ADVERTISEMENT

കൊച്ചി∙ കുമ്പളത്ത് റിസോർട്ടിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോർജ് തോമസ് (33) മലേഷ്യയിൽ തട്ടിപ്പിന് ഇരയാക്കിയത് 17 യുവതികളെ. യുഎഇയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി റോഷ്നി എന്ന യുവതിയിൽനിന്ന് വൻ തുക തട്ടിയെടുത്തെന്നും വെളിപ്പെടുത്തൽ. ഈ കേസിൽ ചെങ്ങന്നൂർ കോടതിയിൽനിന്ന് തനിക്ക് അനുകൂല വിധിയുണ്ടായതിനെ തുടർന്ന് ടിജു ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണെന്നും റോഷ്നി മനോരമ ഓൺലൈനോടു പറഞ്ഞു. വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട 17 പെൺകുട്ടികളിൽ നിന്നായി പത്തു കോടിയോളം തട്ടിയെടുത്തെന്നായിരുന്നു മലേഷ്യയിലെ കേസ്. അവിടെ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ടിജുവിനെ കേരളത്തിലേക്കു നാടുകടത്തുകയായിരുന്നെന്നും റോഷ്നി പറയുന്നു. 

‘2012 ൽ ഡിസംബറിൽ യുഎഇയിൽ ജോലി ചെയ്യുമ്പോഴാണ് മസ്കറ്റിൽ ജോലിയുള്ള ടിജു ജോർജ് തോമസ് വിവാഹ വെബ്സൈറ്റിൽ കണ്ട് ആലോചനയുമായി എത്തുന്നത്. ഞാൻ വിവാഹമോചിതയായിരുന്നതിനാൽ അവിവാഹിതനായ ഒരാളുമായി ബന്ധം താൽപര്യമില്ലെന്നു പറഞ്ഞു. എന്നാൽ താനും വിവാഹിതനാണെന്നും ഭാര്യ ഉപേക്ഷിച്ചു പോയതാണെന്നു നുണ പറഞ്ഞു വിശ്വസിപ്പിച്ചു. ഭാര്യ ഉപേക്ഷിച്ച സങ്കടത്തിൽ ആത്മഹത്യാ ശ്രമം നടത്തിയതിന്റെ തെളിവായി കയ്യിലെ മുറിവുകളും കാണിച്ചു. വീട്ടുകാർ ഇടപെട്ടായിരുന്നു പിന്നീട് ആലോചനയും ചടങ്ങുകളും. അപ്പോഴാണ് യുഎസിൽ പോകുന്നതു കൂടി ലക്ഷ്യമിട്ട് ഞാൻ നാട്ടിലെ സ്ഥലം വിറ്റത്. ഈ സമയം ടിജുവും പിതാവും മസ്കറ്റിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തി കേസിൽപെട്ട് ജയിലിലാകുന്ന സാഹചര്യമുണ്ടായി. മറ്റൊരാൾ പണം അപഹരിച്ചതാണെന്നും നാട്ടിൽ പോകണമെങ്കിൽ അവിടെ പണം കെട്ടിവയ്ക്കണമെന്നും പറഞ്ഞാണ് ടിജു ആദ്യം പണം വാങ്ങിയത്. അതിനിടെ ഞാൻ നാട്ടിലെത്തി വിവാഹ ഒരുക്കങ്ങൾ നടത്തി. ഈ സമയം അവർ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ നൽകി. 

ഇതിനിടെയാണ് നാട്ടിലെ ഒരാൾ ടിജുവിന്റെ തട്ടിപ്പിനെക്കുറിച്ചും പത്താം ക്ലാസ് മുതൽ പെൺകുട്ടികളെ പറ്റിച്ചതിനെക്കുറിച്ചും പറയുന്നത്. അന്വേഷിച്ചപ്പോൾ ശരിയാണെന്നു മനസ്സിലായി. ഇതോടെ കേസു കൊടുക്കുമെന്നു പറഞ്ഞു. ഇതോടെ ടിജു മസ്ക്കറ്റിൽനിന്ന് മുങ്ങി നാട്ടിലെത്തി അമ്മയെ കണ്ടു. ഇതിനിടെ ഞാൻ നാട്ടിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഇത്രയുമായപ്പോൾ ടിജു ഒത്തുതീർപ്പിനു ശ്രമിച്ചു. തമിഴ്നാട്ടിൽ സ്ഥലമുണ്ടെന്നും അതു വിറ്റാൽ ഉടൻ പണം  നൽകാെമന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അക്കാലത്ത് തിരുവനന്തപുരത്തുള്ള ഒരാളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ടിജു അവർക്കൊപ്പം താമസിക്കുന്നതായും അറിഞ്ഞു. അതിനിടെ അവൻ വീണ്ടും ദുബായിലെത്തി. തുടർന്ന് ഞാൻ അബുദാബി പൊലീസിൽ പരാതികൊടുത്തതോടെ പണം തിരിച്ചു നൽകാമെന്ന് കരാറെഴുതി നൽകി. ഈ സമയം ടിജുവിന്റെ തട്ടിപ്പുകളെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. 

