കോഴിക്കോട്ടെ കുറവ് നികത്താന് കോണ്ഗ്രസ്; ചുവപ്പിച്ച് നിര്ത്താന് എല്ഡിഎഫ്
കോഴിക്കോട് ∙ ചേകവന്മാരുടെ വീരകഥകളും രാജഭരണത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നക്സൽ പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയുമെല്ലാം ഓർമകളും ഉറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്റേത്. കാർഷിക മേഖലയും വ്യവസായങ്ങളും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും എല്ലാം വിഷയമാകുന്ന തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ല. | Kerala assembly elections 2021 | Manorama News
കോഴിക്കോട് ∙ ചേകവന്മാരുടെ വീരകഥകളും രാജഭരണത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നക്സൽ പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയുമെല്ലാം ഓർമകളും ഉറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്റേത്. കാർഷിക മേഖലയും വ്യവസായങ്ങളും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും എല്ലാം വിഷയമാകുന്ന തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ല. | Kerala assembly elections 2021 | Manorama News
കോഴിക്കോട് ∙ ചേകവന്മാരുടെ വീരകഥകളും രാജഭരണത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നക്സൽ പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയുമെല്ലാം ഓർമകളും ഉറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്റേത്. കാർഷിക മേഖലയും വ്യവസായങ്ങളും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും എല്ലാം വിഷയമാകുന്ന തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ല. | Kerala assembly elections 2021 | Manorama News
കോഴിക്കോട് ∙ ചേകവന്മാരുടെ വീരകഥകളും രാജഭരണത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നക്സൽ പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയുമെല്ലാം ഓർമകളും ഉറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്റേത്. കാർഷിക മേഖലയും വ്യവസായങ്ങളും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും എല്ലാം വിഷയമാകുന്ന തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത്തേക്ക് അൽപം ചെരിവ് കൂടുതലുള്ള ജില്ലയാണിത്. സമീപകാല ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിൽ പൂർണമായും കോഴിക്കോട് ഇടതുപക്ഷത്തിനൊപ്പം നിന്നു.
13 നിയമസഭാ മണ്ഡലങ്ങളുള്ള കോഴിക്കോട്ട് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഇടതു–വലതു മുന്നണികളുടെ പ്രതീക്ഷ. അടുത്ത കാലത്തു വലിയ നേട്ടങ്ങൾക്കു സാധിച്ചില്ലെങ്കിലും യുഡിഎഫ് പഴയ പ്രതാപം തിരിച്ചുപിടിക്കുന്ന തിരഞ്ഞെടുപ്പാകുമിതെന്നാണ് വലതു ക്യാംപിന്റെ പ്രതീക്ഷ. അതിനേക്കാളേറെ കോൺഗ്രസിന് ഇത് അഭിമാനപോരാട്ടം കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിൽനിന്ന് ഒരു കോൺഗ്രസ് സ്ഥാനാർഥി ജയിച്ചിട്ട് 20 വർഷമായി. 2001 ലാണ് ജില്ലയിൽ കോൺഗ്രസിന്റെ അവസാന ജയം. അന്ന് കോഴിക്കോട് ഒന്നാം മണ്ഡലത്തിൽനിന്ന് എ. സുജനപാലും കൊയിലാണ്ടിയിൽനിന്ന് പി.ശങ്കരനും ജയിച്ചു മന്ത്രിമാരായി. എന്നാൽ പിന്നീട് കോഴിക്കോട്ടുനിന്ന് കോൺഗ്രസിന് ഒരു എംഎൽഎ പോലും ഉണ്ടായിട്ടില്ല. ഇത്തവണ ആ കുറവു നികത്താനാണ് കോൺഗ്രസിന്റെ ശ്രമം.
എന്നാൽ, കോഴിക്കോടിനെ എന്നും ചുവപ്പിച്ചു നിർത്താനാണ് എൽഡിഎഫിന്റെ ആഗ്രഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുമെന്ന് എൽഡിഎഫ് ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന എൽജെഡിയും കേരള കോൺഗ്രസും (എം) ഒപ്പമെത്തിയത് എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ജില്ലയിലെ പല മേഖലകളിലും ഇവർക്ക് കൃത്യമായ സ്വാധീനമുണ്ടെന്നാണ് കണക്കുകൂട്ടൽ. കൂടാതെ, ഇടതുമുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാർഥികളും കൂടിയെത്തുമ്പോൾ 10 സീറ്റിൽ കുറഞ്ഞതൊന്നും എൽഡിഎഫ് സ്വപ്നം കാണുന്നില്ല.
കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ, കുന്നമംഗലം, ബേപ്പൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവർത്തനം. ഓരോ തിരഞ്ഞെടുപ്പിലും വർധിക്കുന്ന വോട്ടുകണക്കുകൾ ബിജെപിക്കു പ്രതീക്ഷ നൽകുന്നു. ബിജെപി മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന 42 എ ക്ലാസ് മണ്ഡലങ്ങളിൽ അഞ്ചെണ്ണം ജില്ലയിലാണ്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളിൽ എൽഡിഎഫ് ജയിച്ചെങ്കിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്കായിരുന്നു ഭൂരിപക്ഷം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ചിത്രം മാറി. വടകര, തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിൽ യുഡിഎഫും മറ്റു മണ്ഡലങ്ങളിൽ എൽഡിഎഫുമാണു കൂടുതൽ വോട്ടുകൾ നേടിയത്.
മണ്ഡലങ്ങളിലൂടെ
ബേപ്പൂർ
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ. കോഴിക്കോട് മുൻ മേയർ വി.കെ.സി. മമ്മദ്കോയയാണ് നിലവിലെ നിയമസഭാംഗം. 2016 ലെ തിരഞ്ഞെടുപ്പിൽ 14,363 വോട്ടിനാണ് ബേപ്പൂരുകാർ വികെസിയെ ജയിപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ എം.പി. ആദം മുൽസിയും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ കെ.പി. പ്രകാശ്ബാബുവുമാണ് അന്ന് അങ്കത്തിനിറങ്ങിയത്. എന്നാൽ, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കളം മാറി. യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവന് ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ 10,423 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ഇത് യുഡിഎഫ് ക്യാംപിന് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ബേപ്പൂർ വീണ്ടും ഇടത്തേക്ക് ചേർന്നു. 2020 ലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വോട്ടുകണക്ക് അനുസരിച്ച് എൽഡിഎഫിന് 15087 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.
കോഴിക്കോട് സൗത്ത്
1957 ലെ ആദ്യ തിരഞ്ഞെടുപ്പു മുതൽ നിലവിലുണ്ടായിരുന്ന കോഴിക്കോട്–2 മണ്ഡലമാണ് 2008 ലെ പുനർനിർണയത്തിൽ മുഖം മിനുക്കി കോഴിക്കോട് സൗത്തായത്. കോഴിക്കോട് കോർപറേഷനിലെ 23 വാർഡുകൾ പൂർണമായും രണ്ടു വാർഡുകളുടെ പകുതിയുമാണ് സൗത്ത് മണ്ഡലത്തിലുള്ളത്.
നിലവിൽ കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രാതിനിധ്യമുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് സൗത്ത്. രണ്ടു വട്ടമായി മുസ്‍ലിം ലീഗിലെ എം.കെ. മുനീർ ആണ് നിയമസഭാഗം. 2016 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഐഎൻഎല്ലിന്റെ എ.പി.അബ്ദുൽ വഹാബിനെ 5216 വോട്ടിനാണ് മുനീർ തോൽപ്പിച്ചത്. ബിഡിജെഎസിന്റെ കുറ്റിയിൽ സതീഷ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. 13,731 വോട്ടിന്റെ വമ്പൻ ലീഡ്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. യുഡിഎഫിന് സ്വാധീനമുള്ള മണ്ഡലമെന്ന് കണക്കാക്കിയിരുന്ന സൗത്തിൽ എൽഡിഎഫിന് 9370 വോടട്ിന്റെ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്. ഇതു തന്നെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും. മണ്ഡലത്തിന്റെ ഭാഗമായ 25 കോർപറേഷൻ വാർഡുകളിൽ 15 എണ്ണത്തിലും എൽഡിഎഫ് ആണ് വിജയിച്ചത്. 8 വാർഡുകളിൽ യുഡിഎഫും 2 വാർഡുകളിൽ ബിജെപിയും വിജയിച്ചു.
കോഴിക്കോട് നോർത്ത്
കോഴിക്കോട് നോർത്ത് എന്ന പഴയ കോഴിക്കോട് ഒന്നാം മണ്ഡലത്തിന് യുഡിഎഫുമായി, പ്രത്യേകിച്ച് കോൺഗ്രസുമായി വല്ലാത്തൊരു ബന്ധമുണ്ട്. 2001ൽ പഴയ ഒന്നാം മണ്ഡലത്തിൽ നിന്ന് എ. സുജനപാലും കൊയിലാണ്ടിയിൽ പി.ശങ്കരനും ജയിച്ചതിനു ശേഷം കോഴിക്കോട് ജില്ലയിൽ നിന്ന് ഇതുവരെ ഒരു കോൺഗ്രസുകാരൻ പോലും നിയമസഭ കണ്ടിട്ടില്ല. കേരളപ്പിറവി മുതൽ കോഴിക്കോട് ഒന്ന് എന്നറിയപ്പെട്ടിരുന്ന മണ്ഡലമാണ് 2008 ലെ പുനർനിർണയത്തിൽ കോഴിക്കോട് നോർത്തായത്.
