എവിടെയാണ് ബിജെപി സ്ഥാനാർഥി ചന്ദന?; ആകാശവും ഭൂമിയും കറുത്ത ആ മഴരാത്രിയും
സൽത്തോറയിൽനിന്നു കുറേ ചെന്നപ്പോൾ ചുണ്ണാമ്പും കരിമ്പനകളും കാട്ടാതെ ഗൂഗിൾ മാപ്പെന്ന യക്ഷി വഴി തെറ്റിച്ചു. മാപ്പർഹിക്കാത്ത ക്രൂരത. ഇല്ലാത്ത വഴികൾ ആരോ മാർക്ക് ചെയ്തതാണ്. ആദിവാസി ഊരുകളിലൂടെ കുറേ ദൂരം പോയി. നല്ല വഴിയായിരുന്നു. കോൺക്രീറ്റ് റോഡ്. രണ്ടു വശത്തും... Bengal Assembly Elections
സൽത്തോറയിൽനിന്നു കുറേ ചെന്നപ്പോൾ ചുണ്ണാമ്പും കരിമ്പനകളും കാട്ടാതെ ഗൂഗിൾ മാപ്പെന്ന യക്ഷി വഴി തെറ്റിച്ചു. മാപ്പർഹിക്കാത്ത ക്രൂരത. ഇല്ലാത്ത വഴികൾ ആരോ മാർക്ക് ചെയ്തതാണ്. ആദിവാസി ഊരുകളിലൂടെ കുറേ ദൂരം പോയി. നല്ല വഴിയായിരുന്നു. കോൺക്രീറ്റ് റോഡ്. രണ്ടു വശത്തും... Bengal Assembly Elections
സൽത്തോറയിൽനിന്നു കുറേ ചെന്നപ്പോൾ ചുണ്ണാമ്പും കരിമ്പനകളും കാട്ടാതെ ഗൂഗിൾ മാപ്പെന്ന യക്ഷി വഴി തെറ്റിച്ചു. മാപ്പർഹിക്കാത്ത ക്രൂരത. ഇല്ലാത്ത വഴികൾ ആരോ മാർക്ക് ചെയ്തതാണ്. ആദിവാസി ഊരുകളിലൂടെ കുറേ ദൂരം പോയി. നല്ല വഴിയായിരുന്നു. കോൺക്രീറ്റ് റോഡ്. രണ്ടു വശത്തും... Bengal Assembly Elections
ബംഗാൾ യാത്രയിലെ ‘വടക്കോട്ടിറക്കം’ ആദ്യം ശാന്തിനികേതനിലേക്കായിരുന്നു. കൊൽക്കത്തയിൽനിന്ന് 160 കിലോമീറ്ററിലെറെ ദൂരം. രാജ്യത്തെ ഏറ്റവും ഉദ്ബുദ്ധമായ ക്യാംപസുകളിലൊന്നിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം അന്വേഷിക്കാമല്ലോ എന്നായിരുന്നു ചിന്ത. ബോൽപുർ പട്ടണത്തിന്റെ ഞൊറി പിടിച്ചു നിൽക്കുന്ന ശാന്തിനികേതൻ ഇപ്പോഴും ഏറെക്കുറെ ഒരു ഗ്രാമം തന്നെ. അവിടെയെത്തിയ വൈകുന്നേരം അടഞ്ഞ കവാടങ്ങൾക്കിടയിലൂടെ ഞങ്ങൾ കുറേ സഞ്ചരിച്ചു. ഇലക്ട്രിക് റിക്ഷകൾ സന്ദർശകരെ കാത്തുകിടക്കുന്ന വഴികൾ. കൈ നീട്ടുന്ന ഗൈഡുകൾ. പക്ഷേ, ശാന്തിനികേതൻ ഒട്ടും ചടുലമായിരുന്നില്ല. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോടുള്ള വിമുഖതയല്ല. ഒരു വർഷത്തോളമായി കോവിഡിനെ പേടിച്ച് ക്യാംപസിലെ മരങ്ങൾ പോലും തണൽ പിൻവലിച്ചതു പോലെ തോന്നി.
ചെറിയ ടാർ റോഡുകളിൽ അധ്യാപകരും വിദ്യാർഥികളും സായാഹ്ന നടത്തത്തിൽ കിതയ്ക്കുന്നുണ്ട്. ഓരോ ഗേറ്റിലെയും കാവൽക്കാർ കോവിഡ് കാലത്തു സന്ദർശകരോടു കാട്ടേണ്ട അകലം കൃത്യമായി കാട്ടി. കേരളത്തെപ്പറ്റിയൊക്കെ അറിയുന്ന സമുൽ ഘോഷ് എന്ന ഗൈഡ് കുറച്ചു നേരം രാഷ്ട്രീയം സംസാരിച്ചു. കവാടങ്ങൾക്കപ്പുറം, രബീന്ദ്രനാഥ ടഗോറിന്റെ ഓർമകൾ പുരണ്ട കെട്ടിടങ്ങൾ. ടഗോർ മാറിമാറി താമസിച്ച, ധ്യാനിച്ച വീടുകൾ, ബംഗാളിലെ പഴയ പാതകളിൽ അദ്ദേഹം സഞ്ചരിച്ച കാറുകൾ ഒക്കെ ഇവിടെയുണ്ട്.
