‘രോഗം ആർക്കും വരാം, രാഷ്ട്രീയ ലാഭത്തിന് അപമാനിച്ചു; മറക്കില്ല പിണറായി പറഞ്ഞത്’
രോഗമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ആരെങ്കിലും അതു വ്യാപിപ്പിക്കാൻ ശ്രമിക്കുമോ? മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നെ വളരെ വേദനിപ്പിച്ചു. ഒരു കുറ്റവാളിയെപ്പോലെയാണ് മുഖ്യമന്ത്രി എന്നെ കണ്ടതും, ചിത്രീകരിച്ചതും. ആ വാക്കുകളുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു... AP Usman . Pinarayi Vijayan . Kerala Covid
രോഗമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ആരെങ്കിലും അതു വ്യാപിപ്പിക്കാൻ ശ്രമിക്കുമോ? മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നെ വളരെ വേദനിപ്പിച്ചു. ഒരു കുറ്റവാളിയെപ്പോലെയാണ് മുഖ്യമന്ത്രി എന്നെ കണ്ടതും, ചിത്രീകരിച്ചതും. ആ വാക്കുകളുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു... AP Usman . Pinarayi Vijayan . Kerala Covid
രോഗമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ആരെങ്കിലും അതു വ്യാപിപ്പിക്കാൻ ശ്രമിക്കുമോ? മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നെ വളരെ വേദനിപ്പിച്ചു. ഒരു കുറ്റവാളിയെപ്പോലെയാണ് മുഖ്യമന്ത്രി എന്നെ കണ്ടതും, ചിത്രീകരിച്ചതും. ആ വാക്കുകളുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു... AP Usman . Pinarayi Vijayan . Kerala Covid
‘ഒരു രോഗിയോടും ഒരു ഭരണാധികാരി ഇങ്ങനെ ചെയ്യരുത്. രോഗം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് ആർക്കെങ്കിലും അറിയാൻ കഴിയുമോ? അതു മുൻകൂട്ടി പ്രവചിക്കാനാകുമോ? ഒരുപക്ഷേ, വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ, ആ വിവരം അറിഞ്ഞുവച്ച് രോഗം പരത്താൻ ആരെങ്കിലും തയാറാകുമോ?
രോഗത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതിന്റെ, അപമാനിക്കപ്പെടുന്നതിന്റെ, ഒറ്റപ്പെടുത്തുന്നതിന്റെ വേദന വിവരണാതീതമാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്നെ അപമാനിച്ചവരോട്, പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയനോട് എനിക്ക് വിരോധമില്ല. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ഏറെ വേദനിപ്പിച്ചു. സമൂഹമാധ്യമത്തിൽ എന്നെ കുറ്റവാളിയാക്കി, ഏറ്റവും വലിയൊരു അപരാധിയെപ്പോലെ സിപിഎമ്മിന്റെ സൈബർ പട എന്നെ വേട്ടയാടി.
സമൂഹമാധ്യമങ്ങളിലൂടെ അവർ എന്നെയും കുടുംബത്തെയും അധിക്ഷേപിച്ചു. എനിക്കാരോടും പരാതിയില്ല, പരിഭവവുമില്ല, പക്ഷേ മുഖ്യമന്ത്രി എന്നെ അധിക്ഷേപിച്ചു കൊണ്ട് പത്രസമ്മേളനത്തിലൂടെ പറഞ്ഞ വാക്കുകൾ ഞാനൊരിക്കലും മറക്കില്ല...
മുഖ്യമന്ത്രിയുടെ രോഗം എത്രയും വേഗം ഭേദമാകട്ടെ. കോവിഡ് ബാധിച്ച മുഖ്യമന്ത്രിയെ ശുശ്രൂഷിക്കാനും ഞാൻ തയാറാണ്. വാക്കുകളിലൂടെ ഒരാളെ മുറിവേൽപിക്കുമ്പോൾ, അതേ വാക്കുകൾ ഒരിക്കൽ തിരിച്ചടിക്കുമെന്ന് ഓർക്കുക. അത്രയ്ക്ക് വേദനിച്ചു എനിക്ക്...’– നിറകണ്ണുകളോടെ ഇടുക്കിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.പി.ഉസ്മാൻ പറഞ്ഞു നിർത്തി.
