കേരള കോൺഗ്രസ് സ്ഥാപക നേതാവ് ആർ.ബാലകൃഷ്ണ പിള്ള അന്തരിച്ചു
കൊല്ലം ∙ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ r balakrishna pillai, kerala congress(b) leader, family, demise, former minister, passed away, obit, family details, age, kb ganesh kumar mla, balakrishna pillai actor, r balakrishna pillai
കൊല്ലം ∙ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ r balakrishna pillai, kerala congress(b) leader, family, demise, former minister, passed away, obit, family details, age, kb ganesh kumar mla, balakrishna pillai actor, r balakrishna pillai
കൊല്ലം ∙ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ r balakrishna pillai, kerala congress(b) leader, family, demise, former minister, passed away, obit, family details, age, kb ganesh kumar mla, balakrishna pillai actor, r balakrishna pillai
കൊല്ലം ∙ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച വൈകിട്ടോടെയാണു മോശമായത്. തിങ്കളാഴ്ച പുലർച്ചെയാണ് മരണം. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ.
കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. മകനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാറിനായി പത്തനാപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്.
ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചതും മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമൻപിള്ളയുടെയും കാർത്യായനിയമ്മയുടെയും മകനായി 1934 ഏപ്രിൽ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളളയുടെ ജനനം.
വിദ്യാർഥിയായിരിക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി പൊതുപ്രവർത്തന രംഗത്തെത്തി. തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയനിൽ (പിന്നീട് തിരുകൊച്ചി വിദ്യാർഥി ഫെഡറേഷൻ) പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസിൽ അണിചേർന്ന് കെപിസിസി – എെഎസിസി എക്സിക്യൂട്ടീവ് കമ്മിറ്റികളിൽ അംഗമായി. 1964 ൽ കെ.എം.ജോർജിനൊപ്പം കേരള കോൺഗ്രസിന് രൂപം നൽകി കോൺഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളിൽ ഒരാളായി.
ജോർജ് ചെയർമാനായ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി. കേരള കോൺഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരിൽ അവസാനത്തെയാൾ കൂടിയായിരുന്നു അദ്ദേഹം. കെ.എം.ജോർജിന്റെ മരണത്തിനു പിന്നാലെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്നു കേരള കോൺഗ്രസ് പിളരുകയും 1977 ൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു.
1960 ൽ 25–ാം വയസിൽ പത്തനാപുരത്തുനിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1965 ൽ കൊട്ടാരക്കരയിൽനിന്നു വിജയിച്ചെങ്കിലും 1967ലും 1970ലും പരാജയപ്പെട്ടു. 1971ൽ മാവേലിക്കരയിൽനിന്നു ലോക്‌സഭാംഗമായി. 1977 മുതൽ 2001 വരെ തുടർച്ചയായി ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കരയിൽനിന്ന് ജയിച്ചു. 2006 ൽ ഐഷാ പോറ്റിയോടു പരാജയപ്പെട്ടു.
1975ൽ അച്യുതമേനോൻ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. ഗതാഗത–എക്സൈസ് വകുപ്പുകളായിരുന്നു. പിന്നീട് ഇ.കെ.നായനാർ, കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി. ‘പഞ്ചാബ് മോഡൽ പ്രസംഗം’ എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹത്തിനുണ്ടായി.
1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായി ഇതോടെ പിള്ള. എന്നാൽ കാലാവധി പൂർത്തിയാകുംമുൻപ് കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ജയിൽമോചിതനായി.
കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്‌ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എംഎൽഎയും അദ്ദേഹമാണ്. 1964 മുതൽ 87 വരെ തുടർച്ചയായി ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്തിന്റെയും 1987 മുതൽ 95 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചു. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിച്ചു.
1980ൽ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37,000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്രം കുറിച്ച റെക്കോർഡായി കുറെക്കാലം നിലനിന്നു. നായനാരുടെ ആദ്യമന്ത്രിസഭയിൽ പിള്ളയുമുണ്ടായിരുന്നു. 1982 ലാണ് വീണ്ടും യുഡിഎഫിലെത്തിയത്. ‘പ്രിസണർ 5990’ എന്ന പേരിൽ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. അണിചേരുന്ന മുന്നണികൾക്കുപരി വ്യത്യസ്തമാർന്ന നിലപാടുകൾ ഉറപ്പിക്കുന്ന അഭിപ്രായ പ്രകടനവുമായി കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായി നിലകൊണ്ട രാഷ്ട്രീയ നേതാവ് കൂടിയാണ് ബാലകൃഷ്ണപിള്ള.
2018 ൽ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്(ബി) വീണ്ടും എൽഡിഎഫിലെത്തി. രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട്. ‘ഇവളൊരു നാടോടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ മുഖം കാണിക്കുന്നത്. കലാനിലയം കൃഷ്ണൻ നായർ നിർമിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി. 1980ൽ കെ.എ.ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ ‘വെടിക്കെട്ടി’ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. ‘വെടിക്കെട്ടി’ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിച്ചത്. പിന്നീടും സിനിമയിൽനിന്നും സീരിയലുകളിൽനിന്നും അവസരങ്ങൾ തേടിയെത്തിയെങ്കിലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കാനായിരുന്നു തീരുമാനം. പരേതയായ ആർ.വത്സലയാണ് ഭാര്യ. ഉഷ മോഹൻദാസ്, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ബിന്ദു ബാലകൃഷ്ണൻ എന്നിവർ മക്കൾ. മരുമക്കൾ: കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണൻ (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി).
English Summary: Kerala Congress(B) leader R.Balakrisha Pillai passes away