500 രൂപയ്ക്ക് കാമാത്തിപുരയിൽ വിറ്റ ഗംഗ; മുംബൈ അധോലോകത്തിന്റെ ‘മേഡം’
ഒരിക്കൽ ഒരാൾ അവളെ കാമാത്തിപുരയിൽ ക്രൂരമായി ബലാൽസംഗം ചെയ്തു. അസ്ഥിനുറുങ്ങുന്ന വേദനയ്ക്കിടയിലും ഗംഗുബായ് അവനാരെന്നു കണ്ടെത്തി. ബോംബെ ‘ഭരിക്കുന്ന’ അധോലോക ദാദാ കരിംലാലയുടെ സംഘത്തിലെ അംഗം. മടിച്ചില്ല, നേരെ കരിംലാലയുടെ വീട്ടിലേക്ക്. ലാലായുടെ മുഖത്തു നോക്കി.. Story of Gangu Bai
ഒരിക്കൽ ഒരാൾ അവളെ കാമാത്തിപുരയിൽ ക്രൂരമായി ബലാൽസംഗം ചെയ്തു. അസ്ഥിനുറുങ്ങുന്ന വേദനയ്ക്കിടയിലും ഗംഗുബായ് അവനാരെന്നു കണ്ടെത്തി. ബോംബെ ‘ഭരിക്കുന്ന’ അധോലോക ദാദാ കരിംലാലയുടെ സംഘത്തിലെ അംഗം. മടിച്ചില്ല, നേരെ കരിംലാലയുടെ വീട്ടിലേക്ക്. ലാലായുടെ മുഖത്തു നോക്കി.. Story of Gangu Bai
ഒരിക്കൽ ഒരാൾ അവളെ കാമാത്തിപുരയിൽ ക്രൂരമായി ബലാൽസംഗം ചെയ്തു. അസ്ഥിനുറുങ്ങുന്ന വേദനയ്ക്കിടയിലും ഗംഗുബായ് അവനാരെന്നു കണ്ടെത്തി. ബോംബെ ‘ഭരിക്കുന്ന’ അധോലോക ദാദാ കരിംലാലയുടെ സംഘത്തിലെ അംഗം. മടിച്ചില്ല, നേരെ കരിംലാലയുടെ വീട്ടിലേക്ക്. ലാലായുടെ മുഖത്തു നോക്കി.. Story of Gangu Bai
വെള്ളസാരിത്തലപ്പ് അലസമായി തലയിലൂടെ ഇട്ട്, ചുവന്ന വട്ടപ്പൊട്ടു കുത്തി, കൂളിങ് ഗ്ലാസ് വച്ച്, കറുത്ത ബെന്റ്ലിയിൽ വന്നിറങ്ങുന്ന ഗംഗുബായ് കാത്തിയവാഡി. ആലിയ ഭട്ടിന്റെ പുതിയ സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ ചിലരൊക്കെ, നെറ്റി ചുളിച്ചു– ബോംബെ അധോലോകത്തിന്റെ മുന്നിൽ പോലും തലയുയർത്തി നിന്ന, ജവാഹർ ലാൽ നെഹ്‌റുവിനോടു തന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്നു ചോദിച്ച, ചുവന്ന തെരുവിന്റെ ‘മാഡം’ ആകാൻ ആലിയയ്ക്കു കഴിയുമോ എന്ന്. ചില്ലറക്കാരിയല്ലാത്ത ഗംഗുബായിയെ ആലിയ അവതരിപ്പിച്ചാൽ ശരിയാകുമോ എന്ന്. അതു സിനിമ തന്നെ പറയട്ടെ. സിനിമയെപ്പോലും ത്രില്ലടിപ്പിച്ച ‘കാമാത്തിപുരയുടെ കാരണവത്തി’യുടെ ജീവിതമാണല്ലോ നമുക്കറിയേണ്ടത്.