എ.പി. ഉസ്മാൻ എന്ന പേര് മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ഉസ്മാന് രോഗം ബാധിച്ചപ്പോൾ, വൈകിട്ടത്തെ പതിവു പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി, ഉസ്മാനെ അധിക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. കോവിഡ് ബാധിച്ച ഇടുക്കിയിലെ ഒരു പൊതുപ്രവർത്തകൻ എന്നു പറഞ്ഞ് അധിക്ഷേപത്തിനു മുഖ്യമന്ത്രി തുടക്കമിട്ടപ്പോൾ, സിപിഎമ്മിന്റെ സൈബർ പോരാളികൾ അത് ഏറ്റെടുക്കുകയായിരുന്നു. കൂർത്ത വാക്കുകളിലൂടെയും പരിഹാസത്തിന്റെ മുനയിലൂടെയും ആ വേട്ട തുടർന്നപ്പോൾ ഒപ്പം നിന്ന പലരും സഹായിക്കാനുണ്ടായിരുന്നില്ല. ആശ്വാസവാക്കുകളുമായി എത്തിയവരും വിരളമായിരുന്നു.
‘ആ നാളുകൾ ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. പക്ഷേ, മനസ്സിൽനിന്നു മായുന്നില്ല. ഒരിക്കലും മായുമെന്നു തോന്നുന്നുമില്ല’– കെപിസിസി നിർവാഹക സമിതി അംഗവും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ഡിസിസി ജനറൽ സെക്രട്ടറിയും കൂടിയായ ഉസ്മാൻ (58) മനോരമ ഓൺലൈനോടു മനസ്സു തുറക്കുന്നു...
ആ ദിവസം...
2020 മാർച്ച് 24. ഇടുക്കി ജില്ലാ ആശുപത്രിയിൽ ഞാൻ കോവിഡ് പരിശോധന നടത്തിയ ദിവസമായിരുന്നു അത്. 26ന് ഉച്ചയ്ക്ക് 12.30ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് എന്നെ മൊബൈലിൽ വിളിച്ച്, ഞാൻ കോവിഡ് പോസിറ്റിവായ വിവരം ആദ്യമായി അറിയിച്ചത്. തൊട്ടു പിന്നാലെ ഇടുക്കി കലക്ടറും വിളിച്ച് രോഗം സ്ഥിരീകരിച്ച വിവരം പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറണമെന്നും പറഞ്ഞു. ഇടുക്കി മരിയാപുരം പഞ്ചായത്തിലാണ് ഞാൻ താമസിക്കുന്നത്. അന്ന് കോവിഡ് ഇത്ര രൂക്ഷമല്ല. രോഗം സ്ഥിരീകരിച്ച ശേഷം ഒരു കൊടും ക്രിമിനലിനെപോലെയാണ് പലരും എന്നെ വീക്ഷിച്ചത്. വീട്ടിൽ റെഡിയായിരിക്കണമെന്ന് എന്നോടു ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ആംബുലൻസ് ഉടൻ എത്തുമെന്നും അറിയിച്ചു.
ഞാൻ വീട്ടിൽ മടങ്ങിയെത്തി, കുളിച്ചു റെഡിയായി, 2 ജോഡി വസ്ത്രങ്ങളുമെടുത്തു. ആംബുലൻസ് വരുന്നതും കാത്തിരുന്നു. വൈകിട്ട് 5 മണിയായപ്പോൾ ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് ഓടിത്തളർന്ന് വീട്ടുമുറ്റത്തു വന്നു നിന്നു. എനിക്ക് അപ്പോൾ ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. വാഹനത്തിനുള്ളിൽ കയറിയ എന്നോട് കിടക്കാൻ പറഞ്ഞു. എനിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് ആംബുലൻസിന്റെ ഡോർ വലിച്ചടച്ചു. ഉള്ളിലെ, ഡ്രൈവറുടെ സീറ്റിനടുത്തുള്ള കിളിവാതിലും അടഞ്ഞു. രോഗം പകരുമെന്ന ഭയപ്പാടായിരുന്നു ആരോഗ്യ പ്രവർത്തകർക്കും ഡ്രൈവർക്കും. തൊടുപുഴയിലേക്കുള്ള വഴിയിൽ ഞാൻ ഒറ്റപ്പെട്ടവനെ പോലെയായി.
