80 കടക്കും: എൽഡിഎഫ്, 75–80: യുഡിഎഫ്; ഇടത് മുന്നിൽ, തൂക്ക് സഭ വരും: ബിജെപി
മൂന്നു മുന്നണികളുടെയും വിജയ പ്രതീക്ഷകൾ മുന്നണികളെ നയിക്കുന്നവർ പങ്കുവയ്ക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഇതാദ്യമായി ‘ക്രോസ് ഫയറിൽ’ ഒരുമിച്ചെത്തുന്നു... Kerala Assembly Elections Results 2021
മൂന്നു മുന്നണികളുടെയും വിജയ പ്രതീക്ഷകൾ മുന്നണികളെ നയിക്കുന്നവർ പങ്കുവയ്ക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഇതാദ്യമായി ‘ക്രോസ് ഫയറിൽ’ ഒരുമിച്ചെത്തുന്നു... Kerala Assembly Elections Results 2021
മൂന്നു മുന്നണികളുടെയും വിജയ പ്രതീക്ഷകൾ മുന്നണികളെ നയിക്കുന്നവർ പങ്കുവയ്ക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഇതാദ്യമായി ‘ക്രോസ് ഫയറിൽ’ ഒരുമിച്ചെത്തുന്നു... Kerala Assembly Elections Results 2021
കേരളത്തിന്റെ ജനവിധി ബാലറ്റ് യന്ത്രങ്ങളിലായിക്കഴിഞ്ഞു. മേയ് രണ്ടു വരെ നീളുന്ന ആകാംക്ഷാഭരിതമായ കാത്തിരിപ്പാണ് ഇനി. മൂന്നു മുന്നണികളും ഒരേ സമയം പ്രതീക്ഷകളിലും ആശങ്കകളിലുമാണ്. എന്നാൽ ഉത്കണ്ഠകൾ മാറ്റിവച്ച് പ്രത്യാശാഭരിതമായ മനോഭാവം മുന്നോട്ടുവയ്ക്കാനാണ് എൽഡിഎഫും യുഡിഎഫും എൻഡിഎയും ശ്രമിക്കുന്നത്. മൂന്നു മുന്നണികളുടെയും ആ പ്രതീക്ഷകൾ മുന്നണികളെ നയിക്കുന്നവർ പങ്കുവയ്ക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഇതാദ്യമായി ‘ക്രോസ് ഫയറിൽ’ ഒരുമിച്ചെത്തുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് അവർ മുന്നണികളുടെ വിലയിരുത്തൽ തുറന്നു പറയുന്നു...
മുല്ലപ്പള്ളി രാമചന്ദ്രൻ(കെപിസിസി പ്രസിഡന്റ്)
ജനവിധി കാത്തിരിക്കുന്നു. ആത്മവിശ്വാസത്തിലാണോ?
നിശ്ചയമായും.കേരളം യുഡിഎഫിന് അനുകുലമായ ജനവിധി കുറിച്ചു എന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്രയും ആസൂത്രിതവും ചിട്ടയോടും ഉള്ള പ്രചാരണ പ്രവർത്തനം സമീപകാലത്ത് ഉണ്ടായിട്ടില്ല. മനോഹരമായ സ്ഥാനാർഥി പട്ടികയാണ് ഞങ്ങൾ അവതരിപ്പിച്ചത്. പ്രകടന പത്രികയ്ക്ക് കിട്ടിയ സ്വീകാര്യത വലുതായിരുന്നു.പേരിനു വേണ്ടി ഒരു പ്രകടന പ്രത്രിക അവതരിപ്പിക്കുകയല്ല ചെയ്തത്.ഇതെല്ലാം ജനങ്ങൾ വിലമതിക്കും.
എത്ര സീറ്റ് വരെ യുഡിഎഫിന് ലഭിക്കാനിടയുണ്ട്?
75–80 സീറ്റ് നിശ്ചയമായും ലഭിക്കും. വളരെ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഈ പട്ടികയിൽ ഞാൻ പെടുത്തിയിട്ടില്ല. അതിൽ കുറേയിടത്തു ജയിക്കുമ്പോൾ ഇനിയും ഉയരാം.എല്ലായിടത്തുനിന്നും കണക്കുകൾ ലഭിക്കുന്നതേയുള്ളൂ.
ഘടകകക്ഷികളുടെ സംഭാവന എങ്ങനെയായിരിക്കും?
