‘രാഷ്ട്രീയം വിദ്യാഭ്യാസമുള്ളവനും പറ്റും; അഴിമതിക്കാർ മാത്രമല്ല രാഷ്ട്രീയത്തിൽ’
Mail This Article
കോഴിക്കോട്∙ തിരൂരിൽ ബിജെപിയുടെ സ്ഥാനാർഥിയായി അപ്രതീക്ഷിതമായാണ് കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. എം.അബ്ദുൽ സലാം എത്തുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ജാതിമത രാഷ്ട്രീയ ഭേദമന്യേ മികച്ച സേവനങ്ങൾ ചെയ്യാനുള്ള അവസരമായാണ് സ്ഥാനാർഥിത്വത്തെ കാണുന്നതെന്ന് അബ്ദുൽ സലാം പറഞ്ഞു.
∙ സ്ഥാനാർഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
അപ്രതീക്ഷിതമായാണ് സ്ഥാനാർഥിത്വം വന്നത്. 2014 മുതൽ നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിലേക്കെത്തിയത്. രണ്ടാഴ്ച മുൻപ് മത്സരിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചിരുന്നു. പാർലമെന്ററി ആഗ്രഹങ്ങളില്ലാത്തയാളാണ് താൻ. ജനങ്ങൾക്കു പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യണമെന്നതാണ് ആഗ്രഹമെന്നാണ് താൻ പറഞ്ഞത്. ബിജെപിയിലേക്ക് കടന്നുവരാൻ കഴിഞ്ഞതിലും സ്ഥാനാർഥിയാക്കിയതിലും മോദി, ജെ.പി.നഡ്ഡ, കെ.സുരേന്ദ്രൻ, പി.എസ്.ശ്രീധരൻപിള്ള, എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയ നേതാക്കളോട് കടപ്പാടുണ്ട്.
കൊല്ലം ചടയമംഗലത്തെ പാവപ്പെട്ട കർഷക കുടുംബത്തിൽനിന്നാണ് ഞാൻവരുന്നത്. ഞങ്ങൾ പത്തുമക്കളാണ്. ഒരു വെള്ളമുണ്ടും ഒരു ഷർട്ടുമിട്ടാണ് സ്കൂളിൽ പോയിരുന്നത്. ഒരാഴ്ച ആ വസ്ത്രം അഴുക്കാവാതെ ഉപയോഗിക്കുമായിരുന്നു. അന്ന് ഒരു ചെരിപ്പുപോലുമില്ല. ദൈവകൃപയും ഉമ്മായുടെ പ്രാർഥനയുമാണ് എന്നെ ഇവിടെവരെ എത്തിച്ചത്.
അധ്വാനിച്ചു പഠിച്ചാണ് വൈസ്ചാൻസിലർ പദവിയിൽവരെ എത്തിയത്. അതുകൊണ്ടുതന്നെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടി നന്മകൾ ചെയ്യാൻ അവസരം കിട്ടുകയെന്നതാണ് സന്തോഷം. ഭാര്യ ഷമീം അബ്ദുൽ സലാം. മക്കൾ ഡോ. അനൂജ അബ്ദുൽ സലാം, അമൃത അബ്ദുൽ സലാം (ഖരക്പൂർ ഐഐടിയിൽ ഗവേഷക വിദ്യാർഥിനി) എന്നിവരുടെ പിന്തുണയുമുണ്ട്.
∙ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയകാഴ്ചപ്പാട് എന്താണ്?
ബുദ്ധിയുള്ളവർ ഡോക്ടറും എൻജിനീയറുമായി പോവുകയും കള്ളം പറയുന്ന അഴിമതിക്കാർ മാത്രം രാഷ്ട്രീയത്തിൽ വരികയും ചെയ്യുമെന്നതാണ് പൊതുവായ ചിന്ത. ഈ ചിന്ത മാറ്റിമറയ്ക്കുകയാണ് ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. രാഷ്ട്രീയമെന്നത് വിദ്യാഭ്യാസമുള്ളവനു പറ്റിയ പണിയല്ല എന്നൊരു ചിന്തയുണ്ട്. രാജ്യത്തിന്റെ ഭാവിഭാഗധേയം തീരുമാനിക്കേണ്ട രാഷ്ട്രീയത്തിൽ മികച്ച വിദ്യാഭ്യാസവും കാഴ്ചപ്പാടുമുള്ളവർ കടന്നുവരണം
∙ എന്തെല്ലാമാണു പ്രചാരണ വിഷയം?
കാലിക്കറ്റ് സർവകലാശാല വിസി എന്ന നിലയിൽ കൊണ്ടുവന്ന വികസന ആശയങ്ങളുടെ തുടർച്ചയാണ് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇന്ത്യ, ക്ലീൻ ഇന്ത്യ, ക്വാളിറ്റി റവല്യൂഷൻ, സീറോ കറപ്ഷൻ, സാങ്കേതിക വികസനം തുടങ്ങിയ ആശയങ്ങളിലൂന്നിയ പ്രചാരണമാണ് നടത്തുക. എല്ലാവരെയും കെട്ടിപ്പിടിക്കാനും സ്നേഹിക്കാനുമാണ് താൽപര്യം. തന്റെ കാഴ്ചപ്പാട് എന്താണെന്നു പറഞ്ഞ് വോട്ടുചോദിക്കും.
English Summary : Tirur BJP candidate M Abdul Salam on his candidature