അപരാധിയായി, വെറുക്കപ്പെട്ടവനായി...
എനിക്ക് കോവിഡ് പോസിറ്റിവായ വിവരം ഇതിനിടെ പുറംലോകത്ത് കാട്ടുതീ പോലെ പടരുകയായിരുന്നു. പലയിടത്തുനിന്നും ഫോൺ കോളുകൾ എത്തി. എന്റെ മൊബൈലിന് വിശ്രമമല്ലായിരുന്നു. എനിക്ക് രോഗം ബാധിച്ച വിവരം ചിലർ ചോർത്തിക്കൊടുത്തു. ഫെയ്സ്‌ബുക്കിലൂടെയും വാട്സാപ്പിലൂടെയും എന്റെ രോഗവിവരം പതിനായിരങ്ങൾ ഷെയർ ചെയ്തു. എന്റെ സാംപിൾ പരിശോധിക്കാനെടുത്ത് മുറിക്കുള്ളിലാക്കി. പുറംലോകവുമായി ഒരു ബന്ധവുമില്ല. പുറത്തെ കാഴ്ചകൾ കാണാൻ, മുറിക്കുള്ളിലെ അടച്ചിട്ട ജനാലകൾ ഞാൻ തുറന്നു. എതിർ വശത്തെ ആശുപത്രി ബ്ലോക്കിലെ തുറന്നു വച്ച എണ്ണമറ്റ ജനാലകൾ എന്നെ കണ്ടയുടൻ അടഞ്ഞു.
മാരകരോഗം ബാധിച്ച, എന്തോ വലിയ അപരാധം ചെയ്ത പോലുള്ള വ്യക്തിയായി ബ്ലോക്കിലെ രോഗികൾ എന്നെ നോക്കി. അവരുടെ മുന്നിൽ ഞാൻ വെറുക്കപ്പെട്ടവനായി. ഇതിനിടെ രണ്ട് ഡോക്ടർമാരെത്തി. എന്റെ ഒരു മാസത്തെ റൂട്ട് മാപ് തയാറാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 2020 ഫെബ്രുവരി 10 മുതൽ ആശുപത്രിയിൽ പ്രവേശിക്കുന്നതു വരെയുള്ള കാര്യങ്ങൾ കൃത്യമായി പറയാൻ എന്നോടാവശ്യപ്പെട്ടു. ആയിരത്തിൽപ്പരം പേരുമായി ഇടപഴകിയെന്നായിരുന്നു ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട്. ഇടുക്കി ജില്ലയിൽ അടുത്തിടപഴകിയ 260 പേരോട് ക്വാറന്റീനിൽ പോകാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ഫെബ്രുവരി 13ന് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ(ഐഎൻടിയുസി) സംസ്ഥാന വാഹന പ്രചാരണ ജാഥയ്ക്കായി ഞാൻ കാസർകോട് എത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ഇടുക്കി ജില്ലാ പ്രസിഡന്റും കൂടിയായ ഞാൻ ജാഥയിലുടനീളം പങ്കെടുത്തു. 29ന് തലസ്ഥാനത്താണു ജാഥ സമാപിച്ചത്. ഇതിനു തൊട്ടു തലേന്ന് തിരുവനന്തപുരത്ത് ഏകാധ്യാപികമാരുടെ നിരാഹാര സമര വിഷയത്തിൽ ഇടപെട്ടു. 29നുതന്നെ കാട്ടാക്കടയ്ക്കു സമീപം അമ്പൂരിയിലെത്തി സമര നേതാക്കളെ കണ്ട്, ഇടുക്കിയിലേക്കു മടങ്ങി. ഇതിനിടെ അട്ടപ്പാടി, ഷോളയൂർ, മറയൂർ എന്നിവിടങ്ങളും സന്ദർശിച്ചു.