മുസ്‌ലിം ലീഗ് 21–23 സീറ്റ് നേടും.കേരളകോൺഗ്രസിന് ആറു സീറ്റ് വരെ ലഭിക്കാനിടയുണ്ട്. കുറഞ്ഞത് 30 സീറ്റ് ഘടകകക്ഷികൾ നേടുന്ന സാഹചര്യം കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാക്കും.
അതേ സമയം തുടർഭരണം ഉറപ്പാണെന്നാണല്ലോ എൽഡിഎഫും അവകാശപ്പെടുന്നത്?
അവരുടെ കണക്കുകൂട്ടൽ തെറ്റും. ഈ ഭരണം അവസാനിക്കണമെന്ന ആഗ്രഹമാണ് ജനങ്ങളിൽ പ്രകടമായത്. ആഴക്കടൽ കരാറിനെതിരെ തീരദേശ ജനത വിധിയെഴുതും. തീരദേശ ബെൽറ്റിൽ സർക്കാരിനെതിരെയുള്ള രോഷം പ്രകടമാണ്. ഓരോ തൊഴിൽ മേഖലയും പരിശോധിച്ചാൽ സർക്കാരിനോടുള്ള അതൃപ്തി വലുതാണ്. പിആർ പ്രവർത്തനം കൊണ്ട് ചിലപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കും. പക്ഷേ എല്ലാവരെയും എല്ലാക്കാലത്തേക്കും അതു ചെയ്യാൻ സാധിക്കില്ല. സർക്കാരിന്റേത് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫിനു സാധിച്ചു.
ആദ്യഘട്ടത്തിൽ പിറകിലായിരുന്ന യുഡിഎഫ് ഒടുവിൽ മുന്നിലെത്തിയെങ്കിൽ അതിനു കാരണം എന്താണ്?
കോൺഗ്രസിലും യുഡിഎഫിലും ഉണ്ടായിരുന്ന ഐക്യവും ജയിച്ചേ തീരൂവെന്ന വികാരവും വളരെ പ്രധാനമായിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഞാനും ഒരേ മനസ്സോടെ പ്രവർത്തിച്ചു. ആരാധ്യനായ എ.കെ.ആന്റണിയുടെ വാർത്താ സമ്മേളനം മർമഭേദിയായി. തുടർഭരണം വന്നാലുള്ള ആപത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്നറിയിപ്പ് തിരഞ്ഞെടുപ്പിന്റെ അജൻഡതന്നെ സൃഷ്ടിച്ചു. കേരളത്തിലെ ഈ തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ട എല്ലാ പിന്തുണയും എഐസിസിക്കു വേണ്ടി കെ.സി.വേണുഗോപാൽ ഒരുക്കി.
രാഹുൽ–പ്രിയങ്ക പര്യടനങ്ങൾ കേരള ജനത അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന് തെളിവായി മാറി. മറുവശത്ത് ഒടുവിലായപ്പോൾ ഇടതുമുന്നണിക്ക് പ്രചാരണത്തിനു മുന്നിൽ നിർത്താൻ ആളെ പോലും ഇല്ലാത്ത സ്ഥിതിയായിരുന്നു. അതിസാധാരണക്കാരനും ഒരു പക്ഷേ ദരിദ്രരുമായ പുതുമുഖങ്ങൾ നിറഞ്ഞ ഞങ്ങളുടെ സ്ഥാനാർഥി പട്ടികയും സമ്പന്നരെ കുത്തിനിറഞ്ഞ എൽഡിഎഫ് പട്ടികയും രണ്ട് മുന്നണികൾ തമ്മിലെ വ്യത്യാസം ജനമനസ്സുകളിൽ നിറച്ചു. ഇതെല്ലാം യുഡിഎഫിനെ മുന്നിലെത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ ഒരു ട്രെൻഡ് ഉണ്ടെന്ന സിപിഎം പ്രതീക്ഷയെക്കുറിച്ചോ?
യഥാർഥത്തിൽ സിപിഎമ്മിലും ഇടതുപക്ഷത്തും ഉള്ളവർ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ വരരുത് എന്നാണ് ആഗ്രഹിച്ചത്. അഴിമതിയും അഹന്തയും സ്വജനപക്ഷപാതവും താൻപോരിമയും ഇതുപോലെ മുഖമുദ്രയാക്കിയ ഒരു കമ്യൂണിസ്റ്റ് സർക്കാർ കേരളം ഭരിച്ചിട്ടില്ല.
