പഠിച്ചു പോരാടിയ, തടവറ പഠനമുറിയാക്കിയ ഡോ. ശിവദാസൻ ഇനി രാജ്യസഭയിലേക്ക്...
കണ്ണൂർ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ ശിവദാസൻ ഡോക്ടറേറ്റ് കമ്മിറ്റിക്കു മുന്നിൽ സിനോപ്സിസിസ് അവതരിപ്പിക്കാൻ ഹാജരായത് പൊലീസ് അകമ്പടിയോടെയായിരുന്നു. സ്വാശ്രയ കോളജുകൾക്ക് എതിരായ സമരത്തിന്റെ ഭാഗമായി മന്ത്രി പി.ശങ്കരനെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ... Dr. V Sivadasan . Rajya Sabha . SFI
കണ്ണൂർ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ ശിവദാസൻ ഡോക്ടറേറ്റ് കമ്മിറ്റിക്കു മുന്നിൽ സിനോപ്സിസിസ് അവതരിപ്പിക്കാൻ ഹാജരായത് പൊലീസ് അകമ്പടിയോടെയായിരുന്നു. സ്വാശ്രയ കോളജുകൾക്ക് എതിരായ സമരത്തിന്റെ ഭാഗമായി മന്ത്രി പി.ശങ്കരനെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ... Dr. V Sivadasan . Rajya Sabha . SFI
കണ്ണൂർ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ ശിവദാസൻ ഡോക്ടറേറ്റ് കമ്മിറ്റിക്കു മുന്നിൽ സിനോപ്സിസിസ് അവതരിപ്പിക്കാൻ ഹാജരായത് പൊലീസ് അകമ്പടിയോടെയായിരുന്നു. സ്വാശ്രയ കോളജുകൾക്ക് എതിരായ സമരത്തിന്റെ ഭാഗമായി മന്ത്രി പി.ശങ്കരനെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ... Dr. V Sivadasan . Rajya Sabha . SFI
പഠിക്കുക പോരാടുക എന്നതാണ് എസ്എഫ്ഐയുടെ മുദ്രാവാക്യം. കടന്നുവന്ന വഴികളിൽ ആ മുദ്രാവാക്യം പ്രാവർത്തികമാക്കിയ നേതാവാണ് രാജ്യസഭയിലേക്ക് സിപിഎം പരിഗണിച്ച ഡോ.വി.ശിവദാസൻ. പഠനത്തിലും നേതൃനിരയിലും ശോഭിച്ച അപൂർവം നേതാക്കളിൽ ഒരാൾ. കശുവണ്ടി പെറുക്കാൻ പോയും സ്പെയർ പാർട്സ് കടയിൽ ജോലിക്കു നിന്നും പഠിക്കാൻ പണം കണ്ടെത്തിയ വിദ്യാർഥി. തടവറ പഠനമുറിയാക്കിയ പോരാളി. പോർമുഖങ്ങളിലും പാഠ്യപ്രവർത്തനത്തിലും ഒരു പോലെ ജ്വലിച്ചു നിന്ന ശിവദാസൻ ഡോക്ടറേറ്റ് നേടിയാണ് പഠന രംഗത്തോടു വിട പറഞ്ഞത്. അപ്പോഴേക്കും എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് പദവിയിലെത്തിയിരുന്നു അദ്ദേഹം. പിന്നീട് സിപിഎം സംസ്ഥാന സമിതിയിൽ അംഗമായി. കെഎസ്ഇ ബോർഡ് ഡയറക്ടറുമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ്‍ കേന്ദ്രീകരിച്ചും പ്രവർത്തിച്ചു. ശിവദാസന്റെ ഓരോ നേട്ടവും അമ്മ വെള്ളുവ മാധവിയുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ്. ശിവദാസനെ കുറിച്ച് കൂടുതൽ അറിയാം...
താടിയും അൽപം കഷണ്ടിയും ചുണ്ടിൽ എപ്പോഴും വിടരുന്ന ചെറുചിരിയുമായി മാത്രമേ അധികം പേരും വി. ശിവദാസൻ എന്ന സൗമ്യനായ ചെറുപ്പക്കാരനെ കണ്ടിട്ടുള്ളൂ. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചു വളർന്ന ശിവദാസൻ അതേ അടിത്തറയിലാണ് ഇപ്പോഴും നിൽക്കുന്നത്. കണ്ണൂർ ജില്ലയിലെ പേരാവൂർ മുഴക്കുന്ന് വിളക്കോട് പാറക്കണ്ടത്തിൽ നാരായണൻ നമ്പ്യാരുടെയും വെള്ളുവ മാധവിയുടെയും മകനാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വത്സന്റെ മകൾ അഞ്ചരക്കണ്ടി ഹൈസ്‌കൂൾ അധ്യാപിക ഷഹന വൽസനാണ് ഭാര്യ. മകൻ - സിത്തോവ്, 11 മാസം പ്രായമുള്ള മകൾ കൂടിയുണ്ട്.
