‘ബന്ധുവിനു വേണ്ടി ജലീൽ തയാറാക്കിയ തിരക്കഥ; എന്റെ ജീവിതം മന്ത്രി ചവിട്ടിയരച്ചു’
ബന്ധു നിയമന പ്രശ്നവും തൊഴിൽ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും 6 തവണ പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ 2 തവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മന്ത്രിക്കെതിരെ ശബ്ദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ചില ഫോൺകോളുകൾ എത്തി. ഈ നമ്പറുകൾ ഉൾപ്പെടെ... KT Jaleel . Saheer Kalady
ബന്ധു നിയമന പ്രശ്നവും തൊഴിൽ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും 6 തവണ പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ 2 തവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മന്ത്രിക്കെതിരെ ശബ്ദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ചില ഫോൺകോളുകൾ എത്തി. ഈ നമ്പറുകൾ ഉൾപ്പെടെ... KT Jaleel . Saheer Kalady
ബന്ധു നിയമന പ്രശ്നവും തൊഴിൽ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും 6 തവണ പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ 2 തവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മന്ത്രിക്കെതിരെ ശബ്ദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ചില ഫോൺകോളുകൾ എത്തി. ഈ നമ്പറുകൾ ഉൾപ്പെടെ... KT Jaleel . Saheer Kalady
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ തുടക്കം മുതൽ ഉയർന്നു കേട്ടിരുന്ന പേരാണ് സഹീർ കാലടിയുടേത്. കോഴിക്കോട് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് മന്ത്രി ബന്ധു കെ.ടി.അദീബിനൊപ്പം അപേക്ഷിച്ച മറ്റൊരു അപേക്ഷകൻ. ഒരു സർക്കാർ സ്ഥാപനത്തിൽ അറിയാതെ ഒരു അപേക്ഷകനായി പോയി എന്നതു കൊണ്ടു മാത്രം സഹീറിന്റെ ജീവിതത്തിൽ പിന്നീട് പലതും സംഭവിച്ചു. സ്വന്തം ജോലി പോലും നഷ്ടമായി. ബന്ധു നിയമന വിവാദത്തെ തുടർന്നു മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കുമ്പോൾ സഹീർ മനസ്സു തുറക്കുന്നു.
എന്താണ് ബന്ധു നിയമനവും സഹീർ കാലടിയും തമ്മിലുള്ള ബന്ധം?
ബന്ധുവിനു വേണ്ടി മന്ത്രി തയാറാക്കിയ ഒരു തിരക്കഥയിൽ അറിയാതെ വന്നു പെട്ടു പോയി എന്നതാണ് ഞാൻ ജീവിതത്തിൽ ചെയ്ത തെറ്റ്. ആരും പിന്തുണയ്ക്കാനില്ലാത്ത ഒരു സാധാരണക്കാരന്റെ ജീവിതം അധികാര സ്ഥാനത്ത് ഇരിക്കുന്നവർ എങ്ങനെയാണ് ചവിട്ടി അരയ്ക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് എന്റെ ജീവിതം.
എന്തായിരുന്നു ആ ‘തിരക്കഥ’?