സിപിഎമ്മിലെ എ. പ്രദീപ്കുമാർ ആണ് നിലവിൽ എംഎൽഎ. ജനകീയ പ്രവർത്തനങ്ങളിലൂടെയും വിദ്യാലയങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രിസം പോലുള്ള പദ്ധതികൾ നടപ്പാക്കിയും പ്രദീപ് കുമാർ ജനകീയ അടിത്തറ വളർത്തി. 2016 ലെ തിരഞ്ഞെടുപ്പിൽ 27,873 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് കോഴിക്കോട് നോർത്തിലെ ജനങ്ങൾ പ്രദീപിനെ നിയമസഭയിലേക്ക് അയച്ചത്. കോൺഗ്രസിലെ പി.എം. സുരേഷ്ബാബു യുഡിഎഫിനും ബിജെപിയുടെ കെ.പി.ശ്രീശൻ എൻഡിഎയ്ക്കും വേണ്ടി മൽസരിച്ചു.
പ്രദീപ് കുമാറിന്റെ ഈ ജനകീയ അടിത്തറ സ്വപ്നം കണ്ട് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കി. പക്ഷേ, നോർത്തിലെ ജനങ്ങൾ പിന്തുണ നൽകിയത് യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവനായിരുന്നു. എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിൽ വീണ്ടും ചിത്രം മാറി. എൽഡിഎഫിന് 13361 വോട്ടിന്റെ ഭൂരിപക്ഷമാണ് കോഴിക്കോട് നോർത്ത് നൽകിയത്.
കുന്നമംഗലം
യുഡിഎഫ് സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലത്തിന്റെ സ്വഭാവം പുനർനിർണയത്തോടെ മാറിയതാണ് എൽഡിഎഫിന്റെ പ്രതീക്ഷ. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ജയം ഇടത്തേക്ക് വന്നു. 2016 ൽ തുടർച്ചയായ രണ്ടാം ജയം തേടി എൽഡിഎഫ് സ്വതന്ത്രനായി മൽസരിച്ച പി.ടി.എ.റഹീം 11205 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസിലെ ടി.സിദ്ദിഖിനെ ഇറക്കി യുഡിഎഫും മുതിർന്ന ബിജെപി നേതാവ് സി.കെ.പത്മനാഭനെ ഇറക്കി എൻഡിഎയും മൽസരം കടുപ്പിക്കാൻ ശ്രമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തുണച്ച മണ്ഡലം പക്ഷേ, തദ്ദേശപ്പോരിൽ ഇടതുപക്ഷത്തിന് 5107 വോട്ടിന്റെ ലീഡ് നൽകി. 11,292 വോട്ടിന്റെ ലീഡാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കുന്നമംഗലം യുഡിഎഫിന് നൽകിയത്. ഈ വലിയ പിന്തുണ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇത്തവണയും പി.ടി.എ. റഹീം തന്നെ എൽഡിഎഫിനായി വീണ്ടും മൽസരത്തിന് ഇറങ്ങും.
എലത്തൂർ
കടലും പുഴയും അതിരിടുന്ന മണ്ഡലമാണ് എലത്തൂർ. മലനാടും ഇടനാടും തീരപ്രദേശവുമുള്ള കേരളത്തിന്റെ മിനിയേച്ചർ. നഗരത്തോടു ചേർന്നു കിടക്കുന്ന ഗ്രാമം. നേരത്തേ കൊടുവള്ളി, ബാലുശ്ശേരി, കുന്നമംഗലം നിയോജക മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് 2008 ലെ മണ്ഡല പുനർനിർണയത്തിൽ എലത്തൂർ രൂപീകരിച്ചത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിൽ രൂപീകരണത്തിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും ജയിച്ചത് എൻസിപിയിലെ എ.കെ. ശശീന്ദ്രൻ. യുഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദളാണു രണ്ടു വട്ടവും പരാജയപ്പെട്ടത്.
2009 മുതലുള്ള നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണ് മണ്ഡലത്തിൽ യുഡിഎഫ് ലീഡ് നേടിയത്– സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ. അന്നു മണ്ഡലത്തിൽ യുഡിഎഫ് നേടിയത് 103 വോട്ടിന്റെ ലീഡ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ച 2009, 2014 തിരഞ്ഞെടുപ്പുകളിൽ എലത്തൂരിൽ എൽഡിഎഫ് യഥാക്രമം 7736, 5449 വോട്ടുകളുടെ ലീഡ് നേടി. 2011ൽ എൽഡിഎഫ് സ്ഥാനാർഥി എ.കെ. ശശീന്ദ്രൻ ജയിച്ചത് 14654 വോട്ടിന്. 2016 ൽ ഭൂരിപക്ഷം 29057.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ 6 വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് എലത്തൂർ മണ്ഡലം. ചേളന്നൂർ പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫ് ഭരണം. കോർപറേഷനിലെ 6 വാർഡുകളിൽ അഞ്ചിടത്ത് എൽഡിഎഫും ഒരു വാർഡിൽ യുഡിഎഫുമാണു ജയിച്ചത്.
