‘ജനങ്ങളെ അറിയുന്ന, അവരുടെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ആയിരിക്കണം ഒരു ജനപ്രതിനിധി. ഒരു എംഎൽഎ എങ്ങനെയായിരിക്കണം എന്ന പൊതുസമൂഹത്തിന്റെ സങ്കൽപ്പം തന്നെ മാറ്റുകയാണ് എന്റെ ലക്ഷ്യം.’– പറയുന്നത് സാമൂഹികപ്രവർ‌ത്തകനും തവനൂരിലെ ....Firoz Kunnamparambil

‘ജനങ്ങളെ അറിയുന്ന, അവരുടെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ആയിരിക്കണം ഒരു ജനപ്രതിനിധി. ഒരു എംഎൽഎ എങ്ങനെയായിരിക്കണം എന്ന പൊതുസമൂഹത്തിന്റെ സങ്കൽപ്പം തന്നെ മാറ്റുകയാണ് എന്റെ ലക്ഷ്യം.’– പറയുന്നത് സാമൂഹികപ്രവർ‌ത്തകനും തവനൂരിലെ ....Firoz Kunnamparambil

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജനങ്ങളെ അറിയുന്ന, അവരുടെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ആയിരിക്കണം ഒരു ജനപ്രതിനിധി. ഒരു എംഎൽഎ എങ്ങനെയായിരിക്കണം എന്ന പൊതുസമൂഹത്തിന്റെ സങ്കൽപ്പം തന്നെ മാറ്റുകയാണ് എന്റെ ലക്ഷ്യം.’– പറയുന്നത് സാമൂഹികപ്രവർ‌ത്തകനും തവനൂരിലെ ....Firoz Kunnamparambil

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജനങ്ങളെ അറിയുന്ന, അവരുടെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ആയിരിക്കണം ഒരു ജനപ്രതിനിധി. ഒരു എംഎൽഎ എങ്ങനെയായിരിക്കണം എന്ന പൊതുസമൂഹത്തിന്റെ സങ്കൽപംതന്നെ മാറ്റുകയാണ് എന്റെ ലക്ഷ്യം.’– പറയുന്നത് സാമൂഹിക പ്രവർ‌ത്തകനും തവനൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ഫിറോസ് കുന്നംപറമ്പിൽ. സമൂഹമാധ്യമം വഴി നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിലൂടെ കേരളത്തിനു മൊത്തം സുപരിചിതനാണ് ഫിറോസ്.

അപ്രതീക്ഷിതമായാണ് ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിക്കുന്നു എന്ന വാർത്ത പുറത്തുവന്നതെങ്കിലും ജനങ്ങളുടെ പ്രതീക്ഷ കാക്കുന്ന ജനപ്രതിനിധിയായിരിക്കും താനെന്ന് അദ്ദേഹം പറയുന്നു. സമൂഹമാധ്യമത്തിലൂടെ ലഭിക്കുന്ന വെർച്വൽ പിന്തുണ എല്ലാം വോട്ടാകുമെന്നു കരുതിയല്ല രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. പക്ഷേ വിജയിച്ചാൽ, നിയമസഭയിൽ താൻ പ്രതിനിധീകരിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ ശബ്ദമാകാൻ സാധിക്കും. വൈകിവന്ന സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷമുള്ള പ്രചാരണത്തിരക്കിനിടെ ഫിറോസ് കുന്നംപറമ്പിൽ ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.

ADVERTISEMENT

എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം?

