ADVERTISEMENT

കാസർകോട് ജില്ലാ കലക്ടറുടെ വിചിത്ര ഉത്തരവിനെതിരെ ട്രോൾ പൂരം. ഈ മാസം 24 മുതൽ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ ചെയ്തതിന്റെ രേഖയോ നിർബന്ധമാക്കിയുള്ള കലക്ടറുടെ ഉത്തരവാണ് ജില്ലയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കുന്നത്. 

വലിയ തോതിലുള്ള ട്രോൾ പ്രതിഷേധമാണ് കലക്ടർക്കെതിരെ പ്രചരിക്കുന്നത്. കലക്ടറുടെ നടപടിക്കെതിരെ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ചീഫ് സെക്രട്ടറിക്കു പരാതി നൽകിയെങ്കിലും ജില്ലക്കാരനായ റവന്യു മന്ത്രി മൗനം പാലിക്കുകയാണ്.

ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കണമെങ്കിൽ രേഖകൾ ഹാജരാക്കണമെന്ന് കലക്ടർ ഡി. സജിത്ത് ബാബു അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്. എന്നാൽ ഇതു യാതൊരു രീതിയിലും പ്രായോഗികമല്ലെന്ന നിലപാടിലാണ് നാട്ടുകാർ.

14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് കോവിഡ് വാക്സിനേഷൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റോ കൈവശം വെയ്ക്കണം. 24ന് രാവിലെ 8 മുതൽ തീരുമാനം പ്രാബല്യത്തിൽ‌ വരും. ഇത് നടപ്പാക്കാനായി ടൗണുകളിൽ 2 വശത്തുമായി പൊലീസ് പരിശോധന നടത്തും. കോവിഡ് പരിശോധനയും വാക്സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോടനുബന്ധിച്ച് ഒരുക്കും. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിക്കാനുമാണ് തീരുമാനം.

മംഗളൂരുവിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ പ്രതിഷേധവുമായി എത്തിയവർ പക്ഷേ കാസർകോട് ടൗണിൽ തന്നെ ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിൽ ആശങ്കയിലാണ്. നിയന്ത്രണങ്ങൾ ഭയന്ന് വ്യാപാര മേഖലകളിൽ തിരക്കൊഴിഞ്ഞതിൽ വ്യാപാരികളും പ്രതിഷേധത്തിലാണ്. 

1200-sajith-babu

സർട്ടിഫിക്കറ്റ് എടുക്കണമങ്കിൽ ടൗണിലേക്കു പോകണമത്രെ! പക്ഷേ സർട്ടിഫിക്കറ്റില്ലാതെ ടൗണിലേക്ക് കടത്തിവിടില്ല, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം അകത്തേക്ക് കടത്തിവിടുന്ന ലോകത്തിലെ ആദ്യത്തെ സിറ്റി തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് കലക്ടർക്കെതിരായ ട്രോളുകൾ പ്രചരിക്കുന്നത്. അതേസമയം ബോധവത്കരണത്തിന് ഇനി സമയമില്ലെന്നും കർശന നടപടിയെന്നുമാണ്  കലക്ടർ ഡി. സജിത്ത് ബാബുവിന്റെ വിശദീകരണം. സെക്ടറൽ മജിസ്‌ട്രേട്ടുമാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കലക്ടർ പറഞ്ഞു. 

ഞങ്ങൾ ബോളന്മാരല്ല, ജോസഫ് അലക്സ് കളി നിർത്തണം; കലക്ടർക്കെതിരെ കുറിപ്പ് 

കലക്ടറുടെ ഉത്തരവിനെതിരെ ട്രോളിനൊപ്പം എഐവൈഎഎഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ എഴുതിയ കുറിപ്പും വൈറലാവുകയാണ്.

പോസ്റ്റ് ഇങ്ങിനെ:

ബഹു: കാസർകോട് ജില്ലാ കലക്ടർ അങ്ങുന്നേ.

കൂളിങ് ഗ്ലാസ്സ് വച്ച് കൊറോണയെ പിടിച്ചുകെട്ടാൻ അങ്ങ് ലാത്തിയുമായി ഓടിയ ഓട്ടം നമ്മൾ മറന്നില്ല സാർ? എവിടെ പോയാലും പാവം ഗൺമാനുൾപ്പെടെയുള്ള പൊലീസുകാരെ കൊണ്ട് ക്യാമറ ചലിപ്പിക്കുന്ന അങ്ങയുടെ പബ്വിസിറ്റി സ്റ്റണ്ട് അറപ്പോടെ കണ്ടിട്ടും പലതും അങ്ങനെ വിട്ടു. പക്ഷേ ഇനിയും അങ്ങയുടെ ജോസഫ് അലക്സ് കളി കണ്ടിട്ടും മിണ്ടാതിരിക്കാൻ ആവില്ല.

മഞ്ചേശ്വരം അതിർത്തി കടക്കണമെങ്കിൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് വേണമെന്ന യെഡിയൂരപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്ത ഞങ്ങൾക്ക് ജില്ലക്കകത്തെ ഗ്രാമത്തിൽനിന്നും പട്ടണത്തിൽ പ്രവേശിക്കണമെങ്കിൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് വേണമെന്നു പറയുമ്പോൾ അംഗീകരിക്കുന്ന ബോളൻമാരാണെന്ന് അങ്ങ് ധരിച്ചു വച്ചുവോ സാർ? പ്രധാനമന്ത്രിയുടെ അവാർഡിന് കാത്തു നിൽക്കുന്ന അങ്ങ് ചിന്തിക്കണം സാർ!

45 വയസ് തികയാത്തവർക്ക് ഇനിയും വാക്സിൻ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. വാക്സിൻ എടുത്തൊരാൾ അടുത്ത വാക്സിൻ എടുക്കാൻ എത്ര ദിവസം വേണ്ടിവരും എന്നത് അങ്ങ് മറന്നുവോ സാർ? രണ്ടു വാക്സിൻ എടുത്ത സർട്ടിഫിക്കേറ്റ് പിന്നെങ്ങനെ കാണിക്കും സാർ? ഇനിയെങ്കിലും ഞങ്ങൾക്ക് വേണ്ടത് തുഗ്ലക് പരിഷ്ക്കാരമല്ല. യാഥാർഥ്യ ബോധത്തോടെയുള്ള നിലപാടുകളാണ്.ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടായാൽ നന്ന്– മുകേഷ് ബാലകൃഷ്ണൻ പോസ്റ്റിൽ പറയുന്നു.

English Summary: Collector makes vaccination or Covid negative certificate mandatory; Protest, Troll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com