ബാലുശേരി
രാജഭരണത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നക്സൽ പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയുമെല്ലാം സമരസ്മരണകളിരമ്പുന്ന ബാലുശ്ശേരി ഈ തിരഞ്ഞെടുപ്പിനായി എന്തായിരിക്കും കരുതിവച്ചിരിക്കുന്നത്. സോഷ്യലിസ്റ്റുകളുടെ സ്വന്തം മണ്ഡലം കോൺഗ്രസിലെ സോഷ്യലിസ്റ്റുകളിലൂടെ ഇടതുപക്ഷത്ത് ഉറച്ചതാണ് ബാലുശ്ശേരിയുടെ രാഷ്ട്രീയ ചരിത്രം. 7 വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചത് എ.സി.ഷൺമുഖദാസ്. 6 വട്ടവും ഇടതുപക്ഷ സ്ഥാനാർഥി ആയിട്ടായിരുന്നു ജയം.
1957 ലാണ് മണ്ഡലം നിലവിൽ വന്നത്. 2008 ലെ മണ്ഡല പുനർനിർണയത്തിൽ പഞ്ചായത്തുകളുടെ എണ്ണം ഏഴിൽനിന്ന് ഒൻപതായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ പഞ്ചായത്തുകൾ എലത്തൂർ മണ്ഡലത്തിന്റെ ഭാഗമായി. പകരം ഉണ്ണികുളം, കൂരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ ബാലുശ്ശേരി മണ്ഡലത്തിന്റെ ഭാഗമായി. 2008 ലെ മണ്ഡല പുനർനിർണയത്തിൽ ബാലുശ്ശേരി പട്ടികജാതി സംവരണമായതോടെ മണ്ഡലം എൻസിപിയിൽ നിന്ന് സിപിഎം ഏറ്റെടുത്തു. എൻസിപിക്ക് എലത്തൂർ നൽകി. 2011, 16 തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി വിജയിച്ചു. ഇത്തവണ ഇടതുപക്ഷത്തിനായി എസ്എഫ്ഐ നേതാവ് സച്ചിൻ ദേവാണ് അങ്കത്തിനിറങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി ചലച്ചിത്ര നടൻ ധർമജൻ ബോൾഗാട്ടിയാണ് എത്തുന്നത്.
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ച 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി എൽഡിഎഫ് സ്ഥാനാർഥിക്ക് നൽകിയത് 4808 വോട്ടിന്റെ ലീഡ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഈ ഭൂരിപക്ഷം 8882 വോട്ടായി വർധിപ്പിച്ചു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് 667 വോട്ടിന് മുന്നിലെത്തി. പക്ഷേ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം 15464 വോട്ടായി ഉയർന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് 9745 വോട്ടിന്റെ ഭൂരിപക്ഷം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും ബാലുശേരി ഇടത്തോട്ട് തന്നെയായിരുന്നു. ബാലുശ്ശേരി, പനങ്ങാട്, അത്തോളി, ഉള്ളിയേരി, ഉണ്ണികുളം, കൂരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂർ, കോട്ടൂർ എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. അത്തോളി, കൂരാച്ചുണ്ട്, ഉണ്ണികുളം എന്നീ പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം. ബാലുശ്ശേരി, പനങ്ങാട്, ഉള്ളിയേരി,കായണ്ണ, നടുവണ്ണൂർ,കോട്ടൂർ പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം.
നാദാപുരം
ഒരു തിരഞ്ഞെടുപ്പിലൊഴികെ കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രം വിജയിച്ച മണ്ഡലമാണ് നാദാപുരം. സിപിഐ രണ്ടുവട്ടം സിപിഎമ്മിനെ തോൽപിച്ച മണ്ഡലം. 1970 മുതൽ സിപിഐ മാത്രം ജയിക്കുന്ന മണ്ഡലം. സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറി സി.എച്ച്.കണാരനെ ആദ്യമായി കേരള നിയമസഭയിലെത്തിച്ച മണ്ഡലം. ചരിത്രത്തിൽ കൗതുകങ്ങൾ ഏറെയുണ്ട് നാദാപുരത്തിന്.
