കച്ചവടത്തിനായി മൂന്നു തലമുറകൾക്കുമുൻപ് രാജസ്ഥാനിൽനിന്ന് മുംബൈയിൽ എത്തിയ കുടുംബത്തിൽ ജനിച്ച്, മഹാനഗരത്തിന്റെ മായികലോകത്തു ജീവിച്ച ബിയാനിക്ക്, നഗരങ്ങൾക്കു പുറത്തു താമസിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അവിടെ വ്യാപാരശാലകളുടെ പളപളപ്പോ... Kishore Biyani . Big Bazaar

കച്ചവടത്തിനായി മൂന്നു തലമുറകൾക്കുമുൻപ് രാജസ്ഥാനിൽനിന്ന് മുംബൈയിൽ എത്തിയ കുടുംബത്തിൽ ജനിച്ച്, മഹാനഗരത്തിന്റെ മായികലോകത്തു ജീവിച്ച ബിയാനിക്ക്, നഗരങ്ങൾക്കു പുറത്തു താമസിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അവിടെ വ്യാപാരശാലകളുടെ പളപളപ്പോ... Kishore Biyani . Big Bazaar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കച്ചവടത്തിനായി മൂന്നു തലമുറകൾക്കുമുൻപ് രാജസ്ഥാനിൽനിന്ന് മുംബൈയിൽ എത്തിയ കുടുംബത്തിൽ ജനിച്ച്, മഹാനഗരത്തിന്റെ മായികലോകത്തു ജീവിച്ച ബിയാനിക്ക്, നഗരങ്ങൾക്കു പുറത്തു താമസിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അവിടെ വ്യാപാരശാലകളുടെ പളപളപ്പോ... Kishore Biyani . Big Bazaar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഗ് ബസാർ സ്ഥാപകൻ കിഷോർ ബിയാനി എന്നും സ്വപ്നങ്ങളിൽ ജീവിച്ചിരുന്ന ആളാണ്. തന്റെ 20,000 കോടി ഡോളർ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യമായ ഫ്യൂച്ചർ ഗ്രൂപ്പിനെ ഒരു ലക്ഷം കോടി ഡോളറിലേക്കു വളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. അതിനായി ഉയരങ്ങളിലേക്കു കുതിച്ച് അവസാനം ഇക്കറസിനെ പോലെ ചിറകറ്റു വീണു ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലെ മുടിചൂടാമന്നനായിരുന്ന ബിയാനി.

ഗ്രൂപ്പിന്റെ വാർഷിക വളർച്ച 20 ശതമാനത്തിൽ കുതിച്ചതിന്റെ ഊർജത്തിൽനിന്നാണ് 2017 ൽ ബിയാനി തന്റെ സ്വപ്‍നം ലോകവുമായി പങ്കുവച്ചത്. അന്നു ചില്ലറ വ്യാപാരത്തിലെ ലോക ഭീമനായ അമേരിക്കൻ കമ്പനി വാൾമാർട്ടിന്റെ വാർഷിക വിറ്റുവരവ് ബിയാനിയുടെ ലക്ഷ്യത്തിനും വളരെ താഴെ 485 ശതകോടി ഡോളറായിരുന്നു. 2013 ൽ ആരംഭിച്ച ഫ്യൂച്ചർ ഗ്രൂപ്പ് ചില്ലറ വ്യാപാരം, ഇൻഷുറൻസ്, ചരക്കു നീക്കം, സംയോജിത ഭക്ഷ്യ വസ്തുക്കൾ, പെട്ടെന്നു ചെലവാകുന്ന ഉപഭോഗ വസ്തുക്കൾ (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്) എന്നിവയിലായിരുന്നു വ്യാപരിച്ചിരുന്നത്.

