കാട്ടിലെ തടിയിലെ രക്തം; ഒറ്റരാത്രിയില് അപ്രത്യക്ഷനായ രാഹുൽ, ഇന്നും ദുരൂഹം
വീടിനു ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം സംഘം അരിച്ചു പെറുക്കി. വൈകിട്ട്, വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്റർ മാറി വനത്തിനുള്ളിൽ കിടന്ന തടിയിൽ രക്തം കണ്ടത് ആശങ്കയ്ക്കു വഴി തെളിച്ചു. തടി പരിശോധനയ്ക്കായി അയച്ചു. പൊലീസും വനംവകുപ്പും ചേർന്നു രാത്രി വൈകിയും തിരച്ചിൽ തുടർന്നു. പുലർച്ചെ വരെ മൊബൈൽ ഫോൺ ഓൺ... Rahul Missing Case
വീടിനു ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം സംഘം അരിച്ചു പെറുക്കി. വൈകിട്ട്, വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്റർ മാറി വനത്തിനുള്ളിൽ കിടന്ന തടിയിൽ രക്തം കണ്ടത് ആശങ്കയ്ക്കു വഴി തെളിച്ചു. തടി പരിശോധനയ്ക്കായി അയച്ചു. പൊലീസും വനംവകുപ്പും ചേർന്നു രാത്രി വൈകിയും തിരച്ചിൽ തുടർന്നു. പുലർച്ചെ വരെ മൊബൈൽ ഫോൺ ഓൺ... Rahul Missing Case
വീടിനു ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം സംഘം അരിച്ചു പെറുക്കി. വൈകിട്ട്, വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്റർ മാറി വനത്തിനുള്ളിൽ കിടന്ന തടിയിൽ രക്തം കണ്ടത് ആശങ്കയ്ക്കു വഴി തെളിച്ചു. തടി പരിശോധനയ്ക്കായി അയച്ചു. പൊലീസും വനംവകുപ്പും ചേർന്നു രാത്രി വൈകിയും തിരച്ചിൽ തുടർന്നു. പുലർച്ചെ വരെ മൊബൈൽ ഫോൺ ഓൺ... Rahul Missing Case
കറുത്ത കൈലി മാത്രം ധരിച്ച്, ചെരിപ്പു പോലും ഇടാതെ ആ പതിനെട്ടുകാരൻ രാത്രിയിൽ അപ്രത്യക്ഷനായതെങ്ങനെ? വീട്ടിലെ കട്ടിലിൽ ഉറങ്ങിക്കിടന്ന ആ യുവാവിന് എന്തു സംഭവിച്ചു? എവിടെപ്പോയി? എട്ടു മാസം കഴിഞ്ഞിട്ടും ഉത്തരം കിട്ടിയിട്ടില്ല അവന്റെ കുടുംബത്തിനും അവനെ ഇഷ്ടപ്പെട്ടിരുന്ന ഗ്രാമത്തിനും. 2020 ഓഗസ്റ്റ് 19നാണ് കൊല്ലം പത്തനാപുരം കടശേരി മുക്കലാംപാട് ലതികാ ഭവനിൽ രവീന്ദ്രന്റെ മകൻ രാഹുലിനെ കാണാതായത്. പൊലീസിന്റെയും നാട്ടുകാരുടെയും വകയായി അന്വേഷണങ്ങൾ പലതു നടന്നു. പക്ഷേ, ഒരു സൂചനപോലും ഇതുവരെയില്ല. ഇപ്പോൾ അന്വേഷണങ്ങൾ ഏതാണ്ടു നിലച്ച മട്ട്.