ബിജെപി ഏതെങ്കിലും സീറ്റിൽ ജയിക്കുമോ? മഞ്ചേശ്വരത്ത് അതുണ്ടാകുമെന്ന ആശങ്കയുണ്ടോ?
ഒരു സീറ്റിലും അവർ വിജയിക്കില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ മഞ്ചേശ്വരത്ത് സിപിഎം നിർത്തിയ സ്ഥാനാർഥി എന്നിൽ സംശയം ജനിപ്പിച്ചു. അദ്ദേഹത്തിന്റെ വളരെ അടുത്ത രണ്ടു പേർ ആർഎസ്എസിന്റെ പ്രധാനികളാണ് എന്നത് നേരിട്ടറിയാം. അതുകൊണ്ടാണ് ബിജെപി സ്ഥാനാർഥിയെ തോൽപ്പിക്കാൻ യുഡിഎഫുമായി കൈകോർക്കാൻ തയാറുണ്ടോ എന്നു സിപിഎമ്മിനോട് തുറന്നു ചോദിച്ചത്. ഞാൻ ഉദ്ദേശിച്ച രാഷ്ട്രീയ അർഥം മനസ്സിലാക്കാതെയാണ് പലരും അതിനോടു പ്രതികരിച്ചത്. പക്ഷേ ന്യൂനപക്ഷങ്ങൾക്ക് അതു വ്യക്തമാകും.യുഡിഎഫ് സ്ഥാനാർഥിതന്നെ അവിടെ ജയിക്കുകയും ചെയ്യും.
ബിജെപി കൂടുതലായി നേടുന്ന വോട്ട് യുഡിഎഫിന്റെ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയുണ്ടോ?
ബിജെപി ചിലയിടത്തു മാത്രമാണ് കാര്യമായി പ്രവർത്തിച്ചത്. അതു പല സംശയങ്ങൾക്കു കാരണമാണ്. സിപിഎമ്മിന് തുടർഭരണവും പകരം കുറച്ച് സീറ്റുകളും എന്ന ‘ഡീൽ’ ഡൽഹിയിൽ ഉണ്ടാക്കിയത് എനിക്കു നേരിട്ട് അറിയാം. പക്ഷേ യുഡിഎഫ് അത്തരം കച്ചവടങ്ങളെ അതിജീവിക്കും. കേരളത്തിന്റെ മതേതര മനസ്സ് ഞങ്ങൾക്കൊപ്പം നിൽക്കും.
എ.വിജയരാഘവൻ (എൽഡിഎഫ് കൺവീനർ, സിപിഎം ആക്ടിങ് സെക്രട്ടറി)
വിജയ പ്രതീക്ഷ എൽഡിഎഫ് പുലർത്തുന്നുണ്ട്. എന്നാൽ ആദ്യഘട്ടത്തിലെ അതേ ആത്മവിശ്വാസം ഇപ്പോഴുണ്ടോ?
ആദ്യഘട്ടം മുതൽ അവസാനഘട്ടം വരെ ഒരേ രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. തീർച്ചയായും ആദ്യഘട്ടത്തിൽ നല്ല മുൻതൂക്കം ലഭിച്ചു. യുഡിഎഫിന്റെ സ്ഥാനാർഥികൾ പിന്നീടാണു വന്നത്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു. രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയേതര വിഷയങ്ങൾകൊണ്ട് നേരിടാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണു ചർച്ച ചെയ്യുക.ആ രാഷ്ട്രീയം എൽഡിഎഫിന് അനൂകൂലമായ ജനവിധി സമ്മാനിക്കും.
പാർട്ടിക്ക് കണക്കുകൾ കിട്ടിക്കാണുമല്ലോ. അതേ പടി പുറത്തു പറയില്ല എന്നറിയാം. എന്നാലും അതിൽ നിന്നു പറയാവുന്ന കാര്യങ്ങൾ എന്താണ്?
എൽഡിഎഫിന് വളരെ അനൂകൂലമായ ജനവിധി ഉണ്ടാകുമെന്നാണ് ഞങ്ങൾക്കു ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പാണ്. എല്ലാ സാധ്യതകളും അനൂകൂലമായാൽ ഇന്നോളം ഇല്ലാത്ത ഭൂരിപക്ഷത്തിലേക്ക് സീറ്റുകളുടെ എണ്ണം ഉയരും. തുടർഭരണത്തിനുവേണ്ടിയാണ് ജനങ്ങൾ ഇത്തവണ വോട്ടു ചെയ്തത്.
എൺപത് സീറ്റാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് വാർത്തകൾ പുറത്തു വരുന്നുണ്ടല്ലോ?