ADVERTISEMENT

എങ്കിലും, തന്റെ ലക്ഷ്യം കാണാനായി ബിയാനി അദ്ദേഹത്തിന്റെ ഊർജവും പണവും ഏതാണ്ടു പൂർണമായി നിക്ഷേപിച്ചത് ചില്ലറ വ്യാപാര സംരംഭങ്ങളിലായിരുന്നു. ഇതിനായി ഫ്യൂച്ചർ റീട്ടെയ്ൽ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻ, ഫ്യൂച്ചർ കൺസ്യൂമർ എന്റർപ്രൈസസ്, ഫ്യൂച്ചർ ഇന്നോവേഴ്സിറ്റി, ഫ്യൂച്ചർ സപ്ലൈചെയിൻ, ഫ്യൂച്ചർ ബ്രാൻഡ്‌സ്, ഫ്യൂച്ചർ സ്റ്റൈൽ ലാബ് എന്നീ സംരംഭങ്ങൾ തുടങ്ങി. ഫ്യൂച്ചർ റീട്ടെയിലിനു കീഴിൽ പലചരക്കുകളും അനുബന്ധ സാധനങ്ങളും വിൽക്കുന്നതിന് ബിഗ് ബസാറിന്റെയും ഈസി ഡേയുടെയും നീലഗിരിയുടെയും ശൃംഖലകളും ഭക്ഷണ വസ്തുക്കൾക്ക് ഫുഡ് ബസാറിന്റെയും വിലകൂടിയ ഭക്ഷണ വസ്തുക്കൾക്ക് ഫുഡ് ഹാളിന്റെയും ശൃംഖലകളും യുവത്വത്തിന്റെ വസ്ത്രങ്ങൾക്കായി ഫാഷൻ അറ്റ് ബിഗ് ബസാർ (എഫ്ബിബി) ശൃംഖലകളും തുറന്നു.

സിലിഗുരിയിലെ ബിഗ് ബസാർ ഷോറൂമിൽനിന്നുള്ള കാഴ്ച. (Photo: DIPTENDU DUTTA / AFP)

ഇതു കൂടാതെ ഫർണിച്ചറുകളും ഗൃഹാലങ്കാര വസ്തുക്കളും അടുക്കള സാമഗ്രികളും ഡൈനിങ് റൂമിലെ ഉപകരണങ്ങളും വിൽക്കുന്നതിനായി ഹോം ടൗൺ എന്ന പേരിൽ ഒരു ഇ-കോമേഴ്‌സ് സ്ഥാപനവും ഫ്യൂച്ചർ റീട്ടെയ്‌ലിനു കീഴിൽ തുടങ്ങി. ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷനു കീഴിൽ ആഡംബര വസ്ത്രങ്ങൾ, മുന്തിയ ബ്രാൻഡഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്കായി ബ്രാൻഡ് ഫാക്ടറി എന്ന ശൃംഖലയും സെൻട്രൽ എന്ന പേരിൽ ഡിപാർട്മെൻറ് സ്റ്റോർ ശൃംഖലയും കായിക വസ്ത്രങ്ങൾ വിൽക്കുന്നതിന് പ്ലാനറ്റ് സ്പോർട്സ് ശൃംഖലയും തുറന്നു. രാജ്യമെമ്പാടും തുറന്ന ഈ ചില്ലറ വിൽപന ശാലകളായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പിനെ ജനമനസ്സുകളിൽ കുടിയേറാൻ സഹായിച്ചത്.

‘സാധ്യമായ ഓരോ ഉപഭോക്താവിനെയും സേവിക്കുക...’ അതായിരുന്നു കച്ചവടം വളരാൻ ബിയാനി തയാറാക്കിയ രസക്കൂട്ട്. അതനുസരിച്ച് 70,000 മുതൽ ഒരു ലക്ഷം വരെ ചതുരശ്ര അടി വലുപ്പമുള്ള ബിഗ് ബസാറുകൾ ഫ്യൂച്ചർ ഗ്രൂപ്പ് രാജ്യത്തെ വലിയ നഗരങ്ങളിലെല്ലാം തുറന്നു. ചെറുപട്ടണങ്ങളിലെയും ഗ്രാമീണ മേഖലയിലെയും ഉപഭോക്താക്കളെ ലക്ഷ്യമാക്കി ഈസി ഡേ, നീലഗിരി വ്യാപാരശാലകൾ രാജ്യത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ആരംഭിച്ചു. ഏകദേശം 2000 ചതുരശ്ര അടിയായിരുന്നു അവയുടെ വിസ്തൃതി. ഈസി ഡേ പ്രധാനമായും വടക്കേ ഇന്ത്യൻ വിപണിയെയും നീലഗിരി തെക്കേ ഇന്ത്യൻ വിപണിയെയും ആണ് ആശ്രയിക്കുന്നത്. 2021 ആകുമ്പോഴേക്കും ഈസി ഡേ വ്യാപാരശാലകളുടെ എണ്ണം 10,000 ആക്കാനും നീലഗിരികളുടെ എണ്ണം 6000 ആക്കാനുമായിരുന്നു ബിയാനി ലക്ഷ്യമിട്ടിരുന്നത്.