നിലവിൽ, സമൂഹമാധ്യമം വഴിയാണ് ജനങ്ങൾക്ക് സഹായമെത്തിക്കുന്നത്. അതു ശാശ്വതമായ ഒരു പരിഹാരമല്ല. ഒരുപക്ഷേ നാളെ സമൂഹമാധ്യമങ്ങൾ നിരോധിച്ചാലും ഇപ്പോൾ ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകതന്നെ ചെയ്യണം. കേരളത്തിൽ എന്റെ മുന്നിലേക്ക് വരുന്ന ഒരുപാട് ആളുകളുണ്ട്. രോഗം മൂലം വലയുന്ന ആളുകൾ, ലക്ഷങ്ങളുടെ ചികിത്സാഭാരം താങ്ങാൻ സാധിക്കാത്തവർ, വീടില്ലാത്ത ആളുകൾ, മക്കളുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുന്നവർ. ഇവർക്കെല്ലാം സമൂഹമാധ്യമത്തിലൂടെയാണ് ഇതുവരെ കൈത്താങ്ങായത്. എന്നാൽ അതിനു പരിമിതിയുണ്ട്.

ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. സർക്കാർ സംവിധാനത്തിലൂടെ മാത്രമേ അതിനു സാധിക്കൂ. അതുകൊണ്ടു തന്നെ ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ ശബ്ദമായി നിയമസഭയിൽ മാറണം എന്ന തീരുമാനമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണം. എംഎൽഎയായിരിക്കുന്ന മണ്ഡലത്തിലെ മാത്രമല്ല, സംസ്ഥാനത്ത് എവിടെയുമുള്ള പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. ചാരിറ്റിയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതില്ല.

കോൺഗ്രസ് സ്ഥാനാർഥിയാകാൻ കാരണം?

ADVERTISEMENT

കോൺഗ്രസാണ് ആദ്യം സീറ്റ് വാഗ്ദാനം ചെയ്തത്. സിപിഎം വാഗ്ദാനം ചെയ്തിരുന്നെങ്കിലും മത്സരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. കോൺഗ്രസ് വിശാലമായി ചിന്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തന്നെപ്പോലുള്ളവരും ഭരണപ്രാതിനിധ്യത്തിൽ ഉണ്ടായിരിക്കണം എന്നു ചിന്തിക്കുന്ന പാർട്ടിയാണ് അത്. അതുകൊണ്ടുതന്നെ മത്സരിക്കണമെന്ന ആവശ്യവുമായി സമീപിച്ചപ്പോൾ സമ്മതം മൂളുകയായിരുന്നു.

ഇത്രയും നാൾ കോൺഗ്രസിനായി പ്രവർത്തിച്ചവരെ മറികടന്ന് മത്സരിക്കുന്നത് നീതിയാണോ?

അതിൽ തെറ്റില്ല. കേരളത്തിൽ 140 സീറ്റുകളുണ്ട്. 93 ഇടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. എല്ലായിടത്തും കോൺഗ്രസ് പ്രവർത്തകർ തന്നെയാണു മത്സരിക്കുന്നത്. ഒരു സീറ്റിൽ മാത്രമാണ് ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കുന്നത്. എന്നാൽ സിപിഎം മത്സരിക്കുന്ന 86 സീറ്റുകളിൽ പത്തിലധികം മണ്ഡലങ്ങളിൽ സിപിഎമ്മുമായി ഒരു ബന്ധവുമില്ലാത്തവരാണ് മത്സരിക്കുന്നത്. അതിൽ തെറ്റു കാണുന്നില്ലേ?

പാലക്കാട് ആലത്തൂർ സ്വദേശിയായ താങ്കൾ മൽസരിക്കാൻ മലപ്പുറത്തെ ഒരു മണ്ഡലം തിരഞ്ഞെടുത്തതെന്താണ്?

ADVERTISEMENT

അതു പാർട്ടിയുടെ തീരുമാനമാണ്. പാർട്ടി ഒരു സീറ്റിൽ മത്സരിക്കാൻ പറഞ്ഞാൽ അത് അനുസരിക്കുക മാത്രം. പിന്നെ, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലുടനീളം ഓടിനടന്ന ഒരാൾക്ക് പാലക്കാടും തവനൂരും തമ്മിൽ വ്യത്യാസമില്ല. മണ്ഡലത്തിൽ വിജയിച്ചാൽ അവിടെത്തന്നെ വീട് എടുത്ത് താമസിക്കും.