ഗുജറാത്തിലെ കാത്തിയവാഡിൽ വക്കീലന്മാരുടെ കുടുംബത്തിലായിരുന്നു 1939ൽ ഗംഗ ഹർജീവൻ ദാസിന്റെ ജനനം. സിനിമയായിരുന്നു ഹരം. ബോംബെയായിരുന്നു സ്വപ്നലോകം. അങ്ങനെയാണ്, വീട്ടിൽ പതിവായി എത്തിയിരുന്ന വക്കീൽ അക്കൗണ്ടന്റിന്റെ വാക്ക് വിശ്വസിച്ച് പതിനാറാം വയസ്സിൽ ബോംബെയിലേക്കു വണ്ടി കയറിയത്. അയാളെ വിവാഹം കഴിച്ചു ജീവിക്കുന്നതിനൊപ്പം സിനിമയിൽ മുഖം കാട്ടാമെന്നു ഗംഗ പ്രതീക്ഷിച്ചു. പക്ഷേ, 500 രൂപയ്ക്ക് അവളെ ‘വിറ്റ്’ അയാൾ കടന്നു കളഞ്ഞു. ബോംബെയുടെ ലൈംഗിക കച്ചവട ലോകത്തിലേക്കാണു താൻ മുങ്ങിപ്പോയതെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലുമുണ്ടായിരുന്നില്ല അവൾക്ക്. കൗമാരത്തിന്റെ ചിറകറ്റു വീഴുന്നതും ഭീതിയുടെയും വേദനയുടെയും ഇരുൾ മുറിയിൽ ഒറ്റപ്പെട്ടു കിടക്കുന്നതും ഉൾക്കൊണ്ടപ്പോൾ, കരഞ്ഞു കരഞ്ഞു മടുത്തപ്പോൾ ഒന്നുറപ്പിച്ചു, തോൽക്കാനില്ല.
പിന്നീട് കാമാത്തിപുരയിലെ ഒറ്റമുറി വീട്ടിൽ ഗംഗുവിനെ തേടി പലരുമെത്തി. അതിനിടെയാണ്, ഒരാൾ അവളെ ക്രൂരമായി ബലാൽസംഗം ചെയ്തത്. അസ്ഥിനുറുങ്ങുന്ന വേദനയ്ക്കിടയിലും ഗംഗുബായ് അവനാരെന്നു കണ്ടെത്തി. ബോംബെ ‘ഭരിക്കുന്ന’ അധോലോക ദാദാ കരിംലാലയുടെ സംഘത്തിലെ അംഗം. മടിച്ചില്ല, നേരെ കരിംലാലയുടെ വീട്ടിലേക്ക്. ലാലായുടെ മുഖത്തു നോക്കി കാര്യം പറഞ്ഞു. ‘ഞാനൊരു ലൈംഗിക തൊഴിലാളിയാണെന്നതു ശരിയാണ്. പക്ഷേ, ആർക്കും തോന്നിയതെന്തും എന്നോടു കാണിക്കാമെന്ന് അതിന് അർഥമില്ല. അയാൾ കാരണം ഞാൻ ആശുപത്രിയിലായി.
ശരീരത്തിലെ മുറിവുകൾ കാട്ടി അവർ നീതി വേണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം ഒരു രാഖിയും കെട്ടിക്കൊടുത്തു. സഹോദരന്റെ സംരക്ഷണം തേടി സഹോദരി കയ്യിൽ അണിയിക്കുന്ന രാഖി നോക്കി ലാലാ ഗർജിച്ചു, അവനെ ശരിപ്പെടുത്തി. ജീവൻ വാർന്നുപോകാൻ തുടങ്ങുന്ന അയാളെ നോക്കി ഗംഗു ഒന്നു ചിരിച്ചു, പിന്നെ ഒരിക്കലും കെടാത്ത ഒരു ചിരി. പോയ ഗംഗ അല്ല തിരിച്ചുവന്നത്, കരിംലാലയുടെ രാഖി സഹോദരിയെന്ന ബലം അവൾക്കൊപ്പമുണ്ടായിരുന്നു.