ഇതോടൊപ്പംതന്നെ ഭക്ഷ്യ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും സൗന്ദര്യവസ്തുക്കളുടെയും വിൽപനശാലകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നു. ബിഗ് ബസാറിൽ തരക്കേടില്ലാത്ത കച്ചവടം നടന്നപ്പോൾ, ഈസി ഡേയിലും നീലഗിരിയിലും ഉപഭോക്താക്കളുടെ പ്രതികരണം തണുപ്പനായിരുന്നു. ആധുനിക ചെറുകിട വ്യാപാരത്തിന്റെ പളപളപ്പ് കാട്ടിയും കിഴിവുകൾ നൽകിയും സാങ്കേതിക വിദ്യ കൊണ്ടും ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപഭോക്താക്കളെ കൈയിലെടുക്കാമെന്നായിരുന്നു ബിയാനി കണക്കുകൂട്ടിയത്. എന്നാൽ അദ്ദേഹത്തിന്റെ ആ ബിസിനസ് മോഡൽ അവിടെ വിജയിച്ചില്ല.

മുംബൈയിലെ ബിഗ് ബസാർ ഷോറൂമില്‍നിന്നുള്ള കാഴ്ച (Photo: INDRANIL MUKHERJEE / AFP)
ADVERTISEMENT

കച്ചവടത്തിനായി മൂന്നു തലമുറകൾക്കുമുൻപ് രാജസ്ഥാനിൽനിന്നു മുംബൈയിൽ എത്തിയ കുടുംബത്തിൽ ജനിച്ച്, മഹാനഗരത്തിന്റെ മായികലോകത്തു ജീവിച്ച ബിയാനിക്ക്, നഗരങ്ങൾക്കു പുറത്തു താമസിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അവിടെ വ്യാപാരശാലകളുടെ പളപളപ്പോ സാങ്കേതിക വിദ്യയോ ഒന്നുമല്ല കച്ചവടത്തിന്റെ വിജയ രഹസ്യം. അത് ഉപഭോക്താക്കളും വ്യാപാരിയും തമ്മിലുള്ള അഴിയാത്ത ആത്മബന്ധമാണ്. പലതും തലമുറകൾ നീളുന്ന ബന്ധമായിരിക്കും. അവിടെ പല ഉപഭോക്താക്കളും കടയിൽ പോകുന്നത് സാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രമല്ല. കടയുടമയോടും അവിടത്തെ ജോലിക്കാരോടും അവിടെ വരുന്നവരോടും അൽപം സൊറ പറയാൻ കൂടിയായിരിക്കും.

അതുമാത്രമല്ല, ഉപഭോക്താവിന്റെ പല ആവശ്യങ്ങളും നിവർത്തിക്കുന്നതും അവിടെനിന്നാകും. ഉദാഹരണത്തിന് ഒരു പ്ലമറെയോ ഇലക്ട്രീഷ്യനെയോ, കേരളത്തിലാണെങ്കിൽ തെങ്ങിൽ കയറാൻ ആളെയോ സംഘടിപ്പിക്കാൻ സഹായം കിട്ടുക അവിടെനിന്നായിരിക്കും. അല്ലെങ്കിൽ ഇപ്പറഞ്ഞവരിൽ ആരെങ്കിലും വരാമെന്നു പറഞ്ഞിട്ട് മുങ്ങി നടക്കുകയാണെങ്കിൽ അവരെ പൊക്കാൻ സഹായിക്കുന്നതും അവിടെ ആരെങ്കിലും ആയിരിക്കും. അതുകൊണ്ടുതന്നെ, നാട്ടിൻപുറത്ത് കടകൾ വെറും കച്ചവട സ്ഥാപങ്ങൾ മാത്രമല്ല, അവ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണ്. ചില്ലറ വ്യാപാരത്തിന്റെ ആധുനിക മുഖങ്ങൾക്ക് നാട്ടിൻപുറത്ത് ഈ സേവനം നൽകാൻ കഴിയാത്തതുകൊണ്ടാണ് അവയ്ക്കു പലപ്പോഴും അവിടെ ക്ലച്ച് പിടിക്കാൻ കഴിയാത്തത്. വിദേശത്തുനിന്നു സാധനങ്ങൾ കൊണ്ടുവന്ന് മെയ്ക് ഇൻ ഇന്ത്യ സ്റ്റിക്കർ പതിച്ച് ജനങ്ങളെ കളിപ്പിക്കുന്ന കലാപരിപാടി ഇവിടെ നടക്കില്ല.

