ജോർദാനിൽ രാജാവിനെ അട്ടിമറിക്കാൻ ശ്രമം; രാജകുമാരൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
Mail This Article
അമ്മാൻ ∙ മധ്യപൂർവ ദേശത്തു യുഎസിന്റെ സഖ്യരാജ്യമായ ജോർദാനിൽ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചു മുൻ കിരീടാവകാശിയായ രാജകുമാരൻ ഉൾപ്പെടെയുള്ളവർ തടവിൽ. അന്തരിച്ച ഹുസൈൻ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂർ രാജ്ഞിയുടെയും മൂത്ത മകൻ ഹംസ ബിൻ ഹുസൈൻ രാജകുമാരനാണു കൊട്ടാരത്തിൽ തടങ്കലിലായത്. അമ്മാൻ പാലസിൽനിന്നു പുറത്തു കടക്കാൻ ഇദ്ദേഹത്തിന് അനുവാദമില്ല.
ഭരണത്തലപ്പത്തുള്ള മുതിർന്ന അർധ സഹോദരൻ അബ്ദുല്ല രാജാവ് രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നാണു ഹംസയ്ക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇരുപതോളം പേർ അറസ്റ്റിലായെന്നു മുതിർന്ന മിഡിൽ ഈസ്റ്റേൺ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ‘സുരക്ഷയ്ക്കും സ്ഥിരതയ്ക്കും’ വെല്ലുവിളി ഉയർത്തിയെന്നാണു രാജകുമാരനും മറ്റുമെതിരായ കുറ്റാരോപണം.
അട്ടിമറി നീക്കത്തിനു വിദേശ സഹായം ലഭിച്ചെന്നും ഒരു വിഭാഗം പറയുന്നു. യുഎസിന്റെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് അവിഭാജ്യ പങ്കാളിയായി നിലകൊള്ളുന്ന ജോർദാനിലെ സംഭവ വികാസങ്ങൾ ജോ ബൈഡൻ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കൂടുതൽ അറസ്റ്റുകൾക്കു സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഹംസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി യാത്രകളും മറ്റും നിർത്തിവയ്ക്കാൻ നിർദേശം നൽകുകയാണു ചെയ്തിട്ടുള്ളതെന്നും ജോർദാനിയൻ ആംഡ് ഫോഴ്‍സ് പ്രസ്താവനയിൽ വ്യക്തമാക്കി.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ അഴിമതിക്കെതിരെ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ശനിയാഴ്ച പുറത്തുവിട്ട വിഡിയോയിൽ ഹംസ പറഞ്ഞു. ‘എനിക്കു പുറത്തേക്കു പോകാനാവില്ല, ജനങ്ങളെ കാണാനോ സംസാരിക്കാനോ സാധിക്കില്ല. സർക്കാരിനും രാജാവിനും എതിരായി വിമർശനം ഉന്നയിക്കുന്നതാണു നടപടിക്കു കാരണം’– അഭിഭാഷകൻ വഴി ബിബിസിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഹംസ വിശദീകരിച്ചു. 2004ൽ അബ്ദുല്ല അധികാരം ഏറ്റെടുത്തതോടെയാണു ഹംസയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്.
English Summary: Jordan Prince Confined Amid Arrests Over Alleged Plot To Unseat King