കെ.ടി.അദീബിനു വേണ്ടി ജനറൽ മാനേജർ തസ്തികയിലേക്കു വേണ്ട യോഗ്യതകളെല്ലാം തിരുത്തി റെഡിയാക്കി വച്ചിരുന്നു. ഇതൊന്നും അറിയാതെ 2016 സെപ്റ്റംബറിൽ കോർപറേഷൻ വെബ്സൈറ്റിൽ പരസ്യം കണ്ട് ഞാനും ജനറൽ മാനേജർ പോസ്റ്റിലേക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷ നൽകി. 2016 ഒക്ടോബറിൽ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. കൂടിക്കാഴ്ചയ്ക്കു തലേ ദിവസം വിവരങ്ങൾ അറിയാൻ വിളിച്ചപ്പോൾ വലിയ താൽപര്യമില്ലാത്ത തരത്തിലുള്ള മറുപടിയാണു ലഭിച്ചത്. കൂടിക്കാഴ്ച നടത്തിയാലും ഇപ്പോൾ നിയമനം നടക്കാൻ സാധ്യതയില്ല എന്നൊക്കെ പറഞ്ഞു. കുറ്റിപ്പുറത്തെ പൊതുമേഖലാ സ്ഥാപനമായ മാൽകോടെക്സിൽ അക്കൗണ്ട്സ് മാനേജരായിരുന്നു ഞാനന്ന്. നല്ല തിരിക്കുള്ള ജോലിയാണ്. അതുകൊണ്ട് വെറുതെ ലീവ് എടുത്ത് പോകേണ്ടല്ലോ എന്നു കരുതി കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. അന്ന് കെ.ടി.അദീബും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല.
സംസ്ഥാന ധനകാര്യവകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന വ്യക്തിയും അപേക്ഷകനായിരുന്നെങ്കിലും അദ്ദേഹവും പങ്കെടുത്തിരുന്നില്ല. ആ സമയത്താണു മന്ത്രി ഇ.പി.ജയരാജന്റെ ബന്ധു നിയമന വിവാദം ആളിപ്പടർന്നതും അദ്ദേഹം രാജിവച്ചതും. ഇതേ തുടർന്നാണു തൽക്കാലം നിയമനം നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് കോർപറേഷൻ എത്തിയത്. പിന്നീട് 2 വർഷത്തേക്ക് ഇതിനെ കുറിച്ച് പ്രത്യേകിച്ചു വിവരങ്ങളൊന്നും ഇല്ലായിരുന്നു. 2018 ഒക്ടോബറിൽ ഇ.പി.ജയരാജൻ മന്ത്രിസഭയിൽ തിരിച്ചെത്തി. ഇതിനു ശേഷം കെ.ടി.അദീബിൽനിന്ന് പ്രത്യേക അപേക്ഷ എഴുതി വാങ്ങിയ ശേഷം ജോലിയിൽ നിയമിച്ചു. 2018 നവംബറിൽ യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് ആരോപണം ഉന്നയിച്ചപ്പോഴാണ് ഇതിനിടെ ആ പോസ്റ്റിൽ അദീബ് നിയമിക്കപ്പെട്ട കാര്യം ഞാൻ അറിയുന്നത്.
സഹീർ ചിത്രത്തിലേക്കു വരുന്നത് എങ്ങനെയാണ്?
വിവാദം ഉയർന്നപ്പോൾ 7 അപേക്ഷകരുടെയും വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. ഇതിൽ ഓരോരുത്തരുടെയും യോഗ്യതകൾ ചർച്ചയായി. ഇതോടെ മറ്റ് 6 പേർക്കും യോഗ്യത ഇല്ലാത്തതു കൊണ്ടാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കാതിരുന്നിട്ടും അദീബിനു നിയമനം നൽകിയതെന്ന് മന്ത്രിയുടെ ഓഫിസിൽ നിന്ന് കുറിപ്പിറങ്ങി. യോഗ്യതയുണ്ടായിട്ടും എന്നെ ഒഴിവാക്കിയതായി അന്നു മാധ്യമങ്ങളിൽ വാർത്ത വന്നു. എംബിഎ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നതായിരുന്നു എന്നെ ഒഴിവാക്കാൻ കാരണമായി അന്നു മന്ത്രി പറഞ്ഞത്. എന്നാൽ കെ.ടി.അദീബിന്റെ പിജിഡിബിഎയ്ക്കും തുല്യതാ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതോടെ മന്ത്രി നേരിട്ടു പത്രസമ്മേളനങ്ങൾ വിളിച്ച് എന്നെ ആക്ഷേപിക്കാൻ തുടങ്ങി. എനിക്കു യോഗ്യതയില്ല എന്നായിരുന്നു എല്ലായിടത്തും പറഞ്ഞു കൊണ്ടിരുന്നത്. ഇതേ തുടർന്ന് ഞാൻ സത്യാവസ്ഥകൾ ബോധിപ്പിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ടു. അങ്ങനെയാണ് ഞാൻ ചിത്രത്തിൽ വരുന്നത്. പിന്നീട് വിവാദം ഉയർന്നപ്പോൾ കെ.ടി.അദീബ് ജോലി രാജി വച്ചു മടങ്ങി. പക്ഷേ അന്നു മുതൽ എന്റെ പ്രശ്നങ്ങൾ ആരംഭിച്ചു.