നാട്ടിൻപുറ വിപണിയിൽ വലിയതോതിൽ പ്രവേശിക്കാനുള്ള ബിയാനിയുടെ തീരുമാനം തന്ത്രപരമായി വലിയ പിഴവായെന്നാണ് ചില്ലറ വ്യാപാരത്തിലെ പ്രമുഖർ പറയുന്നത്. ഈസി ഡേയിലും നീലഗിരിയിലും കച്ചവടം കുറഞ്ഞത് ബിയാനിക്കു വലിയ അടിയായി. അതുപോലെ, ബിഗ് ബസാറിന്റെയും ഈസി ഡേയുടെയും നീലഗിരിയുടെയും മഹാഭൂരിപക്ഷം കടകളും വാടകയ്ക്കാണ്. ചില്ലറ വ്യാപാരത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഔട്ട്‌ലറ്റുകൾ ആകെയുള്ളതിന്റെ 3-5 ശതമാനമേ ആകാവൂ. എന്നാൽ ഇവിടെ അത് 20% വരെയാണ്. ഇത് ഗ്രൂപ്പിന്റെ വരുമാനത്തിൽ വലിയ ചോർച്ചയും ഉണ്ടാക്കുന്നു.

ബിഗ് ബസാർ ഷോറൂമില്‍നിന്നുള്ള കാഴ്ച (Photo: INDRANIL MUKHERJEE / AFP)

ബിയാനിയുടെ, പെട്ടെന്നു ചെലവാകുന്ന ഉപഭോഗ വസ്തുക്കളുടെ (എഫ്എംസിജി) പരീക്ഷണവും വമ്പൻ പരാജയമായി. മിക്കവാറും എല്ലാ ചില്ലറ വ്യാപാര ശൃംഖലകളും ഉപഭോക്താക്കൾ ഏറ്റവുമധികം ഇഷ്‍ടപ്പെടുന്ന സോപ്പുകളും സൗന്ദര്യ വർധക സാധനങ്ങളും ദന്തധാവന വസ്തുക്കളും തേയിലയും കാപ്പിപ്പൊടിയും ബിസ്കറ്റും അതുപോലുള്ള സാധനങ്ങളും നൽകുമ്പോൾ, ബിയാനി ഉപഭോക്താക്കളുടെ തലച്ചോറിൽ കുടിയേറിയിട്ടുള്ള ഈ ബ്രാൻഡുകൾക്കു പകരം സ്വന്തം ബ്രാൻഡുകളുമായി വന്നു. വലിയ കിഴിവുകളും മറ്റു പല വാഗ്ദാനങ്ങളും നൽകിയിട്ടും ഉപഭോക്താക്കൾ ബിയാനിയുടെ ബ്രാൻഡുകൾ ഏതാണ്ട് പൂർണമായി നിരാകരിച്ചു. അതോടെ, എഫ്എംസിജി കച്ചവടത്തിൽനിന്നുള്ള വിറ്റുവരവ് 2000 കോടിയിൽ നിന്ന് 20,000 കോടിയിൽ എത്തിക്കാം എന്നുള്ള ബിയാനിയുടെ സ്വപ്‍നം പൊലിഞ്ഞു.