1957 ലെ ആദ്യ തിരഞ്ഞെടുപ്പിലാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി സി.എച്ച്. കണാരൻ വിജയിക്കുന്നത്. 1960ൽ പിഎസ്പി–ലീഗ് മുന്നണി സ്ഥാനാർഥിയായി മത്സരിച്ച മുസ്‌ലിം ലീഗിലെ ഹമീദലി ഷംനാട് സി.എച്ച്. കണാരനെ പരാജയപ്പെടുത്തി. 1967ൽ ഇ.വി. കുമാരനിലൂടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. സിപിഐ ഐക്യമുന്നണിയുടെ ഭാഗമായിരുന്ന 1970, 77 തിരഞ്ഞെടുപ്പുകളിലാണ് സിപിഐ സ്ഥാനാർഥികളായിരുന്ന എം. കുമാരനും കാന്തലോട്ട് കുഞ്ഞമ്പുവും സിപിഎം സ്ഥാനാർഥികളെ പരാജയപ്പെടുത്തിയത്. 1980 മുതൽ എൽഡിഎഫിൽ എത്തിയപ്പോഴും സിപിഐക്കു തന്നെയായിരുന്നു സീറ്റും വിജയവും. കെ.ടി. കണാരൻ, സത്യൻ മൊകേരി, ബിനോയ് വിശ്വം, ഇ.കെ. വിജയൻ എന്നിവർ ജയിച്ചു.
2009,14,19 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. എന്നാൽ 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി വിജയം. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8,422 വോട്ടും 2014ൽ 1747 വോട്ടും 2019ൽ 17,596 വോട്ടുമാണ് യുഡിഎഫ് സ്ഥാനാർഥികൾ നാദാപുരം മണ്ഡലത്തിൽ നേടിയ ലീഡ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് 7,546 വോട്ടിന്. 2016ൽ 4759 വോട്ടിനും.
തദ്ദേശപ്പോരിൽ മേൽക്കൈ ഇടതുപക്ഷത്തിനായിരുന്നു. വളയം, വാണിമേൽ, നരിപ്പറ്റ, കായക്കൊടി, കാവിലുമ്പാറ, മരുതോങ്കര, ചെക്യാട്, തൂണേരി, നാദാപുരം, എടച്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നാദാപുരം മണ്ഡലം. 4 പഞ്ചായത്തിൽ യുഡിഎഫിനും 6 പഞ്ചായത്തിൽ എൽഡിഎഫിനുമാണ് ഭരണം. ഇതിൽ കായക്കൊടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നേടിയത് നറുക്കെടുപ്പിലൂടെയാണ്.
പേരാമ്പ്ര
നടേരിപ്പുഴയും കുറ്റ്യാടിപ്പുഴയും അതിരിടുന്ന കാർഷിക മേഖലയാണു പേരാമ്പ്ര മണ്ഡലം. ആദ്യ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയെ തുണച്ച മണ്ഡലം. വലത്തേക്കു ചാഞ്ഞത് 3 വട്ടം മാത്രം. 1960 ൽ പിഎസ്പി–കോൺഗ്രസ് മുന്നണിക്കു വേണ്ടി പിഎസ്പിയിലെ പി.കെ. നാരായണൻ നമ്പ്യാരും 1970 ൽ കോൺഗ്രസിലെ ഡോ.കെ.ജി. അടിയോടിയും 77 ൽ കേരള കോൺഗ്രസിലെ ഡോ. കെ.സി. ജോസഫും ജയിച്ചു. ബാക്കി എല്ലാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയക്കൊടി നാട്ടി.
യുഡിഎഫിൽ 1977 മുതൽ കേരള കോൺഗ്രസാണു മത്സരിക്കുന്നത്. ജയിച്ചത് ഒരിക്കൽ മാത്രം. എന്നാൽ 80 മുതൽ സിപിഎം മാത്രം ജയിച്ച മണ്ഡലത്തിൽ അട്ടിമറികളൊന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നില്ല. സമീപകാലത്ത് പേരാമ്പ്രയിൽ യുഡിഎഫിനായി ഏറ്റവും മികച്ച പോരാട്ടം നടത്തിയത് 2016 ൽ കേരള കോൺഗ്രസ് (എം) നേതാവ് മുഹമ്മദ് ഇഖ്ബാലാണ്. അന്ന് എൽഡിഎഫിന്റെ ഭൂരിപക്ഷം നാലിലൊന്നായി വെട്ടിക്കുറച്ച ഇഖ്ബാൽ ഇപ്പോൾ എൽഡിഎഫിലാണ്.
2009,14,19 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. എന്നാൽ 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി ജയം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4262 വോട്ടും 2014 ൽ 1175 വോട്ടും 2019 ൽ 13204 വോട്ടുമാണ് യുഡിഎഫ് സ്ഥാനാർഥികൾ പേരാമ്പ്ര മണ്ഡലത്തിൽ നേടിയ ലീഡ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് 15269 വോട്ടിന്. 2016ൽ 4101 വോട്ടിനും.
തദ്ദേശതിരഞ്ഞെടുപ്പിൽ പൂർണമായും എൽഡിഎഫിനൊപ്പമായിരുന്നു പേരാമ്പ്ര. മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, കായണ്ണ പഞ്ചായത്തുകൾ 2008 ലെ പുനർനിർണയത്തിൽ ഒഴിവാക്കി. പകരമെത്തിയത് അരിക്കുളം, മേപ്പയൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ. ഇവയ്ക്കു പുറമേ പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണു പേരാമ്പ്ര മണ്ഡലം. 10 പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം.
