കോവിഡ് കരുതലും ജാഗ്രതയും മുഖ്യമന്ത്രിക്കും ബാധകം: വിമർശനവുമായി വി.മുരളീധരൻ
Mail This Article
ന്യൂഡല്‍ഹി∙ കോവിഡ് കരുതലും ജാഗ്രതയും മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമങ്ങളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വി.മുരളീധരന്റെ പരാമർശം.
കുറിപ്പിന്റെ പൂർണരൂപം:
കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽനിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നത്. ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കോവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയിൽനിന്നുള്ള മടക്കവും ആഘോഷമാക്കി.
കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്.
English Summary: V Muraleedharan against CM Pinarayi Vijayan