ആർഎംപി എന്താണോ പറയാൻ ആഗ്രഹിച്ചത് അതുതന്നെയല്ലേ വടകരയിൽ എത്തിയ രാഹുൽ ഗാന്ധി പറഞ്ഞത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ദേശീയ തലത്തിൽ വീണ്ടും ചർച്ചചെയ്യുന്ന സാഹചര്യമുണ്ടായില്ലേ. വെട്ടിനുറുക്കിയതോടുകൂടി ടി.പിയെയും അദ്ദേഹം ഉയർത്തിയ ആശയങ്ങളെയും കുഴിച്ചുമൂടാൻ പറ്റി... TP Chandrasekharan . KK Rema

ആർഎംപി എന്താണോ പറയാൻ ആഗ്രഹിച്ചത് അതുതന്നെയല്ലേ വടകരയിൽ എത്തിയ രാഹുൽ ഗാന്ധി പറഞ്ഞത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ദേശീയ തലത്തിൽ വീണ്ടും ചർച്ചചെയ്യുന്ന സാഹചര്യമുണ്ടായില്ലേ. വെട്ടിനുറുക്കിയതോടുകൂടി ടി.പിയെയും അദ്ദേഹം ഉയർത്തിയ ആശയങ്ങളെയും കുഴിച്ചുമൂടാൻ പറ്റി... TP Chandrasekharan . KK Rema

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർഎംപി എന്താണോ പറയാൻ ആഗ്രഹിച്ചത് അതുതന്നെയല്ലേ വടകരയിൽ എത്തിയ രാഹുൽ ഗാന്ധി പറഞ്ഞത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ദേശീയ തലത്തിൽ വീണ്ടും ചർച്ചചെയ്യുന്ന സാഹചര്യമുണ്ടായില്ലേ. വെട്ടിനുറുക്കിയതോടുകൂടി ടി.പിയെയും അദ്ദേഹം ഉയർത്തിയ ആശയങ്ങളെയും കുഴിച്ചുമൂടാൻ പറ്റി... TP Chandrasekharan . KK Rema

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊലപാതകം എന്നത്, സിപിഎമ്മുകാരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാന ഭാഗമാണെന്ന് വടകരയിലെ ആർഎംപി സ്ഥാനാർഥി കെ.കെ.രമ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കണ്ണൂർ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം. ഇതിന് അറുതി വരണമെങ്കിൽ കൊല ചെയ്യുന്നവരെ മാത്രമല്ല അത് ആസൂത്രണം ചെയ്യുന്ന ഉന്നത നേതാക്കളെയും വിലങ്ങുവച്ച് തുറുങ്കിലടയ്ക്കണം. ഒരു രാഷ്ട്രീയ സംഘർഷത്തിനിടയിൽ അബദ്ധത്തിൽ ഉണ്ടായ കൊലപാതകമല്ലിത്. നേരത്തെ ഗൂഢാലോചന നടത്തി, പഴുതടച്ച്, കൊല്ലണമെന്നു കരുതിക്കൂട്ടിത്തന്നെ നടത്തിയതാണ്. ഇത് അവസാനിപ്പിച്ചേ പറ്റൂ– സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും ‘മനോരമ ഓൺലൈനു’ നൽകിയ പ്രത്യേക അഭിമുഖത്തിൽ കെ.കെ.രമ സംസാരിക്കുന്നു...

കൊലപാതകം എങ്ങനെയാണ് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്?

ADVERTISEMENT

ഞാൻ വീണ്ടും പറയുന്നു, സിപിഎമ്മിന് സംഘടനാ പ്രവർത്തനത്തിന്റെ പ്രധാന ഭാഗമാണിത്. അത് തെറ്റാണെന്ന് അവർക്ക് തോന്നുന്നേയില്ല. അതുകൊണ്ടാണ് കൊല ചെയ്തവരെ എന്തു വില കൊടുത്തും അവർ രക്ഷിക്കുന്നതും സംരക്ഷിക്കുന്നതും. കോടതി ശിക്ഷിച്ചവരെപ്പോലും ജയിലിലെത്തി നേതാക്കന്മാർ സന്ദർശിക്കുന്നത് നിങ്ങൾ കണ്ടില്ലേ. അവരുടെ മനസ്സിനെ അങ്ങനെ സെറ്റ് ചെയ്തിരിക്കുകയാണ്. 

