തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കേരളത്തിൽ രാഷ്ട്രീയ മൂല്യം കുതിച്ചുയർന്ന നേതാവാണ് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി. യുഡിഎഫിൽനിന്നും എൽഡിഎഫിലെത്തിയ അദ്ദേഹത്തിന്റെ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകൾ എൽഡിഎഫിനു വേണ്ടി തകർക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ അടക്കമുള്ള
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കേരളത്തിൽ രാഷ്ട്രീയ മൂല്യം കുതിച്ചുയർന്ന നേതാവാണ് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി. യുഡിഎഫിൽനിന്നും എൽഡിഎഫിലെത്തിയ അദ്ദേഹത്തിന്റെ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകൾ എൽഡിഎഫിനു വേണ്ടി തകർക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ അടക്കമുള്ള
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കേരളത്തിൽ രാഷ്ട്രീയ മൂല്യം കുതിച്ചുയർന്ന നേതാവാണ് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി. യുഡിഎഫിൽനിന്നും എൽഡിഎഫിലെത്തിയ അദ്ദേഹത്തിന്റെ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകൾ എൽഡിഎഫിനു വേണ്ടി തകർക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ അടക്കമുള്ള
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കേരളത്തിൽ രാഷ്ട്രീയ മൂല്യം കുതിച്ചുയർന്ന നേതാവാണ് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി. യുഡിഎഫിൽനിന്നും എൽഡിഎഫിലെത്തിയ അദ്ദേഹത്തിന്റെ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകൾ എൽഡിഎഫിനു വേണ്ടി തകർക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ അടക്കമുള്ള കക്ഷികളുടെ അതൃപ്തി പോലും അവഗണിച്ച് 13 സീറ്റ് സിപിഎം കൈമാറിയതോടെ കേരള കോൺഗ്രസും ജോസ് കെ.മാണിയും വാർത്തകളുടെ കേന്ദ്രബിന്ദുവാണ്. സ്വന്തം പാർട്ടിയിൽ ഉയരുന്ന പ്രതിഷേധങ്ങൾ പോലും ഗൗനിക്കാതെ കേരള കോൺഗ്രസിനെ ചേർത്തു പിടിക്കുകയാണ് സിപിഎം. ശക്തമാകുന്ന ആ ബന്ധത്തെക്കുറിച്ചും സമീപകാല വിവാദങ്ങളെപ്പറ്റിയും മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ ജോസ് കെ.മാണി മനസ്സു തുറക്കുന്നു.
സീറ്റ് വിഭജനം പൂർത്തിയാക്കിയപ്പോൾ കൂടുതൽ നേട്ടം ഉണ്ടാക്കുക വഴി എൽഡിഎഫിലെ താരം ജോസ് കെ.മാണി ആണെന്നു പറഞ്ഞാൽ?
താരമോ സ്ഥാനമോ ഒന്നുമല്ല വിഷയം. യുഡിഎഫിനൊപ്പം 40 വർഷം നിന്ന ഒരു പ്രസ്ഥാനത്തെ ഒരു കാരണവുമില്ലാതെ ചവിട്ടിപ്പുറത്താക്കുകയാണ് ചെയ്തത്. കർഷകരക്ഷ, മതനിരപേക്ഷത, പുതിയ കേരളം എന്നീ കേരള കോൺഗ്രസ് നിലകൊള്ളുന്ന മുദ്രാവാക്യങ്ങളുമായി ചേർന്നു പോകാവുന്ന എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ അതിനു ശേഷം തീരുമാനിച്ചു. എന്തൊക്കെ പ്രയാസങ്ങളാണ് ഞങ്ങൾ നേരിട്ടത്! പാർട്ടി പിളർന്നു, വ്യക്തിപരമായി വേട്ടയാടി, പുലഭ്യം പറഞ്ഞു. പി.ജെ.ജോസഫും ഇപ്പോൾ പാലായിൽ അപ്പുറത്തു പോയ സ്ഥാനാർഥിയും അതു ചെയ്തു. എന്നെ വളഞ്ഞിട്ട് ആക്രമിച്ചു.