താങ്കൾ മു‌സ്‌ലിം ലീഗ് അനുഭാവിയാണെന്ന് മുൻപു പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർഥിയായത്?

ഞാൻ ലീഗ് അനുഭാവി തന്നെയാണ്. യുഡിഎഫ് സംവിധാനത്തിൽ തന്നെയാണ് മത്സരിക്കുന്നത്. കോൺഗ്രസ്, ലീഗ് എന്ന ഒരു വേർതിരിവ് ഐക്യജനാധിപത്യ മുന്നണിയിൽ ഇല്ല. കോൺഗ്രസിന്റെ സീറ്റ്, ലീഗിന്റെ സീറ്റ് എന്നിങ്ങനെ ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ആവശ്യപ്പെട്ടിട്ടുമില്ല. മുന്നണി സംവിധാനം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനുശേഷവും അങ്ങനെ തന്നെയായിരിക്കും.

രാഷ്ട്രീയലക്ഷ്യത്തോടെയാണോ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തത്?

ഞാൻ മത്സരിക്കാനില്ല എന്നു പറഞ്ഞു മാറിനിന്ന ഒരു വ്യക്തിയാണ്. യുഡിഎഫ് അനുഭാവിയാണെന്ന് തുറന്നുപറഞ്ഞതുകൊണ്ടു മാത്രം ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തി കൂടിയാണ് ഞാൻ. ജനങ്ങൾക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചപ്പോഴും അതിനു മാറ്റമുണ്ടായില്ല. എന്നാൽ ഈ സൈബർ ആക്രമണങ്ങൾ എന്റെ പ്രവർത്തനത്തെ ബാധിക്കും എന്ന ഘട്ടമെത്തിയപ്പോഴാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

ഒരു സാധാരണക്കാരനായ ഫിറോസ് കുന്നംപറമ്പിലിന് ചെയ്യാൻ സാധിക്കുന്നതിന് പരിമിതികളുണ്ട്. എന്നാൽ എംഎൽഎയായ ഫിറോസ് കുന്നംപറമ്പിലിന് ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമാകാൻ സാധിക്കും. അതുകേൾക്കാതിരിക്കാൻ സർക്കാരിന് സാധിക്കില്ല. അതുകൊണ്ടു മാത്രമാണ് രാഷ്ട്രീയ പ്രവേശനം.

രാഷ്ട്രീയ പ്രവർത്തനം ഇപ്പോഴത്തെ ചാരിറ്റി പ്രവർത്തനങ്ങളെ ബാധിക്കില്ലേ?

ഒരിക്കലും ഇല്ല. കൂടുതൽ ആളുകൾ പണം സംഭാവന ചെയ്യുന്നത് ഫിറോസ് കുന്നംപറമ്പിലിന് അല്ല. നമ്മൾ സഹായം അഭ്യർഥിക്കുന്നവർക്കുവേണ്ടിയാണ്. എന്റെ പേരിലുള്ള വിശ്വാസം കൊണ്ടാണ് ആളുകൾ പണം തരുന്നത്. അവർ നൽകുന്ന സഹായം കൃത്യമായ ആളുകളിൽ എത്തിക്കുമെന്ന വിശ്വാസമാണ് എന്റെ പ്രവർത്തനങ്ങളുടെ അടിത്തറ.

ജീവകാരുണ്യ പ്രവർത്തനങ്ങൾ െചയ്യുന്നതിലൂടെ ഞാൻ വ്യത്യസ്തനായ എംഎൽഎയാകുക എന്നതിന് അപ്പുറത്തേക്ക്, എന്റെ പ്രവൃത്തിയിലൂടെ എല്ലാ എംഎൽഎമാരും ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും അവ പരിഹരിക്കാനുള്ള സംവിധാനം കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യും. അതിലൂടെ ചിലപ്പോൾ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള പദ്ധതികളും വന്നേക്കും.