കെ.കെ.രമ (ഇടത്) പാനൂരിൽ കൊല്ലപ്പെട്ട മൻസൂർ (വലത്)

നിങ്ങൾക്കറിയുമോ, ഈ കൊലപാതകങ്ങൾക്കെല്ലാം വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് ഉന്നത നേതാക്കളാണ്. ഈ പാർട്ടിക്ക് സ്വന്തമായി ഗുണ്ടാസംഘമുണ്ട്. കൊലയാളികളുടെ നിരയുണ്ട്. അവർ ആവശ്യമുള്ളപ്പോൾ ഇറങ്ങി കൃത്യം നിർവഹിച്ച് മടങ്ങും. നിയമത്തിന്റെയും നീതിപീഠത്തിന്റെയും മുൻപിൽനിന്ന് അവരെ ഇറക്കിക്കൊണ്ടുവരാനും സംരക്ഷിക്കാനും ഭരണകർത്താക്കൾ നേരിട്ട് ഇടപെടും. ഇത് എത്രയോ കാലമായി മലയാളികൾ കാണുന്നു.

മനസ്സിനെ പ്രത്യേക രീതിയിൽ സെറ്റ് ചെയ്യുന്നു എന്നു പറഞ്ഞത് ഒന്നുകൂടി വിശദീകരിക്കാമോ?

ഈ തിരഞ്ഞെടുപ്പിലെ കാര്യംതന്നെ പറയാം. വോട്ട് ചോദിച്ച് നമ്മൾ ചെന്നപ്പോൾ എത്ര സൗഹൃദത്തോടെയാണ് സാധാരണ മനുഷ്യർ ഇടപെട്ടത്. നമ്മളെ അറിയാത്തവർ പോലും തല ഉയർത്തി ഒന്നു ചിരിക്കുകയെങ്കിലും ചെയ്യും. പക്ഷേ, സിപിഎം പ്രവർത്തകർ–അവർ പഴയ പരിചയക്കാരാണെങ്കിൽക്കൂടി–ഒരു ശത്രുവിനെ നോക്കുന്നതുപോലെയാണ് നമ്മളെ നോക്കുന്നത്. ഞാൻ ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു ശത്രു എന്നു തന്നെയാണ് അവരുടെ കണക്കുകൂട്ടൽ. 

ADVERTISEMENT

ഇത് പകയുടെ രാഷ്ട്രീയമാണ്. അവരുടെ രീതികളെ ആരെങ്കിലും എതിർത്താൽ അവർക്ക് പിന്നെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല. തങ്ങളുടെ ലക്ഷ്യത്തെയും മാർഗത്തെയും അംഗീകരിക്കാത്തവരെ ശത്രുവായി കണക്കാക്കണം എന്നാണ് പാർട്ടി പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് 22 തികഞ്ഞിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെ വെട്ടിനുറുക്കിയതു കണ്ടിട്ട് ‘അയ്യോ’ എന്നു വിളിക്കുന്നതിനു പകരം ‘ഇരന്നുവാങ്ങിയത്’ എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ പറ്റുന്നത്. 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ.കെ.രമ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഒരാൾക്ക് മുൻപ് എന്നെങ്കിലും ഇത് തോന്നിയിട്ടുണ്ടോ?

ഞാൻ പഠിച്ചത് കോഴിക്കോട് ക്രിസ്ത്യൻ കോളജിലും ഗുരുവായൂരപ്പൻ കോളജിലുമാണ്. എസ്എഫ്ഐക്കാർ അല്ലാത്തവരും എന്റെ സുഹൃത്തുക്കളിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുമ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്. സുഹൃത്തുക്കളുടെ കാര്യത്തിലും പ്രത്യയശാസ്ത്രപരമായ ഒരു തിര‍ഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അത് സംഘടനാ ക്ലാസുകളിൽ പഠിപ്പിച്ചതാണ്. നമ്മുടെ ആശയങ്ങളുമായി യോജിക്കാത്തവരുമായി സൗഹൃദം പാടില്ല എന്നുതന്നെയാണ് പാർട്ടി പഠിപ്പിക്കുന്നത്. മനസ്സിനെ സെറ്റ് ചെയ്യുന്നു എന്നു ഞാൻ നേരത്തെ പറഞ്ഞതിന്റെ ആദ്യ പടിയാണിത്.