ADVERTISEMENT

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിയാനി വിതരണക്കാരുടെ പണം നൽകുന്നതിൽ വലിയ അമാന്തം കാണിച്ചു. അതോടെ അവരിൽ പലരും ഫ്യൂച്ചർ ഗ്രൂപ്പിനു സാധനങ്ങൾ നൽകുന്നത് നിർത്തി. വ്യാപാരശാലകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടക പലയിടത്തും കുടിശികയായി. ഒരേ സാധനങ്ങൾ വിൽക്കാൻ പല പേരുകളിൽ ഔട്ട്‌ലറ്റുകൾ തുറന്നതും വിനയായി. ഉദാഹരണത്തിന്, സാധാരണ ഭക്ഷണ സാധനങ്ങൾക്കും വിലകൂടിയ ഭക്ഷണ സാധനങ്ങൾക്കും പ്രത്യേകം ഔട്ട്‌ലറ്റുകൾ. യുവജനങ്ങളുടെ വസ്ത്രങ്ങൾക്കും കായിക വസ്ത്രങ്ങൾക്കും മുന്തിയ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും പ്രത്യേകം വിൽപനശാലകൾ. ഇത് ഉപഭോക്താക്കളിൽ മാത്രമല്ല, ജീവനക്കാരിലും വലിയ ആശയക്കുഴപ്പം ഉണ്ടാക്കി.

ബിയാനി ദിവസവും പത്തിലധികം പുതിയ ആശയങ്ങളുമായാണ് ഓഫിസിൽ എത്തുന്നത്. ഇത് എങ്ങനെ നടത്തും, എവിടെ നടത്തും എന്നൊന്നും അദ്ദേഹത്തിന്റെ ടീമിന് ഒരു രൂപവുമില്ലായിരുന്നു. സിഇഒ പറഞ്ഞതല്ലേ, അതുകൊണ്ട് അദ്ദേഹം പറയുന്നതിൽ ചിലതൊക്കെ അവർ നടപ്പാക്കും, മറ്റെല്ലാം അവർ മറന്നുകളയും. അങ്ങനെ ഇന്ത്യയിലെ സാം വാൾട്ടൻ (വാൾമാർട്ട് സ്ഥാപകൻ) ആകാൻ ഇറങ്ങിത്തിരിച്ച ബിയാനി, തന്റെ ഭ്രാന്തൻ ആശയങ്ങൾകൊണ്ട് ആ സ്വപ്നത്തെ തകർത്തെറിഞ്ഞു. ഇത് ബിയാനിയുടെ സ്വപ്‍നത്തെ മാത്രമല്ല, ഫ്യൂച്ചർ ഗ്രൂപ്പിന്റെ സാമ്പത്തിക നിലയെയും പരുങ്ങലിലാക്കി.

കിഷോർ ബിയാനി (Photo:Reuters)

ഗ്രൂപ്പിന്റെ ലാഭം 2019 സാമ്പത്തിക വർഷം 1124 കോടിയായിരുന്നത് അടുത്തവർഷത്തെ ആദ്യത്തെ 9 മാസം 619 കോടിയായി കുറഞ്ഞു. 2020 സാമ്പത്തിക വർഷത്തെ പൂർണമായ കണക്ക് ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. മഹാമാരിയുടെ പിടിയിലായ വർഷത്തിന്റെ അവസാന പാദത്തിൽ, ഗ്രൂപ്പിന്റെ പ്രവർത്തനം ഏതാണ്ട് പൂർണമായി നിശ്ചലമായി. വായ്പ തിരിച്ചടവ് പ്രതിസന്ധിയിലായി. ബിയാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ മാത്രം കടം 26,000 കോടി (3.5 ശതകോടി ഡോളർ) കടന്നു. ഇതിൽ ബാങ്കുകളിൽനിന്ന് എടുത്ത വായ്പകൾ മാത്രം വരും 12,778 കോടി. ഇതു കൂടാതെ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ബാധ്യതയും വരും. അത് ഗ്രൂപ്പ് പുറത്തു പറയേണ്ട കാര്യമില്ല.