ഏകാധ്യാപികമാരുടെ ജോലി പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് എന്നിവരെ പലതവണ കണ്ടു. നിയമസഭാ മന്ദിരത്തിലും പലതവണ എത്തി. മാർച്ച് 12നാണ് നിരാഹാര സമരം മറയൂരിൽ സമാപിച്ചത്. 14ന് എന്റെ ശരീരത്തിൽ നേരിയ വേദനയുണ്ടായി. തൊടുപുഴയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത്, ഇടുക്കിയിലേക്കു മടങ്ങി.
പിണറായി വിജയന്റെ വാക്കുകൾ...
മാർച്ച് 27 ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ലൈവ് പത്രസമ്മേളനം. എന്തോ വലിയ സംഭവം ഗവേഷണം നടത്തി കിട്ടിയതു പോലെയായിരുന്നു അന്നു മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായിരുന്ന ഭാവ പ്രകടനം. ഇടുക്കിയിലെ ഒരു പൊതുപ്രവർത്തകന് കോവിഡ് ബാധിച്ചുവെന്നും കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം യാത്ര ചെയ്തുവെന്നും അദ്ദേഹം ജാഗ്രത കാട്ടിയിട്ടില്ലെന്നുമായിരുന്നു എന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞത്. ഓരോ വാക്കു പറയുമ്പോഴും മുഖ്യമന്ത്രിയുടെ മുഖത്ത് പരിഹാസമുണ്ടായിരുന്നു.
രോഗമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ആരെങ്കിലും അതു വ്യാപിപ്പിക്കാൻ ശ്രമിക്കുമോ? മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നെ വളരെ വേദനിപ്പിച്ചു. ഒരു കുറ്റവാളിയെപ്പോലെയാണ് മുഖ്യമന്ത്രി എന്നെ കണ്ടതും, ചിത്രീകരിച്ചതും. ആ വാക്കുകളുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ സിപിഎമ്മിന്റെ സൈബർ പോരാളികൾ അത് ഏറ്റെടുത്തു. എന്റെ പേരെടുത്തു പറഞ്ഞ്, ഫോട്ടോയുംവച്ച് അവർ പോസ്റ്റുകളിടാൻ മത്സരിച്ചു. അവരുടെ ഓരോ വാക്കുകളും എന്റെ നേരെയായിരുന്നു, രാഷ്ട്രീയമായി എന്നെ തകർക്കുകയായിരുന്നു ലക്ഷ്യം.
‘മാധ്യമങ്ങളിലൂടെ പേര് പുറത്തുവിടണം’
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തോട് അഭ്യർഥിച്ചു. എന്റെ പ്രസ്താവന ഇതായിരുന്നു: ‘ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാൾ ഉപരി പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകൾ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളുമായി എത്രയും പെട്ടെന്നു ബന്ധപ്പെടാനും ആവശ്യമായ മുൻകരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.
ഞാൻ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ സമീപിച്ചിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നെ സ്‌നേഹിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകളും ഇതിലുൾപ്പെടുന്നു.
പരിശോധനയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ഒരിക്കൽകൂടി അഭ്യർഥിക്കുന്നു’– എന്നോട് അടുത്തിടപഴകിയവർക്കെല്ലാം രോഗം വരുമോയെന്ന പേടിയായിരുന്നു ഈ പ്രസ്താവനയിലൂടെ ഞാൻ പങ്കുവച്ചതും എന്നെ അലട്ടിയിരുന്നതും. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ശരിക്കൊന്നുറങ്ങിയില്ല. എന്റെ നേതാക്കൾക്ക്, പാർട്ടി പ്രവർത്തകർക്ക്, എന്റെ കുടുംബാംഗങ്ങൾക്ക് രോഗം വന്നാൽ, അതിനുത്തരവാദി ഞാനല്ലേയെന്ന ചോദ്യം എന്റെ മനസ്സിൽ പലതവണ വന്നുകൊണ്ടേയിരുന്നു.
