാണ്ടിലധികമായി വനിത ലീഗ് എന്ന പ്രസ്ഥാനം കേരളമണ്ണിൽ സജീവമാണ്. ശക്തമായ പോഷക സംഘടന തന്നെയാണിത്. ഇത്രയും കാലം പാര്‍ട്ടിക്കും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഞാനും പൊതുരംഗത്തുണ്ട്.
∙ 1996ൽ ലീഗിന്റെ ആദ്യ വനിതാ സ്ഥാനാർഥിയായിരുന്നു ഖമറുന്നീസ അൻവർ. അവരുടെ പിൻഗാമിയായി വരുമ്പോൾ എന്തു തോന്നുന്നു?
ധീരമായ പല തീരുമാനങ്ങളും ചേർന്നതാണ് ഇപ്രാവശ്യം ലീഗിന്റെ സ്ഥാനാർഥി പട്ടിക. തുടർച്ചയായി കാണുന്ന പലരെയും മാറ്റിനിർത്തി. യുവാക്കൾക്കും വനിതയ്ക്കും പ്രാതിനിധ്യം കൊടുത്തു. പോഷക സംഘടന ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചിട്ടുണ്ട്.
∙ ആരോപണവിധേയനായ വി.കെ.ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്തിയതടക്കം പതിവില്ലാത്ത തീരുമാനങ്ങളുമുണ്ടായി?
ലീഗ് എന്നും നിർത്തിയ സ്ഥാനാർഥികളൊക്കെ വിജയിച്ചു വന്നിട്ടുണ്ട്. കാലഘട്ടത്തിന് അനുസരിച്ച് ലീഗ് എപ്പോഴും മാറിയിട്ടുണ്ട്. എത്രയോ കാലം മുൻപു തന്നെ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് എംഎൽഎമാരെ സംഭാവന ചെയ്ത പാർട്ടിയാണിത്.
∙ കോഴിക്കോട് ജില്ലയിൽത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നോ, ആവശ്യപ്പെട്ടിരുന്നോ?
പാർട്ടി എൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ശിരസ്സാ വഹിക്കുന്ന എളിയ പ്രവർത്തകയാണ്. 1995 മുതൽ 2005 വരെ രണ്ടു വാർഡുകളിലായി കോഴിക്കോട് കോർപറേഷൻ കൗൺസിലറായിരുന്നു. അതിനാൽ കോഴിക്കോട്ടെ പ്രത്യേകിച്ചു സൗത്തിലെ ജനങ്ങളുമായി നല്ല ബന്ധമുണ്ട്. എം.കെ.മുനീര്‍ സാഹിബ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചക്കാരിയായി മണ്ഡലം എന്നെ സ്വീകരിക്കുമെന്നാണു വിശ്വാസം.
∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ലഭിച്ച ആദ്യ പ്രതികരണങ്ങൾ?
കക്ഷി രാഷ്ട്രീയത്തിന് അതീതമായും ജാതിമതഭേദമന്യെയും ഒരുപാട് സുഹൃത്തുക്കളും നേതാക്കളും മറ്റും നേരിട്ടും ഫോണിലും അഭിനന്ദിച്ചു. വനിത ലീഗ് ഒറ്റക്കെട്ടായാണു പ്രഖ്യാപനത്തെ സ്വീകരിച്ചത്.
∙ ഇടതുമുന്നണി സർക്കാരിലെ മന്ത്രിമാരായ കെ.കെ.ശൈലജ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തും?
സ്ത്രീകളെന്ന നിലയ്ക്ക് എല്ലാവരും പ്രാപ്തരാണ്. സ്ത്രീയെന്ന രീതിയിൽ ആരെയും വേർതിരിച്ചു കാണേണ്ടതില്ല. നല്ല രീതിയിൽ കർമം ചെയ്യാൻ തയാറായാണല്ലോ സ്ത്രീകളും പുരുഷന്മാരും പൊതുരംഗത്തേക്കു വരുന്നത്.
∙ വനിതാ കമ്മിഷൻ മുൻ അംഗമെന്ന നിലയിൽ, സ്ത്രീ വോട്ടർമാരുടെ പ്രശ്നങ്ങളെ എങ്ങനെ നേരിടും?
സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ഉന്നമനത്തിനു വേണ്ടിയും എന്നും മുൻപന്തിയിലുണ്ടാകും. ജയിക്കുന്ന മണ്ഡലത്തിലെ പൊതുവായ വികസനത്തിനൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനും വിദ്യാഭ്യാസ കാര്യങ്ങൾക്കും അവരോടൊപ്പമുണ്ടാകും. കൗൺസലറായിരുന്നപ്പോൾ എന്റെ പ്രവർത്തനരീതി അവർ കണ്ടിട്ടുള്ളതാണ്. ഏറ്റെടുത്ത ദൗത്യങ്ങൾ മനോഹരമായി ചെയ്തുതീർക്കുന്ന ഒരാളാണെന്നു കോഴിക്കോട്ടുകാർക്കറിയാം. അവർ അർപ്പിക്കുന്ന വിശ്വാസത്തിന് അനുസരിച്ച് ഉയർന്നു പ്രവർത്തിക്കും.
∙ കഷ്ടിച്ച് ഒരു മാസമേ തിരഞ്ഞെടുപ്പിനു ബാക്കിയുള്ളൂ. എല്ലായിടത്തേക്കും എത്താനാകുമോ?
ലീഗിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ച് പരമാവധി എല്ലാവരിലേക്കും എത്താനാണു ശ്രമം. അതിനു സാധിക്കുമെന്നാണു കരുതുന്നതും. നേതൃത്വവുമായി ആലോചിച്ച്, കിട്ടുന്ന സമയം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കണമെന്നു തീരുമാനിക്കും. ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റാനുള്ള ദൗത്യത്തിന്റെ ഒരു കണ്ണിയാണല്ലോ സൗത്ത് മണ്ഡലം. കൂട്ടായ പ്രവർത്തനത്തിലൂടെ തടസ്സങ്ങളെല്ലാം മറികടക്കും.
∙ അഭിഭാഷക ജോലിയിൽ ഇപ്പോഴും സജീവമാണോ?
സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന ദിവസവും കോഴിക്കോട് കോടതിയിൽ ഹാജരായിരുന്നു. വനിതകൾ മാത്രം ജൂനിയേഴ്സും ക്ലർക്കുമായുള്ള സ്വതന്ത്ര ഓഫിസാണ് എന്റേത്. സ്ത്രീ മുന്നേറ്റത്തിനായി നിലകൊള്ളുന്ന വ്യക്തിയാണെന്ന് എന്നെ പരിചയമുള്ളവർക്കെല്ലാം അറിയാം.
∙ കേന്ദ്രസർക്കാർ മുത്തലാഖ് നിയമം കൊണ്ടുവന്നപ്പോൾ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നല്ലോ?
തുടർച്ചയായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ഞാൻ. ഒരു നിയമത്തിന്റെ പ്രായോഗിക പ്രയാസങ്ങളൊക്കെ മനസ്സിലാകും. മുത്തലാഖ് നിയമം സ്ത്രീകൾക്കു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. മുത്തലാഖ് നടത്തിയെന്നാരോപിച്ച് ഒരു പുരുഷനെ പിടിച്ച് ക്രിമിനലൈസ് ചെയ്ത്, കുറ്റവാളിയാക്കി ജയിലിൽ അടയ്ക്കാനാണു നിയമം പറയുന്നത്. എന്നിട്ടു സ്ത്രീക്കു ചെലവിനു കൊടുക്കണമെന്നും പറയുന്നു. ഇതിലൊരു യുക്തി വേണ്ടേ?
നിയമത്തെയും നിയമ നിർമാണത്തെയുമാണു കോടതിയിൽ ചോദ്യം ചെയ്തത്. ഭരണഘടനാ വിരുദ്ധമായ നിയമനിർമാണം ആണെന്നാണു ചൂണ്ടിക്കാട്ടിയത്. സ്ത്രീക്ക് ഒരു നന്മയും ഈ നിയമം വഴി കിട്ടുന്നില്ല. നമ്മുടേതു മതേതര രാജ്യമാണ്. മതേതരം സംരക്ഷിക്കാനാണു ഭരണഘടന പറയുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതത്തിന് അനുസരിച്ചു ജീവിക്കാനുള്ള അവകാശം മൗലികാവകാശവുമാണ്. വിഷയത്തിൽ കേന്ദ്രസർക്കാരിനു സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
∙ ലീഗ് വർഗീയ പാർട്ടിയെന്ന തരത്തിൽ സിപിഎമ്മും ബിജെപിയും നിരന്തരം വിമർശിക്കുന്നു. എന്താണ് മറുപടി?
ലീഗ് ഒരിക്കലും കമ്യൂണൽ പാർട്ടിയല്ല. വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷയും ജയന്തി രാജനാണ്. യു.സി.രാമൻ എംഎൽഎ ആയതു ലീഗിലൂടെയാണ്. അങ്ങനെ നിരവധി ഉദാഹരണങ്ങൾ. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെയും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണു ലീഗ്. ഇന്ത്യയിൽ മതേതരത്വം നിലനിർത്തുകയാണു ലീഗിന്റെ ലക്ഷ്യം. രാഷ്ട്രീയ പാർട്ടികൾ പരസ്പരം ആരോപണം ഉന്നയിക്കുന്നതിന്റെ ഭാഗമായി മാത്രമേ സിപിഎമ്മിന്റെയും ബിജെപിയുടെയും വിമർശനങ്ങളെ കാണുന്നുള്ളൂ.
∙ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ഒരുപാടു കാര്യങ്ങൾ ചെയ്തെന്ന അവകാശവാദത്തെ എങ്ങനെ നേരിടും?
കേരളത്തിൽ സ്ത്രീ സുരക്ഷയെവിടെ? വാളയാർ പെൺകുട്ടികളുടെ അമ്മ നീതി ആവശ്യപ്പെട്ടു തല മുണ്ഡനം ചെയ്ത് സംസ്ഥാനത്തുടനീളം പ്രതിഷേധിക്കുന്നതു കാണുന്നില്ലേ? സ്ത്രീ സുരക്ഷ പ്രധാനവും പ്രഥമവുമായ കാര്യമാണ്. യുഡിഎഫ് പ്രകടനപത്രികയിൽ ഇക്കാര്യങ്ങളുണ്ടാകും.
∙ പൊതുരംഗത്തും തിരഞ്ഞെടുപ്പിലും സ്ത്രീകളുടെ പ്രാതിനിധ്യം ഇത്ര മതിയോ?
സ്ത്രീകൾ കൂടുതലായി മുന്നോട്ടു വരണം. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീകൾക്ക് ഇടം നൽകണം. ധാരാളം വനിതകൾ സ്ഥാനാർഥികളായി മത്സരിക്കട്ടെ. വിവിധ മേഖലകളിൽ സ്ത്രീകൾ കഴിവ് തെളിയിക്കുന്നതാണല്ലോ വനിതാ ശാക്തീകരണം. പൊതുരംഗത്തും വനിതകൾ നിറയണമെന്നാണ് ആഗ്രഹം, അതിനാണു ശ്രമിക്കുന്നതും.
English Summary: Exclusive interview with IUML female candidate Noorbina Rasheed, Kerala Assembly Election 2021