രാഷ്‌ട്രീയത്തിലേക്കുള്ള വരവ്
അമ്മാവന്മാർ ബിജെപിക്കാരായിരുന്നുവെങ്കിലും ഓർമവച്ചപ്പോൾ മുതൽ ഇടതുചേർന്നാണു ശിവദാസന്റെ യാത്ര. ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി തുടങ്ങി. കണ്ണൂർ പാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി. ദരിദ്രരുടെ മക്കൾ പഠിക്കുന്ന സ്‌കൂളിലെ പ്രത്യേക സാഹചര്യമാണു സംഘടനാപ്രവർത്തനത്തെ ഗൗരവമായെടുക്കാൻ ശിവദാസനെ പ്രേരിപ്പിച്ചത്. പഠിക്കാൻ മികവുണ്ടായിട്ടും കുടുംബത്തിലെ ദാരിദ്ര്യം കൊണ്ടു സഹപാഠികൾ പലരും പഠനം ഉപേക്ഷിച്ചു തൊഴിൽ തേടിപ്പോയി. ശിവദാസന്റെ ജീവിത സാഹചര്യവും വ്യത്യസ്‌തമായിരുന്നില്ല. എന്നിട്ടും അമ്മ കൂലിപ്പണി ചെയ്ത് ശിവദാസന്റെ പഠനത്തിനും നിത്യജീവിത ചെലവിനുമുള്ള പണം കണ്ടെത്തി. അമ്മയുടെ സഹനവും കൂടിയായതോടെ പഠിച്ചുകൊണ്ടു പോരാടാൻ ശിവദാസൻ തീരുമാനിച്ചു. അമ്മമ്മ പഴയ സഖാക്കളെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരുന്നതും ഇടതു ചേർന്നുള്ള യാത്രയ്ക്കു പ്രചോദനമായി.
തൊഴിലെടുത്തു പഠനം
ചെറിയ ക്ലാസ് മുതൽക്കേ തൊഴിലെടുത്തായിരുന്നു ശിവദാസന്റെ പഠനം. കശുവണ്ടി പെറുക്കൽ വീടിനടുത്തെ മറ്റു കുട്ടികളെപ്പോലെ ഇടക്കാല തൊഴിലായി സ്വീകരിച്ചു. പ്രീഡിഗ്രി പഠനം മട്ടന്നൂർ പഴശ്ശിരാജ കോളജിലായിരുന്നു. ഈ കാലയളവിലാണു വീട്ടിലെ സാഹചര്യം മൂലം പേരാവൂരിലെ സ്‌പെയർ പാർട്‌സ് കടയിലെ സെയ്‌ൽസ്‌മാൻ വേഷമണിയേണ്ടിവന്നത്. പിന്നീട് പഴശ്ശി കോളജിൽ തന്നെ ഒന്നാം റാങ്കോടെ ബിരുദപഠനം പൂർത്തിയാക്കി. ബ്രണ്ണൻ കോളജിൽനിന്നു ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമെടുത്തു. കണ്ണൂർ സർവകലാശാലയിൽനിന്നു ഡോക്‌ടറേറ്റും. ‘കേരളത്തിലെ കാർഷിക പ്രശ്‌നങ്ങളിൽ മാധ്യമങ്ങളും സാഹിത്യവും വഹിച്ച പങ്ക്’ എന്നതായിരുന്നു ഗവേഷണ വിഷയം. ഇതു പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. ഹയർ എജ്യുക്കേഷൻ ഇൻ ഇന്ത്യ, പൊളിറ്റിക്സ് ആൻഡ് പോളിസീസ് എന്ന പുസ്തകവും രചിച്ചു.
സംഘടനയിൽ
എസ്എഫ്ഐ പേരാവൂർ ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്‌ഥാന ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ജോ. സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ശേഷമാണു ശിവദാസൻ എസ്എഫ്ഐ ദേശീയ പ്രസിഡന്റാകുന്നത്. പിന്നീട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായി.
കഴിവുകൾ അംഗീകരിച്ച് പാർട്ടിയും
ശിവദാസന്റെ കഴിവുകളെ അംഗീകരിക്കുകയായിരുന്നു സിപിഎം. അതുകൊണ്ടു തന്നെ സ്ഥാനമാനങ്ങൾക്കു പിറകേ പോകേണ്ട അവസ്ഥയുണ്ടായിരുന്നില്ല ശിവദാസന്. എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരുന്നപ്പോൾ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ശിവദാസന്റെ പ്രവർത്തനം. സ്ഥാനമൊഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തെ തിരുവനന്തപുരം എകെജി സെന്ററിലെ പ്രവർത്തനങ്ങളുമായും സമൂഹ മാധ്യമ ഇടപടലുകളുമായും പാർട്ടി ബന്ധപ്പെടുത്തി. കെഎസ്ഇബി ഡയറക്ടർ എന്ന നിലയിലും അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ സുരക്ഷിത മണ്ഡലങ്ങളിലേക്കു പരിഗണിക്കപ്പെട്ടവരിൽ ആദ്യഘട്ടത്തിൽ ശിവദാസനുമുണ്ടായിരുന്നു. രാജ്യസഭയിലേക്കു പരിഗണിക്കാൻ പാർട്ടി ആലോചിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവായി.
പോരാട്ട നാളുകൾ
കണ്ണൂർ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ ശിവദാസൻ ഡോക്ടറേറ്റ് കമ്മിറ്റിക്കു മുന്നിൽ സിനോപ്സിസിസ് അവതരിപ്പിക്കാൻ ഹാജരായത് പൊലീസ് അകമ്പടിയോടെയായിരുന്നു. സ്വാശ്രയ കോളജുകൾക്ക് എതിരായ സമരത്തിന്റെ ഭാഗമായി മന്ത്രി പി.ശങ്കരനെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ മറ്റു വിദ്യാർഥികളോടൊപ്പം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴായിരുന്നു അത്. മന്ത്രി ശങ്കരനെ വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കുറ്റം. ജയിൽവാസ കാലവും അദ്ദേഹം പഠനത്തിനായി ഉപയോഗിച്ചു. കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ എസ്എഫ്ഐ മാർച്ചിനിടെ ശിവദാസനെ അർധനഗ്നനാക്കി പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്ന ചിത്രം ഇന്നും കണ്ണൂരുകാരുടെ മനസ്സിലുണ്ട്.
English Summary: All You Need to Know About Dr. V Sivadasan, CPM's Rajya Sabha Candidate