‘വിവരം നൽകും’ കമ്മിഷൻ; നേരിട്ട് വിവരം ചോദിച്ചാൽ വിവരമറിയില്ലാ മറുപടി
വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ സംസ്ഥാനത്താകെ ആ നിയമം കർശനമായി നടപ്പാക്കുന്നു എന്നുറപ്പാക്കേണ്ട കമ്മിഷനിൽ നിന്നു ലഭിച്ച മറുപടി ഇങ്ങനെ; ‘വിവരം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല!’ state information commission, right to information
വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ സംസ്ഥാനത്താകെ ആ നിയമം കർശനമായി നടപ്പാക്കുന്നു എന്നുറപ്പാക്കേണ്ട കമ്മിഷനിൽ നിന്നു ലഭിച്ച മറുപടി ഇങ്ങനെ; ‘വിവരം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല!’ state information commission, right to information
വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ സംസ്ഥാനത്താകെ ആ നിയമം കർശനമായി നടപ്പാക്കുന്നു എന്നുറപ്പാക്കേണ്ട കമ്മിഷനിൽ നിന്നു ലഭിച്ച മറുപടി ഇങ്ങനെ; ‘വിവരം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല!’ state information commission, right to information
തിരുവനന്തപുരം∙ ‘സംസ്ഥാന വിവരാവകാശ കമ്മിഷനിൽ കഴിഞ്ഞ വർഷം ലഭിച്ച അപ്പീലുകളിൽ എത്രയെണ്ണം തീർപ്പാക്കി?’ വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ സംസ്ഥാനത്താകെ ആ നിയമം കർശനമായി നടപ്പാക്കുന്നു എന്നുറപ്പാക്കേണ്ട കമ്മിഷനിൽ നിന്നു ലഭിച്ച മറുപടി ഇങ്ങനെ; ‘വിവരം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല!’
വ്യക്തതയില്ലാത്ത മറുപടിക്കെതിരെ അപ്പീൽ നൽകിയപ്പോൾ ലഭിച്ചത് അതിലും വിചിത്രമായ മറുപടി. ‘താങ്കൾ ആവശ്യപ്പെട്ട പ്രകാരമുള്ള കണക്കെടുക്കണമെങ്കിൽ കമ്മിഷനിലെ അഞ്ച് അസിസ്റ്റന്റുമാർ ദൈനംദിന ജോലി നിർത്തിവച്ച് വിവരങ്ങൾ ക്രോഡീകരിക്കേണ്ടി വരും. ഇതു കമ്മിഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ വ്യതിചലിപ്പിക്കുകയും അതുമൂലം പൊതുജനങ്ങൾക്കു നൽകുന്ന സേവനത്തിൽ കാലതാമസം വരികയും ചെയ്യും. ഉചിതമായ സമയത്ത് മുൻകൂട്ടി അറിയിച്ച് താങ്കൾക്ക് കമ്മിഷനിലെത്തി വിവരങ്ങൾ കൈപ്പറ്റാം’
‘കുറുന്തോട്ടിക്ക് വാതം’ എന്ന മട്ടിലുള്ള കമ്മിഷൻ നിലപാടിനെതിരെ വിവരാവകാശ കമ്മിഷനു തന്നെ വീണ്ടും അപ്പീൽ നൽകിയിരിക്കുകയാണ് വിവരങ്ങൾ ആരാഞ്ഞ തിരുവനന്തപുരം സ്വദേശിയായ മുൻകാല പത്രപ്രവർത്തകൻ കെ.പി.ചിത്രഭാനു.
ജീവനക്കാരുടെ ദൗർലഭ്യവും ജോലി ഭാര കൂടുതലും അപേക്ഷകൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിഷേധിക്കാനുളള മതിയായ കാരണങ്ങൾ അല്ലെന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് നിലനിൽക്കെയാണ് ഇതേ കാരണം ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മിഷൻ അടിസ്ഥാന വിവരം നിഷേധിക്കുന്നത്.
കഴിഞ്ഞ വർഷം 1888 അപ്പീലാണു ലഭിച്ചതെന്ന് കമ്മിഷൻ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിൽ എത്രയെണ്ണം തീർപ്പാക്കി എന്ന കാര്യം കണ്ടെത്താനാണ് വലിയ അധ്വാനം വേണമെന്ന് കമ്മിഷൻ വാദിക്കുന്നത്.
1888 അപ്പീൽ; ചെലവ് 4.07 കോടി
കഴിഞ്ഞ വർഷം എത്ര അപ്പീൽ തീർപ്പാക്കി എന്ന പ്രാഥമിക വിവരം പോലും ജീവനക്കാരുടെ ജോലി ഭാരം പറഞ്ഞ് നൽകാൻ തയാറാവാത്ത സംസ്ഥാന വിവരാവകാശ കമ്മിഷൻ ഓഫിസിൽ ജോലി ചെയ്യുന്നത് 59 ജീവനക്കാർ. ഇതിൽ 40 പേരും താൽക്കാലികക്കാർ. സ്ഥിരമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര നിയമനം ഒഴിവാക്കി താൽക്കാലികക്കാരെ നിയമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ഇവിടെ മൂന്നിൽ രണ്ടു ജീവനക്കാരും താൽക്കാലികക്കാരായി തുടരുന്നത്.
താൽകാലിക ജീവനക്കാരിൽ 14 ഓഫിസ് അറ്റന്റർമാരും ഒൻപതു കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരും എട്ടു ഡ്രൈവർമാരും നാലു കാഷ്വൽ സ്വീപ്പർമാരും അഞ്ചു സെക്യൂരിറ്റി ഗാർഡുമാരും ഉൾപ്പെടുന്നു. ആറു വീതം അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാർ സ്ഥിരം ജീവനക്കാരായുമുണ്ട്. ആകെ 21 അസിസ്റ്റന്റുമാർ ജോലി ചെയ്യുന്ന ഓഫിസിലാണ് 1888 അപേക്ഷകളിൽ എത്രയെണ്ണം തീർപ്പാക്കിയെന്ന് കണ്ടെത്താൻ അഞ്ച് അസിസ്റ്റന്റുമാരുടെ ദൈനംദിന ജോലി മുടക്കേണ്ടി വരുമെന്ന ന്യായം കമ്മിഷൻ നിരത്തുന്നത്.
ആകെയുള്ള 59 ജീവനക്കാർക്കായി കഴിഞ്ഞ വർഷം ശമ്പളമായും അലവൻസായും നൽകിയത് 2.24 കോടി രൂപയാണെങ്കിൽ മുഖ്യ വിവരാവകാശ കമ്മിഷണർക്കും അഞ്ച് വിവരാവകാശ കമ്മിഷണർമാർക്കുമായി നൽകിയത് 1.77 കോടിയോളം രൂപ. സംസ്ഥാന ചീഫ് സെക്രട്ടറിയായി അടുത്തിടെ വിരമിച്ച ഡോ.ബിശ്വാസ് മേത്തയാണ് പുതിയ മുഖ്യ വിവരാവകാശ കമ്മിഷണർ.
1888 അപേക്ഷ ലഭിച്ച വർഷം കമ്മിഷനായുള്ള ആകെ ചെലവ് 4.07 കോടി രൂപ. എത്ര അപ്പീലുകൾ തീർപ്പാക്കി എന്ന കാര്യത്തിൽ ഉത്തരമില്ലെങ്കിലും തീർപ്പാക്കിയതിലൂടെ 1.3 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി കെ.പി.ചിത്രഭാനുവിനു നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: State Information Commission delays information on its performance