അതിൽ കൂടുതലാണ് ഞങ്ങൾ കണക്കാക്കുന്നത്.
ഇതൊക്കെയെങ്കിലും യുഡിഎഫ് വലിയ പ്രതീക്ഷയിലാണല്ലോ. തരംഗം തന്നെയാണെന്നാണ് എ.കെ.ആന്റണിയെപ്പോലെ ഒരു നേതാവ് പറയുന്നത്?
ബഹുമാന്യനായ ആന്റണി കുറേക്കാലമായി ഡൽഹിയിലാണല്ലോ കൂടുതൽ സമയം ചെലവിടുന്നത്. എല്ലാ തിരഞ്ഞെടുപ്പു കാലത്തും ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്താറുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മാറ്റി നിർത്തിയാൽ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നിരന്തരമായ തോൽവികളാണ് സംഭവിക്കുന്നത്. ബിജെപി വോട്ടു കൂടി മറിച്ചു കിട്ടാതെ കേരളത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനു സാധിക്കില്ല എന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം.
അങ്ങനെ ഒരു മറിക്കൽ ബിജെപി നടത്തി എന്ന നിഗമനമുണ്ടോ?
പ്രാദേശികമായി അതു ചെയ്തിട്ടുണ്ട്. പക്ഷേ അതിനെ അതിജീവിക്കാൻ കഴിയുന്ന പിന്തുണ ജനങ്ങൾ എൽഡിഎഫിനു നൽകിയിട്ടുണ്ട്.
ബിജെപി ഏതെങ്കിലും സീറ്റിൽ ജയിക്കുമോ?
ഇല്ല. ഒരു സീറ്റിൽ പോലും ബിജെപി ജയിക്കാൻ പോകുന്നില്ല.
കഴിഞ്ഞ തവണ മൂന്നു ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് ആധിപത്യമുണ്ടായിരുന്നത്. ഇത്തവണ അതിൽനിന്ന് എന്തു വ്യത്യാസമാണ് സംഭവിക്കുക?
യുഡിഎഫിനൊപ്പം നിന്ന മൂന്നു ജില്ലകളിൽ രണ്ടിൽ കൂടി മാറ്റം വരും. കേരള കോൺഗ്രസിന്റെ(എം) എൽഡിഎഫിലേക്കുള്ള വരവ് അതിനു വഴിയൊരുക്കും.
തിരിച്ച് ഏതെങ്കിലും ജില്ലകളിൽ മേൽക്കൈ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടോ?
ഒട്ടുമില്ല. മിക്ക ജില്ലകളിലും പരമാവധി സീറ്റുകൾ 2016 ൽ നേടിയിട്ടുണ്ട്. അവിടെയൊന്നും ഒരു ക്ഷീണവും സംഭവിക്കാനുള്ള ഒരു സാഹചര്യവും നിലവിൽ ഇല്ല.
കെ.സുരേന്ദ്രൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്)
യുഡിഎഫും എൽഡിഎഫും പുലർത്തുന്ന ആത്മവിശ്വാസം കാണുമ്പോൾ എന്തു തോന്നുന്നു?
ആദ്യത്തെ ആത്മവിശ്വാസം വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഇരുകൂട്ടർക്കും ഉണ്ടോ? സെഞ്ചുറി കടക്കുമെന്നു പ്രഖ്യാപിച്ച എൽഡിഎഫ് ഇപ്പോൾ കഷ്ടിച്ചു കടന്നു കൂടും എന്നതിലേക്ക് വന്നു. യുഡിഎഫിനും ഒത്താൽ ഒത്തു എന്നേയുള്ളൂ. യഥാർഥത്തിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ല. തൂക്കുസഭയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ.്
കഴിഞ്ഞ തവണ ഒരു സീറ്റിലാണ് ബിജെപി ജയിച്ചത്.അതിൽ നിന്ന് എത്രത്തോളം മുന്നേറാമെന്നാണ് പ്രതീക്ഷ?
പത്തു സീറ്റിൽ വരെ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. അതിൽ കൂടുതൽ സീറ്റുകളിൽ രണ്ടാം സ്ഥാനത്തു വരും. 15% വോട്ടു വിഹിതം ഇത്തവണ 20 ശതമാനം വരെ ഉയരാം.
മത്സരിച്ച സീറ്റുകളിൽ കോന്നിയിലോ മഞ്ചേശ്വരത്തോ കൂടുതൽ പ്രതീക്ഷ?