നമ്മുടെ ബോധത്തിലേക്ക് ശത്രുതാമനോഭാവം കുത്തിനിറയ്ക്കുകയാണ്. അത് തെറ്റായിരുന്നു എന്ന് ഇന്നെനിക്ക് ബോധ്യമുണ്ട്. ആശയപരമായി നമ്മളോട് യോജിക്കില്ല എന്നതിന്റെ പേരിൽ സഹപാഠികളെ വെറുക്കുന്നത് എന്തിനാണ്? നമ്മുടേതല്ലാത്ത ആശയങ്ങളിൽ വിശ്വസിക്കുന്നവരെ ബൂർഷ്വാസി എന്ന് മുദ്രകുത്തി അകറ്റി നിർത്തണമെന്ന് പഠിപ്പിക്കുന്ന പാർട്ടിയാണിത്. നമ്മുടെ ആശയങ്ങളോട് കലഹിച്ച് പിരിഞ്ഞുപോകുന്നവരെ വർഗവഞ്ചകരായി കണക്കാക്കി  ഉന്മൂലനം ചെയ്യണമെന്ന് പഠിപ്പിക്കുന്ന പാർട്ടിയാണിത്. ഈ പഠിപ്പിക്കൽ എന്ന് നിർത്തുന്നുവോ അന്നേ സിപിഎമ്മും കേരളവും സമാധാനത്തിന്റെ പുലർകാലം കാണുകയുള്ളു. 

ADVERTISEMENT

പക്ഷേ, നാട് വീണ്ടും അക്രമങ്ങളിലേക്കുതന്നെയല്ലേ തിരിച്ചു പോകുന്നത്?

അതെ. ഞാൻ ഉറപ്പിച്ചു പറയുന്നു. ടിപി വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയും അതിന്റെ പ്രധാന സൂത്രധാരനെ തുറുങ്കിലടയ്ക്കുകയും ചെയ്തിരുന്നെങ്കിൽ മൻസൂറിന്റെ കൊലപാതകം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ഈ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ഞങ്ങൾ വീണ്ടും ഉയർത്തിയത്. 

വടകരയിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയോടൊപ്പം കെ.കെ.രമ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

അതു വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെട്ടു എന്നു തോന്നുന്നുണ്ടോ?

എന്താ സംശയം. ആർഎംപി എന്താണോ പറയാൻ ആഗ്രഹിച്ചത് അതുതന്നെയല്ലേ വടകരയിൽ എത്തിയ രാഹുൽ ഗാന്ധി പറഞ്ഞത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ദേശീയ തലത്തിൽ വീണ്ടും ചർച്ചചെയ്യുന്ന സാഹചര്യമുണ്ടായില്ലേ. വെട്ടിനുറുക്കിയതോടുകൂടി ടി.പിയെയും അദ്ദേഹം ഉയർത്തിയ ആശയങ്ങളെയും കുഴിച്ചുമൂടാൻ പറ്റി എന്നു കരുതിയവർക്കുള്ള മറുപടി ആയിരുന്നില്ലേ ആ പ്രസംഗം. വലിയൊരു സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ആർഎംപി  ഉയർത്തുന്നത്. അതു തന്നെയല്ലേ രാഹുൽജിയിലൂടെ ഇന്ത്യയൊട്ടാകെ അലയടിക്കുന്നത്. 

അദ്ദേഹം സംസാരിക്കുന്നത് മനുഷ്യരെ ശത്രുക്കളാക്കുന്ന തത്വശാസ്ത്രങ്ങൾക്കെതിരെയാണ്. വിദ്വേഷവും പകയും മറന്ന് സാഹോദര്യത്തിന്റെ വഴിയിലേക്ക് ജനത വളരുന്നതിനെയാണ് ഞങ്ങളും സ്വപ്നം കാണുന്നത്. മനുഷ്യസ്നേഹിയായ നല്ല കമ്യൂണിസ്റ്റുകാരനായിരുന്നു ടി.പി.ചന്ദ്രശേഖരൻ. ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്നതിനേക്കാൾ ശക്തമായി വരുംകാലം അദ്ദേഹത്തെ ചർച്ചചെയ്യുക തന്നെ ചെയ്യും. 

ആശയപരമായ ഈ യോജിപ്പാണോ യുഡിഎഫുമായി കൈകോർക്കാൻ പ്രേരിപ്പിച്ചത്?