കൊടുവള്ളി
സ്വർണത്തിന്റെ നാടായ കൊടുവള്ളിയിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് സംസ്ഥാനത്ത് പൊന്നുംവിലയുണ്ട്. ലീഗിന്റെ കരുത്തും ലീഗ് വിമതരുടെ കുതിപ്പും കണ്ട മണ്ഡലം കൂപ്പർ യാത്രമുതൽ സ്വർണക്കടത്തുവരെ ഒട്ടേറെ വിവാദങ്ങൾക്കും സാക്ഷിയായി. 1977 ൽ രൂപം കൊണ്ട കൊടുവള്ളി മണ്ഡലത്തിലെ ആദ്യ എംഎൽഎ ഇ.അഹമ്മദ്. 1977 മുതൽ 2001 വരെ 7 തിരഞ്ഞെടുപ്പുകളിൽ ലീഗിനെ മാത്രം തുണച്ച മണ്ഡലം. യുഡിഎഫിന് കണ്ണുംപൂട്ടി ജയിക്കാമെന്നു വിശ്വസിച്ച മണ്ഡലം ആദ്യമായി ഇടത്തേക്ക് ചാഞ്ഞത് ലീഗ് വിമതനിലൂടെയാണ്.
കൊടുവള്ളി ലീഗിലെ കരുത്തനായിരുന്ന പി.ടി.എ.റഹീം പാർട്ടിയോടിഞ്ഞ് 2006 ലെ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി രംഗത്തെത്തി. ലീഗ് കൈമാറിയ സുരക്ഷിതസീറ്റിൽ മത്സരിക്കാനെത്തിയ ഡിഐസി പ്രസിഡന്റ് കെ. മുരളീധരനെ റഹിം അട്ടിമറിച്ചു. 2011 ൽ ലീഗിലെ വി.എം.ഉമ്മറിനെയിറക്കി യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. എന്നാൽ 2016 ൽ ചരിത്രം ആവർത്തിച്ചു. ഇടതുപിന്തുണയോടെ മത്സരിച്ച ലീഗ് മുൻ നേതാവ് കാരാട്ട് റസാഖ് യുഡിഎഫ് സ്ഥാനാർഥി എം.എ.റസാഖിനെതിരെ 573 വോട്ടിന്റെ അട്ടിമറി ജയം നേടി.
കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കൊടുവള്ളി മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ലീഡ്. 2009 ൽ 12,844 വോട്ടും 2014 ൽ 16,599 വോട്ടും 2019 ൽ 35,908 വോട്ടുമായിരുന്നു മണ്ഡലത്തിൽ യുഡിഎഫിന്റെ ലീഡ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം–16,552 വോട്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത് 573 വോട്ടിന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണമായും വലത്തോട്ടായിരുന്നു കൊടുവള്ളി മണ്ഡലം. കൊടുവള്ളിയുടെ ഭാഗമായിരുന്ന കാക്കൂർ, കക്കോടി, ചേളന്നൂർ, ഉണ്ണികുളം പഞ്ചായത്തുകൾ 2008 ലെ മണ്ഡല പുനർനിർണയത്തിൽ ബാലുശ്ശേരി, എലത്തൂർ മണ്ഡലങ്ങളുടെ ഭാഗമായപ്പോൾ പകരമെത്തിയത് ഓമശ്ശേരി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകൾ. ഇവയ്ക്കു പുറമേ കൊടുവള്ളി നഗരസഭയും മടവൂർ, നരിക്കുനി, കിഴക്കോത്ത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. നിലവിൽ കൊടുവള്ളി നഗരസഭയിലെ മുഴുവൻ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം.
തിരുവമ്പാടി
കർഷകരുടെ വിയർപ്പിൽ നൂറുമേനി വിളയുന്ന മണ്ണാണ് തിരുവമ്പാടി. കുടിയേറ്റകർഷകരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കിഴക്കൻ മലയോരം. കർഷകനെയും കൃഷിഭൂമിയെയും ബാധിക്കുന്ന ഏതു വിഷയവും പശ്ചിമ ഘട്ട മലനിരകൾ അതിരിടുന്ന തിരുവമ്പാടിയിൽ തീ പടർത്തും. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും യുഡിഎഫിൽ എല്ലാവരും കൊതിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന തിരുവമ്പാടിയിൽ ഒരു ഉപതിരഞ്ഞെടുപ്പിൽ അടക്കം 4 വട്ടം മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്. 1977 രൂപീകരിച്ച മണ്ഡലത്തിൽ ആദ്യജയം കോൺഗ്രസിലെ സിറിയക് ജോണിന്. കോൺഗ്രസിലെ പിളർപ്പിനു ശേഷം നടന്ന 1980 ലെ തിരഞ്ഞെടുപ്പിൽ സിറിയക് ജോൺ കോൺഗ്രസ് (യു) സ്ഥാനാർഥിയായപ്പോഴാണ് മണ്ഡലത്തിലെ ആദ്യ ഇടതുജയം.