അങ്ങനെ ചെറുപ്രായത്തിൽതന്നെ ഗംഗ, ഗംഗു ബായ് ആയി. കാമാത്തിപുരയുടെ കാരണവത്തിയായി. ഒട്ടേറെ ലൈംഗിക തൊഴിലാളികളുമായി തന്റെ ഹവേലി തുറന്നു. ലൈംഗിക തൊഴിലിനു താൽപര്യമുണ്ടോ എന്ന് ‘ഇന്റർവ്യു’ നടത്തിയാണു ഹവേലിയിലേക്കു യുവതികളെ തിരഞ്ഞെടുത്തിരുന്നത്. സേഠുമാരിൽനിന്നു കാശ് കൃത്യമായി മേടിക്കാൻ ഗംഗുജി അവരെ പഠിപ്പിച്ചു. പട്ടിണിയിൽ നട്ടംകറങ്ങിയിരുന്ന ലൈംഗിക തൊഴിലാളികൾക്കു സഹായമെത്തിച്ചു. അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ മുന്നിട്ടിറങ്ങി. ലൈംഗിക തൊഴിലാളികൾക്കു മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കാനായി, കോർപറേഷൻ അധികാരികളെ സമീപിക്കുകയും വിവിധ സന്നദ്ധ സംഘടനകളെ കാമാത്തിപുരയിൽ കൊണ്ടുവരികയും ചെയ്തു.
‘എന്നെ മിസിസ് നെഹ്റു ആക്കാൻ പറ്റുമോ?’
അധോലോകവുമായുള്ള ബന്ധം ശക്തമായിതന്നെ നിലനിർത്തിയ ഗംഗു, കാമാത്തിപുരയിലെ അവസാനവാക്കായി. മേഡം എന്നേ അവരെ ആരും വിളിച്ചിരുന്നുള്ളൂ. സ്വർണം തുന്നിച്ചേർത്ത ബോർഡറുള്ള തൂവെള്ള സാരിയും സ്വർണ കുടുക്കുകളുള്ള ബ്ലൗസും അണിഞ്ഞ് ബെന്റ്ലി കാറിലുള്ള യാത്രകൾ അവർ ആസ്വദിച്ചു. കാമാത്തിപുര അവരിലൂടെയാണു സംസാരിച്ചത്. ആസാദ് മൈതാനത്തുതന്നെ വനിതാ കൺവൻഷനിൽ ഗംഗുബായ് സംസാരിച്ചതും ലൈംഗിക തൊഴിലാളികൾക്കു വേണ്ടിയാണ്. ‘മുംബൈ സ്ത്രീകൾക്കു സുരക്ഷിത നഗരമാണെങ്കിൽ അതിൽ വലിയ പങ്കുവഹിക്കുന്നതു കാമാത്തിപുരയാണ്’ അവർ തുറന്നടിച്ചു.
പ്രസംഗം കേട്ട അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അവരെ വിളിപ്പിച്ചു സംസാരിച്ചു. ലൈംഗിക തൊഴിലാളികൾക്കു വേണ്ട സഹായം ഉറപ്പു നൽകി. ഒടുവിൽ, അദ്ദേഹം ചോദിച്ചു, നിങ്ങളെപ്പോലെ ബുദ്ധിയും സാമർഥ്യവും മിടുക്കുമുള്ള സ്ത്രീകൾ എന്തിനാണ് ഈ തൊഴിൽ തുടരുന്നത്? ‘എന്നെ മിസിസ് നെഹ്റു ആക്കാൻ പറ്റുമോ’ എന്ന ഗംഗുവിന്റെ മറുപടിച്ചോദ്യത്തിൽ നെഹ്റു വിളറി. ‘പറയാൻ എളുപ്പമാണു സർ, പക്ഷേ, തിരികെ സാധാരണ ജീവിതത്തിലേക്കു വരുന്നത് വളരെ പ്രയാസമാണ്’– പ്രധാനമന്ത്രിയോട് അവർ കൂട്ടിച്ചേർത്തു.