ഉമ്മൻചാണ്ടിയുടെ വാക്കുകൾ
മാനസികമായി തകർന്ന നിലയിലായിരുന്ന എന്നെ കൈപിടിച്ചുയർത്തിയത് ഉമ്മൻചാണ്ടി സാറിന്റെ വാക്കുകളായിരുന്നു. അദ്ദേഹം എന്റെ മൊബൈലിൽ പലവട്ടം വിളിച്ചു. പിണറായിയുടെ വാക്കുകൾ കാര്യമാക്കേണ്ടതില്ലെന്നു പറഞ്ഞു. ആ വാക്കുകൾ എനിക്ക് ഏറെ ആശ്വാസം പകർന്നു. കോൺഗ്രസിലെ പ്രമുഖ നേതാക്കളും അടുത്ത സുഹൃത്തുക്കളും എന്നെ വിളിച്ച് ആശ്വസിപ്പിച്ചു. 27ന് എന്റെ സ്രവം പരിശോധനയ്ക്കായി അയച്ചു. 29ന് നെഗറ്റിവായി. 31ന് എനിക്ക് വീട്ടിൽ പോകാമെന്നു പറഞ്ഞു. മൂന്നു തവണയാണ് എന്റെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്ക് അയച്ചത്. 31ന് വീട്ടിൽ പോകാമെന്ന് അറിയിച്ചിട്ടും, ഏപ്രിൽ 3നാണ് എന്നെ പോകാൻ അനുവദിച്ചത്. ഇതിനു പിന്നിലും ചിലരുടെ രാഷ്ട്രീയക്കളിയുണ്ടായിരുന്നു.
പിണറായി വിജയൻ എന്തു ജാഗ്രത പാലിച്ചു?
ആരൊക്കെയോ പറഞ്ഞ തെറ്റായ വാക്കുകൾ കേട്ട് പിണറായി വിജയൻ രാഷ്ട്രീയം കളിച്ചു. എന്റെ രോഗം മറയാക്കിയാണ് പിണറായി കരുക്കൾ നീക്കിയത്. എനിക്കു ശേഷം കോവിഡ് ബാധിച്ച സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും റൂട്ട് മാപ്പുകൾ പോലും തയാറാക്കിയില്ല. എന്തു കൊണ്ട് ആരോഗ്യ വകുപ്പ് അതിനു മുതിർന്നില്ല? ഇപ്പോഴിതാ മുഖ്യമന്ത്രിക്കു വരെ കോവിഡ് പോസിറ്റിവായില്ലേ? സദാസമയവും കോവിഡിനെക്കുറിച്ചും സാമൂഹിക അകലത്തെക്കുറിച്ചും മാസ്ക് ധരിക്കുന്നതിനെക്കുറിച്ചും വാതോരാതെ പറയുന്ന പിണറായി വിജയൻ, സ്വന്തം കുടുംബാംഗങ്ങൾക്ക് രോഗം വന്നപ്പോൾ എന്തു ജാഗ്രതയാണ് കാട്ടിയത്?
ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അദ്ദേഹം പാലിച്ചോ? മകൾക്കും മരുമകനും രോഗം ബാധിച്ചിട്ടും അദ്ദേഹം എന്തുകൊണ്ട് സാമൂഹിക അകലം പാലിച്ചില്ല? ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം എത്ര തവണ സഞ്ചരിച്ചു? എത്രയെത്ര പാർട്ടി പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തു? ഇതൊക്കെ ജനം കാണുന്നില്ലേ? ഇതാണോ ഒരു ഭരണാധികാരിയുടെ കരുതൽ? മുഖ്യമന്ത്രിയുടെ രോഗം എത്രയും വേഗം ഭേദമാകണേയെന്ന പ്രാർഥന മാത്രമേ എനിക്കുള്ളൂ. എന്നെ അധിക്ഷേപിച്ചതിന്, എന്നെ അപമാനിച്ചതിന് എന്നെ ഒറ്റപ്പെടുത്തിയതിന് എനിക്ക് പിണറായി വിജയനോട് ഒരിക്കലും വിരോധമില്ല. പക്ഷേ, മറുപടി പറയാൻ കാലം ചിലതൊക്കെ കാത്തു വയ്ക്കില്ലേ?
English Summary: Congress Idukki Leader AP Usman Speaks About his Covid Days and Pinarayi's Comments