രണ്ടിടത്തും എനിക്കു പ്രതീക്ഷയുണ്ട്. നേരത്തെ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചിരുന്നല്ലോ. അതിലും മെച്ചമാണ് കാര്യങ്ങൾ. കഴിഞ്ഞ തവണ 89 വോട്ടിനു മാത്രമാണ് മഞ്ചേശ്വരത്തു പരാജയപ്പെട്ടത്.ഇത്തവണ ബിജെപിക്കെതിരെ യോജിച്ച ചില നീക്കങ്ങൾ മുന്നണികൾ അവിടെ നടത്തിയ കാര്യം പുറത്തു വന്നല്ലോ.
ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും പലയിടത്തും ഒരുമിക്കുന്നു എന്ന ആക്ഷേപം ഉന്നയിക്കാറുണ്ട്. അതേ ആശങ്ക തുടരുകയാണോ?
തീർച്ചയായും. ആ കളി അവർ തുടരുക തന്നെ ചെയ്യുമല്ലോ.
35 സീറ്റ് കിട്ടിയാൽ ബിജെപിക്ക് അധികാരം എന്ന താങ്കളുടെ പ്രസ്താവന വിവാദമായി. ബാക്കി സീറ്റ് കച്ചവടത്തിലൂടെ നേടും എന്ന വെല്ലുവിളി അതിൽ അടങ്ങിയിട്ടില്ലേ?
അതു തെറ്റായ വ്യാഖ്യാനമാണ്. 35 സീറ്റ് ബിജെപിക്കു ലഭിച്ചാൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സീറ്റ് നില ഊഹിക്കാമല്ലോ. ഇപ്പോൾ തന്നെ ആ മുന്നണികളിൽ നേതൃത്വത്തിനെതിരെ കാര്യമായ അതൃപ്തിയുണ്ട്. അതെല്ലാം കൂടുതൽ ശക്തമാകും. പലരും മുന്നണികളിൽ നിന്നു പുറത്തുവരും കേരളത്തിന്റ മുന്നണി ഘടനയിൽ മാറ്റം വരും. അങ്ങനെ സർക്കാർ രൂപീകരണത്തിന് വരെ വഴി തെളിയുമെന്നാണ് ഞാൻ പറഞ്ഞത്.
ന്യൂനപക്ഷ പിന്തുണയില്ലാതെ പക്ഷേ ബിജെപിക്ക് ജയം എളുപ്പമല്ലോ.അതു കിട്ടിയിട്ടുണ്ടോ?
ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ഇത്തവണ കാര്യമായി ലഭിച്ചു.
ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യങ്ങളിൽ എത്രമാത്രം പ്രതീക്ഷ പുലർത്തുന്നു?
അവർ കേരളത്തിനു നൽകുന്ന പരിഗണനയും ഗൗരവവും ഇത്തവണത്തെ പ്രചാരണത്തിൽ പ്രകടമായി.കേരളത്തെ അവർ തഴയുന്നു എന്നെല്ലാം ഉള്ള പ്രചാരണം അസ്ഥാനത്തായില്ലേ? പ്രധാനമന്ത്രിയും അമിത് ഷായും അടക്കമുള്ള നേതാക്കൾ പല വട്ടം വന്നു. ഞങ്ങൾ ആവശ്യപ്പെട്ട എല്ലാവരും തന്നെ എത്തിച്ചേർന്നു. ഒരു കാര്യപരിപാടിയിൽ പോലും മാറ്റം ഉണ്ടായില്ല.
മൂന്നിടത്ത് ബിജെപി നാമനിർദേശ പത്രിക തള്ളിപ്പോയതിനെക്കുറിച്ചോ?
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ബോധപൂർവമായ വീഴ്ച അല്ലെങ്കിലും അക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായി. ഇതെല്ലാം ഒരു വലിയ പാഠമാണ്.
ബിജെപിയുടെ നോട്ടത്തിൽ ആർക്കാണ് കൂടുതൽ സാധ്യത യുഡിഎഫിനോ എൽഡിഎഫിനോ?
ആർക്കും ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ഇല്ല. തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത കൂടുതൽ. ഇരു മുന്നണികളെ താരതമ്യപ്പെടുത്തിയാൽ ഒരു ചെറിയ മുൻതൂക്കം വേണമെങ്കിൽ എൽഡിഎഫിനുണ്ട് എന്നു പറയാം.
English Summary: CrossFire Exclusive Interview With Mullappally Ramachandran, A Vijayaraghavan, K Surendran