എന്റെ മണ്ഡലത്തിൽ ഞാൻ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ സ്വഭാവികമായും മറ്റ് എംഎൽഎമാർ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചർച്ചയുണ്ടാകും. അവർ അതു ചെയ്യാൻ ബാധ്യസ്ഥരാകും. സർക്കാർ സംവിധാനത്തിലൂടെ ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ സാധിക്കും എന്ന ചിന്തയും എല്ലാവരിലും ഉണ്ടാകും. അങ്ങനെയൊരു മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യം.

താങ്കളുടെ ഇപ്പോഴത്തെ പ്രവർത്തനത്തെപ്പറ്റി വിവാദങ്ങളും ആരോപണങ്ങളുമുണ്ട്. ഒരു രാഷ്ട്രീയപ്രവർത്തകനാകുമ്പോൾ കൂടുതൽ വിചാരണ നേരിടേണ്ടി വരില്ലേ?

ഞാൻ എപ്പോഴും ഒരു തുറന്ന പുസ്തകമാണ്. മറച്ചുവയ്ക്കാൻ ഒന്നുമില്ല. ഇനി ഞാൻ അങ്ങനെ ചെയ്താൽത്തന്നെ നമ്മുടെ സർക്കാർ സംവിധാനത്തിന് അതു കണ്ടെത്താൻ സാധിക്കും. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് നടപടി സ്വീകരിക്കാം. മാത്രമല്ല, ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗത്തിന്റെ സർക്കാർ തന്നെയാണല്ലോ കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ആരോപണങ്ങൾ, ആരോപണങ്ങൾ മാത്രമായി ഒതുങ്ങി.

നിലവിലെ സർക്കാരിൽ ഏറ്റവുമധികം ആരോപണവിധേയനായ ഒരാൾക്കെതിരെയാണ് മത്സരം. എത്രത്തോളം പ്രതീക്ഷയുണ്ട്?

ശക്തനായ എതിരാളി, ദുർബലൻ അങ്ങനെയൊന്നും കാണുന്നില്ല. ജനങ്ങളെ സംബന്ധിച്ച് അവരുടെ പ്രശ്നങ്ങളും വേദനകളും പരിഹരിക്കുന്ന ആളാണ് ജനപ്രതിനിധിയായി വേണ്ടത്. ഞാൻ ഇത്രയും നാൾ നടത്തിയ പ്രവർത്തനങ്ങൾ ഒരു തുറന്ന പുസ്തകം പോലെ കേരളത്തിലെ ജനങ്ങളുടെ മുൻപിലുണ്ട്. എതിർ സ്ഥാനാർഥിയായി നിൽക്കുന്ന ആളും എന്തു ചെയ്തെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. ആരോപണങ്ങൾ എതിർ സ്ഥാനാർഥിക്കെതിരെയുമുണ്ട്, എനിക്കെതിരെയുമുണ്ട്. അതു ചർച്ച ചെയ്യേണ്ടതില്ല.

ഒരു വ്യക്തിയെന്ന നിലയിൽ ഞങ്ങൾ ഇരുവരുടേയും പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം തവനൂരിലെ ജനങ്ങൾ വിധി തീരുമാനിക്കട്ടെ. സമൂഹമാധ്യമത്തിലെ പിന്തുണ വോട്ടായി മാറുമെന്ന് കരുതുന്നില്ല. അതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരുണ്ട്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ തവനൂരിലെ ജനങ്ങൾ തീരുമാനിക്കണം. നിലവിലെ എംഎൽഎ, അല്ലെങ്കിൽ മന്ത്രിയുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തിലായിരിക്കും ആ തീരുമാനം.

English Summary: Thavanur Constituency Udf Candidate Firoz Kunnamparambil Interview