മറ്റ് അപേക്ഷകരോടില്ലാത്ത എന്തു പ്രത്യേകതയായിരുന്നു നിങ്ങൾക്കുണ്ടായിരുന്നത്?
അതീവ രഹസ്യമായി നടത്തിയ നിയമനം പി.കെ.ഫിറോസ് വഴി കുത്തിപ്പൊക്കിയത് ഞാനാണെന്നു മന്ത്രി സംശയിച്ചിരുന്നു. ‘എഫക്ടഡ് പാർട്ടി’ എന്ന നിലയിൽ ഞാൻ നേരിട്ടു കോടതിയിൽ കേസ് പോയാൽ കോടതിയിൽനിന്നു തിരിച്ചടിയുണ്ടാകുമെന്നു മന്ത്രി ഭയന്നു. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ രാജിവയ്ക്കേണ്ടി വരുമെന്ന തരത്തിലായിരുന്നു സിപിഎം മന്ത്രിക്കു നിർദേശം നൽകിയിരുന്നത്. നേരത്തെ എംഎസ്എഫിൽ ഉണ്ടായിരുന്നു. ആ തരത്തിൽ രാഷ്ട്രീയ സമ്മർദം ഉണ്ടായാൽ ഞാൻ മന്ത്രിക്കെതിരെ തിരിയുമെന്നും മന്ത്രി ഭയന്നു. ഇതേ തുടർന്നു ഞാൻ പൊതുമധ്യത്തിൽ വരാതിരിക്കാൻ അവർ എല്ലാവിധ തന്ത്രങ്ങളും പയറ്റി.
പിന്നീട് എന്തു കൊണ്ട് കോടതിയെ സമീപിച്ചില്ല?
അന്ന് പൊതുമേഖലാ ജീവനക്കാരനായതിനാൽ പരസ്യമായി രംഗത്തു വരുന്നതിനും പരിമിതികളുണ്ടായിരുന്നു. ജോലിസ്ഥലത്തു പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭയവുമുണ്ടായിരുന്നു. ഇതേ തുടർന്ന് അന്നു പരമാവധി വിവാദങ്ങളിൽനിന്നു ഒഴിഞ്ഞു നിന്നു. ചില സിപിഎം കേന്ദ്രങ്ങളിൽനിന്നും വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ സമ്മർദമുണ്ടായി. രാഷ്ട്രീയപരമായി പിന്തുണയ്ക്കാൻ ആരുമില്ലാത്ത ഒരു സാഹചര്യമായതിനാൽ വിട്ടു നിൽക്കാമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിച്ചു. അന്നു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം മുജീബ് വെട്ടത്തിന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ നടത്തി. ഈ നിയമനം നേരിട്ടു ബാധിച്ച വ്യക്തിയെന്ന നിലയിൽ ഞാൻ കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നു മന്ത്രിക്കു നിയമോപദേശം ലഭിച്ചിരുന്നു.
