ADVERTISEMENT

ന്യൂഡൽഹി∙ ഡീകമ്മിഷൻ ചെയ്ത വിമാനവാഹിനി ഐഎൻഎസ് വിരാട് പൊളിച്ചുമാറ്റുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി നൽകിയ ഹർജി സുപ്രീ കോടതി തള്ളി. ഹർജിക്കാരൻ കോടതിയെ സമീപിച്ചത് വളരെ വൈകിയാണെന്നും കപ്പലിന്റെ 40 ശതമാനത്തോളം ഭാഗം ഇപ്പോൾ തന്നെ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നുമാണ് കോടതി അറിയിച്ചത്. സർക്കാർ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും പൊളിച്ചുമാറ്റുന്നതിൽ കോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

 2017ൽ സേനയിൽനിന്ന് വിരമിച്ച ഐഎൻഎസ് വിരാട് പൊളിച്ചുനീക്കുന്നത് ഫെബ്രുവരിയിൽ കോടതി സ്റ്റേ ചെയ്തിരുന്നു. ഗുജറാത്തിലെ അലാങ് തുറമുഖത്തെ കപ്പൽ പൊളിക്കൽ ശാലയിലാണ് 2020 സെപ്റ്റംബർ മുതൽ ഐഎൻഎസ് വിരാട് ഉള്ളത്. മുംബൈ ആസ്ഥാനമായ കമ്പനിയാണ് കപ്പൽ പൊളിക്കുന്നത്. കമ്പനിയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കപ്പൽ സംരക്ഷിക്കുന്നതിന് ഒരു സ്വകാര്യ ഗ്രൂപ്പ് തയാറാണെന്നും 100 കോടിയോളം രൂപ ഇതിനായി സമർപ്പിച്ചിട്ടുണ്ടെന്നുമാണ് പൊളിക്കുന്നതിന് എതിരായ ഹർജിയിൽ പറഞ്ഞിരുന്നത്. വിമാനവാഹിനിയെ പൊളിച്ചുകളയുന്നതിലും നല്ലത് മ്യൂസിയം ആക്കുന്നതാണ് എന്നായിരുന്നു ഹർജിയിലെ വാദം.

40 ശതമാനത്തോളം പൊളിച്ചുമാറ്റിയെങ്കിലും അതിന്റെ കേടുപാടുകൾ പരിഹരിച്ച് മ്യൂസിയമായി ഉപയോഗിക്കാനാകുമെന്നാണ് ഹർജിക്കാരൻ അറിയിച്ചത്. നൂറ്റാണ്ടുകളോളം രാജ്യത്തെ സേവിച്ച കപ്പൽ പൊളിക്കുന്നത് ഒരു ദേശീയ നഷ്ടമായും അവർ ചൂണ്ടിക്കാട്ടി. നേവൽ മ്യൂസിയവും ബിസിനസ്സ് ഹബ്ബും ഉൾപ്പെടുന്ന പൈതൃക കേന്ദ്രമാക്കി മാറ്റുന്നതിന്റെ വിശദമായ പ്ലാനും കോടിതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഹർജിക്കാരന്റെ മനോഭാവത്തെ അംഗീകരിക്കുന്നെന്നു പറഞ്ഞ കോടതി, ഹർജി സമർപ്പിക്കാൻ വളരെ വൈകിയെന്നും അറിയിച്ചു.

1987ലാണ് ഐഎൻഎസ് വിരാട് ഇന്ത്യൻ നാവിക സേനയിൽ കമ്മിഷൻ ചെയ്തത്. ഡീകമ്മിഷനെത്തുടർന്ന് 38.54 കോടി രൂപയ്ക്കാണ് മുംബൈയിലെ കമ്പനി അതു പൊളിച്ചുമാറ്റാനായി വാങ്ങിയത്. നേരത്തേ, ആന്ധ്രപ്രദേശും മഹാരാഷ്ട്രയും കപ്പൽ മ്യൂസിയമാക്കി മാറ്റാൻ നീക്കം നടത്തിയിരുന്നു. ബ്രിട്ടിഷ് വ്യവസായിയും ഇതേ നീക്കവുമായി വന്നെങ്കിലും നടന്നില്ല.

English Summary :INS Viraat Dismantling To Go On, Supreme Court Says Petitioner Came Late

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com