അടുത്തടുത്ത മൂന്നിടങ്ങളിലായാണ് ആ കുടുംബം ഉറങ്ങിയിരുന്നത്. തടികൊണ്ടുള്ള പഴയവീട്ടിൽ രാഹുൽ. നിർമാണം നടന്നുകൊണ്ടിരുന്ന കോൺക്രീറ്റ് വീട്ടിലായിരുന്നു മൂത്ത സഹോദരൻ രഞ്ജിത്തിന്റെ ഉറക്കം. മാതാപിതാക്കൾ കൃഷിയിടത്തിലെ ഷെഡ്ഡിലും. പുതിയ വീടിന്റെയും ഷെഡ്ഡിന്റെയും നടുവിലാണു രാഹുൽ കിടന്നിരുന്ന പഴയ വീട്. പുന്നല വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽനിന്നു പ്ലസ്ടു പൂർത്തിയാക്കിയ രാഹുൽ, പഠനത്തിനിടെ പന്തൽ പണിക്കും മറ്റും പോയിരുന്നു. ഉത്സാഹിയായ ചെറുപ്പക്കാരൻ. ആരോടും വഴക്കിനൊന്നും പോകാത്ത അവനെ നാട്ടുകാർക്കും വലിയ ഇഷ്ടമായിരുന്നു. പിറ്റേന്ന് ഉപരിപഠനത്തിന് അപേക്ഷ നൽകാൻ അമ്മ ലതികയുടെ പക്കൽനിന്നു റേഷൻ കാർഡും ആധാർ കാർഡും മറ്റും വാങ്ങിയ ശേഷമാണ് അന്ന് രാഹുൽ ഉറങ്ങാൻ കിടന്നത്. കാണാതായപ്പോഴും ഇവ കിടക്കയുടെ സമീപത്ത് ഭദ്രമായിരിപ്പുണ്ടായിരുന്നു.
വന്യമൃഗങ്ങളോട് ഇഷ്ടം
വിഡിയോ ഗെയിമുകളിൽ വലിയ കമ്പമുണ്ടായിരുന്ന രാഹുലിന്റെ മറ്റൊരു ഹോബി വനത്തിൽ പോയി വന്യമൃഗങ്ങളുടെ ചിത്രം മൊബൈലിൽ പകർത്തുക എന്നതായിരുന്നു; പ്രത്യേകിച്ചും കൊമ്പനാനയുടെ. പുലി, ആന, കരടി എന്നിവ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യമുള്ള മേഖലയാണ് ഇവിടം. ദിവസവും വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുന്ന രാഹുൽ രാത്രി എട്ടിനു ശേഷമാണു വീട്ടിലെത്തുക. നിർമാണമേഖലയിലെ കമ്പനിയിൽ ജീപ്പ് ഡ്രൈവറായ സഹോദരൻ രഞ്ജിത്ത് ജോലി കഴിഞ്ഞെത്തിയ ശേഷം ദിവസവും രാത്രി പുന്നല വനം മാതൃകാ ഓഫിസിനു സമീപം മൊബൈൽ ഫോണുമായി സമയം ചെലവഴിക്കും. ഈ സമയം അഞ്ഞൂറു മീറ്ററോളം അകലെ രാഹുലും സുഹൃത്തുക്കളും തമാശകൾ പറഞ്ഞു ചിരിക്കുന്നതു കേൾക്കാം.
പക്ഷേ, കാണാതായ ദിവസം രാഹുലിന്റെയും കൂട്ടുകാരുടെയും ഈ കൂടിച്ചേരൽ ഉണ്ടായില്ല. അന്നേദിവസം പത്തു മണിയോടെ വീട്ടിലെത്തിയ രഞ്ജിത്തിന് അമ്മ ആഹാരം വിളമ്പി നൽകി. ഈ സമയം കട്ടിലിൽ രാഹുൽ തല വരെ പുതപ്പു കൊണ്ടു മൂടി കിടപ്പുണ്ടായിരുന്നു. സാധാരണ ചേട്ടനോട് എന്തെങ്കിലും സംസാരിച്ചിട്ട് ഉറങ്ങാൻ പോകുന്ന രാഹുൽ അന്നൊന്നും പറഞ്ഞില്ല. ഉറങ്ങിക്കാണുമെന്നു കരുതി രഞ്ജിത്ത് താൻ കിടക്കുന്നിടത്തേക്കു പോകുകയും ചെയ്തു. പിറ്റേന്നു രാവിലെ 6.45ന് പഴയവീട്ടിലെത്തിയ രഞ്ജിത്ത് കട്ടിലിൽ സഹോദരനെ കണ്ടില്ല.