കൊറോണയെ തുടർന്ന് സർക്കാർ കൈക്കൊണ്ട ചില നടപടികൾ, ബിയാനിക്ക് തൽക്കാലത്തേക്ക് ആശ്വാസം നൽകിയെങ്കിലും അദ്ദേഹം പാപ്പരാകുന്ന അവസ്ഥയിലേക്ക് സംഗതികൾ നീങ്ങി. ഇതോടെ ഫ്യൂച്ചർ ഗ്രൂപ്പ് പലയിടത്തും വ്യാപാര ശാലകൾ പൂട്ടി. 2020 ഫെബ്രുവരി ആദ്യം വരെ ഫ്യൂച്ചർ ഗ്രൂപ്പ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അധികമാരും അറിഞ്ഞില്ല. ആ മാസം മധ്യത്തോടെ കളിമാറി. സംഗതി പാട്ടായി. അതോടെ ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയാൻ തുടങ്ങി.

ഏപ്രിൽ ആദ്യ ആഴ്‌ചയിൽ ഗ്രൂപ്പിന്റെ കൊടികെട്ടിയ കമ്പനിയായ ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ ഓഹരി വിലയിൽ 83% ഇടിവുവന്നു. ഫ്യൂച്ചർ ലൈഫ് സ്റ്റൈലിന്റെ ഓഹരി വിലയിൽ 75 ശതമാനവും. ഫ്യൂച്ചർ എന്റർപ്രൈസസ് വിലയിൽ 65 ശതമാനവും ഇടിവുണ്ടായി. 2020 ഫെബ്രുവരി 1ന് 33,365 കോടി ഉണ്ടായിരുന്ന ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം ഏപ്രിൽ 1 ആയപ്പോഴേക്കും 8354 കോടിയായി ഇടിഞ്ഞു. ഇതോടെ ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളിൽ ബിയാനിക്ക് ഉള്ള ഓഹരിയുടെ 80-100 ശതമാനം വരെ വായ്പയെടുത്ത സ്ഥാപനങ്ങൾക്ക് ഈടായി കൊടുക്കേണ്ടി വന്നു.

മുകേഷ് അംബാനി

കടക്കെണിയിൽനിന്ന് കരകയറാൻ ബിയാനി ഫ്യൂച്ചർ റീട്ടെയ്‌ൽ, ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ, ഫ്യൂച്ചർ കൺസ്യൂമർ എന്റർപ്രൈസസ് തുടങ്ങി ഗ്രൂപ്പിന്റെ 5 ലിസ്റ്റഡ് കമ്പനികൾ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്‌ലിനു 27,513 കോടിക്കു വിൽക്കാൻ തീരുമാനിച്ചു. ഇതിനെതിരെ അമേരിക്കൻ ഇ-കോമേഴ്‌സ് റീട്ടെയ്ൽ ഭീമനായ ആമസോൺ രംഗത്തു വന്നു. ഫ്യൂച്ചർ റീട്ടെയ്‌‌ലിന്റെ 7.3% ഓഹരികൾ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ഫ്യൂച്ചർ കൂപ്പണിന്റെ കൈകളിലാണ്. 2019 ൽ ആമസോൺ ഫ്യൂച്ചർ കൂപ്പണിന്റെ 49% ഓഹരികൾ 1500 കോടിക്കു വാങ്ങിയിരുന്നു. ഈ ഇടപാടനുസരിച്ച് ഫ്യൂച്ചർ റീട്ടെയ്‌‌ലിന്റെ 3.58% ഓഹരികൾ ഇപ്പോൾ ആമസോണിന് അവകാശപ്പെട്ടതാണ്. തന്നെയുമല്ല, ആമസോണിന്റെ സമ്മതമില്ലാതെ ഫ്യൂച്ചർ റീട്ടെയ്‌ൽ മറ്റാർക്കും വിൽക്കാൻ പാടില്ലെന്നും ഓഹരി കൈമാറ്റ കരാറിൽ വ്യവസ്ഥയുണ്ട്.