തിരിച്ച് ആ ഭാഷയിൽ ഒരിക്കലും മറുപടി പറയാൻ ഞങ്ങൾ ആരും കൂട്ടാക്കിയില്ല. തകർന്നു പോകാവുന്ന നിമിഷങ്ങൾ ഉണ്ടായി. മാണി സാറിനോട് ഒപ്പം നിന്നവർ ഉൾപ്പെടെ കൈ പിടിച്ചു മുന്നോട്ടു കൊണ്ടുപോയി. ഞങ്ങളോടു ചെയ്തത് അനീതിയാണ് എന്ന് എല്ലാവർക്കും ബോധ്യമായി. കേരള കോൺഗ്രസിന് അടിത്തറയും ജനപിന്തുണയും ഉള്ള മേഖലകളിൽ നല്ല പരിഗണന വേണമെന്ന ആവശ്യം ഞങ്ങൾ എൽഡിഎഫിൽ ഉന്നയിച്ചു. അർഹതപ്പെട്ടതു തരാനുള്ള രാഷ്ട്രീയ മര്യാദ സിപിഎം പുലർത്തി. എൽഡിഎഫിന് ഒരു പക്ഷേ ജയിക്കാൻ സാധിക്കാത്ത സീറ്റുകളാണ് കൈമാറിയതിൽ കൂടുതലും.
എൽഡിഎഫിലേക്കു വരുന്ന ഘട്ടത്തിൽതന്നെ സീറ്റുകളുടെ എണ്ണത്തിൽ ധാരണ ആയിരുന്നോ? 13 എന്ന കണക്ക് അപ്പോൾ തന്നെ കേട്ടിരുന്നതാണല്ലോ?
അങ്ങനെ ഒരു ധാരണ നേരത്തേ ഉണ്ടായില്ല. കോട്ടയത്തും മലബാർ മേഖലയിലും ഞങ്ങൾക്കു സ്വാധീനമുള്ള മണ്ഡലങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം യുഡിഎഫിൽ ആയിരിക്കെ 15 സീറ്റ് ലഭിച്ചിരുന്നതും പറഞ്ഞു. അത് അനുസരിച്ചു വിഹിതം ഉണ്ടാകുമെന്ന് തത്വത്തിൽ ധാരണയായി. അല്ലാതെ എണ്ണമോ സീറ്റോ ആ ഘട്ടത്തിൽ തീരുമാനിച്ചിരുന്നില്ല.
സിപിഎമ്മുമായി സീറ്റ് ചർച്ച ആദ്യമായാണല്ലോ. അവർ പുലർത്തിയ മനോഭാവത്തെക്കുറിച്ചു പറയാമോ?
വളരെ സൗഹാർദപരമായ അന്തരീക്ഷമാണ് ഉണ്ടായത്. ഒരു സമ്മർദ്ദ തന്ത്രത്തിനും ഞങ്ങൾ മുതിർന്നില്ല. സീറ്റുകൾ ലഭിച്ചതു സന്തോഷകരം തന്നെ. എന്നാൽ സിപിഎമ്മിനോട് ആഭിമുഖ്യം തോന്നിയതിനു മറ്റു പല കാരണങ്ങളുണ്ട്. യുഡിഎഫിലായിരിക്കെ മാണിസാറിന്റെ നേതൃത്വത്തിൽതന്നെ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതെ നീണ്ടു പോയ പല ആവശ്യങ്ങളും ഈ മൂന്നര മാസത്തിനിടയിൽ എൽഡിഎഫും സർക്കാരും നടപ്പിലാക്കി. റബറിന്റെ വില 170 ആക്കിയത്, രണ്ടു ക്ഷേമനിധി ബോർഡ്, പഴം– പച്ചക്കറി താങ്ങുവില, മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം, സിയാൽ മോഡൽ റബർ കമ്പനി തുടങ്ങിയവയെല്ലാം പരിഗണിച്ചു. ഞങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഈ ഹ്രസ്വമായ കാലയളവിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു. കേരള കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്കു വേണ്ടി ഇക്കാലയളവിൽ തന്നെ ചെയ്യാൻ പറ്റിയ നടപടികളാണ് കൂടുതൽ ചാരിതാർഥ്യം നൽകുന്നത്.
കേരള കോൺഗ്രസിനു സീറ്റ് വാരിക്കോരി കൊടുത്തു എന്ന ഇടതു മുന്നണിയിൽതന്നെ ഉയരുന്ന പരിദേവനത്തെക്കുറിച്ചോ?