കാമാത്തിപുരയ്ക്കു വേണ്ടി ഗംഗുബായ് ചെയ്ത സേവനങ്ങളുടെ സ്മാരകമായി അവരുടെ പ്രതിമയുണ്ട് അവിടെ, ഒപ്പം അവിടുത്തെ മിക്ക വീടുകളുടെയും ഉമ്മറഭിത്തിയിൽ അവരുടെ ഫോട്ടോയും. ഹുസൈൻ സെയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണു സഞ്ജയ് ലീല ബൻസാലി ഗംഗുബായിയുടെ സിനിമയെടുക്കുന്നത്. ബോംബെ അധോലോകത്തെ വിറപ്പിച്ച സപ്ന ദീദിയെപ്പോലുള്ള വനിതകളുമുണ്ട്. അവരിൽ, ഗംഗുബായിയുടേതു പോലെ മറക്കാനാകാത്ത മറ്റൊരു പേരുകാരിയാണ് ജെനാബി ദാറുവാലി.
ബോംബെയുടെ ‘മാസി’
ദാവൂദ് ഇബ്രാഹിമിന്റെ ‘അമ്മായി’, ഹാജി മസ്താന്റെ ‘ചേച്ചി’– ജെനാബി ദാർവിഷ് (ദാറുവാലി) എന്ന സ്ത്രീയുടെ ഉള്ളംകയ്യിലായിരുന്നു അന്നത്തെ ബോംബെ അധോലോകത്തിലെ ദാദാമാർ. കുപ്രസിദ്ധമായ അധോലോകത്തിന്റെ പിറവി അവരുടെ കണ്മുന്നിലായിരുന്നെന്നു പറയാം. മാസി (അമ്മായി) എന്ന ദാവൂദിന്റെയും ആപ (ചേച്ചി) എന്ന മസ്താന്റെയും സ്നേഹവും ബഹുമാനവും നിറഞ്ഞ വിളികൾ മുംബൈ ഒന്നാകെ അവരെ ഏറ്റു വിളിച്ചു. അവർ ഗുണ്ടാസംഘത്തെ നയിച്ചില്ല, പക്ഷേ, ഒരു ഗുണ്ടകളും അവരുടെ വാക്കുകളെ ധിക്കരിച്ചില്ല.
ജെനാബി ദാറുവാലിയുടെ വീടായിരുന്നു, ദാദാമാരുടെ ചർച്ചാ കേന്ദ്രം. വഴക്കും പിണക്കവും പറഞ്ഞുതീർക്കാൻ, ‘വെടിനിർത്തൽ കരാറുകളിൽ’ എത്താൻ അവർക്കു ജെനാബി തന്നെ വേണമായിരുന്നു. ‘ഗോഡ്ഫാദർ’ മസ്താനുമായുള്ള ദാവൂദിന്റെ അടിപിടികൾ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്, ദാവൂദ് സഹായം തേടിയെത്തിയതും മാസിയുടെ പക്കലാണ്. ആപയുടെ വാക്ക് മസ്താൻ തട്ടില്ലെന്നു ദാവൂദിന് ഉറപ്പുണ്ടായിരുന്നു. പൊലീസിനെ വെള്ളം കുടിപ്പിച്ചിരുന്ന ആ കുടിപ്പകയുടെ നാളുകൾക്ക് ജെനാബി സമാധാനദൂതേകുകതന്നെ ചെയ്തു. മസ്താനും ദാവൂദും ജെനാബിയുടെ ഉറപ്പിൽ കൈകൊടുത്തു. ബോംബെയെ വീതിച്ചെടുത്ത് ‘സമാധാന’ത്തോടെ ഇരുവരും അധോലോകം ഭരിക്കുകയും ചെയ്തു, വർഷങ്ങൾക്കിപ്പുറം ദാവൂദിന്റെ സഹോദരനെ ഹാജി മസ്താന്റെ ഗുണ്ടകൾ കൊലപ്പെടുത്തും വരെ.
