തൃശൂരില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍
Mail This Article
തൃശൂർ∙ കൊടകര ദേശീയപാതയിൽ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍. കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി.
ഇതിനിടെ അക്രമി സംഘം പണവുമായി പോയ കാർ പിന്തുടരുന്നതിന്റെ നിർണായക ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു. രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുകയാണ് അക്രമി സംഘം തട്ടിയെടുത്തത്.
കോഴിക്കോട് സ്വദേശി കൊടുത്ത 25 ലക്ഷം രൂപയുമായി പോകുകയായിരുന്ന കാറിനെ അക്രമിസംഘം മറ്റൊരു കാറിൽ പിന്തുടർന്നു. തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ എത്തിയപ്പോൾ പണവുമായി പോയ കാറുകാർ ടോൾ കൊടുക്കാൻ നിർത്തി. തൊട്ടു പിന്നിലുണ്ടായിരുന്ന കാർ ആകട്ടെ ടോൾ കൊടുക്കാതെ പിന്നാലെ പാഞ്ഞു. ടോൾപ്ലാസയിലെ ബാരിയറിൽ തട്ടിയ ശേഷം പാഞ്ഞു പോയി. അക്രമി സംഘത്തിന്റെ വാഹനമാണ് പിന്തുടർന്നതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ കാർ പിന്നീട് കണ്ടെത്തിയിരുന്നു. കൊടകര ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലേമുക്കാലിനായിരുന്നു കവർച്ച. മൂന്നു കാറുകളിലായി എത്തിയ സംഘം, പണമടങ്ങിയ കാറും തട്ടിയെടുത്തു. പിന്നീട്, ഈ കാർ പടിഞ്ഞാറേക്കോട്ടയിൽനിന്ന് കണ്ടെടുത്തു. മൂന്നരക്കോടി രൂപയാണ് കാറിൽനിന്ന് നഷ്ടപ്പെട്ടതായാണ് അഭ്യൂഹം. പക്ഷേ, 25 ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. പത്തു പേരാണ് കൃത്യത്തിൽ പങ്കെടുത്തവർ. പ്രതികളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികളുണ്ടെന്നാണ് വിവരം.
English Summary: Political party hawala money theft, 9 persons taken into custody