ADVERTISEMENT

ചെന്നൈ ∙ പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220 ലേറെ സിനിമകളിൽ അഭിനയിച്ചു.

അ‍ഞ്ചുതവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തമിഴ് സിനിമ കണ്ടുപരിചയിച്ചതിൽനിന്നു വ്യത്യസ്തമായി, സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.

വിവേക്– ഫിലിംഫെയർ, സംസ്ഥാന പുരസ്കാരങ്ങളിലൂടെ
വിവേക്– ഫിലിംഫെയർ,  സംസ്ഥാന പുരസ്കാരങ്ങളിലൂടെ
8
Show All
In pictures: വിവേക്– ഫിലിംഫെയർ, സംസ്ഥാന പുരസ്കാരങ്ങളിലൂടെ

തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്നു കൊമേഴ്സിൽ ബിരുദമെടുത്ത വിവേക് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിന്റെ സ്ഥാപകൻ പി.ആർ. ഗോവിന്ദരാജനാണ് ഇതിഹാസ സംവിധായകൻ കെ. ബാലചന്ദറിന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി.

1987 ൽ‌ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ ബാലചന്ദറാണ് വിവേകിനെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. പിന്നീട് പുതുപുതു അർഥങ്കൾ, ഒരുവീട് ഇരുവാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിലടക്കം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1990 കളിൽ തുടർച്ചയായി വൻഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകർ ഏറ്റെടുത്തു.

tamil-actor-vivek
തമിഴ് ചലച്ചിത്രതാരം വിവേക് (ഫയൽ ചിത്രം)

തമിഴ് സിനിമ പരിചയിച്ച രീതികളിൽനിന്നു വ്യത്യസ്തമായിരുന്നു വിവേകിന്റെ തമാശകൾ. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തിൽ നിലനിൽക്കുന്ന പല മോശം പ്രവണതകളെയും വിമർശിച്ച ഹാസ്യരംഗങ്ങൾ തമിഴ്നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു. പിന്നീട് വർഷങ്ങളോളം സൂപ്പർസ്റ്റാർ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അൻപതിേലറെ സിനിമകൾ ചെയ്ത വർഷങ്ങളുമുണ്ടായി.

actor-vivek-file-pic-1
നടൻ വിവേക് (ഫയൽ ചിത്രം)

റൺ‌, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

English Summary: Vivek, Tamil film actor, dies in Chennai hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com