ശാന്തിനികേതൻ വിടുമ്പോൾ സൽത്തോറയിലെ ഒരു വനിതാ സ്ഥാനാർഥിയെ കാണണമെന്നു തീരുമാനിച്ചിരുന്നു. ബിജെപി സ്ഥാനാർഥി ചന്ദന ബൗരി. കൽപ്പണിക്കാരന്റെ ഭാര്യ. യാത്രയിൽ കേരളത്തെ പല തവണ കണ്ടു. നെൽവയലും അതിരുകളിൽ കരിമ്പനകളുമായി പാലക്കാട്, നെൽവയലുകളുടെ ഇടവേളകളിൽ കുളവാഴകൾ നിറഞ്ഞ കുളങ്ങളുമായി കുട്ടനാട്... കാണെക്കാണെ പരിചയമില്ലാതായ വഴികളിലൂടെ ഗൂഗിൾ മാപ് ഞങ്ങളെ സൽത്തോറ പട്ടണത്തിന് അടുത്തെത്തിച്ചു. ചന്ദനയുടെ വീട്ടിലേക്കു വഴി ചോദിക്കാൻ നിർത്തിയ ചായക്കടയിൽ കണ്ട ബിജെപി പ്രവർത്തകൻ പറഞ്ഞുതന്ന റൂട്ടിൽ കുറേ പോയി. പക്ഷേ, ചന്ദനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ചന്ദനയെ ആർക്കുമറിയില്ല. അവർ ആളുകൾക്കും മൈക്കിനും മുന്നിൽ എത്തിയിട്ടില്ലല്ലോ!
വടക്കോട്ടാണു യാത്ര. സിലിഗുരിയിൽ ചെന്നാൽ അശോക് ഭട്ടാചാര്യയെ കാണാം. ബംഗാൾ സിപിഎമ്മിലെ മുതിർന്ന നേതാവ്, മുൻ മന്ത്രി, സിറ്റിങ് എംഎൽഎ. ബംഗാളിലേക്കുള്ള ജാർഖണ്ഡ് രാഷ്ട്രീയത്തിന്റെ മലയിറക്കം കാണണമെങ്കിൽ ഡാർജിലിങ്ങിലെത്തണം. ഗൂഗിൾ മാപ്പിൽ വടക്കൻ ബംഗാളിലെ സ്ഥലങ്ങൾ ഒന്നൊന്നായി കുടിയേറ്റം തുടങ്ങി. സൽത്തോറയിൽനിന്നു കുറേ ചെന്നപ്പോൾ ചുണ്ണാമ്പും കരിമ്പനകളും കാട്ടാതെ ഗൂഗിൾ മാപ്പെന്ന യക്ഷി വഴി തെറ്റിച്ചു. മാപ്പർഹിക്കാത്ത ക്രൂരത. ഇല്ലാത്ത വഴികൾ ആരോ മാർക്ക് ചെയ്തതാണ്. ആദിവാസി ഊരുകളിലൂടെ കുറേ ദൂരം പോയി. നല്ല വഴിയായിരുന്നു. കോൺക്രീറ്റ് റോഡ്. രണ്ടു വശത്തും ചെറിയ വീടുകൾ. ഒരു ഊരിൽ വിവാഹത്തിന്റെ ആഘോഷം. ഉച്ചഭാഷിണി വച്ചു പാട്ട്. വീട്ടുമുറ്റത്തു പന്തൽ.
ചെന്നു കുടുങ്ങിയത് വലിയൊരു മണൽപ്പരപ്പിലാണ്. മരുഭൂമി പോലൊരു വിശാലത. ഒരു വശത്ത് ഒരു കെമിക്കൽ ഫാക്ടറി കണ്ടു. ഗൂഗിൾ മാപ്പ് തെളിച്ച വഴിയേ വണ്ടി ഒരു തടിപ്പാലം വരെ ചെന്നു. അപ്പോഴും അസൻസോൾ 12 കിലോമീറ്റർ അകലെ എന്നു ഗൂഗിൾ മാപ്പ് തർക്കിച്ചു. ശരിയാണ്, പക്ഷേ, വഴി മുറിഞ്ഞിരിക്കുന്നു. മരുപ്പറമ്പു പോലെ കാണുന്നത് വറ്റിപ്പോയ, വിസ്തൃതമായ ദാമോദർ നദിയാണ്. കുറുകെ അസൻസോളിലേക്ക് ചപ്പാത്ത് മാത്രമേയുള്ളൂ. ബൈക്കും സൈക്കിളും മാത്രം പോകും. പുറം തിരിഞ്ഞപ്പോൾ വന്ന വഴി തന്നെ ഗൂഗിൾ ചൂണ്ടിക്കാണിച്ചു. ആദിവാസി ഊരുകളിലൂടെ അതേ ദൂരം മടക്കം. കല്യാണ ആഘോഷത്തിന്റെ അവസാന റൗണ്ടിൽ കുട്ടികളും മുതിർന്നവരും റോഡരികിൽ നൃത്തം തുടങ്ങിയിരുന്നു.