അതില്ലെന്നു പറയാനാവില്ല. അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിരോധം എന്ന നിലയിൽ മുൻപും ഇവിടെ ഒരുമിച്ചുതന്നെയാണ് നിന്നിട്ടുള്ളത്.  അവരുടെ നേതാക്കളെല്ലാവരുമായും നല്ല ബന്ധമാണ്. അക്കാര്യത്തിലൊക്കെ ആർഎംപി അവരോട് പൂർണമായും യോജിക്കുന്നു. എന്നാൽ നയപരമായ ചില കാര്യങ്ങളിൽക്കൂടി ഈ യോജിപ്പ് ഉണ്ടാകേണ്ടതുണ്ട്. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം കെ.കെ.രമ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

അഞ്ചുവർഷം മുൻപുതന്നെ ഈ കൈകോർക്കൽ ഉണ്ടാകേണ്ടിയിരുന്നു എന്നു തോന്നുന്നുണ്ടോ?

ഇതിനേക്കാൾ അനുകൂലമായ കാലാവസ്ഥയായിരുന്നു അന്ന്. ടിപി ചന്ദ്രശേഖരൻ വധത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന സമയമല്ലേ,  അതുകൊണ്ടുതന്നെ സിപിഎമ്മിനും അവരുടെ അക്രമരാഷ്ട്രീയത്തിനും എതിരായ ഒരു വികാരം ജനങ്ങൾക്കിടയിൽ കൂടുതലായിരുന്നു. പക്ഷേ, അന്ന് യുഡിഎഫുകാർ പിന്തുണ തന്നില്ല. തനിച്ച് മത്സരിക്കേണ്ടി വന്നു. അതൊരു പ്രതീകാത്മക മത്സരമായിരുന്നു. ജയിക്കാൻ വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ല. ഞങ്ങൾ ഉയർത്തിയ ആശയത്തെ കേരളമൊട്ടാകെയെങ്കിലും എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട് ചിട്ടയോടെയുള്ള പ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ല. സൗകര്യമുള്ളപ്പോൾ സൗകര്യമുള്ള സഥലങ്ങളിലൊക്കെ പോയി പ്രചാരണം നടത്തി. അത്രയേ ഉള്ളു. എങ്കിലും പ്രചാരണത്തിൽ മുന്നിലെത്താൻ ഞങ്ങൾക്കു കഴിഞ്ഞു. 

ഈ തിരഞ്ഞെടുപ്പിലേക്കു വന്നപ്പോഴുള്ള വ്യത്യാസം എന്താണ്?

ഇപ്രാവശ്യം ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചത്. കാരണം കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെയുള്ള പോരാട്ടമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാം വളരെ ക്രമത്തിലും ചിട്ടയിലുമായിരുന്നു. വിശ്രമമില്ലാതെ പോരാടി. ഇലക്‌ഷൻ പിരിവു നടത്താനോ പണം സമാഹരിക്കാനോ ഒന്നും പറ്റിയില്ലെങ്കിലും പ്രചാരണത്തിൽ ഒരു കുറവും ഉണ്ടായില്ല. 

പ്രചാരണത്തിൽ യുഡിഎഫിന്റെ സഹകരണം എങ്ങനെയായിരുന്നു?

നേതൃത്വവും അണികളും സർവതും മറന്ന് ഒപ്പം നിന്നു. പ്രാദേശികമായി ചില നേതാക്കൾ വിട്ടുനിന്നതൊഴിച്ചാൽ കോൺഗ്രസ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി പൊരുതി. മുസ്‌ലിം ലീഗ് അവരുടെ സർവസന്നാഹങ്ങളുമൊരുക്കി കൂടെനിന്നു. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങനെ എല്ലാവരും തന്ന സ്നേഹവും പിന്തുണയും വലുതാണ്. 

കെ.കെ.രമ പ്രചാരണത്തിനിടെ മുസ്‌ലിം ലീഗ് പ്രവർത്തകർക്കൊപ്പം (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

യുഡിഎഫ് ഇങ്ങോട്ടു വന്ന് പിന്തുണ തരികയായിരുന്നോ?

അത്തരം ചർച്ചകളുണ്ടായപ്പോൾ ആർഎംപിക്ക് പി‌ന്തുണ നൽകണം എന്നുതന്നെയാണ് പാർട്ടി നിലപാടെടുത്തത്. അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു.

കെ.മുരളീധരൻ വടകരയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആർഎംപി നിരുപാധിക പിന്തുണ നൽകിയിരുന്നല്ലോ? അതിനുള്ള പ്രത്യുപകാരമാണോ ഇത്? 