1982 ൽ യുഡിഎഫ് സ്ഥാനാർഥിയായി സിറിയക് ജോൺ വിജയിച്ചു. 1987 ൽ കോൺഗ്രസിലെ പി.പി.ജോർജ് വിജയിച്ചു. 1991 മുതൽ യുഡിഎഫിൽ ലീഗിനായിരുന്നു മണ്ഡലം. 91ലും 96 ലും എ.വി.അബ്ദുറഹ്മാനും 2001 ൽ സി.മോയിൻകുട്ടിയും വിജയിച്ചു. 2006 ൽ മത്തായി ചാക്കോയിലൂടെ മണ്ഡലം സിപിഎം പിടിച്ചു. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്ന് 2006 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 246 വോട്ടുകൾക്ക് സിപിഎമ്മിലെ ജോർജ് എം.തോമസ് മണ്ഡലം നിലനിർത്തി. 2011 ൽ ലീഗിലെ സി.മോയിൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2016 ൽ ജോർജ് എം.തോമസിലൂടെ മണ്ഡലം വീണ്ടും ഇടത്തേക്ക്.
കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും തിരുവമ്പാടി മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ലീഡ്. 2009 ൽ 21,414 വോട്ടും 2014ൽ 2650 വോട്ടും 2019 ൽ 54,471 വോട്ടുമായിരുന്നു മണ്ഡലത്തിൽ യുഡിഎഫിന്റെ ലീഡ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി മണ്ഡലം തിരിച്ചുപിടിച്ചത് 3883 വോട്ടിന്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മണ്ഡലം തിരിച്ചുപിടിച്ചത് 3008 വോട്ടിന്.
തദ്ദേശപോരിൽ തിരുവമ്പാടിക്കാർ ഭൂരിപക്ഷവും വലതുപക്ഷത്തിനൊപ്പമായിരുന്നു. തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായിരുന്ന താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകൾ 2008 ലെ പുനർനിർണയത്തിൽ കൊടുവള്ളി മണ്ഡലത്തിന്റെ ഭാഗമായി. പകരമെത്തിയത് ഇരു മുന്നണികൾക്കും സ്വാധീനമുള്ള മുക്കം നഗരസഭ. ഇതിനു പുറമേ പുതുപ്പാടി കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരുവമ്പാടി മണ്ഡലം. ഇതിൽ മുക്കം നഗരസഭയിലും കൂടരഞ്ഞി പഞ്ചായത്തിലും മാത്രമാണ് എൽഡിഎഫ് ഭരണം. മറ്റ് 5 പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം.
വടകര
സോഷ്യലിസത്തിന് വളക്കൂറുള്ള മണ്ണാണ് വടകരയിലേത്. ആദ്യ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടികളെ മാത്രം ജയിപ്പിച്ച നിയമസഭാ മണ്ഡലം. ജനതാ പാർട്ടി യുഡിഎഫിനൊപ്പം നിന്ന ഒരു തിരഞ്ഞെടുപ്പിലൊഴികെ ഇടതുപക്ഷത്തെ മാത്രം വരിച്ച മണ്ണ്. 1957 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ എം.കെ. കേളുവായിരുന്നു ആദ്യ എംഎൽഎ. പിന്നീട് ജയിച്ചതെല്ലാം സോഷ്യലിസ്റ്റ് സ്ഥാനാർഥികൾ. വടകര മണ്ഡലത്തിന്റെ ചരിത്രം സോഷ്യലിസ്റ്റ് പാർട്ടികളുടെ പിളർപ്പിന്റെയും ലയനത്തിന്റെയും ചരിത്രമാണ്. പിഎസ്പി മുതൽ എസ്എസ്പി, എസ്പി, ബിഎൽഡി, ജനതാ പാർട്ടി, ജനതാദൾ വഴി ജനതാദൾ (എസ്) വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
സോഷ്യലിസ്റ്റ് പാർട്ടികളിലെ പുതുമുഖമായ ഇപ്പോഴത്തെ എൽജെഡി രണ്ടു വട്ടം വടകരയിൽ മത്സരിച്ചു പരാജയപ്പെട്ടു. എസ്ജെഡി, ജനതാദൾ(യു) എന്നീ പേരുകളിലായിരുന്നു മത്സരം. കെ.ചന്ദ്രശേഖരൻ 5 വട്ടവും സി.കെ.നാണു 4 വട്ടവും എം.കൃഷ്ണൻ 3 വട്ടവും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1980 ൽ ജനതാ പാർട്ടി യുഡിഎഫിൽ ആയിരുന്ന തിരഞ്ഞെടുപ്പിൽ മാത്രമാണ് വടകരയിൽ ഇടതുപക്ഷം പരാജയപ്പെട്ടത്. 2009 ലെ ജനതാദൾ(എസ്) ലെ പ്രബലവിഭാഗം എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ മുന്നണിവിട്ടെങ്കിലും വടകരയിൽ ഇടതുമേധാവിത്തം തുടർന്നു. അതിനു ശേഷം നടന്ന 2 തിരഞ്ഞെടുപ്പുകളിലും ജനതാദൾ(എസ്)നായിരുന്നു വിജയം. പരാജയപ്പെട്ടത് മുന്നണിവിട്ടു യുഡിഎഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം സ്ഥാനാർഥികളും.