ക്ലാസില്ലാത്ത ദിവസങ്ങളിൽ സാധാരണ പത്തു മണിക്കു ശേഷമാണു രാഹുൽ ഉണരാറുള്ളത്. അമ്മയോടു തിരക്കിയപ്പോൾ പ്രഭാതകൃത്യങ്ങൾക്കായി പോയതായിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചു. സമീപത്തെ തോട്ടിൽ കുളിച്ച ശേഷം രഞ്ജിത്ത് ജോലിക്കു പോകുകയും ചെയ്തു. രാവിലെ ടാപ്പിങ്ങിനു പോയ മാതാപിതാക്കൾ പതിനൊന്നിനു മടങ്ങിയെത്തിയപ്പോഴും രാഹുൽ വീട്ടിലില്ല. തുടർന്നു നാട്ടുകാരെ അറിയിച്ച് അന്വേഷണമായി. ആകെയുള്ള മൂന്നു ജോടി ചെരിപ്പുകളും വസ്ത്രങ്ങളുമെല്ലാം വീട്ടിലുണ്ട്. മൊബൈൽ ഫോൺ കാണാനില്ല. അന്നു രാത്രി ആറു മണിക്ക് പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കാടിളക്കി അന്വേഷണം
22ന് രാവിലെ 9ന് ഡോഗ് സ്ക്വാഡ്, ഹെലി ക്യാം എന്നിവയുമായി പൊലീസും വനം വകുപ്പും ചേർന്നു നാട്ടുകാർക്കൊപ്പം പരിശോധന തുടങ്ങി. വീടിനു ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം സംഘം അരിച്ചു പെറുക്കി. വൈകിട്ട്, വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്റർ മാറി വനത്തിനുള്ളിൽ കിടന്ന തടിയിൽ രക്തം കണ്ടത് ആശങ്കയ്ക്കു വഴി തെളിച്ചു. തടി പരിശോധനയ്ക്കായി അയച്ചു. തടിയിലേതു മനുഷ്യരക്തമല്ലെന്നു പിന്നീട് കണ്ടെത്തി. പൊലീസും വനംവകുപ്പും ചേർന്നു രാത്രി വൈകിയും തിരച്ചിൽ തുടർന്നു. പുലർച്ചെ വരെ മൊബൈൽ ഫോൺ ഓൺ ആയിരുന്നെന്നും വീടിരിക്കുന്ന ഭാഗത്തെ ടവർ ലൊക്കേഷൻ വിട്ട് ഈ സമയത്തിനുള്ളിൽ എവിടേക്കും പോയിട്ടില്ലെന്നും കണ്ടെത്തി.
23ന് പകലും രാത്രിയും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ വീണ്ടും. പിറ്റേന്ന് പൊലീസിന്റെയും വനംവകുപ്പിന്റെയും സംയുക്ത പരിശോധന വീണ്ടും. മൊബൈൽ ടവർ ലൊക്കേഷനും പൊലീസിനുണ്ടായ സംശയങ്ങളും കേന്ദ്രീകരിച്ച് അന്നു രാത്രി വൈകും വരെ നടത്തിയ പരിശോധനയിലും തുമ്പുകളൊന്നും ലഭിച്ചില്ല. കടശേരി, പൂങ്കുളഞ്ഞി, മുള്ളുമല, കറവൂർ, കുമരംകുടി മേഖലകളിലെ വനപ്രദേശം മുഴുവനും അരിച്ചു പെറുക്കിയ സംഘം അച്ചൻകോവിലാറ്റിലും കൈവഴികളിലും പരിശോധന നടത്തി. ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും ഒരു സൂചനയും ഇല്ലാതിരുന്നതോടെ പതിയെ അന്വേഷണം നിലയ്ക്കുകയായിരുന്നു.
ഇതിനിടെ രാഹുലിന്റെ മാതാപിതാക്കൾ, സഹോദരൻ, പ്രദേശവാസികൾ, സുഹൃത്തുക്കൾ എന്നിവരെ പ്രത്യേകം വിളിച്ചു പൊലീസ് ചോദ്യം ചെയ്തു. റൂറൽ എസ്പിയുടെ കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അതും ഫലപ്രദമായില്ല. രാഹുലിന്റെ ആഗ്രഹങ്ങൾക്കൊന്നും മാതാപിതാക്കൾ എതിരു നിന്നിരുന്നില്ല. ഉപരിപഠനത്തിനു പോകാൻ ഉത്സാഹത്തോടെ കാത്തിരുന്ന മകൻ പുറപ്പെട്ടുപോയെന്നു വിശ്വസിക്കാൻ മാതാപിതാക്കൾക്കാകുന്നുമില്ല. എല്ലാവരോടും സൗമനസ്യത്തോടെ ഇടപെട്ടിരുന്ന രാഹുലിനു സുഹൃത്തുക്കൾ മാത്രമേയുണ്ടായിരുന്നുള്ളൂ; ശത്രുക്കളുണ്ടായിരുന്നില്ല. തങ്ങളുടെ മകൻ ഉടൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആ മാതാപിതാക്കൾ. അവന്റെ തിരിച്ചുവരവിനായി ആ നാടും കാത്തിരിക്കുന്നു.
English Summary: Where is Rahul? 18 Year old Kollam Native is Still Missing!