മുന്നണിയിലേക്കു പുതുതായി പാർട്ടികൾ വരുമ്പോൾ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും. സിപിഎമ്മും സിപിഐയും മറ്റു പാർട്ടികളും എല്ലാം അതു ചെയ്തു. നല്ല സ്പിരിറ്റിലാണ് എല്ലാം എൽഡിഎഫ് എടുത്തത്. ഇതിലും വലിയ വിഷമം ഉണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്. ഒരു സ്ഥാനാർഥിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽതന്നെ എന്തൊക്കെ പ്രശ്നങ്ങളാണ്. അപ്പോൾ പിന്നെ ഇത്രയും സീറ്റുകളുടെ കാര്യത്തിൽ ഇതൊക്കെ സ്വാഭാവികമാണ്.
മത്സരിക്കുന്ന സീറ്റിൽ അല്ല കാര്യം ജയിക്കുന്നതിലാണ് എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിരീക്ഷണത്തെക്കുറിച്ച് എന്തു പറയുന്നു? കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് നാലു സീറ്റ് തോറ്റ കാര്യവും അവർ എടുത്തു കാട്ടിയല്ലോ?
കേരള കോൺഗ്രസ് എടുത്ത രാഷ്ട്രീയ നിലപാടും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് വന്നത്. താഴേക്ക് ഒരു രാഷ്ട്രീയ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള സമയം പോലും കിട്ടിയില്ല. വർഷങ്ങളായി രണ്ടിലയിൽ യുഡിഎഫിനു വോട്ടു നൽകിയവരോട് പെട്ടെന്ന് എൽഡിഎഫിനു വോട്ടു ചെയ്യണം എന്നു പറയുന്നയിടത്ത് പ്രയാസമുണ്ട്. വ്യത്യസ്ത പ്രവർത്തനശൈലിയുള്ള ഒരു മുന്നണിയുമായി പൊരുത്തപ്പെടുന്നതിന്റെ പ്രശ്നങ്ങൾ ഉണ്ടായി. എന്നിട്ടും രണ്ടു പതിറ്റാണ്ടു കാലം യുഡിഎഫിനു ലഭിച്ചു വന്ന കോട്ടയം ജില്ലാ പഞ്ചായത്ത് ഇത്തവണ എൽഡിഎഫിനു കിട്ടി. 11 ബ്ലോക്ക് പഞ്ചായത്തിൽ പത്തും ജയിച്ചു. 51 ഗ്രാമപഞ്ചായത്തുകൾ കിട്ടി. കൂടുതൽ സീറ്റുകൾ ജയിക്കണം എന്നു കാനം രാജേന്ദ്രൻ പറഞ്ഞതു പോസിറ്റീവ് ആയാണ് ഞാൻ കാണുന്നത്.
ഈ ഘട്ടത്തിൽ യുഡിഎഫ് മുന്നണിയിലായിരുന്നുവെങ്കിൽ സീറ്റ് വിഭജനം എങ്ങനെ ആകുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?
അതിലേക്കു കടക്കുന്നില്ല. പല വാർത്തകളും വരുന്നുണ്ടല്ലോ. അത് ഇപ്പോൾ യുഡിഎഫിന്റെ പ്രശ്നമാണ്. ഞങ്ങൾ മറ്റൊരു രാഷ്ട്രീയ നിലപാട് എടുത്തു. അതിന്റെ ഇതുവരെയുള്ള റിസൽട്ടിൽ തൃപ്തരാണ്.
ജോസഫ് വിഭാഗത്തിനു കിട്ടിയ പത്തു സീറ്റ് വിഹിതത്തെ എങ്ങനെ വിലയിരുത്തുന്നു?
അവർ മത്സരിച്ചു വന്നതും കേരള കോൺഗ്രസിനു സ്വാധീനമുളളതുമായ ചില സീറ്റുകളെല്ലാം അവർക്കു ലഭിച്ചിട്ടുണ്ട്. അവർക്ക് എത്ര സീറ്റ് എന്നതു ഞങ്ങളുടെ വിഷയമല്ല. അപ്പുറത്ത് ആരാണ് സ്ഥാനാർഥി എന്നതു പോലും നോക്കാറില്ല.