അധോലോകത്തെ പെൺ ‘ഇൻഫോർമർ’
വെള്ളക്കാരെ ഇന്ത്യയിൽനിന്നു തുരത്താൻ തെരുവിലിറങ്ങിയ സ്വാതന്ത്ര്യസമരക്കാരിൽ ഒരാളായിരുന്നു പഴയ ജെനാബി ദാർവിഷ്. വിഭജനത്തിനുശേഷം ഭർത്താവ് അവരെയും 5 മക്കളെയും ഉപേക്ഷിച്ചു പാക്കിസ്ഥാനിലേക്കു പോയി. കുട്ടികളെ വളർത്താൻ കഷ്ടപ്പെട്ട ജെന, പതിയെ ധാന്യക്കള്ളക്കടത്തിലേക്കു തിരിഞ്ഞു. പിന്നീട്, ചാരായക്കടത്തും. അങ്ങനെയാണ് ബോംബെ തെരുവുകളെ അടക്കിവാണ മാസിയിലേക്കുള്ള വളർച്ച. തെന്നിന്ത്യയിൽ നിന്നെത്തി അധോലോകത്തു കസരേയിട്ടിരുന്ന വരദരാജ മുതലിയാരുമായുള്ള പരിചയത്തിൽ നിന്നാണു മസ്താനിലേക്കും കരിംലാലയിലേക്കും ദാവൂദിലേക്കും ജെനാബിയുടെ ബന്ധം നീണ്ടത്.
പൊലീസ് സംഘവും ജെനാബിയുടെ വാക്കുകൾക്കു പൊന്നുവില കൊടുത്തിരുന്ന കാലമാണത്. അധോലോകത്തിന്റെ വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച് ഓഫിസർമാരും ആ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. ഇൻഫോർമർ ആയതോടെ പൊലീസുകാരും ഒരു പേരിട്ടു–ജെന ഖബരി. അതിനിടെ, ഇന്ത്യയെ നടുക്കിയ ബോംബെ സ്ഫോടനപരമ്പര ജെനാബിയുടെ ഉള്ളുനീറ്റി. ദാവൂദിനെ പിന്തുണച്ചിലൂടെ താനും അതിനു കൂട്ടുനിന്നോ എന്നായിരുന്നു ചിന്ത. ഹിന്ദു– മുസ്‌ലിം വിഭാഗങ്ങൾക്കിടയിലുണ്ടായ ഭിന്നതകളുടെ മുറിവുണക്കാൻ തന്നാലാകുന്നതെല്ലാം ജെനാബി ചെയ്യാനാരംഭിച്ചു.
പതിയെ മസ്താനിൽനിന്നും ദാവൂദിൽനിന്നുമെല്ലാം അകന്നു, ലളിതജീവിതത്തിലേക്കുകടന്നു. പ്രാർഥനയിലും ജീവകാരുണ്യപ്രവർത്തനങ്ങളിലുമായി ശ്രദ്ധ. മൂത്തമകനെ അധോലോക സംഘം കൊലപ്പെടുത്തിയപ്പോൾ പകവീട്ടാൻ തുനിയാതിരുന്നതും അതുകൊണ്ടുതന്നെ. തന്റെ ഓരോ വാക്കിനും കാതോർത്തിരുന്ന ബോംബെ, പുതിയ മുംബൈ ആയി മാറുന്നതു കണ്ട് സന്തോഷമേയുള്ളുവെന്ന് അവർ പറഞ്ഞിരുന്നത്രേ. ഒടുവിൽ അധികമാരുമറിയാതെ അവരും കാലത്തിനൊപ്പം കടന്നുപോയി.
English Summary: Story of Mumbai Mafia Queens Gangubai Kathiawadi and Jenabai Daruwali