ഈ കരാറിന്റെ ലംഘനമായ ഫ്യൂച്ചർ-റിലയൻസ് ഇടപാടിനെതിരെ ആമസോൺ സിംഗപ്പുർ ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. എന്നാൽ ഇതിനെതിരെ ഫ്യൂച്ചർ ഗ്രൂപ്പ് ഡൽഹി ഹൈക്കോടതിൽ പരാതി നൽകി. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, കമ്പനി ലോ ബോർഡിനോ സെബിക്കോ ഈ ഇടപാടിൽ ഇടപെടാൻ അധികാരമില്ലെന്ന് ഉത്തരവിട്ടു. അതോടെ ഫ്യൂച്ചർ-റിലയൻസ് ഇടപാട് സാധുവാണെന്നു വന്നു. ഇതിനെതിരെ ആമസോൺ സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഫ്യൂച്ചർ-റിലയൻസ് ഇടപാട് സ്റ്റേ ചെയ്തു. പരമോന്നത കോടതി അന്തിമ തീർപ്പു കൽപിക്കുമ്പോൾ മാത്രമേ ഫ്യൂച്ചർ റീട്ടെയ്‌‌ൽ ജെഫ്രി പ്രെസ്റ്റൺ ബെസോസിന് പോകുമോ അതോ മുകേഷ് ധീരുഭായ് അംബാനിക്ക് പോകുമോ എന്നറിയാൻ കഴിയൂ.

പുതിയ വാർത്തകൾ അനുസരിച്ച്, അമേരിക്കൻ കമ്പനിയായ ഹൈൻ സെലിസ്റ്റിയലുമായി ചേർന്ന് ബിയാനി ഉരുളക്കിഴങ്ങിന്റെയും മധുരക്കിഴങ്ങിന്റെയും പല നിറത്തിലുള്ള ചിപ്‌സ് ഉണ്ടാക്കാൻ പോകുന്നു. ബിയാനിയുടെ എഫ്എംസിജി കമ്പനിയായ ഫ്യൂച്ചർ കൺസ്യൂമറാണ് പുതിയ സംരംഭത്തിൽ അമേരിക്കൻ കമ്പനിയുമായി സഹകരിക്കുന്നത്. ഫ്യൂച്ചർ കൺസ്യൂമർ ബിയാനി വിൽക്കുന്നില്ല. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും തുംകൂറിലെ കർഷകരിൽനിന്ന് വാങ്ങി അവിടെ ഉള്ള ഫുഡ് പാർക്കിലെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ യൂണിറ്റിൽ ചിപ്‌സ് ഉണ്ടാക്കാനാണു പരിപാടി. ഇത് അമേരിക്കൻ കമ്പനിയുടെ പേരുള്ള കൂടുകളിൽ വിൽക്കും.

ഹൈൻ സെലിസ്റ്റിയൽ ഇപ്പോൾ അവരുടെ ഈ ചിപ്‌സ് ഇന്ത്യയിൽ വിൽക്കുന്നത് ഗ്രാമിന് 2.8 രൂപയ്ക്കാണ്. ബിയാനി അത് 1.16 രൂപയ്ക്ക് വിൽക്കും. ആമസോണുമായുള്ള നിയമ യുദ്ധം നീണ്ടുപോവുകയാണെങ്കിൽ, കടത്തിന്റെ കുരുക്ക് ബിയാനിയുടെ മേൽ കൂടുതൽ മുറുകും. അതോടെ വായ്പ നൽകിയ ബാങ്കുകൾ പണം തിരിച്ചുകിട്ടാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് എന്നിവയാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികൾക്ക് ഏറ്റവും കൂടുതൽ വായ്‌പകൾ നൽകിയിരിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യ മാത്രം 5750 കോടി നൽകിയിട്ടുണ്ട്. വായ്പകൾ കൊടുക്കാതെയും എടുക്കാതെയും സംരംഭങ്ങൾ ഉണ്ടാവുകയോ വളരുകയോ ഇല്ല. എന്നാൽ വായ്പകൾ ശരിയായ വിധത്തിലാണ് വിനയോഗിക്കുന്നതെന്ന് ഉറപ്പു വരുത്താൻ കൂടുതൽ ജാഗ്രത പുലർത്തണം. അല്ലങ്കിൽ മല്യമാരും മോദിമാരും മേത്തമാരും ജെയിൻമാരും ബിയാനിമാരും ഉണ്ടായിക്കൊണ്ടേയിരിക്കും. സാധാരണക്കാരന്റെ നിക്ഷേപങ്ങളുടെ അടിത്തറയിൽ നിൽക്കുന്ന ബാങ്കുകളുടെ പണം പൊയ്ക്കൊണ്ടേയിരിക്കും.

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

English Summary: Story of Kishore Biyani Who Wants to be India's Retail King