‘ജലീലിന്റെ വിധി ‘അവർക്കും’ പാഠം; രേഖകൾ എല്ലാം എന്റെ കയ്യിലുണ്ടെന്നു മനസ്സിലായില്ലേ?’
‘ഇതാണോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’– ബന്ധുനിയമനക്കേസിൽ യൂത്ത് ലീഗ് നടത്തുന്ന നിയമയുദ്ധത്തെ പരിഹസിച്ച്...PK Firos, KT Jaleel
‘ഇതാണോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’– ബന്ധുനിയമനക്കേസിൽ യൂത്ത് ലീഗ് നടത്തുന്ന നിയമയുദ്ധത്തെ പരിഹസിച്ച്...PK Firos, KT Jaleel
‘ഇതാണോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’– ബന്ധുനിയമനക്കേസിൽ യൂത്ത് ലീഗ് നടത്തുന്ന നിയമയുദ്ധത്തെ പരിഹസിച്ച്...PK Firos, KT Jaleel
‘ഇതാണോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’– ബന്ധുനിയമനക്കേസിൽ യൂത്ത് ലീഗ് നടത്തുന്ന നിയമയുദ്ധത്തെ പരിഹസിച്ച് 2019 ജൂലൈ 11ന് മന്ത്രി കെ.ടി.ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ച ഈ വാക്കുകൾ രണ്ടുവർഷത്തിനു ശേഷം 2021 ഏപ്രിൽ 13 ചൊവ്വാഴ്ച യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു– ‘അതെ’ എന്ന അടിക്കുറിപ്പോടെ.
അതെ, ബന്ധുനിയമനത്തിനെതിരെ യൂത്ത് ലീഗ് നയിച്ച യുദ്ധത്തിന്റെ പരിസമാപ്തിയായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ രാജി. ആ യുദ്ധം നയിച്ചത് പി.കെ.ഫിറോസും. 2018 നവംബർ രണ്ടിന് പി.കെ.ഫിറോസാണു ജലീലിനെതിരെയുള്ള ആ ബോംബിന് തിരികൊളുത്തിയത്.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ നിയമിക്കാൻ ചട്ടം മറികടന്നു മന്ത്രി ഇടപെട്ടെന്നും ഇതിനായി വിദ്യാഭ്യാസ യോഗ്യതകളിൽ മാറ്റം വരുത്തിയെന്നുമായിരുന്നു ആരോപണം. രണ്ടര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ജലീൽ രാജിവച്ചൊഴിയുമ്പോൾ അത് ഫിറോസ് നടത്തിയ നിയമയുദ്ധങ്ങളുടെ കൂടി വിജയമാണ്. പി.കെ.ഫിറോസ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
രണ്ടരവർഷം യൂത്ത് ലീഗ് നടത്തി രാഷ്ട്രീയ, നിയമ പോരാട്ടത്തിനൊടുവിലാണ് മന്ത്രിയുടെ രാജി. എന്തു തോന്നുന്നു?
സത്യം ആണെന്ന് ഉറപ്പുള്ള ഒരു കാര്യത്തിനു വേണ്ടി ഉറച്ചു നിന്നാൽ കാലതാമസമെടുത്തായാലും വിജയം ഉണ്ടാവും എന്നുറപ്പായി. സ്വജനപക്ഷപാതവും ബന്ധുനിയമനവും നടത്തും മുൻപ് മന്ത്രിമാർ ഇനി രണ്ടു വട്ടം ആലോചിക്കും. ജലീലിനെതിരായ ലോകായുക്ത വിധി അവർക്കുള്ള പാഠമാണ്.
രാഷ്ട്രീയധാർമികതയുടെ പേരിലാണു രാജി എന്നാണ് മന്ത്രി പറയുന്നത്?
രാഷ്ട്രീയ ധാർമികതയുടെ പേരിലല്ല, ലോകായുക്ത വിധിയുടെ പേരിലാണ് കെ.ടി.ജലീൽ രാജിവച്ചത്. ധാർമികതയുടെ പേരിലാണെങ്കിൽ 2018 നവംബർ രണ്ടിന് യൂത്ത് ലീഗ് ഈ ആരോപണം ഉന്നയിച്ച അന്നു തന്നെ മന്ത്രി രാജി വയ്ക്കണമായിരുന്നു. അല്ലെങ്കിൽ അനധികൃത നിയമനം നേടിയ ബന്ധു കെ.ടി.അദീബ് രാജിവച്ച അന്നെങ്കിലും മന്ത്രിയും രാജിവയ്ക്കാൻ തയാറാകണമായിരുന്നു. ലോകായുക്ത വിധിക്ക് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിൽ രാജിവച്ചപ്പോഴും നുണ പറയാനാണു മന്ത്രി ശ്രമിക്കുന്നത്.