എൻസിപിയിലെ ഒരു വിഭാഗം നിങ്ങളുടെ പേരിൽ എൽഡിഎഫ്തന്നെ ഉപേക്ഷിച്ചു. പാലായിൽ നിങ്ങളുടെ സ്ഥാനാർഥിയെ തോൽപ്പിച്ച മാണി സി.കാപ്പനെ അതേ പാലായിൽ നേരിടുമ്പോൾ എന്തു തോന്നുന്നു?
എൻസിപിയിലെ ഒരു വിഭാഗം പോയിട്ടില്ല. ഒരു വ്യക്തി വ്യത്യസ്തമായ നിലപാട് എടുത്തതു മാത്രമാണ് സംഭവിച്ചത്. എൻസിപി ആ പാർട്ടിയായി എൽഡിഎഫിൽ നിൽക്കുന്നു. എൽഡിഎഫിൽ സീറ്റ് സംബന്ധിച്ച് ഒരു ചർച്ചയും നടക്കുന്നതിനു മുൻപാണ് ഇതെല്ലാം നടന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇക്കൂട്ടർ യഥാർഥത്തിൽ എൽഡിഎഫിനെ ജയിപ്പിക്കാനാണോ ശ്രമിച്ചത് എന്നെല്ലാം നിങ്ങൾ പരിശോധിക്കേണ്ടതാണ്. കാലേക്കൂട്ടി ഒരു തീരുമാനമെടുത്ത് അതിനു വേണ്ടി നീങ്ങുകയായിരുന്നു. ഒരുപക്ഷേ യുഡിഎഫ് ഭരണത്തിൽ വരും എന്നു കരുതിയാകാം. അതല്ല സംഭവിക്കാൻ പോകുന്നത്.
ആദ്യമായാണല്ലോ നിയമസഭയിലേക്കു മത്സരിക്കുന്നത്. കെ.എം.മാണിയുടെ പാലായിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കേണ്ടി വരുമെന്ന് ഏതെങ്കിലും ഘട്ടത്തിൽ കരുതിയോ? അത് ഉണ്ടാക്കുന്ന വികാരം എന്താണ്?
യുഡിഎഫ് ആയി നിൽക്കുമ്പോൾ ഒരിക്കലും അങ്ങനെ വിചാരിക്കുന്നില്ലല്ലോ. രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ സത്യസന്ധമായ ഒരു നിലപാടാണ് ഞങ്ങളെടുത്തത്. ഓരോ ഘട്ടത്തിലും ആത്യന്തികമായി സത്യം ജയിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. വ്യക്തവും ശക്തവുമായ കാഴ്ചപ്പാടോടെ, നേരെ നോക്കി പോകുക എന്നതിലാണ് എക്കാലത്തും വിശ്വസിക്കുന്നത്. പാലാ ഉൾപ്പെടുന്ന കോട്ടയം പാർലമെന്റിന്റെ എംപി എന്ന നിലയിൽ നിരവധി പദ്ധതികൾ മണ്ഡലത്തിനു വേണ്ടി ആവിഷ്കരിച്ചു നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ റോഡ് ഫണ്ട്, പാസ്പോർട്ട് ഓഫിസ്, എജ്യുക്കേഷൻ ഹബാക്കി മാറ്റാനുള്ള ശ്രമങ്ങൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്. പാലായുടെ കാര്യത്തിൽ പൂർണ ആത്മവിശ്വാസമുണ്ട്.
രണ്ടില ചിഹ്നവും ലഭിച്ചു, മറ്റു കേരള കോൺഗ്രസുകളെ അപ്രസക്തമാക്കുക എന്നതാണോ ലക്ഷ്യം?
ഒരിക്കലും ഇല്ല. അവർക്ക് അവരുടേതായ വഴി. ഞങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തുക, ഒപ്പം നിൽക്കുന്ന ജനവിഭാഗങ്ങൾക്കു വേണ്ടി പ്രയത്നിക്കുക. ഇതാണ് എന്റെ ശൈലി. കേരള കോൺഗ്രസുകളുടെ കാര്യം വിടുക. കോൺഗ്രസിൽനിന്നു സംസ്ഥാന നേതാക്കൾ ഞങ്ങളുടെ പാർട്ടിയിലേക്കു വരാൻ തയാറാണ്. പല പാർട്ടികളിലെയും താഴേത്തട്ടിലുള്ള എത്രയോ പേർ സമീപിക്കുന്നുണ്ട്.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായുള്ള യുഡിഎഫ് ചർച്ചകളും പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എന്നിവരുള്ള എൽഡിഎഫ് ചർച്ചകളും എങ്ങനെ താരതമ്യപ്പെടുത്തുന്നു.