സിപിഎം വിമതർ 2008 ൽ രൂപീകരിച്ച ആർഎംപി വടകരയിൽ നിർണായക ഘടകമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർഥി കെ.കെ.രമ 20504 വോട്ട് നേടി. എൽഡിഎഫ് വിജയിച്ചത് 9511 വോട്ടിന്.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വടകര നൽകിയത് 24,756 വോട്ട്. എന്നാൽ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു 847 വോട്ടിന് ജയിച്ചു കയറി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് വീണ്ടും 15,341 വോട്ടിന്റെ ലീഡ് പിടിച്ചു. എന്നാൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് നിലനിർത്തി. ഭൂരിപക്ഷം–9511. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് 22,963 വോട്ടിന്റെ ലീഡ്.
വടകര നഗരസഭയും അഴിയൂർ, ഏറാമല, ഒഞ്ചിയം. ചോറോട് പഞ്ചായത്തുകളും ചേർന്നതാണ് വടകര മണ്ഡലം. തദ്ദേശതിരഞ്ഞെടുപ്പിൽ നഗരസഭയിലും അഴിയൂർ പഞ്ചായത്തിലു എൽഡിഎഫ് ഭരണം. ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളിൽ യുഡിഎഫ്–ആർഎംപി സഖ്യമായ ജനകീയ മുന്നണി.
കൊയിലാണ്ടി
പരമ്പരാഗത കോൺഗ്രസ് മണ്ഡലമായി അറിയപ്പെട്ടിരുന്ന കൊയിലാണ്ടി പക്ഷേ, കഴിഞ്ഞ കുറച്ചു കാലമായി ഇടതുചേർന്നാണ് നടക്കുന്നത്. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം 1996 ൽ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കൊയിലാണ്ടി, പയ്യോളി എന്നീ നഗരസഭകളും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ടു വട്ടമായി സിപിഎമ്മിന്റെ കെ. ദാസൻ ആയിരുന്നു ഇവിടുത്തെ ജനപ്രതിനിധി. 2016ൽ കോൺഗ്രസിന്‍റെ എൻ. സുബ്രഹ്മണ്യനെ 13,369 വോട്ടുകൾക്കു തോൽപ്പിച്ച് സിറ്റിങ് സീറ്റ് എംഎൽഎ കെ. ദാസൻ നിലനിർത്തി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിന് 21,045 വോട്ടിന്റെ മികച്ച ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തദ്ദേശ ഫലത്തിൽ കൊയിലാണ്ടിക്കാർ 3071 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന് നൽകി.
കുറ്റ്യാടി
സിപിഎമ്മിനെ ഞെട്ടിച്ചാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലം ശ്രദ്ധേയമായത്. പ്രാദേശിക പ്രതിഷേധം അവഗണിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് കാര്യം. കേരള കോൺഗ്രസ് (എം)ന് സീറ്റ് നൽകിയതാണ് അണികളെ ചൊടിപ്പിച്ചത്. 2008 ലെ പുനർനിർണയത്തിൽ നിലവിൽവന്ന മണ്ഡലമാണ് കുറ്റ്യാടി. വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണിത്. പഴയ മേപ്പയൂർ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവിടെ 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെ.കെ. ലതിക (സിപിഎം) 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി.
2016 ൽ ലതികയെ ലീഗിന്റെ പാറയ്ക്കൽ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി. എളുപ്പത്തിൽ തിരിച്ചുപിടിക്കാവുന്ന മണ്ഡലമാണ് ഇതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതിനിടെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് തോറ്റു. ഇവിടെ ഇത്തവണയും രാമകൃഷ്ണൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. പേരാമ്പ്രയ്ക്കു പകരം കേരള കോൺഗ്രസിന് നൽകിയതാണ് കുറ്റ്യാടി.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലത്തിന്റെ കണക്ക് പ്രകാരം 17,892 വോട്ടിന്റെ മികച്ച ലീഡാണ് യുഡിഎഫിന് കുറ്റ്യാടി നൽകിയത്. എന്നാൽ, ഏറ്റവും ഒടുവിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 2437 വോട്ടിന്റെ ലീഡ് എൽഡിഎഫിന് നൽകിയാണ് കുറ്റ്യാടിക്കാർ നയം വ്യക്തമാക്കിയത്.
English Summary: Kerala assembly elections 2021 - Kozhikode roundup