അങ്ങനെയല്ല. ടി.പി കേസ് അന്വേഷണത്തിന്റെ ഘട്ടത്തിൽതന്നെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരുമായൊക്കെത്തന്നെ നല്ല ബന്ധമുണ്ടായിരുന്നു. പിന്നീട് വടകര പാർലമെന്റ് തിരഞ്ഞെടുപ്പിൽ പി.ജയരാജൻ  സ്ഥാനാർഥിയാകും എന്ന് കേട്ടപ്പോൾ അതിനെ എതിർത്ത് തോൽപിക്കേണ്ടത് ആർഎംപിയുടെ ലക്ഷ്യമായി. പക്ഷേ, അത് ഞങ്ങൾ മാത്രം തീരുമാനിച്ചാൽ നടക്കുന്ന കാര്യമായിരുന്നില്ല. അതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. 

സിപിഎം അവരുടെ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും എടുത്ത് പെരുമാറാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ അതിനെയെല്ലാം മറികടന്ന്  ജയിക്കുമെന്നുറപ്പുള്ള സ്ഥാനാർഥിയെത്തന്നെ നിർത്തണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. അങ്ങനെയാണ് കെ.മുരളീധരൻ വടകരയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പ്രചാരണം തുടങ്ങിയതും ടി‌.പി സ്മാരകത്തിൽനിന്നായിരുന്നു. ഒരുമിച്ചുനിന്നാൽ വിജയം ഉറപ്പാക്കാം എന്ന് ആ തിരഞ്ഞെടുപ്പ് ഇരുകൂട്ടരെയും പഠിപ്പിച്ചു. അതിന്റെ തുടർച്ചയാണ് ഈ മത്സരവും എന്നു വേണമെങ്കൽ പറയാം.

രമ തന്നെ മത്സരിക്കണം എന്ന് വാശി പിടിച്ചത് യുഡിഎഫ് നേതാക്കളാണോ?

അല്ല. ആർഎംപി  ആരെ നിർത്തുന്നുവോ ആ സ്ഥാനാർഥിയെ പിന്തുണയ്ക്കണം എന്നായിരുന്നു ഞങ്ങളുടെ ആവശ്യം. കെ.മുരളീധരനോടാണ് ആദ്യം ഇക്കാര്യം പറഞ്ഞത്. നേതൃത്വത്തിനു മുൻപിൽ അങ്ങനെതന്നെ അവതരിപ്പിക്കാം എന്നാണ് അദ്ദേഹവും പറഞ്ഞത്. പിന്നീട് രമേശ് ചെന്നിത്തലയും അത് സമ്മതിച്ചു. എൻ.വേണു മത്സരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇതിനിടയിൽ എനിക്കു കോവിഡും പിടിപെട്ടു. ഏഴുദിവസം ആശുപത്രിയിലായി. 

രമേശ് ചെന്നിത്തലയ്ക്കൊപ്പം കെ.കെ.രമ (ചിത്രം: മനോരമ)

ആശുപത്രിയിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും അന്തരീക്ഷം ആകെ മാറി. ഓരോ സീറ്റും പിടിച്ചെടുക്കാനായി യുഡിഎഫ് ക്യാംപ് മൊത്തത്തിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. അപ്പോൾ വേണു ഉൾപ്പെടെയുള്ള നേതാക്കൾ എന്നെ നിർബന്ധിച്ചു. എങ്ങനെയെങ്കിലും വടകര പിടിച്ചെടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. ഒരു ശതമാനം പോലും താൽപര്യമില്ലെന്നുതന്നെ ഞാൻ പറഞ്ഞു. മകന്റെ കാര്യങ്ങൾ ഉൾപ്പെടെ വീട്ടിലെ പല അസൗകര്യങ്ങളും എനിക്കുണ്ടായിരുന്നു. ഈ സമയത്താണ്  യുഡിഎഫ് സീറ്റ് തിരിച്ചെടുക്കുകയാണെന്ന് എംഎം ഹസ്സൻ പ്രഖ്യാപിക്കുന്നത്. അതോടെ ആർഎംപി സെക്രട്ടേറിയറ്റ് ചേർന്ന് എന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. ഇനി വാശിപിടിക്കരുതെന്ന് അവർ പറഞ്ഞു. ഞാനത് അനുസരിച്ചു.  