ഫിറോസിന്റെ ആരോപണത്തിലൂടെയാണു ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ബന്ധുനിയമനം ജനമറിഞ്ഞത്. എന്തായിരുന്നു ഇതിന്റെ തുടക്കം?
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ ഉള്ളിൽ നിന്നു തന്നെയാണ് ഈ ബന്ധുനിയമനത്തിന്റെ വിശദാംശങ്ങൾ എനിക്കു ലഭിച്ചത്. വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ പരാമവധി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി എന്നായിരുന്നു ജലീലിന്റെ മറുപടി. തുടർന്ന് ഓരോ ദിവസങ്ങളിലായി ഓരോ രേഖകൾ പുറത്തുവിട്ടു. വിദ്യാഭ്യാസ യോഗ്യത തിരുത്താനുള്ള ജലീലിന്റെ കത്ത്, ഇതിന് മുഖ്യമന്ത്രി അനുമതി നൽകിയത്, ശമ്പളം കൂട്ടിച്ചോദിച്ചുകൊണ്ടുള്ള അദീബിന്റെ കത്ത് എന്നിവയെല്ലാം പുറത്തുവിട്ടു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ശമ്പളമാണ് അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്ന ലഭിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ അടുത്ത ന്യായം. ഇതും വിവരാവകാശ രേഖകളിലൂടെ പൊളിച്ചു.
ഈ ആരോപണമുന്നയിച്ചതിന്റെ പേരിൽ ഫിറോസ് അധിക്ഷേപങ്ങൾക്കിരയായി, പൊലീസ് കേസ് ഉൾപ്പെടെ വന്നു?
എല്ലാ ആരോപണങ്ങൾക്കും പരിഹാസമായിരുന്നു മന്ത്രിയുടെ മറുപടി. സൈബർ സഖാക്കൾ ഇത് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു എനിക്കെതിരെ. ‘ ആ രേഖ എന്റെ കയ്യിലുണ്ട്’ എന്ന മട്ടിലുള്ള ട്രോളുകളായിരുന്നു കൂടുതൽ . എല്ലാ രേഖകളും ഫിറോസിന്റെ കയ്യിലുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും. ഞാൻ മന്ത്രിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ചെന്നാരോപിച്ച് ജയിംസ് മാത്യു എംഎൽഎ മുഖ്യമന്ത്രിക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊലീസ് എനിക്കെതിരെ കേസെടുത്തു. ഈ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്നറിയില്ല.
പക്ഷേ ജലീലിനെതിരെ വിജിലൻസ് കേസെടുക്കണമെന്നാവശ്യപ്പെട്ടു ഫിറോസ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കേണ്ടി വന്നു?
അഴിമതി നിയമന നിരോധനത്തിലെ പുതിയ ഭേദഗതി അനുസരിച്ച് പൊതുപ്രവർത്തകർക്കെതിരെ അഴിമതിക്കേസെടുക്കണമെങ്കിൽ നിയമന അധികാരിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. മന്ത്രിക്കെതിരെ കേസെടുക്കാൻ സർക്കാരും ഗവർണറുമാണ് അനുമതി നൽകേണ്ടത്. ഈ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇതാണ് ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചത്. ഉചിതമായ മറ്റു ഫോറങ്ങളെ സമീപിക്കുമെന്ന് അറിയിച്ചാണ് 2019 ജൂലൈ 11ന് ഹർജി പിൻവലിച്ചത്. നവംബർ അഞ്ചിന് ലോകായുക്തയിൽ ഹർജി നൽകി. അന്നു ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചപ്പോഴാണ്. ‘ഇതാണോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്നു കെ.ടി.ജലീൽ ഫെയ്സ്ബുക്കിൽ പരിഹസിച്ചത്. ഇപ്പോൾ ലോകായുക്ത വിധിയിൽ മന്ത്രി രാജിവച്ചപ്പോൾ അതിനൊരു മറുപടി കൊടുത്തുവെന്നേയുള്ളു
ലോകായുക്തയിൽ പരാതി നൽകിയതു പക്ഷേ ഫിറോസല്ലായിരുന്നു?
അഴിമതിയല്ല, സ്വജനപക്ഷപാതം ആരോപിച്ചാണു ലോകായുക്തയിൽ പരാതി നൽകിയത്. കെ.ടി.ജലീലിന്റെ മണ്ഡലത്തിലെ വോട്ടറായ ഒരാൾ പരാതി നൽകുന്നതാണ് ഉചിതമെന്നായിരുന്നു നിയമോപദേശം. അങ്ങനെയാണ് തവനൂർ മണ്ഡലത്തിലെ താമസക്കാരനായ യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.എം.ഷാഫി പരാതി നൽകിയത്.