രണ്ടു മുന്നണികളിൽ ഉള്ളവരുമായും നല്ല വ്യക്തിബന്ധമാണുള്ളത്. അതേസമയം രണ്ടു കൂട്ടർക്കും വ്യത്യസ്തമായ ശൈലിയാണ്. യുഡിഎഫിൽ കാര്യങ്ങൾ പറയുമ്പോൾ ചിലപ്പോൾ അതു മാറിപ്പോകും, കിട്ടാതെ വരും ഇതെല്ലാം സംഭവിക്കാം. എന്നാൽ എൽഡിഎഫിൽ ചെയ്യാൻ പറ്റുന്നത് അവർ പറയും. പറഞ്ഞാൽ അതു ലഭിക്കുകയും ചെയ്യും.
കേരള കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നത് സിപിഎമ്മിൽ പലയിടത്തും എതിർപ്പ് ഉണ്ടാക്കി. കുറ്റ്യാടിയിൽ സമാനതകളില്ലാത്ത പ്രതിഷേധം ഉയർന്നു. ഇതിന്റെ പേരിൽ മത്സര രംഗത്തുനിന്നു പിൻവാങ്ങാൻ സമ്മർദമുണ്ടായോ?
ഒരിടത്തും ഒരു സമ്മർദവും ഞങ്ങൾക്കു മേലുണ്ടായില്ല. സിപിഎമ്മിൽ കുറ്റ്യാടി സംബന്ധിച്ച് അഭിപ്രായ വ്യത്യാസം വന്നപ്പോൾ തിരക്കു പിടിച്ച് ഞങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടെന്നു ഞാൻ തന്നെയാണു തീരുമാനിച്ചത്. കേരള കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയ സീറ്റ് ഇത്തവണ വേറെ ആരെങ്കിലും എടുത്തു കൊണ്ടു പോയാൽ അവിടെയുള്ള കേരള കോൺഗ്രസുകാർ പ്രതിഷേധിക്കില്ലേ? അങ്ങനെ കണ്ടാൽ മതി. ഒടുവിൽ നാമനിർദേശ പത്രിക കൊടുത്തു കഴിയുമ്പോൾ അതെല്ലാം മാറും, ഒരുമിച്ചു നീങ്ങും. പിൻവാങ്ങാൻ ഞങ്ങൾ ആലോചിച്ചിട്ടില്ല. അതേസമയം അവർ നടത്തുന്ന ചർച്ച എന്താണ് എന്നു പരിശോധിക്കാമെന്നും വച്ചിരുന്നു.
സിപിഎമ്മുകാരിയായ സിന്ധുമോൾ ജേക്കബിനെ എതു സാഹചര്യത്തിലാണ് പിറവത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ആക്കിയത്?
ഒരു കാര്യവും ഇല്ലാത്ത വിവാദമാണ്. അവർ സിപിഎം അംഗത്വം പുതുക്കിയിരുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ രണ്ടു തവണ മത്സരിച്ചതും സിപിഎം ചിഹ്നത്തിൽ ആയിരുന്നില്ല, സ്വതന്ത്ര സ്ഥാനാർഥി ആയിട്ടാണ്. അവരുടെ കുടുംബം പഴയ കേരള കോൺഗ്രസാണ്. വിജയസാധ്യതയും മറ്റു പല ഘടകങ്ങളും വച്ചു സ്ഥാനാർഥി ആക്കി. ആ സാധ്യതയെക്കുറിച്ച് ഞങ്ങൾ സിപിഎം നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. അവർക്കും അതു പ്രശ്നമായിരുന്നില്ല. കോൺഗ്രസിൽനിന്ന് എത്രയോ പേർ ഘടകകക്ഷികളുടെ സ്ഥാനാർഥി ആയി മത്സരിക്കുന്നു. ഇതെല്ലാം നടക്കുന്ന കാര്യമല്ലേ?
സിപിഎം പറഞ്ഞിട്ടാണോ അപ്പോൾ അവരെ സ്ഥാനാർഥി ആക്കിയത്.