അല്ലാതെ യുഡിഎഫ് നേതാക്കൾ ആരും നിർബന്ധിച്ചില്ലേ?

നോക്കൂ, അവരുടെ ഒരു സീറ്റിൽ ഉപാധികളില്ലാതെ ഞങ്ങളെ പിന്തുണയ്ക്കുകയാണ്. അതായത് ഒരു സീറ്റ് പൂർണമായും വിട്ടുതരികയാണ്. അതും വടകര പോലൊരു മണ്ഡലത്തിൽ. അത് രാഷ്ട്രീയമാണ്. പക്ഷേ, അവരുടെ അണികളെ അത് ബോധ്യപ്പെടുത്തണമെങ്കിൽ ശക്തമായൊരു കാരണം വേണം. അതിന് ടി.പി വധം വീണ്ടും ചർച്ചയാവുകതന്നെ വേണം. ഈ സാഹചര്യത്തിൽ നിർബന്ധിച്ചതും സ്ഥാനാർഥിയാക്കിയതും ആർഎംപിതന്നെയാണ്.

യുഡിഎഫുമായുള്ള ഈ സഹകരണം തുടർന്നും പ്രതീക്ഷിക്കാമോ?

ഞങ്ങൾ യുഡിഎഫിന്റെ ഭാഗമല്ല. ആർഎംപി മറ്റൊരു ദേശീയ പാർട്ടിയാണ്. ഞങ്ങൾക്ക് നിരുപാധിക പിന്തുണയാണ് അവർ നൽകിയിരിക്കുന്നത്. തുടർന്നുള്ള സഹകരണം വിഷയാധിഷ്ഠിതമായിരിക്കും. ഞാൻ നേരത്തെ പറഞ്ഞല്ലോ നയപരമായ പല കാര്യങ്ങളിലും ഞങ്ങൾക്ക് വ്യത്യസ്തമായ സമീപനമാണുള്ളത്. 

ആർഎംപി ഒരിക്കലും യുഡിഎഫിന്റെ ഭാഗമാകില്ല എന്നാണോ?

ഇത് രാഷ്ട്രീയമല്ലേ. അതേപ്പറ്റിയൊന്നും ഇപ്പോൾ എനിക്കു പറയാനാവില്ല. മാത്രമല്ല പാർട്ടിയാണ് ഓരോ സമയത്തും അത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത്. 

യുഡിഎഫ് അധികാരത്തിൽ വന്നാൽ, എന്തായിരിക്കും ആർഎംപി  നിലപാട്?

നയപരമായ കാര്യങ്ങളിൽ ഞങ്ങളുടെ നിലപാടുകളുണ്ട്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിന്റെ തുടരന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്ന പ്രധാന കാര്യം.  കൊന്നവരെ മാത്രമാണ് ശിക്ഷിച്ചത്. കൊല്ലിച്ചവരെക്കൂടി നിയമത്തിനു മുൻപിൽ കൊണ്ടു വരണം. അത് കേരളമനസ്സാക്ഷി ആവശ്യപ്പെടുന്നുണ്ട്. കേസ് കുഞ്ഞനന്തനിൽ അവസാനിച്ചു എന്നു തോന്നിയ ഘട്ടത്തിൽതന്നെ ഞങ്ങൾ ഈ ആവശ്യം ഉന്നയിച്ചതാണ്. 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ.കെ.രമ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

സിപിഎമ്മിന്റെ കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികൾ ഒരുമിച്ച് പ്ലാൻ ചെയ്തു നടപ്പാക്കിയ കൊലപാതകമായിരുന്നു അതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അപ്പോൾ അതിന് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അനുവാദം കിട്ടിയിരിക്കണം. അതാണു ഞങ്ങളുടെ വിശ്വാസം. എഡിജിപി ശങ്കർ റെഡ്ഡി നടത്തിയ തുടരന്വേഷണത്തിൽ ഉന്നത നേതാക്കളിലേക്ക് വിരൽ ചൂണ്ടുന്ന ചില വിവരങ്ങൾ ഉണ്ടായിരുന്നുവെന്നുതന്നെയാണ് ഞങ്ങളുടെ അറിവ്. 

കേസിന്റെ അവസാന ഘട്ടത്തിൽ യുഡിഎഫിലെയും എൽഡിഎഫിലെയും നേതാക്കൾ ഒത്തുകളിച്ചു എന്നു തോന്നിയിട്ടുണ്ടോ?