ദുബായിൽ കേസായതോടെ ടിജു ഒരു വക്കീലിന്റെ സഹായത്തോടെ ഖത്തർ വഴി നാട്ടിലെത്തി. മറ്റൊരു പെൺകുട്ടിക്കു വിവാഹവാഗ്ദാനം നൽകി അവർക്കൊപ്പം താമസിച്ചു. അനാഥരെയോ അമ്മയില്ലാത്തവരെയോ ഒക്കെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കുക. കേരളത്തിൽ കേസ് വന്നതോടെ പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇട്ടു. അപ്പോഴാണ് ഒരു പെൺകുട്ടിയുടെ സഹായത്തോടെ മലേഷ്യയിലെത്തിയത്. അവിടെയും തട്ടിപ്പു തുടരുകയായിരുന്നു. തമിഴ്മാട്രിമൊണി വഴി ഒരു അനാഥയടക്കം 17 പെൺകുട്ടികളെ പറ്റിച്ചു. അവരോട് ടിയാൻ ജോർജ് തോമസ് എന്നാണ് പേരു പറഞ്ഞിരുന്നത്. അതിലൊരു കുട്ടി സംശയം തോന്നി ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ ടിജുവിന്റെ തട്ടിപ്പിനെതിരെ ഞാനിട്ട പോസ്റ്റ് കണ്ട് ബന്ധപ്പെടുകയായിരുന്നു.

ടിജുവിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ കയറി മുഴുവൻ സുഹൃത്തുക്കളുടെയും വിവരങ്ങളെടുത്ത് ഗൂഗിളിന്റെ സഹായത്തോടെ ക്ലോസ് കോണ്ടാക്ടുകൾ കണ്ടെത്തി അവരുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് മലേഷ്യയിൽ തട്ടിപ്പിനിരയായ പെൺകുട്ടികളെ കണ്ടെത്തിയത്. അവരിൽ പലരും ലൈംഗിക പീഡനത്തിനും ഇരയായിരുന്നു. അവരെക്കൊണ്ട് മലേഷ്യൻ എംബസിയിലും മറ്റും കേസ് കൊടുപ്പിച്ചതോടെ അറസ്റ്റുണ്ടായി. നാട്ടിലുള്ള കേസിന്റെ വിവരങ്ങളെല്ലാം കൈമാറി. മൂന്നു മാസം അവിടെ ജയിലിൽ കിടന്നു. ഇതിനിടെ കേരള പൊലീസ് ചെങ്ങന്നൂരിലെ കേസിന്റെ പേരിൽ അവിടെനിന്ന് നാടുകടത്തി കേരളത്തിലെത്തിച്ചു. ഇവിടെ ജയിലിലായെങ്കിലും ജാമ്യത്തിലിറങ്ങി. ചെങ്ങന്നൂർ പൊലീസിന്റെ ഇടപെടലാണ് ടിജുവിനെ കേരളത്തിലെത്തിച്ച് ജയിലിലാക്കുന്നതിന് വഴിയൊരുക്കിയത്. ഇതിനിടെ, എനിക്കു പണം തിരിച്ചുതരണമെന്ന്  ചെങ്ങന്നൂർ കോടതി വിധിക്കുകയും ചെയ്തു. 

അതിനു ശേഷം 2015 ൽ വിളിച്ച് 12 ലക്ഷം രൂപ തരാമെന്നും കേസ് ഒത്തുതീർപ്പാക്കണമെന്നും പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ടിജുവിന്റെ പിതാവിനെ കേസിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ പിതാവ് നേരിട്ട് ഇടപെട്ടിട്ടുള്ളതിനാൽ ഒഴിവാക്കാനാവില്ലെന്നാണ് കോടതിയിൽ അറിയിച്ചിട്ടുള്ളത്.’ – റോഷ്നി പറയുന്നു.

 

Content Highlights: Marriage fraud in Kochi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com