എന്തു സഹായം വേണമെങ്കിലും ചെയ്തു തരാം. അതിനാൽ എന്തു വില കൊടുത്തും കേസ് വരാതിരിക്കാനായിരുന്നു മന്ത്രിയുടെ ഒത്തു തീർപ്പ് ശ്രമം. വിവാദങ്ങളിൽ നിന്നു വിട്ടു നിൽക്കണം, പരസ്യ പ്രതികരണം പാടില്ല, കോടതിയെ സമീപിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. വിവാദങ്ങളിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴച്ചാൽ, എന്റെ യോഗ്യതകളെ കുറിച്ച് അപമാനിക്കുന്ന സാഹചര്യം തുടർന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നു മറുപടി പറഞ്ഞു ഞാൻ വിട്ടു നിന്നു. വീട്ടിലെ സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നതിനാൽ അതേ വഴിയുണ്ടായിരുന്നുള്ളൂ.
എന്നിട്ട് പിന്നീട് എന്തു സംഭവിച്ചു?
മാൽകോടെക്സിൽ അക്കൗണ്ട്സ് മാനേജരായി ജോലിയിൽ തുടരുകയായിരുന്നു. ബന്ധു നിയമന വിവാദം കഴിഞ്ഞ് രണ്ടു മാസത്തിനകം ജോലി സ്ഥലത്തു പ്രശ്നങ്ങളായി. ഇത്തരം സംഭവങ്ങളുണ്ടായാൽ 90 ദിവസത്തിനകം കേസ് ഫയൽ ചെയ്താലേ എന്തെങ്കിലും നടപടിയുണ്ടാകൂ. അതിനാൽ ജനുവരി വരെ ഞാൻ കേസിനു പോകാതിരിക്കലായിരുന്നു മന്ത്രിയുടെ പ്രധാന ലക്ഷ്യം. ഡിസംബർ വരെ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. എന്നാൽ പിന്നീട് എംഡിയുമായി നിരന്തര പ്രശ്നങ്ങളായി. നിസാര കാര്യങ്ങൾക്കു പോലും അനാവശ്യമായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ട്. നേരത്തെ പർച്ചേസ് കമ്മിറ്റി, ലേബർ കമ്മിറ്റി, സെയിൽസ് കമ്മിറ്റി, എക്സ്പാൻഷൻ കമ്മിറ്റി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികളിൽ ഉണ്ടായിരുന്ന എന്നെ അവിടെ നിന്നെല്ലാം ഒഴിവാക്കി. ഓഫിസിൽ എല്ലാ മേഖലയിൽ നിന്നും പൂർണമായും ഒറ്റപ്പെടലും അവഗണനയും തുടർന്നു. ജോലി സ്ഥലത്തു പോകാൻ പോലും കഴിയാത്ത അവസ്ഥയായി. മന്ത്രിയുടെ ഇടപെടൽ അതിലുണ്ടായിരുന്നു.
നിരന്തര പ്രശ്നങ്ങൾ ആയതിനെ തുടർന്ന് ഞാൻ 2 വർഷത്തെ ശൂന്യവേതന അവധിക്ക് അപേക്ഷ നൽകി. എന്നാൽ ഈ അപേക്ഷ നിരസിച്ചു. ഈ പ്രശ്നങ്ങൾ മന്ത്രി കെ.ടി.ജലീലിനെ നേരിട്ട് വിളിച്ച് അറിയിച്ചു. അവധിയെങ്കിലും അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചു. ഫയൽ നോക്കട്ടെ, എന്നിട്ടു പറയാം എന്ന മറുപടി മാത്രമാണു കിട്ടിയത്. എന്നാൽ അവധി കിട്ടിയില്ല. പീഡനങ്ങളെല്ലാം മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ വീണ്ടും അറിയിച്ചു. കെ.ടി.ജലീലിന് ഇമെയിൽ മുഖാന്തരം എല്ലാ വിവരങ്ങളും വിശദീകരിച്ചു കത്തും അയച്ചു. കത്തിന് മറുപടി താങ്കളുടെ മറുപടി വ്യവസായ വകുപ്പ് മന്ത്രിക്കു ഫോർവേർഡ് ചെയ്തു എന്നാണ്. ആ കത്ത് കറങ്ങിത്തിരിഞ്ഞ് എംഡിക്കുതന്നെ കിട്ടി. വേട്ടക്കാരൻതന്നെ നടപടി എടുക്കും എന്നു പറയുന്ന വിചിത്രമായ നീതി. മലപ്പുറത്തെ സിപിഎമ്മിന്റെ ഉന്നത നേതാവിനെ നേരിട്ടു കണ്ടു കാര്യം ബോധിപ്പിച്ചു. പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുമായി സംസാരിക്കാമെന്ന് അവരും ഉറപ്പു നൽകിയെങ്കിലും ഒന്നുമുണ്ടായില്ല.
ഇതിനിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഈ മെഡിക്കൽ അവധിക്കിടെ 17 തവണയാണ് നോട്ടിസ് നൽകിയത്. മെഡിക്കൽ ലീവ് അംഗീകരിക്കാൻ കഴിയില്ല, അടിയന്തരമായി ജോലിക്കു വന്നില്ലെങ്കിൽ നടപടിയെടുക്കും, പിരിച്ചു വിടും എന്നൊക്കെയായിരുന്നു നോട്ടീസിലെ ഭീഷണി. എന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസർക്ക് എംഡി 3 തവണ കത്തെഴുതി. ഇതേ തുടർന്നു അഞ്ചംഗ മെഡിക്കൽ ബോർഡിനു മുൻപിൽ ഹാജരാകേണ്ടി വന്നു. വിശദ പരിശോധനയ്ക്കൊടുവിൽ മെഡിക്കൽ അവധി അനുവദിക്കണമെന്ന് അവർ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാലയളവിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കപ്പെട്ടു. ജീവിക്കാൻ മറ്റു വഴികളില്ലാതായി. മറ്റൊരു നിവൃത്തിയുമില്ലാതെ 20 വർഷം സർവീസ് ബാക്കി നിൽക്കെ ജോലി രാജിവച്ചു. രാജി അംഗീകരിച്ചെങ്കിലും ലഭിക്കാനുള്ള ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ എല്ലാം തടഞ്ഞു വച്ചു.
ജലീൽ രാജി വച്ചു, ആ അധ്യായം അടഞ്ഞു കഴിഞ്ഞോ?
എന്റെ കേസുകൾ ഇപ്പോഴും തുടരുകയാണ്. പിന്നീട് എല്ലാ കാര്യങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് ഭാഗികമായെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചത്. ആ ഹർജി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബന്ധു നിയമന പ്രശ്നവും തൊഴിൽ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും 6 തവണ പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ 2 തവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മന്ത്രിക്കെതിരെ ശബ്ദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ചില ഫോൺകോളുകൾ എത്തി. ഈ നമ്പറുകൾ ഉൾപ്പെടെ വിശദമായ പരാതി ഡിജിപിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നൽകി. എന്നാൽ ഒരു അന്വേഷണവും നടത്തിയില്ല.
ഹൈക്കോടതിയിൽ കേസും നിയമസഭയിൽ പി.കെ.അബ്ദുറബ് എംഎൽഎ മുഖ്യമന്ത്രിയോട് ചോദ്യവും ഉന്നയിച്ചപ്പോൾ മാത്രമാണ് കാടാമ്പുഴ പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തുകയെങ്കിലും ചെയ്തത്. കേസുകൾ ഇപ്പോഴും തുടരുകയാണ്. മലപ്പുറം സഹകരണ ആശുപത്രിയിൽ സെക്രട്ടറിയായി ജോലി ചെയ്യുകയാണ് ഇപ്പോൾ. അഴിമതിക്കെതിരെ പോരാടുക എന്നൊക്കെ പറയുന്നത് വളരെ എളുപ്പമാണ്. പക്ഷേ ഒരു സാധാരണക്കാരന് അത് എളുപ്പമല്ല, ആ പോരാട്ടത്തിന് അയാളുടെ ജീവിതത്തിന്റെ വിലയുണ്ട്.
English Summary: KT Jaleel Nepotism Case; Interview with Saheer Kalady