പിന്നെയങ്ങോട്ട് ഗൂഗിൾ മാപ്പിന്റെ ഉപദേശം സ്വീകരിക്കില്ല എന്നത് ഫൊട്ടോഗ്രാഫർ ജോസ്കുട്ടിയുടെ വാശിയായിരുന്നു. ഓരോ ചെറിയ കവലയിലും വഴി ചോദിച്ചു. മെയിൻ റോഡെന്നു പറയാവുന്ന ആഡംബരത്തിലെത്തിയപ്പോഴേക്കും ഉഗ്രൻ മഴയും കാറ്റും. കൽക്കരി ഖനി മേഖലയിലൂടെ, ആകാശത്തുനിന്നും ഭൂമിയിൽനിന്നും കറുപ്പു മാത്രം സ്വീകരിച്ചു വണ്ടി ചീറി. കുറേ ഓടി അസൻസോളിലെത്തി മുറിയെടുത്തു. രാവിലെ തുടങ്ങിയ യാത്ര ജാർഖണ്ഡിലൂടെ നീണ്ടു. ചാറ്റൽമഴ കൂടെപ്പോന്നു. ബംഗ്ല ഭാഷയിലുള്ള ബോർഡുകൾ അന്യമായി. വായിക്കാവുന്ന ഹിന്ദിയിലുള്ള ബോർഡുകൾ. എം.എസ്.ധോണിയുടെ റാഞ്ചി അകലെ എവിടെയോ ആണ്. ഗൂഗിൾ പറഞ്ഞതനുസരിച്ച് ചെന്നു കയറേണ്ടത് ബിഹാറിലേക്കാണ്.
ഹിന്ദി ബോർഡുകൾ തുടർന്നു. ചെറിയ കവലകളിലെ ട്രാഫിക് പൊലീസുകാരുടെ പുറത്തും തോക്ക്. ഠാക്കുർഗഞ്ച് വരെ ബിഹാറാണെന്ന് വഴിയിൽ വണ്ടി കഴുകിത്തന്ന ചെറിയ സർവീസ് സ്റ്റേഷനിലെ ചെറുപ്പക്കാരൻ പറഞ്ഞു. ഠാക്കുർഗഞ്ച് 50 കിലോമീറ്റിലപ്പുറമാണ്. അതിർത്തി ചെക്ക്പോസ്റ്റ് കടന്നപ്പോൾ ബംഗ്ല ബോർഡുകൾ പിന്നെയും. ഇടയ്ക്കു കുറച്ചു കൂടി കേരളം കണ്ടു. ഇക്കുറി ഹൈറേഞ്ചാണ്. തേയിലത്തോട്ടങ്ങൾ. ഭൂപടത്തിലെ കുപ്പിക്കഴുത്താണ് ഇനി. കുറച്ചുകൂടി ചെന്നപ്പോൾ നേപ്പാൾ അതിർത്തിയായി. ഒന്നര കിലോമീറ്റർ ഇടത്തോട്ടു തിരിച്ചാൽ അതിർത്തി കണ്ടുപോരാം. സ്ഥലം കാക്കർഭിട്ട. ആരോടും ചോദിക്കാതെ വണ്ടി തിരിഞ്ഞു.
അതിർത്തിക്ക് പാനിട്ടാങ്കി എന്നാണു പേര്. ഇന്ത്യയെയും നേപ്പാളിനെയും വേർതിരിച്ച് മേച്ചി നദിയിൽ അര കിലോമീറ്ററിലേറെ നീളമുള്ള പാലം. രണ്ടു രാജ്യങ്ങൾ അവിടെ കലരുന്നു. ഇപ്പുറത്തുനിന്നു പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങി പോകുന്നവരാണ് ഏറെയും. പാലത്തിന്റെ പകുതി വരെ ഇലക്ട്രിക് റിക്ഷകൾ ഓടുന്നു. പാസ്പോർട്ടും വീസയും വേണ്ട രാജ്യങ്ങളുടെ അക്കരെയിക്കരെ കടക്കാൻ. തിരിച്ചറിയൽ കാർഡ് മതി.
വടക്കൻ ബംഗാളിലെ ഏക വിമാനത്താവളമായ ബാഗ്ദോഗ്രയിലേക്ക് 4 കിലോമീറ്ററേയുള്ളൂ. സിലിഗുരി വലിയ നഗരമായിരിക്കുന്നു. നിറയെ മാളുകൾ, വൻ ഹോട്ടലുകൾ. വേനലിലും കുളിരുന്ന കാലാവസ്ഥ. ഓർമകളുടെ വെടിയൊച്ച കാതടപ്പിക്കുന്ന നക്സൽബാരി ഗ്രാമം ഇവിടെയടുത്താണ്. രക്തസാക്ഷികൾക്ക് അവിടെ മണ്ഡപമുണ്ട്.
English Summary: Travelogue Through Bengal, Santhinikethan and Salthora, etc in the time of Election