അവരുടെ നിർദേശമല്ല. സ്ഥാനാർഥികളാകാൻ ഞങ്ങൾ പരിഗണിക്കുന്നവരുടെ പട്ടികയിൽ സിന്ധുമോളും ഉണ്ട് എന്ന് അറിയിച്ചിരുന്നു. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അല്ലെങ്കിൽ പിന്നെ അവർക്ക് എന്താണ് പ്രശ്നം!
അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് അവരെ സിപിഎമ്മിൽനിന്നു പുറത്താക്കിയത്? അതു ചില്ലറ ആശയക്കുഴപ്പമല്ലല്ലോ സൃഷ്ടിച്ചത്?
അതു പ്രാദേശികമായ മറ്റു ചില കാര്യങ്ങളുമായി കലർന്ന ഒരു പ്രശ്നമാകാം. അക്കാര്യമെല്ലാം സിപിഎം ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരാണ് അതു പരിശോധിക്കുന്നത്.
പിറവം പേമെന്റ് സീറ്റാണ് എന്ന് അടുത്ത കാലം വരെ താങ്കളുടെ പാർട്ടിയിൽ ഉള്ള നേതാവ് തന്നെയാണല്ലോ ആക്ഷേപിച്ചത്?
സിന്ധുമോൾ ജേക്കബിനെപ്പോലെ ഒരു സാധാരണ കുടുംബത്തിൽനിന്നു വരുന്ന സ്ഥാനാർഥിക്ക് നൽകിയത് പേമെന്റ് സീറ്റ് എന്നെല്ലാം പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്? അവരുടെ പശ്ചാത്തലം അന്വേഷിക്കൂ. അങ്ങനെ ഒരു ശീലം കേരള കോൺഗ്രസിന് ഇല്ല.
ചാലക്കുടിയിലെ സ്ഥാനാർഥി കോൺഗ്രസുകാരനും ആണ്. കേരള കോൺഗ്രസിന് സ്ഥാനാർഥി ക്ഷാമം ഉണ്ടോ?
ഒരിക്കലും ഇല്ല. അടുത്തയിടെ കണ്ണൂർ ഇരിക്കൂർ ഭാഗത്തുനിന്ന് എഴുന്നൂറോളം കോൺഗ്രസുകാരാണു രാജിവച്ച് ഞങ്ങളുടെ പാർട്ടിയിൽ ചേർന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നായി എത്രയോ പേർ ചേരുന്നു. കേരള കോൺഗ്രസിൽ അംഗത്വമെടുത്തവർക്ക് വിജയസാധ്യത ഉണ്ടെങ്കിൽ ഞങ്ങൾക്കു പരിഗണിക്കേണ്ടി വരില്ലേ?
കോൺഗ്രസിൽനിന്നു രാജിവച്ച പി.സി.ചാക്കോ വന്നാൽ കേരള കോൺഗ്രസ് സ്വീകരിക്കുമോ?
സാങ്കൽപികമായ ചോദ്യമല്ലേ? അങ്ങനെ ഒരു നിർദേശമോ ആലോചനയോ വന്നിട്ടില്ല.
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇതേക്കുറിച്ച് എൽഡിഎഫിൽ പോയ ജോസ് കെ.മാണിക്ക് എന്താണ് പറയാനുള്ളത് എന്നാണു പ്രതിപക്ഷ നേതാവ് ചോദിച്ചത്!
ആ വിഷയം വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നില്ല.
യുഡിഎഫ് വിട്ടു എൽഡിഎഫ് എന്ന തീരുമാനം വലിയ സാഹസികതയായിരുന്നു. ആ ‘റിസ്ക്’ ഏറ്റെടുക്കാൻ തയാറായി. അതിന്റെ യഥാർഥ റിസൽട്ട് തെളിയുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ആശങ്കയുണ്ടോ?
ഞങ്ങൾ യുഡിഎഫിൽനിന്നു പുറത്തു വന്നതല്ല.പുറത്താക്കിയാണ്. യുഡിഎഫ് കൺവീനർ അക്കാര്യം എഴുതി വായിക്കുകയായിരുന്നില്ലേ? അതിനു ശേഷം എടുത്ത രാഷ്ട്രീയ നിലപാട് പൂർണമായും ശരിയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അതാണ് തെളിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടുതൽ ശക്തമായി തെളിയിക്കാൻ പോകുന്നതും അതു തന്നെയാണ്.
English Summary: Cross Fire Exclusive Interview With Kerala Congress (M) Leader Jose K Mani