തലശ്ശേരിയിൽ ഇക്കുറി തിലകക്കുറി തൊടുമോ കോൺഗ്രസ്; ഇളകാത്ത ഇടതുപക്ഷ ചെങ്കോട്ട
കണ്ണൂർ ∙ കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ പ്രബല കോൺഗ്രസ് നേതാക്കളെ ഇറക്കി പോരാടിയിട്ടും ഇളകാത്ത സിപിഎം കോട്ട. കാൽനൂറ്റാണ്ടിലേറെയായി സിപിഎം പ്രതിനിധീകരിക്കുന്ന മണ്ഡലം. | Thalassery Constituency | COT Naseer | an shamseer | mp aravindakshan | Kerala Assembly Elections 2021 | Manorama Online
കണ്ണൂർ ∙ കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ പ്രബല കോൺഗ്രസ് നേതാക്കളെ ഇറക്കി പോരാടിയിട്ടും ഇളകാത്ത സിപിഎം കോട്ട. കാൽനൂറ്റാണ്ടിലേറെയായി സിപിഎം പ്രതിനിധീകരിക്കുന്ന മണ്ഡലം. | Thalassery Constituency | COT Naseer | an shamseer | mp aravindakshan | Kerala Assembly Elections 2021 | Manorama Online
കണ്ണൂർ ∙ കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ പ്രബല കോൺഗ്രസ് നേതാക്കളെ ഇറക്കി പോരാടിയിട്ടും ഇളകാത്ത സിപിഎം കോട്ട. കാൽനൂറ്റാണ്ടിലേറെയായി സിപിഎം പ്രതിനിധീകരിക്കുന്ന മണ്ഡലം. | Thalassery Constituency | COT Naseer | an shamseer | mp aravindakshan | Kerala Assembly Elections 2021 | Manorama Online
കണ്ണൂർ ∙ കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ പ്രബല കോൺഗ്രസ് നേതാക്കളെ ഇറക്കി പോരാടിയിട്ടും ഇളകാത്ത സിപിഎം കോട്ട. കാൽനൂറ്റാണ്ടിലേറെയായി സിപിഎം പ്രതിനിധീകരിക്കുന്ന മണ്ഡലം. വി.ആർ.കൃഷ്ണയ്യർ, കെ.പി.ആർ. ഗോപാലൻ, എൻ.ഇ.ബാലറാം, ഇ.കെ.നായനാർ തുടങ്ങിയ പ്രമുഖർ ജനവിധി തേടിയ മണ്ഡലം. സിപിഎമ്മിന്റെ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എംഎൽഎയായ മണ്ഡലം.
നിരവധി വിശേഷണങ്ങൾ ഉണ്ട് തലശ്ശേരി നിയമസഭാ മണ്ഡലത്തിന്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച വി.ആര്‍.കൃഷ്ണയ്യരായിരുന്നു തലശ്ശേരിയെ പ്രതിനിധീകരിച്ച ആദ്യ നിയമസഭാ സാമാജികൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34,117 വോട്ടിനായിരുന്നു ഇടതു സ്ഥാനാർഥി എ.എൻ.ഷംസീറിന്റെ വിജയം. ഷംസീർ 70,741 വോട്ടു നേടിയപ്പോൾ കോൺഗ്രസിന്റെ എ.പി.അബ്ദുല്ലക്കുട്ടി ഏറെ പിന്നോട്ടു പോയി. നേടിയത് 36,624 വോട്ടുകൾ മാത്രം.
ഷംസീറിന്റെ ഭൂരിപക്ഷത്തേക്കാൾ വെറും 2507 വോട്ട് മാത്രം കൂടുതലാണ് എതിർ സ്ഥാനാർഥി എ.പി.അബ്ദുല്ലക്കുട്ടിക്കു നേടാനായത്. ഈ ഭീമമായ അന്തരം മാത്രം മതി മണ്ഡലത്തിന്റെ ഇടതുപക്ഷ സ്വഭാവം മനസ്സിലാക്കാൻ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് ആക്രമിക്കപ്പെട്ട സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീർ കൂടി എത്തിയതോടെ പോരാട്ട ചിത്രം മാറി. ബിജെപി ഏറ്റവുമധികം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ എൻഡിഎയ്ക്കു ചൂണ്ടിക്കാണിക്കാൻ പോലും ഒരു സ്ഥാനാർഥി ഇല്ലാതായതോടെ കഴിഞ്ഞ കാലങ്ങളിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടുകൾ ആരു നേടുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
ചരിത്ര പ്രതിസന്ധിയിൽ ബിജെപി
ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ പത്രിക തള്ളിപ്പോവുകയും നിയമപോരാട്ടത്തിൽ പരാജയം രുചിക്കുകയും ചെയ്തതോടെയാണ് തലശ്ശേരിയിലെ ബിജെപി വോട്ടുകൾ ഇക്കുറി ആരെ തുണയ്ക്കുമെന്ന ചർച്ച മണ്ഡലത്തിൽ സജീവമായത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയും സിപിഎമ്മിന്റെ മുൻ നേതാവുമായ സി.ഒ.ടി. നസീറിനു പിന്തുണ പ്രഖ്യാപിച്ച് പാർട്ടി മുഖം രക്ഷിച്ചുവെങ്കിലും നസീർ നിലപാട് മാറ്റിയത് തിരിച്ചടിയായി. പിന്തുണ വേണ്ടെന്ന് നസീർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെ ബിജെപി വെട്ടിലായി.
ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടിയിൽ കലാപക്കൊടി ഉയർന്നതോടെയാണ് നസീർ തീരുമാനം മാറ്റിയത്. എല്ലാ വോട്ടുകളും സ്വീകരിക്കുമെന്നാണ് നിലപാടെന്നും നസീർ വിശദീകരിക്കുന്നു. വോട്ടുകച്ചവടത്തിനു വേണ്ടി മനഃപൂർവം വരുത്തിയ പിഴവാണ് സ്ഥാനാർഥിയെ ഇല്ലാതാക്കിയതെന്ന പ്രചാരണങ്ങളെ അതിജീവിക്കാൻ പാടുപെടുന്നതിനിടെ കോൺഗ്രസ് - ബിജെപി ബാന്ധവമെന്ന ഇടതു പ്രചാരണത്തിന്റെ കൂടി മുനയൊടിക്കേണ്ട ഗതികേടിലാണ് ബിജെപി നേതൃത്വം.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വി.കെ.സജീവൻ നേടിയത് 22,125 വോട്ടുകൾ. നാലു മാസം മുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മണ്ഡല പരിധിയിൽ 20,249 വോട്ടും ലഭിച്ചിരുന്നു.
കോൺഗ്രസിന് ഇക്കുറി ഉണ്ടാകുമോ എംഎൽഎ?
കോൺഗ്രസിന് ഇതുവരെ എംഎൽഎ ഉണ്ടാകാത്ത മണ്ഡലമെന്ന വിശേഷണം തിരുത്തിക്കുറിക്കാനാണ് യുഡിഎഫ് ശ്രമം. ഡിസിസി ജനറല്‍ സെക്രട്ടറിയും നഗരസഭാ മുന്‍ കൗണ്‍സിലറുമായ എം.പി.അരവിന്ദാക്ഷനെ രംഗത്തിറക്കി കോൺഗ്രസ് ശക്തമായ മത്സരമാണു കാഴ്ചവച്ചത്. 1960ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മണ്ഡലം പിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നിരാശയായിരുന്നു ഫലം.
1960 ൽ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കോൺഗ്രസിന്റെ പി.കുഞ്ഞിരാമൻ 23 വോട്ടുകൾക്കു ജയിച്ചുവെന്നായിരുന്നു ഫലപ്രഖ്യാപനം. വി.ആർ.കൃഷ്ണയ്യരുടെ നിയമപോരാട്ടം ഫലം കണ്ടു. കോടതി വിധി അനുസരിച്ച് വോട്ട് വീണ്ടും എണ്ണിയപ്പോൾ വിജയം 10 വോട്ടിന് ഇടതിനൊപ്പം. ഇലക്‌ഷൻ ട്രൈബ്യൂണൽ വി.ആർ.കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിച്ചു.
2001 ലാണ് ഇടതു കോട്ടയിൽ ഭേദപ്പെട്ട മത്സരം കാഴ്ച വയ്ക്കാൻ കോൺഗ്രസ് സ്ഥാനാർഥിക്കു സാധിച്ചത്. കോടിയേരി ബാലകൃഷ്ണനും കോൺഗ്രസ് നേതാവ് സജീവ് മാറോളിയും തമ്മിലുള്ള പോരാട്ടം പൊടിപാറി. കോടിയേരിയുടെ ഭൂരിപക്ഷം 10000 ൽ താഴെയായി. ജയിച്ചു കയറിയത് 7043 വോട്ടിന്.
2006 ൽ മണ്ഡലം പിടിക്കാൻ കോൺഗ്രസ് ഇറക്കിയത് രാജ്മോഹൻ ഉണ്ണിത്താനെ. കോടിയേരി നില മെച്ചപ്പെടുത്തി, ഭൂരിപക്ഷം 10,055 ലേക്ക്. 2011ൽ കോടിയേരിയെ നേരിടാൻ എത്തിയത് റിജിൽ മാക്കുറ്റി. ഇടതിന്റെ ഭൂരിപക്ഷം 26,509.
കോൺഗ്രസ് - ബിജെപി ബാന്ധവം ആയുധമാക്കി എൽഡിഎഫ്
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി വോട്ടുകളിൽ സിപിഎം പ്രതീക്ഷ വയ്ക്കുന്നില്ല. തലശ്ശേരിയിൽ ഇത്തവണ യുഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ കൂടിയാൽ കോൺഗ്രസ് - ബിജെപി ബാന്ധവമെന്ന സിപിഎം ആരോപണത്തിനു വല്ലാതെ മൂർച്ച കൂടും. ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ഷംസീറിന്റെ ഭൂരിപക്ഷം വർധിപ്പിക്കുകയെന്നത് ഇടതുമുന്നണിക്കു അഭിമാന പോരാട്ടമാണ്.
മണ്ഡലത്തിൽ കിഫ്ബിയിലൂടെ 800 കോടി രൂപയുടെ വികസനമെത്തിച്ചതാണ് പ്രധാന പ്രചാരണ വിഷയം. തീരദേശ മണ്ഡലമായ തലശ്ശേരിയിൽ ആഴക്കടൽ മത്സ്യബന്ധന വിവാദം ഉൾപ്പെടെയുള്ളവ ബാധിക്കാതിരിക്കാൻ സിപിഎം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.
Content Highlights: Thalassery Constituency, Kerala Assembly Elections 2021