അത്തരം ചില സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ അതിൽ തൃപ്തരല്ല. അതുകൊണ്ടാണല്ലോ സെക്രട്ടേറിയറ്റിനു മുൻപിൽ ഞങ്ങൾ സമരം ചെയ്തത്. എന്നാൽ, കൊലയാളി സംഘത്തെ മുഴുവൻ അറസ്റ്റ് ചെയ്ത് ശിക്ഷ വാങ്ങിക്കൊടുക്കാൻ അന്വേഷണ സംഘത്തിനായി. അത് ഒരു വലിയ കാര്യം തന്നെയാണ്. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യമാണ് അന്നത്തെ മന്ത്രിസഭ നൽകിയതെന്നാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. സത്യം പുറത്തുകൊണ്ടുവരണം എന്ന കാര്യത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം നല്ല താൽപര്യമെടുത്തിരുന്നു. 

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറ്റവും വലിയ നേതാവ്  പി.മോഹനനായിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ മോഹനനെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. അഥവാ, ഉന്നത നേതാക്കളിലേക്ക് എത്തുന്ന വിധത്തിൽ ശക്തമായ തെളിവുകൾ ശേഖരിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് അവർ പറഞ്ഞത്. നിങ്ങൾ പറഞ്ഞതുപോലെ ഇതെല്ലാം നേതാക്കൾ തമ്മിലുള്ള ഒത്തുകളിയാണെങ്കിൽ നമുക്ക് കൂടുതൽ നന്മകളൊന്നും പ്രതീക്ഷിക്കാനില്ല. അങ്ങനെയാവാതിരിക്കട്ടെ എന്നു തന്നെയാണ് ആഗ്രഹം. 

കെ.കെ.രമ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (ചിത്രം: സമൂഹമാധ്യമം)

പഴയ എസ്എഫ്ഐ നേതാക്കൾ പലരും ഇപ്പോൾ സിപിഎമ്മിലെ ഉന്നത സ്ഥാനങ്ങളിൽ ഉണ്ടല്ലോ? ആരുമായെങ്കിലും വ്യക്തിബന്ധം സൂക്ഷിക്കുന്നുണ്ടോ?

പലരുമായും സ്നേഹബന്ധങ്ങളുണ്ട്. എന്നാൽ, സ്ഥിരമായി വിളിക്കാറുള്ളത് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറിനെ മാത്രം. അവളും തിരിച്ചുവിളിക്കും. എന്നാൽ, ടി.പി കൊലചെയ്യപ്പെട്ട സമയത്തുപോലും വിളിക്കാത്തവരുമുണ്ട്.  ഒരു പക്ഷേ, അവരൊക്കെ സിപിഎമ്മിനെ ഭയക്കുന്നതിനാലാവും. പി.രാജീവ്, യു.പി.ജോസഫ്, കെ.എൻ. ബാലഗോപാൽ തുടങ്ങിയവരോടൊക്കെ ഒപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ്  ഞാൻ. അതൊക്കെ അവരിൽ പലരും ഓർക്കുന്നുപോലും ഉണ്ടാവില്ല. കോഴിക്കോട്ടുകാരായതുകൊണ്ട് എ. പ്രദീപ് കുമാറിനെ പലപ്പോഴും നേരി‍ൽ കാണാറുണ്ട്. ഒരു ചിരിയിലൂടെയെങ്കിലും സൗഹൃദം പുതുക്കാൻ ശ്രമിക്കുകയും ചെയ്യും. 

ഈ വിഷയങ്ങളെല്ലാം കേരള മനസ്സാക്ഷിയോട് വിളിച്ചു പറയാൻ കെ.കെ.രമ അടുത്ത നിയമസഭയിൽ ഉണ്ടാകുമോ?

തിരഞ്ഞെടുപ്പ് കഴിഞ്ഞു. നല്ല മത്സരവും കാഴ്ച വച്ചു. ജനം എങ്ങനെ വിധിയെഴുതുമെന്ന് ഇപ്പോൾ ഞാൻ പറയുന്നത് ശരിയല്ല. മേയ് രണ്ടുവരെ കാത്തിരിക്കാം. ആ വിധി എന്തായാലും അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ആർഎംപി എന്നും മുന്നിലുണ്ടാവും. 

English Summary: RMP Vadakara Candidate KK Rema Speaks About CPM's Murder Politics, Election and UDF Alliance