വോട്ടെടുപ്പിനു ശേഷം മാത്രം ലോകായുക്തയുടെ വിധി വന്നതിൽ അസ്വാഭാവികത തോന്നുന്നുണ്ടോ?
വിധി പരമാവധി വൈകിപ്പിക്കാൻ വേണ്ടി സർക്കാർ ശ്രമിച്ചിരുന്നു. രേഖകൾ ഹാജരാക്കുന്നതിന് കാലതാമസമുണ്ടായി. ഞങ്ങൾക്ക് വിവരാവകാശം വഴി ലഭിച്ച രേഖകൾ ലോകായുക്തയിൽ നൽകിയിരുന്നെങ്കിലും അതിന്റെ ഒറിജിനൽ ഫയലുകൾ ലോകായുക്ത സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം സർക്കാർ താമസിപ്പിക്കാൻ കഴിയുന്നിടത്തോളം താമസിപ്പിച്ചു. ഒടുവിൽ തിരഞ്ഞെടുപ്പിന് മുൻപ് വിധി പറയരുതെന്ന് സർക്കാർ അഭിഭാഷകൻ ലോകായുക്തയോട് ആവശ്യപ്പെട്ടു.
ഈ വിധി പ്രതീക്ഷിച്ചിരുന്നോ?
തീർച്ചയായും. കേസിന്റെ മെറിറ്റിലേക്ക് പോയാൽ ഏതു കോടതിയും ഈ വിധി പറയും. നഗ്നമായ ചട്ടലംഘനവും സ്വജനപക്ഷപാതവുമാണ് അദീബിന്റെ നിയമനത്തിൽ നടന്നത്.
കെ.ടി.ജലീലിനെതിരെ ഓരോ ആരോപണം ഉയരുമ്പോഴും അദ്ദേഹവും സിപിഎമ്മും പറയുന്ന ഒരു കാര്യം– 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്തു പി.കെ.കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചതിന്റെ പകയാണ് ലീഗിന് എന്നാണ്?
കെ.ടി.ജലീലിനോട് മുസ്‌ലിം ലീഗിന് ഒരു പകയും ഇല്ല. അദ്ദേഹം പാർട്ടിവിട്ടു മറുചേരിയിൽ എത്തിയിട്ടും ലീഗിന്റെ കോട്ടയായ മലപ്പുറത്ത് അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഒരു ആക്രമണം ഉണ്ടായോ? മലപ്പുറത്തെ രാഷ്ട്രീയ ശൈലി അതല്ല. 2017 ൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഗൃഹപ്രവേശനത്തിന് കെ.ടി.ജലീലിനെയും ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നപ്പോൾ ഒപ്പംനിന്നു സെൽഫിയെടുക്കാൻ ലീഗ് പ്രവർത്തകരുടെ മത്സരമായിരുന്നു. അത് പക കൊണ്ടാണോ. ജലീൽ പാണക്കാട് കുടുംബത്തിനെതിരെ സംസാരിച്ചെങ്കിലും പാണക്കാട് കുടുംബം അദ്ദേഹത്തോട് സൗഹാർദപരവും സൗമ്യവുമായ സമീപനമാണ് സ്വീകരിച്ചത്. 2018ൽ ബന്ധുനിയമന ആരോപണം ഉന്നയിക്കുമ്പോൾ 12 വർഷം മുൻപ് തിരഞ്ഞെടുപ്പിൽ തോൽപിച്ചതിന്റെ പകയാണ് എന്നാണ് പറയുന്നത്. ജലീലിനോടുള്ള പക തീർക്കാൻ യൂത്ത് ലീഗാണോ കെ.ടി.അദീബിനെ നിയമിച്ചത്?
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിആയിരുന്ന കെ.ടി.ജലീലും യൂത്ത് ലീഗിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി പി.കെ.ഫിറോസും തമ്മിലുള്ള അടുപ്പം എങ്ങനെയാണ്?
കെ.ടി.ജലീൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ഞാൻ എംഎസ്എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹിയാണ്. യൂത്ത് ലീഗിന്റെ സംസ്ഥാന സമിതിയിലും ഉണ്ടായിരുന്നതിനാൽ ജലീലുമായി പരിചയവും അടുപ്പവും ഉണ്ട്. ചില പൊതുപരിപാടികളിൽ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. 2017 ൽ ഞാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയപ്പോൾ അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. വ്യക്തിപരമായി അദ്ദേഹവുമായി എനിക്ക് പ്രശ്നങ്ങളില്ല. ഇത് വ്യക്തിപരമായ പോരാട്ടമല്ലല്ലോ.
English Summary: Interview with Youth League State Leader PK Firos